Thursday 22 March 2012

[www.keralites.net] എന്തുകൊണ്ട് നമ്മള്‍ തോറ്റു?

 

എന്തുകൊണ്ട് നമ്മള്‍ തോറ്റു?

താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.

നിര്‍ത്ത്..നിര്‍ത്ത്!..വിഘടന വാദികളും പ്രതിക്രിയാ വാദികളും റാഡിക്കലല്ലാത്ത അടിയൊഴുക്കുകള്‍ കൊളോണിയല്‍ ചിന്താ സരണികളിലൂടെ ഒലത്തിയ കഥയാണ്‌ പറയാന്‍ വരുന്നതെങ്കില്‍ ആ പരിപ്പിവിടെ വേവില്ല.

ഹേയ്! ഞാന്‍ പറഞ്ഞു വരുന്നത് അതല്ല. പരിപ്പിനെക്കുറിച്ച് പറഞ്ഞപ്പോഴാണോര്‍ത്തത്. നമുക്ക് ഓരോ പരിപ്പു വടയും ചായയും കഴിച്ചേച്ച് സംസാരിക്കാം

സഖാവ് ഇപ്പോഴും പരിപ്പു വട കഴിക്കാറുണ്ടോ?

അതെന്താടോ താങ്കളങ്ങനെ ചോദിച്ചത്?

അല്ല. മുമ്പൊരു സഖാവ് പാര്‍ടി മീറ്റിംഗില്‍ പരിപ്പു വടക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നല്ലോ? ഇനി മുതല്‍ പിസ്സയും ബര്‍ഗറുമൊക്കെയായിരിക്കും പാര്‍ട്ടി യോഗങ്ങളില്‍ വിതരണം ചെയ്യപ്പെടുക എന്നും സഖാവ് പറയുന്നത് കേട്ടിരുന്നു. അത് കൊണ്ടു ചോദിച്ചതാ?

പരിപ്പു വട പിന്നെ കഴിക്കാം.

നമ്മള്‍ എന്തു കൊണ്ടു തോറ്റു എന്ന് സഖാവ് ഇനിയും പറഞ്ഞില്ല.

അതിലേക്കാണ് ഞാന്‍ വരുന്നത്. പ്രഥമദൃഷ്ട്യാ നമ്മള്‍ തോറ്റു എന്ന് തോന്നുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത് തോല്‍വിയല്ല. നമ്മുടെ ജയമാണ്.

എങ്ങനെ..? മനസ്സിലായില്ല!

അതായത് ആഗോള നവ-സാമ്പത്തിക സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞു വന്ന അനിയന്ത്രിതമായ പ്രക്രിയയുടെ ഫലമായിട്ടു വേണം ഈ തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്താന്‍.

സഖാവേ.. നവ-സാമ്പത്തിക... ഒലക്കേടെ മൂട്! എന്ത് കൊണ്ടു നമ്മള്‍ തോറ്റു എന്നുള്ളത് ലളിതമായി പറഞ്ഞാലെന്താ?

എടോ സഖാവേ അതു തന്നെയാണ് ഞാന്‍ പറഞ്ഞു വരുന്നത്. അതിനിടയില്‍ കയറി ഒരു മാതിരി വര്‍ഗ വഞ്ചകരെപ്പോലെ പെരുമാറരുത്.

വര്‍ഗ വഞ്ചകരെന്നു വെച്ചാല്‍ എന്തുവാ സഖാവേ?

എടോ അതീ പാര്‍ട്ടിക്കുള്ളില്‍ അലമ്പുണ്ടാക്കുന്ന കൂട്ടരെക്കുറിച്ച് പണ്ടു പണ്ടേ ഉപയോഗിച്ച് വരുന്ന ഒരു പ്രയോഗമാണ്.

അലമ്പെന്നു വെച്ചാല്‍..?

പാര്‍ട്ടി നയങ്ങളെ എതിര്‍ക്കുക. പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്യുക അനുസരിക്കാതിരിക്കുക തുടങ്ങിയ അലമ്പുകള്‍.

അപ്പൊ ഈ സെല്‍വരാജ് രാജി വെച്ചത് അലമ്പുണ്ടാക്കിയാണെന്ന് പറയുന്നത് അതു കൊണ്ടാണല്ലേ?

സെല്‍വരാജ് രാജി വെച്ചതല്ല; പാര്‍ട്ടി പുറത്താക്കിയതാണ്. നമ്മുടെ പാര്‍ട്ടിയില്‍ ആര്‍ക്കും രാജി വെക്കുക സാധ്യമല്ല. പാര്‍ടി ഭരണ ഘടനയില്‍ അങ്ങിനെ പറയുന്നുണ്ട്. അത് കൊണ്ട് തന്നെ അത് പ്രകൃതി നിയമത്തിനെതിരാണ്.

പ്രകൃതി നിയമവും പാര്‍ട്ടിയും തമ്മില്‍ എന്ത് ബന്ധം..?

പാര്‍ട്ടിയില്‍ പറയുന്നതെന്തും പ്രകൃതി നിയമമാണ്. പ്രകൃതിക്ക് തെറ്റിയാലും പാര്‍ട്ടിക്ക് പിഴവ് സംഭവിക്കില്ല. പാര്‍ട്ടി നയത്തിനനുസരിച്ചല്ലാത്ത പ്രകൃതി നിയമങ്ങള്‍ മാറ്റിയെഴുതും. ഉദാഹരണത്തിന് ഒരാള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചാല്‍ അത് രാജിയായി പരിഗണിക്കില്ല. ആദ്യം പാര്‍ട്ടി അവനെ പുറത്താക്കണം. എന്നാല്‍ അവനു രാജി വെക്കാം.

അപ്പോള്‍ സെല്‍വരാജ് പാര്‍ട്ടി നേതാക്കളെ ധിക്കരിച്ചത് കൊണ്ടാണോ അയാള്‍ രാജി വെക്കേണ്ടി വന്നത്.. സോറി! പുറത്താക്കിയത്?

ഇല്ല. അയാള്‍ അനുസരിക്കാന്‍ പാടില്ലാത്ത നേതാവിനെ അനുസരിച്ചു. അതാണ്‌ അയാള്‍ ചെയ്ത വര്‍ഗവഞ്ചന.

നേതാക്കള്‍ അങ്ങിനെ അനുസരിക്കാന്‍ പാടുള്ളവയെന്നും ഇല്ലാത്തവയെന്നും രണ്ടു തരത്തിലുണ്ടോ?

പാര്‍ട്ടിയുടെ വിപ്ലവ മണ്ണില്‍ നിന്നുമുയര്‍ന്നു വന്ന നേതാക്കന്മാരാണ് യഥാര്‍ത്ഥ നേതാക്കന്മാര്‍. ഉദാഹരണത്തിന് നമ്മുടെ കണ്ണൂരിനോടടുത്ത പ്രദേശങ്ങള്‍ യഥാര്‍ത്ഥത്തിലുള്ള വിപ്ലവ ഭൂമിയും അവിടെയുള്ള നേതാക്കന്മാര്‍ അനുസരിക്കപ്പെടേണ്ടവരും ചോദ്യത്തിനതീതരുമാണ്.

സഖാവിന്റെ തലശ്ശേരിയായിരിക്കും ഉദ്ദേശിച്ചത്?

പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചത്‌ കൊണ്ട് അങ്ങിനെ ഞാന്‍ പറയില്ല. സഖാവിനു വര്‍ഗബുദ്ധിയുണ്ടെങ്കില്‍ ഊഹിച്ചു കണ്ടു പിടിക്കാം.

സഖാവേ.. പാര്‍ട്ടിക്കു കിട്ടിയ കാപിറ്റല്‍ പണിഷ്മെന്റ് ആണീ തോല്‍വിയെന്ന് ഉള്‍പ്പാര്‍ട്ടി വ്യാഖ്യാനമുണ്ടല്ലോ?

എടോ കാപിറ്റല്‍ എന്നാല്‍ മൂലധനം പണിഷ്മെന്റ് എന്നാല്‍ ശിക്ഷ. മൂലധനം അഥവാ ബൂര്‍ഷ്വാ മുതലാളിമാര്‍ പണം ഒഴുക്കി പാര്‍ട്ടിയെ ശിക്ഷിക്കാന്‍ ശ്രമിച്ചു. അത്രേയുള്ളൂ. കാപിറ്റല്‍ പണിഷ്മെന്റ് കിട്ടേണ്ടവര്‍ക്ക് അത് കിട്ടി എന്നാണു പാര്‍ട്ടി വ്യാഖ്യാനം!

സഖാവ് നമ്മള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി പറഞ്ഞു താ എന്ത് കൊണ്ട് നമ്മള്‍ തോറ്റു എന്ന്?

(ഉള്‍പ്പാര്‍ട്ടി ആത്മഗതം...ഇയാള്‍ വിടാനുള്ള ഭാവമില്ലല്ലോ ദൈവമേ..! ദൈവമില്ലല്ലോ.. ഒന്നുമില്ലായ്മേ.. എന്നെ രക്ഷിക്കണേ!)

എടോ ഗോപാലകൃഷ്ണാ.. ഞാന്‍ ഇത്രയും പറഞ്ഞതില്‍ നിന്നും തനിക്കു ഒന്നും മനസ്സിലായില്ലേ..?

അതിനു സഖാവ് പറഞ്ഞില്ലല്ലോ എന്താണ് തോല്‍ക്കാനുള്ള കാരണമെന്ന്?

എടോ നമ്മുടെ ശക്തി കുറഞ്ഞതല്ല തോല്‍വിക്ക് കാരണം.

പിന്നെ..?

അവരുടെ ശക്തി കൂടിയതാണ്.

അതാണ്‌ തോല്‍വിയെന്ന് മനസ്സിലായി. എന്ത് കൊണ്ട് അങ്ങിനെ സംഭവിച്ചു എന്ന് പറയൂ സഖാവേ..!

അതായത്..(ഒന്നുമില്ലായ്മേ..രക്ഷിക്കണേ!) സാമ്രാജ്യത്വ-ബാഹ്യ ശക്തികളുടെ സമൂലവും സുസജ്ജവും സക്രിയവുമായ ഇടപെടലുകളുടെ സമ്മര്‍ദത്തില്‍ ലോകത്തുടനീളം ദൃശ്യമാകുന്ന റെനിഗേഡുകളുടെ ഒരഭൂത പൂര്‍വമായ മുന്നേറ്റം തന്നെയാണ് പിറവത്തും ദൃശ്യമായത്. ലിബിയയില്‍ ഗദ്ദാഫി ഭരണത്തിന്റെ നാശോന്മുഖമായ അന്ത്യം കുറിക്കാന്‍...

നിര്‍ത്ത്..നിര്‍ത്ത്..! ലിബിയയും റെനോഗേഡുകളും..അവന്റെ ***//%%** തേങ്ങാക്കൊല! സഖാവേ ഇനിയും ഞാന്‍ ഇവിടെ നിന്നാല്‍ പാര്‍ട്ടിക്കു ഒരു രക്ത സാക്ഷിയെക്കൂടി കിട്ടും.

ഞാനൊന്നും ചോദിച്ചിട്ടില്ല..സഖാവൊന്നും കേട്ടിട്ടില്ല! ലാല്‍സലാം!

പെരുമാറ്റം കണ്ടിട്ട് താന്‍ രാജി വെക്കാന്‍ സാധ്യതയുള്ള കുലംകുത്തിയാണെന്നു ബോധ്യപ്പെട്ടിരിക്കുന്നു.. അത് കൊണ്ട് സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. നല്ല നമസ്കാരം!!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment