Thursday 22 March 2012

[www.keralites.net] Contemporary Kerala League

 

അടി തടുക്കാം; ഒടി തടുത്തുകൂടാ

നല്ലമരത്തില്‍ നഞ്ചുകായ്ക്കില്ല; നഞ്ചുമരത്തില്‍ നല്ലതുകായ്ക്കില്ല- എന്നു പറഞ്ഞപോലെയാണ് ലീഗിന്റെ സ്ഥിതി. ലീഗില്‍നിന്ന് നഞ്ചുപോലെ പരിശുദ്ധമായ നിരുപദ്രവ പദാര്‍ഥമല്ലാതെ ഒന്നും പ്രതീക്ഷിക്കാനില്ല. നിയമസഭയിലേക്കുള്ള കോണിയില്‍ എണ്ണംകൊണ്ടും വണ്ണംകൊണ്ടും കൂടുതല്‍ ആളുകള്‍ കയറിയതോടെ ലീഗിനെ പിടിച്ചാല്‍ കിട്ടാത്ത പരുവത്തിലായി. ഇന്നലെവരെ നാട്ടുകാരുടെ തലയിലാണ് കയറിയത്. ഇന്ന് സ്വന്തം നേതാക്കളുടെ മുതുകത്ത് ചെണ്ടകൊട്ടിപ്പഠിക്കുകയാണ് അണികള്‍ .
 
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് പ്രത്യേകിച്ച് പരിപാടിയോ നയമോ മുദ്രാവാക്യമോ ഒന്നുമില്ല. വോട്ടുബാങ്ക്, ഭരണം, അഴിമതി, അതിനൊപ്പം ചില്ലറ കലാപരിപാടികള്‍ എന്നിങ്ങനെയുള്ള അജന്‍ഡകളാണ് നേതൃത്വത്തിനെങ്കില്‍ അടിയും തടയും വെട്ടുംകുത്തും പൂരപ്പാട്ടുമാണ് അണികളുടെ കര്‍മപദ്ധതി. പൂവായാല്‍ മണംവേണം പുമാനായാല്‍ ഗുണംവേണം പൂമാനിനിമാര്‍കളായാലടക്കംവേണം എന്നാണ് പഴയ ചൊല്ല്.
 
ലീഗായാല്‍ അത്തറിന്റെ മണവും കുഞ്ഞീക്കയുടെ ഗുണവും അഹമ്മദ് സാഹിബിന്റെ അടക്കവും വേണം. ഇത് മൂന്നും തികഞ്ഞ ലീഗ് പ്രവര്‍ത്തകരാണ് കാസര്‍കോട്ട് ഇ ടി മുഹമ്മദ് ബഷീറിനെയും കെ പി എ മജീദിനെയും സല്‍ക്കരിച്ചത്. അസൂയാലുക്കള്‍ പറയുമ്പോലെ രണ്ട് ജനറല്‍സെക്രട്ടറിമാര്‍ക്ക് തല്ല് കൊണ്ടിട്ടില്ല. തലോടലേയുണ്ടായിട്ടുള്ളൂ. അല്ലെങ്കിലും ഞങ്ങടെ കുട്ടികള്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്സിസ്റ്റേ എന്നതാണ് ചിരപുരാതന മുദ്രാവാക്യം.

 
 
 
ലീഗ് ഒരു പ്രത്യേക ജന്മമാണ്. ഓതിയ കിത്താബിലേ ഓതൂ. പ്രവൃത്തിയില്‍ വര്‍ഗീയത അശേഷമില്ല. ളോഹയിട്ട അച്ഛന്റെ കൈയില്‍നിന്നായാലും ലക്ഷണമൊത്ത സംഘിയില്‍നിന്നായാലും പണം എണ്ണിക്കണക്കാക്കിയേ വാങ്ങൂ. പൂച്ച പെറ്റക്കുഞ്ഞിനെ തിന്നുന്നതുപോലെയല്ല ലീഗിന്റെ ഭഷണം. മുസ്ലിം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്ലാത്ത എന്തിനെയും വേവിക്കാതെ കഴിക്കും. അഖിലേന്ത്യാ ലീഗിനെ ആദ്യം ഭക്ഷിച്ചു- എല്ലും പല്ലും മുടിയും വേസ്റ്റാക്കാതെ കബറടക്കി മീസാന്‍ കല്ലുനാട്ടി. ഐഎന്‍എല്ലിനെ എല്ലടക്കം വിഴുങ്ങാനാണ് ശ്രമിച്ചതെങ്കിലും അപ്പാടെ ദഹിച്ചില്ല.
 
ലീഗൊഴിഞ്ഞുണ്ടോ പാര്‍ടിയീ മലബാര്‍ മഹാരാജ്യത്തിങ്കല്‍ എന്ന ചോദ്യവുമായി സകല മുസ്ലിം സംഘടനകളെയും തേടിച്ചെന്നു. പഞ്ചാരവര്‍ത്തമാനം പറഞ്ഞും കൊഞ്ചിച്ചും വെല്ലുവിളിച്ചും വഴക്കടിച്ചും ഓരോന്നിനെയും ഒതുക്കി ചിറകിനടിയിലാക്കി. അവശേഷിക്കുന്നവയെ ശത്രുവായി മുദ്രകുത്തി. ആ ശത്രുക്കളുടെ പിന്നാലെയും കണ്ണും കൈയും കാണിച്ച് പിന്നീട് നടന്നു.
 
അടുത്ത കാലത്തുണ്ടായ ഒരു തമാശ, ജമാ അത്തെ ഇസ്ലാമിയുടെ തിണ്ണ നിരങ്ങാന്‍ ലീഗ് സുല്‍ത്താന്മാര്‍ ചെന്നതാണ്. സംഗതി പുറത്തറിഞ്ഞപ്പോള്‍ ഇളിഭ്യച്ചിരി പുറത്തുവന്നു. വരിയുടക്കലാണ് പ്രധാന പണി. മുസ്ലിം ലീഗല്ലാതെ ഇസ്ലാമിന്റെ പേരില്‍ എന്തുവന്നാലും വരിയുടച്ചുകളയും. ലീഗിന്റെ കൂടാരത്തിലെത്തിയവര്‍ പിന്നെ നട്ടെല്ലുനിവര്‍ത്തി പുറത്തുകടക്കാറില്ല. സംഘടനകളെ ഞെക്കിക്കൊല്ലുന്നവര്‍ക്ക് സ്വന്തം നേതാക്കളെ അരച്ചുതേച്ചുകളയാനും മടിയില്ല.

ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി എം ബനാത്ത്വാല എന്നിങ്ങനെയുള്ള പേരൊന്നും പുതിയ ലീഗിന്റെ കിത്താബിലില്ല. സേട്ടും ബനാത്ത്വാലയും ഒരുകാലത്ത് സിംഹത്തെപ്പോലെ ഗര്‍ജിച്ചു. അന്ന് പൂച്ചയെപ്പോലെ പുറകില്‍ നിന്നവര്‍ പിന്നെപ്പിന്നെ മൈക്കുവച്ച് ഗര്‍ജിക്കാന്‍ തുടങ്ങി. മഞ്ചേരിയിലും പൊന്നാനിയിലും കസേരകൊടുക്കാതെ പഴയ സിംഹങ്ങളെ ഓടിച്ചുവിട്ടു. സടകൊഴിഞ്ഞ് പട്ടിണികിടന്ന് കണ്ണീരൊഴുക്കി മറഞ്ഞുപോയ ആ നേതാക്കളെക്കുറിച്ച് ചരിത്രപുസ്തകവുമില്ല; പാഠപുസ്തകവുമില്ല- അഥവാ ആരെങ്കിലും എഴുതിയാല്‍ ലീഗിന്റെ ചുണക്കുട്ടന്മാര്‍ വാരിയിട്ട് കത്തിച്ചുകളയും.

നല്ല ബിരിയാണി തിന്ന് മയക്കം പിടിക്കുമ്പോള്‍ ഒരു സുലൈമാനി (കട്ടന്‍ചായ) വേണമെന്ന് തോന്നും. നാരങ്ങാ പിഴിഞ്ഞ സുലൈമാനിയായാല്‍ പിന്നെ വായില്‍ അതിന്റെ രുചിയായിരിക്കും. അതുപോലെയാണ് എല്ലാം തികഞ്ഞപ്പോള്‍ എന്‍ഡിഎഫിന്റെ സേവ വേണമെന്ന് ലീഗിന് തോന്നിയത്. ഇപ്പോള്‍ ആകെമൊത്തം തീവ്രവാദത്തിന്റെ മണവും രുചിയുമാണ്.

കണ്ണൂരില്‍ ലീഗ് കുട്ടികള്‍ ആക്രമിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ നേതാക്കളെയാണ്. കാസര്‍കോട്ട് മാര്‍ക്സിസ്റ്റുകാരെ തരത്തിന് കിട്ടാത്തതുകൊണ്ട് സ്വന്തം നേതാക്കളെത്തന്നെ പിടിച്ചു. ഇ ടി ബഷീര്‍ ഇടി കിട്ടിയ ബഷീറായി. കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (കെ പി എ) മജീദിന് അതുകണ്ട് ചിരിക്കാന്‍ കഴിഞ്ഞില്ല-ചിരി വരുംമുമ്പ് മുഖമടച്ച് സ്നേഹതാഡനം കിട്ടി. കാസര്‍കോട്ട് അങ്കം നടക്കുമ്പോള്‍ കോഴിക്കോട്ടുകാര്‍ നോക്കിയിരിക്കാന്‍ പാടില്ല. അവിടെ പി കെ കെ ബാവയുടെ വീട്ടിലേക്കാണ് അണികള്‍ ആമോദത്തോടെ വാടാപോടാ പാടി മാര്‍ച്ചുചെയ്തത്. ആവേശം മൂത്താല്‍ പച്ചക്കൊടി വിമാനത്താവളത്തില്‍ മാത്രമല്ല, സ്വന്തം നേതാവിന്റെ നെഞ്ചത്തും കുത്തും.

സ്വാധീനമില്ലാത്തിടത്തെല്ലാം ലീഗ് നല്ല പാര്‍ടിയാണ്. ഉദാഹരണത്തിന് തിരുവനന്തപുരത്ത്. ആര്‍ക്കും ഒരു ശല്യവുമില്ല. അംഗത്വം പത്തില്‍ കൂടിയ ഇടത്തുമാത്രമേ പ്രശ്നമുള്ളൂ. മലപ്പുറംമുതല്‍ മലപ്പുറംവരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശത്ത് ലീഗുതന്നെ രാജാവ്.
 
കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോട്, വയനാട് തുടങ്ങിയ കരഭൂമികളില്‍ നാഷണല്‍ ഹൈവേയ്ക്കിരുവശവും അവിടവിടെ ചില ലീഗ് ബാധിത പ്രദേശങ്ങളുണ്ട്. വാഹനം കത്തിക്കല്‍ , വീടിനു തീയിടല്‍ , പോസ്റ്റര്‍ പറിക്കല്‍ , കൊടിമരം തകര്‍ക്കല്‍ , ബസ് സ്റ്റാന്‍ഡിലും കടത്തിണ്ണയിലും കാത്തിരുന്ന് പെണ്‍കിടാങ്ങളെ കണ്ണെറിയല്‍ , തിരിച്ച് കടക്കണ്ണുകൊണ്ടെങ്കിലും ഒരേറ് കിട്ടിയില്ലെങ്കില്‍ സദാചാരപ്പൊലീസ് കളിക്കല്‍ തുടങ്ങിയ ചെറുകിടചില്ലറ പരിപാടികളാണ് അണികളുടെ മുഖ്യഉപജീവന മാര്‍ഗം. ഇതൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൊല്ലത്തിലൊരിക്കല്‍ മാവേലി വരുന്നതു പോലെ കുഞ്ഞീക്ക വരും. അന്ന് ഉത്സവമാണ്. കല്ലേറ്, പൊലീസിനെ ഇടിക്കല്‍ , തെറിവിളി, റോഡ് തടയല്‍ തുടങ്ങിയ പരിപാടികള്‍ പച്ചക്കലാകാരന്മാര്‍ അവതരിപ്പിക്കും. പരിപാടി വിജയിപ്പിച്ച് കുഞ്ഞീക്ക പോയാല്‍ കുറെനാള്‍ ഇളക്കം തുടരും.

പുതിയ കാലത്ത് ലീഗിന് പ്രത്യേക കുപ്പായമില്ല. തടിയന്റവിട നസീറും ലീഗുകാരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. തീവ്രവാദവും ലീഗ്വാദവും വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നു. മലബാറില്‍നിന്ന് കൈപ്പത്തി ചിഹ്നക്കാരന്‍ കെട്ടിവച്ച കാശുംകൊണ്ട് രക്ഷപ്പെടണമെങ്കില്‍ "പച്ചച്ചെങ്കൊടി"യുടെ സഹായംതന്നെ വേണം. അതുകൊണ്ട് കോണ്‍ഗ്രസിന്റെ ശല്യമില്ല. ലീഗുകാര്‍ക്ക് തലതകര്‍ക്കല്‍ , വെട്ടി വീഴ്ത്തല്‍ , തല്ലി കാലും കൈയും ആട്ടിക്കളയല്‍ തുടങ്ങിയ കൈത്തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ നിയമപരമായ അധികാരമുണ്ട്. തിരിച്ച് മാര്‍ക്സിസ്റ്റുകാര്‍ മിണ്ടാന്‍ പാടില്ല. അടികൊണ്ടാല്‍ ആശുപത്രിയില്‍ പോയി കിടക്കുക, ആവതാകുമ്പോള്‍ വീട്ടില്‍ പോയി കഞ്ഞിയും ചുട്ടപപ്പടവും കഴിക്കുക. തിരിച്ചു തല്ലിപ്പോയാല്‍ , ഒറ്റയടിക്ക് "പാര്‍ടി കോടതി" എന്ന അത്യപൂര്‍വ ജീവിയെ കണ്ടെത്തി പിടിച്ചുകെട്ടി റോഡിലൂടെ നടത്തിച്ചുകളയും.

ലീഗിനെ താങ്ങാന്‍ സര്‍വഥാ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണ്. ചാക്കുകണക്കിന് വാര്‍ത്തകള്‍ മുഖ്യന്റെ ഓഫീസില്‍നിന്ന് ലീഗ് സമാധാന നായകര്‍ക്കായി പ്രവഹിക്കും. അളിയന്‍ റൗഫ്, ഐസ്ക്രീം, കോടതിക്ക് കോഴ, അഴിമതി തുടങ്ങിയ അശ്ശീല പദങ്ങളൊന്നുമില്ലാത്ത ആ വാര്‍ത്ത തൊട്ടുകൂട്ടാന്‍ ചമ്മന്തിപോലുമില്ലാതെ ഭക്ഷിക്കാന്‍ നമ്മുടെ മാമ പത്രങ്ങള്‍ (മാതൃഭൂമി, മനോരമ) തയ്യാറാണ്. സെല്‍ഭരണമെന്നപോലെ പാര്‍ടിക്കോടതി എന്ന പുതിയ പാഷാണം. പാര്‍ടിക്ക് അങ്ങനെയൊരു കോടതിയുണ്ടെങ്കില്‍ അതില്‍ ഇത്തരം മാമാമാര്‍ക്ക് കിട്ടുന്ന ശിക്ഷ എന്തായിരിക്കും എന്ന് ഭാവനയില്‍ കാണുന്നത് ഒരു ഓര്‍ഡിനന്‍സിലൂടെ നിരോധിക്കാന്‍ സമക്ഷത്തിങ്കല്‍ ദയയുണ്ടായേക്കും.

അടി തടുക്കാം; ഒടി തടുത്തുകൂടാ, അടിയോളം ഒക്കുമോ അണ്ണന്‍തമ്പി, അടിച്ചതിനുമേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും തുടങ്ങിയ കുറെ അടിച്ചൊല്ലുകള്‍ "പഴഞ്ചൊല്‍മാല"യില്‍ കാണുന്നുണ്ട്. ഒരു അടിക്കോടതിയും തുടങ്ങണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment