വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഗാനരംഗവുമായി 'എട്ടേകാല് സെക്കന്ഡ്'
കൊച്ചി: വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഏറ്റവും ദൈര്‍ഘ്യമുള്ള ഗാനരംഗങ്ങളുമായി സിനിമാ നിര്‍മ്മാണ കമ്പനിയായ 'ഫിഫ്ത് എലമെന്‍റ് ഫിലിം' എത്തുന്നു. സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഒരു ഗാനത്തിന്റെ രംഗങ്ങള്‍ മുഴുവനായി വെള്ളത്തിനടിയില്‍ ചിത്രീകരിക്കുന്നത്. 'എട്ടേകാല്‍ സെക്കന്‍ഡ്' എന്ന ചിത്രത്തിലെ 'കാതരമാം മിഴി' എന്ന ഗാനത്തിന്റെ രംഗങ്ങളാണ് വെള്ളത്തിനടിയില്‍ ചിത്രീകരിച്ചിട്ടുള്ളത്.
''വെള്ളത്തിനടിയിലുള്ള ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ലെന്നും ചെലവേറിയതാണെന്നുമൊക്കെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. എല്ലാ തടസ്സങ്ങളും തരണം ചെയ്ത് ഈ സുന്ദരസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് അതിനു പറ്റിയ പിന്നണി പ്രവര്‍ത്തകരെ കിട്ടിയതുകൊണ്ടാണ്'' - ഫിഫ്ത് എലമെന്‍റ് ജനറല്‍ മാനേജര്‍ പവിത്ര കൃഷ്ണന്‍ പറഞ്ഞു.
'കാതരമാം മിഴി' എന്ന മനോഹര ഗാനം രചിച്ചത് ഗാനരചയിതാവ് റഫീക്ക് അഹമ്മദാണ്. സന്തോഷ്-കോളിന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും കെ.എസ്. ചിത്രയും ചേര്‍ന്നാണ്. മുംബൈ ക്ലൗഡ് നയന്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധായകന്‍ വിനോദ് വിജയ് ആണ് വെള്ളത്തിനടിയിലുള്ള ഗാനരംഗചിത്രീകരണം സംവിധാനം ചെയ്തിട്ടുള്ളത്. ടോപ്പ് നോച്ച് കാമറ വഴി ചിത്രീകരണവും പ്രോസസ്സിങ്ങും നടത്തിയിരിക്കുന്നത് ലോസ് ഏഞ്ചല്‍സിലെ പ്രമുഖ ഛായാഗ്രാഹകരായ അന്നന്‍ബര്‍ഗ് സെന്‍ററിലെ വിദഗ്ധരുടെ സഹായത്തോടെയാണ്. സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് വെള്ളത്തിനടിയില്‍ ഇത്രയും ദൈര്‍ഘ്യമേറിയ ചിത്രീകരണം നടത്തുന്നത്. അതിനാല്‍ ഈ സംരംഭം ലോക റെക്കോഡായി രേഖപ്പെടുത്തുന്നതിന് ലിംക ബുക് ഓഫ് റെക്കോഡ്‌സിനെയും കാനഡയിലെ ഡൈവിങ് അല്‍മനാക് ബുക് ഓഫ് റെക്കോഡ്‌സിനെയും സമീപിച്ചിട്ടുണ്ടെന്ന് ഫിഫ്ത് എലമെന്‍റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോണി ജോസഫ് വ്യക്തമാക്കി.'എട്ടേകാല്‍ സെക്കന്‍ഡ്' എന്ന ചിത്രത്തിന്റെ ആദ്യചിത്രീകരണ ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പത്മസൂര്യയും ജിമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, മധു, ഊര്‍മിള ഉണ്ണി, കൊല്ലം തുളസി തുടങ്ങിയവരാണ് അഭിനേതാക്കള്‍. കനകരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍.
No comments:
Post a Comment