Monday 16 April 2012

[www.keralites.net] കുഞ്ഞുങ്ങളിലെ അസാധാരണ രോഗങ്ങള്‍

 

കുഞ്ഞുങ്ങളിലെ അസാധാരണ രോഗങ്ങള്‍

 

ഗര്‍ഭിണിയാകുമ്പോഴേ ടെന്‍ഷന്‍ തുടങ്ങുകയായി. കുഞ്ഞുണ്ടായി കഴിഞ്ഞാല്‍ അതു കൂടുകയും ചെയ്യും. കുഞ്ഞുങ്ങളിലെ ചെറിയ രോഗങ്ങള്‍ പോലും അച്‌ഛനമ്മമാരുടെ ഉറക്കം കെടുത്തുന്നതാണ്‌. ഇതുവരെ കാണാത്ത രോഗങ്ങള്‍ കൂടിയാണെങ്കില്‍ പറയുകയും വേണ്ട. അസാധാരണമായി കാണുന്ന ചില രോഗങ്ങള്‍ ഭീകരമാണെന്നു വിചാരിക്കുമെങ്കിലും അങ്ങനെയാവണമെന്നില്ല. അത്തരം ചില രോഗങ്ങളാണിവ. . .

ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതല്‍ എല്ലാവരും ആലോചന യിലാണ്‌. കുഞ്ഞ്‌ എങ്ങനെയിരിക്കും, അവന്‍/ അവള്‍ ആരോഗ്യമുള്ളതായിരിക്കുമോ, എന്തൊക്കെ കഴിച്ചാല്‍ കുഞ്ഞ്‌ ആരോഗ്യമുള്ളതാകും, എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോഴൊക്കെ ആശങ്ക തീരില്ല. ഇതെല്ലാം കഴിഞ്ഞ്‌ കുഞ്ഞുണ്ടായാലും ആശങ്കകള്‍ വിട്ടൊഴിയുന്നില്ല. വിവിധതരം രോഗങ്ങളാണ്‌ ഇന്ന്‌ പുതിയതായി കണ്ടുപിടിക്കുന്നത്‌. ഉണ്ടാകുമ്പോള്‍ ഏകദേശം നാലുവയസുവരെ കുഞ്ഞിന്‌ വളരെയധികം പരിചരണം ആവശ്യമാണ്‌. കുഞ്ഞുങ്ങളില്‍ സാധാരണയായി ഇപ്പോള്‍ കണ്ടുവരുന്ന ചില രോഗങ്ങളുണ്ട്‌. അല്‌പം ഒന്നു ശ്രദ്ധിച്ചാല്‍ ഇത്‌ പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാം.

തലയിലെ മുഴ

ജനിച്ചയുടനെ ഏതാനും മണിക്കൂറിനുള്ളില്‍ കുട്ടിയുടെ തലയുടെ വശങ്ങളില്‍ മുഴ വരാറുണ്ട്‌. കെഫാല്‍ ഹെമറ്റോമ (ങ്കനുണ്മന്റ ന്റനുണ്ഡന്റന്ധഗ്നണ്ഡന്റ) എന്നാണ്‌ ഇതിന്റെ പേര്‌. തലയോട്ടിയിലെ എല്ലുകളെ പൊതിയുന്ന പാടകള്‍ക്കിടയില്‍ രക്‌തം തളംകെട്ടുന്നതാണിതിനു കാരണം. ഇത്‌ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തനിയെ മാറിക്കൊള്ളുക. ഇത്തരം മുഴകള്‍ കുഞ്ഞുങ്ങളില്‍ വേദനയുളവാക്കുന്നതല്ല. കുളിപ്പിക്കുന്നതിനും മറ്റും ഒരു തടസവുമുണ്ടാക്കില്ല. പക്ഷേ മുഴയില്‍ അമര്‍ത്തിത്തിരുമ്മിയാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ അസ്വസ്‌ഥതയുണ്ടാക്കും. മുഴകളില്‍ രക്‌തം തളംകെട്ടി നില്‍ക്കുന്നതിനാല്‍ മഞ്ഞപ്പിത്തം പിടിപെടാന്‍ സാധ്യതയുണ്ട്‌.

രക്‌തംപോക്ക്‌

ജനിച്ച്‌ 5-6 ദിവസങ്ങള്‍ക്കുശേഷം ചില പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ മാസമുറ വരുന്നതുപോലെ രക്‌തം പോകാറുണ്ട്‌. ഇത്‌ കാണുമ്പോള്‍ ഭയന്ന്‌ കുട്ടിയേയുമെടുത്തുകൊണ്ട്‌ ഡോക്‌ടറുടെയടുത്തേക്ക്‌ ഓടേണ്ട കാര്യമില്ല. ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലേക്ക്‌ അമ്മയുടെ ശരീരത്തില്‍നിന്ന്‌ ഹോര്‍മോണ്‍ കടക്കുന്നതാണ്‌ കാരണം. ഒന്നോ രണ്ടോ ദിവസംകൊണ്ട്‌ നിന്നില്ലെങ്കില്‍ ബ്ലീഡിംഗിന്‌ വേറെന്തെങ്കിലും കാരണമുണ്ടോയെന്ന്‌ ഡോക്‌ടറെ കാണിക്കാം.

രക്‌തം ഛര്‍ദ്ദിക്കല്‍

പ്രസവസമയത്ത്‌ അമ്മയുടെ ജനനേന്ദ്രിയത്തില്‍വച്ച്‌ രക്‌തം കലര്‍ന്ന ദ്രാവകം ചിലപ്പോള്‍ കുഞ്ഞിന്റെ വായില്‍ പോകാറുണ്ട്‌. ഇതാണ്‌ കുഞ്ഞ്‌ ജനിച്ചയുടനെ ഛര്‍ദ്ദിക്കുന്നത്‌. എന്നാല്‍ പ്രസവിച്ച്‌ രണ്ടുദിവസത്തിനുശേഷമാണ്‌ ഛര്‍ദ്ദിക്കുന്നതെങ്കില്‍ ചിലപ്പോള്‍ വൈറ്റമിന്‍ 'കെ'യുടെ കുറവുമൂലമാകാം. മലദ്വാരത്തിലൂടെയും രക്‌തം പുറത്തുവരാം. സാധാരണയായി വൈറ്റമിന്‍ കുത്തിവയ്‌ക്കുന്നതിലൂടെ ഇത്‌ നില്‍ക്കും.

ഹൈപ്പോ തൈറോയിഡിസം

തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞിരിക്കുന്ന അവസ്‌ഥയാണിത്‌. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ തൈറോയ്‌ഡ് ഹോര്‍മോണ്‍ ഉണ്ടാകില്ല. ഇത്‌ ബുദ്ധിമാന്ദ്യത്തിന്‌ ഇടയാക്കുന്നു. ജന്മനാ ഹൈപ്പോ തൈറോയ്‌ഡിസമുള്ളവരായിരിക്കും. എപ്പോഴും ഉറങ്ങിക്കിടക്കുന്നവരും ഉന്മേഷക്കുറവുള്ളവരുമായിരിക്കും. തീരെ കുറച്ചുമാത്രം കരയുകയും ഒച്ചയടപ്പുള്ളവരുമാണ്‌. ഇത്‌ ആദ്യ ആഴ്‌ചയില്‍തന്നെ തിരിച്ചറിഞ്ഞ്‌ ചികിത്സിച്ചാല്‍ ബുദ്ധി പൂര്‍ണമായി തിരിച്ചുകിട്ടും.

ആംബിലിക്കല്‍ ഹെര്‍ണിയ

പൊക്കിള്‍ വലുതായി വീര്‍ത്തുവരുന്ന അവസ്‌ഥയാണ്‌ ആംബിലിക്കല്‍ ഹെര്‍ണിയ. പ്രസവസമയത്ത്‌ പൊക്കിള്‍ക്കൊടി മുറിഞ്ഞുണ്ടാകുന്ന തഴമ്പിന്‌ ശക്‌തികുറയുമ്പോള്‍ ഈ ഭാഗത്തേക്ക്‌ കുടല്‍ തള്ളിക്കയറും. ചിലപ്പോള്‍ കുടലിലേക്കുള്ള ധമനികള്‍ അമര്‍ന്ന്‌ രക്‌തയോട്ടം നിലയ്‌ക്കും. പുക്കിളിന്റെ ചുറ്റും ചുവന്നനിറം ഉണ്ടായാലും പഴുപ്പിന്റെ മണം വന്നാലും ഡോക്‌ടറെ കാണിക്കണം.

മുലയ്‌ക്ക് നീര്‍വീക്കം

ജനിച്ച്‌ രണ്ടുദിവസം കഴിഞ്ഞ്‌ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുലയ്‌ക്ക് നീര്‌ വരാറുണ്ട്‌. പണ്ടൊക്കെ ആളുകള്‍ മുലക്കണ്ണ്‌ ഞെക്കി പാലുപോലുള്ള ഒരു ദ്രാവകം പുറത്തുകളയുമായിരുന്നു. ഇത്‌ ഒരിക്കലും ചെയ്യരുത്‌.

ഹൃദ്‌രോഗങ്ങള്‍

ഹൃദയത്തിന്റെ താഴെ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന പേശിഭിത്തിയില്‍ ദ്വാരമുണ്ടാവാം വെന്‍ട്രിക്കുലാര്‍ സെപ്‌ടല്‍ സിഫക്‌ട് എന്നാണിതിനെ വിളിക്കുന്നത്‌. ഈ കുഞ്ഞുങ്ങള്‍ക്ക്‌ ഹൃദയത്തില്‍നിന്നുള്ള മര്‍മ്മരം പ്രത്യേകതരം രീതിയിലാണ്‌. വളരെവേഗം ശ്വാസോച്‌ഛ്വാസം കിട്ടാതെവരിക തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍. ഇതത്ര ഗുരുതരപ്രശ്‌നമല്ല. ചെറിയൊരു ശസ്‌ത്രക്രിയവഴി ശരിയാക്കാം. ഹൃദയത്തിന്റെ മേലറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ആവരണത്തില്‍ ദ്വാരമുണ്ടാകുന്ന അവസ്‌ഥയാണ്‌ ഏട്രിയല്‍ സെപ്‌ടല്‍ ഡിഫക്‌ട്. ഈ ദ്വാരത്തിലൂടെ അശുദ്ധരക്‌തത്തിലേക്ക്‌ അല്‌പാല്‌പം ശുദ്ധരക്‌തം കലരും. ഇതുമൂലം കുഞ്ഞിനു പതിവായി ശ്വാസംമുട്ടലും പനിയുമുണ്ടാകും. ചെറിയ ദ്വാരമാണെങ്കില്‍ തനിയെ അടഞ്ഞോളും. മൂന്നുവയസ്‌ കഴിഞ്ഞും ദ്വാരം അടഞ്ഞില്ലെങ്കില്‍ ശസ്‌ത്രക്രിയ വേണ്ടിവരും. മാത്രമല്ല ഈ കുഞ്ഞുങ്ങള്‍ക്ക്‌ ക്ഷീണം, വളര്‍ച്ചക്കുറവ്‌ എന്നിവയുണ്ടാകും.

വൈറല്‍ രോഗങ്ങള്‍

ഹാന്‍ഡ്‌ - ഫൂട്ട്‌ - മൗത്ത്‌ ഡിസീസ്‌ : മൃഗങ്ങളില്‍ കുളമ്പുരോഗം പരത്തുന്ന വൈറസുകള്‍ വായുവിലൂടെ കുഞ്ഞുങ്ങളില്‍ എത്തുന്നു. ഒരു വയസിന്‌ മുകളിലോട്ടുള്ള കുഞ്ഞുങ്ങളിലാണ്‌ ഇത്‌ കണ്ടുവരുന്നത്‌. മഴക്കാലം കഴിഞ്ഞുള്ള സമയത്താണ്‌ സാധാരണയായി ഇത്‌ കണ്ടുവരുന്നത്‌. അടുപ്പിച്ച്‌ മൂന്ന്‌ ദിവസത്തോളം ശക്‌തിയായി പനിക്കുക, കൈകാല്‍ വെള്ള, വായയുടെ ഉള്‍വശം തുടങ്ങിയ സ്‌ഥലങ്ങളില്‍ ചെറിയ കുരുക്കള്‍ ഉണ്ടാവുക, ചൊറിച്ചില്‍ തുടങ്ങിയവയാണ്‌ ലക്ഷണങ്ങള്‍. ഇത്‌ കണ്ടു തുടങ്ങിയാല്‍ തന്നെ ഡോക്‌ടറെ കാണാന്‍ മടിക്കരുത്‌.

കാവസാക്കി ഡിസീസ്‌

ഒരു വയസ്‌ മുതലാണ്‌ സാധാരണ വരുന്നത്‌. ഒന്നോ രണ്ടോ ആഴ്‌ചയോളം വിട്ടുമാറാതെ പനിക്കുക. ചെങ്കണ്ണു വരുന്നപോലെ കണ്ണ്‌ ചുവക്കുക. ശരീരം മുഴുവന്‍ തടിച്ചുപൊങ്ങുക. കൈകാല്‍ വെള്ളയിലെ തൊലി അടര്‍ന്നുപോവുക എന്നിവയാണ്‌ ലക്ഷണങ്ങള്‍. കൂടാതെ ശരീരമാസകലം നീരുമുണ്ടാകുന്നു. ഇതോടൊപ്പം കുട്ടികളുടെ ഹൃദയധമനികള്‍ വീക്കം വരുത്തുന്നു ഇത്‌. എന്നാല്‍ ഇതൊരു പകര്‍ച്ചവ്യാധിയല്ല. ശുചിത്വക്കുറവാണ്‌ പ്രധാന കാരണം. രോഗം നിര്‍ണയിക്കാനുള്ള താമസം ചിലപ്പോള്‍ കുഞ്ഞിന്റെ ജീവന്‌ ഭീഷണിയാവാറുണ്ട്‌.

ജനിതകരോഗങ്ങള്‍

തലമുറകളായി വിടാതെ പിന്തുടരുന്നതാണ്‌ ജനിതകരോഗങ്ങള്‍. അതു അച്‌ഛനില്‍ നിന്നോ, അമ്മയില്‍ നിന്നോ ആവാം. രക്‌തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം ചെയ്‌താല്‍ ജനിക്കുന്ന കുഞ്ഞിനു രോഗം വരാനുള്ള സാധ്യത കൂടുതലാണ്‌. ആസ്‌ത്മ, ചുഴലി തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുള്ളതാണ്‌. ഷുഗറും പ്രഷറുമൊക്കെ ജനിതകരോഗങ്ങളില്‍പ്പെടും. ഇതൊക്കെ വയസാകുമ്പോഴല്ലേയെന്ന്‌ ആശ്വസിക്കാന്‍ വരട്ടെ. രണ്ടുവയസുകാരനും മൂന്നുവയസുകാരിയുമൊക്കെ നമ്മുടെ നാട്ടില്‍ ഷുഗര്‍ രോഗികളാവുന്നുണ്ട്‌. ജീനുകള്‍ ഇത്തരം രോഗങ്ങള്‍ അടുത്ത തലമുറകളിലേക്ക്‌ വ്യാപിപ്പിക്കും.

അണുബാധ തടയാന്‍

ഗര്‍ഭിണിക്ക്‌ ഉപയോഗിക്കാനുള്ള തുണികള്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ കഴുകി നല്ല വെയിലത്തിട്ട്‌ ഉണക്കിയെടുക്കുക.

ജനിച്ചയുടനെ കുഞ്ഞിനെ മുലയൂട്ടാന്‍ മറക്കരുത്‌. ആദ്യത്തെ പാല്‍ അഥവാ കൊളസ്‌ട്രോമാണ്‌ കുഞ്ഞിന്‌ പ്രതിരോധശേഷി നല്‍കുന്നത്‌.

ജനിച്ചയുടനെയുള്ള കുഞ്ഞുങ്ങളെ കാണുന്ന പതിവ്‌ നല്ലതല്ല. ആശുപത്രിയില്‍ കാണാന്‍ പോകുന്നത്‌ കഴിവതും ഒഴിവാക്കുക.

കുഞ്ഞിനെ സ്‌പര്‍ശിക്കാന്‍ അന്യരെ അനുവദിക്കാതിരിക്കുക. കുഞ്ഞിനെ കാണാന്‍ പോകുമ്പോള്‍ കഴിവതും ചെറിയ കുട്ടികളെ ഒപ്പം കൊണ്ടുപോകാതിരിക്കുക. ശസ്‌ത്രക്രിയ കഴിഞ്ഞ സ്‌ത്രീക്കു ചുറ്റും ആളുകള്‍ കൂടി നില്‍ക്കരുത്‌. ആളുകളുടെ ഇടപഴകലിലൂടെ വിവിധതരം അണുബാധകള്‍ക്ക്‌ സാധ്യതകളുണ്ട്‌. അമ്മയും കുഞ്ഞും കിടക്കുന്ന ബെഡ്‌ഡില്‍ ഇരിക്കുന്നതും അവരെ സ്‌പര്‍ശിക്കുന്നതും കഴിവതും ഒഴിവാക്കുക. കടയില്‍നിന്ന്‌ വാങ്ങിക്കൊണ്ടുവരുന്ന വസ്‌ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കരുത്‌. ആശുപത്രി പരിസരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത്‌ ഒഴിവാക്കാന്‍ ബന്ധുക്കള്‍ ശ്രദ്ധിക്കണം.

കുരുന്നിന്റെ പോഷകാഹാരം

ബേബിഫുഡും ന്യൂഡില്‍സുമെല്ലാം ടി.വിയിലെ കുഞ്ഞുങ്ങള്‍ കഴിക്കുന്നത്‌ കാണുമ്പോള്‍ നമ്മള്‍ അതില്‍ വീണുപോകും. കുഞ്ഞുങ്ങളാണെങ്കില്‍ ആ നിറപ്പകിട്ടുള്ള സാധനങ്ങള്‍ കിട്ടാന്‍ വാശികാട്ടുകയും ചെയ്യും. അല്‌പം മുതിര്‍ന്ന കുട്ടികളുടെ കാര്യം പോട്ടെ, നവജാതശിശുക്കള്‍ക്കുള്ള ആഹാരവും ഇന്ന്‌ അമ്മമാര്‍ പരസ്യം കണ്ടാണ്‌ തീരുമാനിക്കുന്നത്‌് പരസ്യത്തിലെപോലെ ഗുണ്ടുമണിക്കുഞ്ഞുങ്ങള്‍ വേണമല്ലോ. എന്നാല്‍ നമ്മുടെ അമ്മൂമ്മമാരും മുത്തശ്ശിമാരും പണ്ടുണ്ടാക്കിയിരുന്ന കുറുക്കുകളും മറ്റും കുഞ്ഞിന്‌ എത്ര ആരോഗ്യപ്രദമാണെന്നറിയാമോ. മാത്രമല്ല ഇതിന്‌ യാതൊരുവിധത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ല.

കുഞ്ഞുങ്ങളുടെ ആവശ്യമനുസരിച്ചാണ്‌ ആഹാരം കൊടുത്തുതുടങ്ങേണ്ടത്‌. ആറാം മാസത്തില്‍ കുറുക്കുകള്‍ കൊടുത്തു തുടങ്ങാം. 7-8 മാസം പ്രായമാകുമ്പോള്‍ നന്നായി വെന്ത ചോറും പരിപ്പുമെല്ലാം കൊടുക്കാം. മാമ്പഴം, വാഴപ്പഴം, പപ്പായ മുതലായ പഴങ്ങളും കൊടുക്കാം. പഴച്ചാറുകളാണ്‌ നല്‍കുന്നതെങ്കില്‍ അധികം മധുരം ചേര്‍ക്കേണ്ട. തുടര്‍ന്ന്‌ മുട്ടയുടെ മഞ്ഞക്കരു, നന്നായി വേവിച്ച്‌ മുള്ളുകളഞ്ഞ മീന്‍ തുടങ്ങിയവ കൊടുക്കാം. ഏകദേശം മൂന്നുവയസാകുമ്പോഴേക്കും എല്ലാ ആഹാരസാധനങ്ങളും കൊടുത്ത്‌ ശീലിപ്പിക്കണം. എന്നാല്‍ വളരെ ചെറിയ അളവില്‍ മാത്രമേ കൊടുത്തു തുടങ്ങാവൂ.

കുഞ്ഞിലെ വാശി

മൂന്നുവയസുവരെ കുഞ്ഞിനെ രാജകുമാരന്‍/ രാജകുമാരിയായി വളര്‍ത്തണമെന്നാണ്‌ പഴമൊഴി. ഇത്‌ അപ്പാടെ വിഴുങ്ങാന്‍ നിന്നാല്‍ ഉറപ്പ്‌ മൂന്നുവയസിനുശേഷം നിയന്ത്രിക്കാന്‍ കഴിയാതെവരും. അപ്പോഴേക്കും വാശിയുടെയും അനുസരണയില്ലായ്‌മയുടെയും മൂര്‍ത്തിഭാവം പൂണ്ടിരിക്കും കുട്ടി. അതൊഴിവാക്കാന്‍ ചില പൊടിക്കൈകളിതാ...

എന്തും വേണമെന്ന്‌ പറഞ്ഞ്‌ കുഞ്ഞുങ്ങള്‍ ചെറുപ്രായത്തില്‍തന്നെ വാശികാണിച്ചു തുടങ്ങും. അതെല്ലാം സാധിപ്പിച്ചുകൊടുക്കാന്‍ നില്‍ക്കണ്ട. അവര്‍ക്ക്‌ മനസിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുത്ത്‌ പിന്തിരിപ്പിക്കുക. ജോലിയുടെ തിരക്കുകളും ജീവിതത്തിലെ പിരിമുറുക്കങ്ങളും ഇന്നത്തെ സ്‌ത്രീയുടെ സമയത്തിന്റെ മുക്കാല്‍പങ്കും അപഹരിക്കുന്നു. അതൊരിക്കലും നിങ്ങളും കുട്ടിയുമായുള്ള ബന്ധത്തെ ബാധിക്കരുത്‌. കുട്ടിയുടെ സംസാരത്തിന്‌ ചെവികൊടുക്കുക. എത്ര ചെറിയ കാര്യമോ ആയിക്കോട്ടെ, അവര്‍ പറയുന്നത്‌ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ കണ്ടാല്‍ അവര്‍ സംതൃപ്‌തരാണ്‌. കുഞ്ഞിന്റെ ചെറിയ ചെറിയ നേട്ടങ്ങളില്‍ അവരെ അഭിനന്ദിക്കുക. ഒപ്പം ചെറിയ സമ്മാനങ്ങളും നല്‍കാം. ഇതവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ചെറിയ കുഞ്ഞാണെങ്കിലും അവരെയും നിങ്ങളോടൊപ്പം അടുക്കളയിലേക്ക്‌ കൂട്ടുക. പച്ചക്കറികളും മറ്റും പെറുക്കിവയ്‌ക്കാനും കഴുകാനുമൊക്കെ അവരും സഹായിക്കട്ടെ. എത്ര തിരക്കുണ്ടെങ്കിലും മക്കള്‍ക്ക്‌ മാത്രമായി അല്‌പസമയം മാറ്റിവയ്‌ക്കുക. കാരണം നിങ്ങളാണവരുടെ സുഹൃത്തും അധ്യാപികയുമെല്ലാം ഇത്തരം സമയങ്ങളില്‍ അവരെ ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞുപഠിപ്പിക്കാം. കുട്ടികള്‍ ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകള്‍ക്ക്‌ അവരെ ശിക്ഷിക്കാതെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കുക. കുഞ്ഞുങ്ങളടക്കം പിറന്നാളുകള്‍ ഓര്‍ത്തുവച്ച്‌ അവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുക. ഒപ്പം ചെറിയ ആഘോഷങ്ങളും സംഘടിപ്പിക്കുക.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment