Saturday 10 March 2012

[www.keralites.net] ദിലീപിന്റെ പെണ്‍രൂപം

 

 

ഹേമമാലിനിയില്‍ നിന്നും മായാമോഹിനിയിലേയ്‌ക്ക്‍

എറണാകുളത്തെ മായാമോഹിനി യുടെ സെറ്റില്‍ ദിലീപ്‌ മോഹിനിയായി വേഷപ്പകര്‍ച്ച നേടുമ്പോള്‍ മോഹിനിയുടെ സൗന്ദര്യജീവിതത്തിലേക്ക്‌ സംസാരിച്ചുപോവുകയാണ്‌ സംവിധായകന്‍ ജോസ്‌ തോമസ്‌. ഹിന്ദി സിനിമാതാരം ഹേമമാലിനിയില്‍നിന്ന്‌ മലയാളതാരം ദിലീപിലേക്ക്‌ എത്രദൂരമെന്ന്‌ ചോദിച്ചാ ല്‍, കഷ്‌ടിച്ച്‌ ഒരു പേരിന്റെ അകലമെന്ന്‌ പറയും സംവിധായകന്‍ ജോസ്‌ തോമസ്‌. കാരണം ദിലീപിന്റെ പെണ്‍നിറവ്‌ ഏറിയ മായാമോഹിനി എന്ന പുതിയ ചിത്രത്തിന്‌ ആദ്യമിട്ട പേര്‌ ഹേമമാലിനി. മുംബൈയില്‍ നിന്നെത്തുന്ന ദിലീപിന്റെ പെണ്‍രൂപം ആദ്യം മനസില്‍ നിറച്ചത്‌ ഹിന്ദിസിനിമാതാരം ഹേമമാലിനിയെ. മെല്ലെ മെല്ലെ ഭഗവാന്‍ വിഷ്‌ണുവിലേക്ക്‌ അലിയിച്ചുചേര്‍ത്തു പിന്നീടുള്ള ചര്‍ച്ചകള്‍. എറണാകുളത്ത്‌ മായാമോഹിനിയുടെ സെറ്റില്‍ ചുവന്നസാരിയുടുത്ത്‌ വലിയ കമ്മലിട്ട്‌ സുന്ദരിയായിരിക്കുന്ന ദിലീപിന്‌ നിര്‍ദ്ദേശം നല്‍കുന്നതിനിടയില്‍ ജോസ്‌തോമസ്‌ ഇടയ്‌ക്ക് ദിലീപിന്റെ തോളില്‍ തട്ടി: "സുന്ദരിയായിരിക്കുന്നു...സുന്ദരിമോഹിനി."

ആ വാക്കുകള്‍ ദിലീപിലെ മോഹിനിയെ കൂടുതല്‍ സുന്ദരിയാക്കുംപോലെ. ഷോട്ടിനിടയിലെ ഇടവേളയില്‍ ദിലീപ്‌ കാരവനിലേക്ക്‌...ജോസ്‌തോമസ്‌ ഒരു വേള ആ നടപ്പ്‌ നോക്കിനില്‍ക്കുന്നു. എത്രയോ നാളായി താനും തിരക്കഥാകൃത്തുക്കളായ ഉദയ്‌കൃഷ്‌ണയും, സിബി കെ. തോമസും ചേര്‍ന്നു സ്വപ്‌നം കൊണ്ട്‌ തീ ര്‍ത്തെടുത്ത രൂപം. സെറ്റിലിരുന്ന്‌ സംസാരിക്കുമ്പോള്‍ ജോസ്‌തോമസ്‌ പറയുന്നത്‌ മുഴുവന്‍ മോഹിനിയെക്കുറിച്ചാണ്‌. അവളുടെ ജനനം മുതലുള്ള കഥകള്‍."വിഷ്‌ണുവിന്റെ മോഹിനീ രൂപത്തിന്റെ സൗന്ദര്യമാണ്‌ ദിലീപിനായി തയാറാക്കിയ മോഹിനിയെന്ന കഥാപാത്രത്തിനെന്ന്‌ എന്നെപ്പോലെ തിരക്കഥാകൃത്തുക്കളായ സിബി- ഉദയനും തോന്നുകയായിരുന്നു." ചാന്തുപൊട്ടിലും പെണ്‍ഭാവം നിറഞ്ഞ കഥാപാത്രമായതാണ്‌ ദിലീപ്‌... വീണ്ടുമൊരു പെണ്‍വേഷം? ആ കഥാപാത്രത്തിലൂടെ ദിലീപ്‌ തരുന്ന ഒരു ഉറപ്പുണ്ട്‌; ഏത്‌ വ്യത്യസ്‌ത വേഷവും തരൂ, ഞാന്‍ സുന്ദരമാക്കാമെന്ന്‌. ഇതില്‍ ദിലീപ്‌ പുരുഷനായിത്തന്നെയാണ്‌ അഭിനയിക്കുന്നത്‌. ഒരു പ്രത്യേക സാഹചര്യത്തി ല്‍ ബിജു മേനോന്റെ വാടക ഭാര്യയായി എത്തുകയാണ്‌. മോഹിനി യഥാര്‍ത്ഥത്തില്‍ പുരുഷനാണെന്നു ബിജുമേനോന്‍ എന്ന ഭര്‍ത്താവിനുകൂടി അറിയില്ല.

പക്ഷേ, ചില പ്രത്യേക കാര്യങ്ങള്‍ നേടിയെടുക്കാന്‍ ബിജുമേനോന്‌ ആ ''ഭാര്യ''യെ സ്‌നേഹിക്കേണ്ടിവരുന്നു. മറ്റുള്ളവരുടെ മുന്നില്‍ ഭാര്യ കാട്ടുന്ന സ്‌നേഹപ്രകടനങ്ങള്‍ വേണ്ടെന്നുവയ്‌ക്കാന്‍ പറ്റുന്നില്ല. രണ്ട്‌ ദിവസത്തേയ്‌ക്ക് വാടകവാങ്ങിയെത്തുന്ന 'മോഹിനി' കുറേനാള്‍ക്കൂടി അവിടെ തുടരേണ്ടിവരുന്നതാണ്‌ മായാമോഹിനിയുടെ കഥ.

സെറ്റില്‍ ദിലീപ്‌ എങ്ങനെ നേടുന്നു ഈ ഭാവപ്പകര്‍ച്ച?

എത്ര ഭംഗിയായി ചെയ്‌താലും ഇടയ്‌ക്കെ പ്പോഴെങ്കിലും ദിലീപിലെ ദിലീപിസം വന്നുപോകും. അത്‌ വരാതിരിക്കാനുള്ള ശ്രദ്ധാപൂര്‍വമായ നിരീക്ഷണം നടത്താറുണ്ട്‌. സ്‌ത്രീയുടെ ഭാവം നഷ്‌ടപ്പെടാതിരിക്കാനുള്ള ശ്രമം.

ഈ നിരീക്ഷണം ഷൂട്ടിംഗിനു മുമ്പും നടത്തേണ്ടിവന്നിട്ടുണ്ടാകുമല്ലോ?

തീര്‍ച്ചയായും. മോഹിനി ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രമാണ്‌. സിനിമയുടെ ചര്‍ച്ച തുടങ്ങിയ കാലം മുതല്‍ സ്‌ത്രീകളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവരുടെ നോട്ടം, നടപ്പ്‌, ഡ്രസിംഗ്‌ ഒക്കെ. എപ്പോഴും തങ്ങളെക്കുറിച്ച്‌ ഓവര്‍കോണ്‍ഷ്യസാണ്‌ സ്‌ത്രീകള്‍. മറ്റുള്ളവര്‍ പ്രത്യേകിച്ച്‌ പുരുഷന്മാര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന ബോധപൂര്‍വമായ ശ്രദ്ധ അവരിലുണ്ട്‌. 90% സ്‌ത്രീകളും അങ്ങനെതന്നെയാണ്‌. ധരിക്കുന്ന വേഷം, ആഭരണം, മേയ്‌ക്കപ്പ്‌... ഒക്കെ അവര്‍ക്ക്‌ വല്ലാത്ത ആത്മവിശ്വാസം നല്‍കുന്നുണ്ട്‌.

എങ്കിലും ഒരു പുരുഷന്‍ സ്‌ത്രീയായി മേയ്‌ക്കപ്പ്‌ ചെയ്യുന്നതില്‍ എപ്പോഴും ഒരു പോരായ്‌മ ഉണ്ടായേക്കാം...? ആ ഭയം ഉണ്ടായിരുന്നില്ലെന്ന്‌ പറയുന്നില്ല. ഏത്‌ പുരുഷനും പെണ്‍വേഷം കെട്ടിയാല്‍ ഹിജഡരൂപമായി തോന്നിയേക്കാം. പക്ഷേ അപ്പോഴൊക്കെ"എല്ലാം ശരിയാകും ജോസേട്ടാ" എന്നു പറയുന്ന ആത്മവിശ്വാസമുണ്ടായിരുന്നു ദിലീപിന്‌.

സെറ്റിലെ ദിലീപിന്റെ മോഹിനി എങ്ങനെ?

വിശ്വരൂപം എന്ന സിനിമയില്‍ കമലഹാസനെ മേയ്‌ക്കപ്പ്‌ ചെയ്യിച്ച്‌ രൂപമാറ്റം നടത്തിയ മലയാളി മേക്കപ്പ്‌മാന്‍ റോഷനാണ്‌ ദിലീപിനെ അണിയിച്ചൊരുക്കിയത്‌. മേക്കപ്പിനെക്കുറിച്ച്‌ ലണ്ടനില്‍പോയി പഠിച്ചയാളാണ്‌ റോഷന്‍. പല സ്‌കെച്ചുകള്‍ ഇട്ടു നോക്കിയാണ്‌ അവസാനരൂപം നല്‍കിയത്‌. ഏകദേശം നാലുമണിക്കൂര്‍കൊണ്ടാണ്‌ ദിലീപിനെ മോഹിനിയാക്കി മാറ്റുന്നത്‌. രാവിലെ ആറുമണി മുതല്‍ പാവം ദിലീപ്‌ മേയ്‌ക്കപ്പ്‌മാന്റെ മുന്നിലാണ്‌.

മോഹിനിയാകാന്‍ എത്തും മുമ്പേ ദിലീപും നടത്തിയിട്ടുണ്ടാവില്ലേ തയാറെടുപ്പുകള്‍?

സ്‌ത്രീയുടേതായ ഒരു രൂപമാറ്റത്തിന്‌ ദിലീപ്‌ കഠിനശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. പുരികം ത്രെഡ്‌ ചെയ്‌തു. കാലിലെയും കൈയിലെയും രോമം വാക്‌സിംഗിലൂടെ നീക്കം ചെയ്‌തു. ഒട്ടിക്കുന്നതരത്തിലുള്ള കമ്മലോ മാഗ്‌നെറ്റ്‌കൊണ്ട്‌ ഉറപ്പിക്കുന്ന കമ്മലോ ഉപയോഗിക്കാമായിരുന്നു. പക്ഷേ ദിലീപ്‌ പറയുകയായിരുന്നു:"വേണ്ട. ഞാന്‍ കാത്‌ കുത്തിക്കോളാം."

അങ്ങനെ കാത്‌ കുത്തിയശേഷമാണ്‌ സെറ്റില്‍ എത്തിയത്‌. കാത്‌ ശരിയായി ഉണങ്ങുന്നതിനുമുമ്പേ വലിയ കമ്മലൊക്കെ ഇട്ടഭിനയിക്കാന്‍ തുടങ്ങിയതുകൊണ്ടാവണം കാത്‌ വല്ലാതെ പഴുത്തു. എന്നും നഖം ഒട്ടിക്കുന്നതിനു പകരം സിനിമാ തീരുംവരെ കൈയില്‍ സ്‌ഥിരമായി ചേര്‍ത്തുവച്ച നഖമാണ്‌ മോഹിനിക്കായി തെരഞ്ഞെടുത്തത്‌. അതുകൊണ്ട്‌ ആഹാരമൊക്കെ കഴിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. സ്‌പൂണ്‍ ഉപയോഗിച്ചായി ആഹാരം കഴിക്കല്‍.

പിന്നെ സ്‌ത്രീയുടെ മുഴുപ്പും തുടിക്കും കാണിക്കാനായി ഉപയോഗിക്കുന്ന ചില ചെപ്പടിവിദ്യകള്‍ ദിലീപിന്റെ ശരീരത്തെ വല്ലാതെ ഇറുക്കിപ്പിടിക്കുന്നുണ്ട്‌. പലപ്പോഴും ടോയ്‌ലറ്റില്‍ പോകാന്‍കൂടി ബുദ്ധിമുട്ടാറുണ്ട്‌. അത്രയും സമ്മര്‍ദ്ദങ്ങളിലൂടെയാണ്‌ അഭിനയം. ഒരു ഉച്ചനേരം ബാത്‌റൂമില്‍ പോകേണ്ടി വന്നപ്പോള്‍ സെറ്റില്‍ രണ്ടുമണിക്കൂര്‍ ബ്രേക്ക്‌ പറയേണ്ടിവന്നു.

സത്യത്തില്‍ ഒരു പുരുഷനെ മോഹിപ്പിക്കുമെന്ന്‌ ഉറപ്പ്‌?

സിനിമയിലെ മോഹിനിയെ പ്രണയിക്കുന്നവരായിട്ടാണ്‌ ബാബുരാജും ഷാജന്‍ കലാഭവനും അഭിനയിക്കുന്നത്‌. അവര്‍ക്ക്‌ മോഹിനി ഒരു പുരുഷനാണെന്ന്‌ അറിയില്ല. അതിനാല്‍ മോഹിനിയുടെ ഭര്‍ത്താവിനോട്‌ ഇടയ്‌ക്ക് ബാബുരാജിന്റെ കഥാപാത്രം പറയും:"നിന്റെ ഭാര്യാവേഷം കഴിഞ്ഞ്‌ അവളെ ഞാന്‍ വിവാഹം കഴിക്കുമെന്ന്‌."

ഇപ്പോള്‍ സെറ്റിലിരുന്നു ബാബു എന്നോട്‌ പറയാറുണ്ട്‌. ''സത്യത്തില്‍ ദിലീപിന്റെ ഈ പെണ്ണിനോട്‌ എനിക്ക്‌ പ്രേമം തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന്‌.''

അത്ര സെക്‌സിയാണ്‌ ദിലീപിന്റെ മോഹിനി?

സെക്‌സിയായിത്തോന്നുന്നവിധത്തിലാണ്‌ മോഹിനിയുടെ വേഷം പോലും. സാരിയും ചുരിദാറുമാണ്‌ കൂടുതലും അണിയുന്നത്‌. പിന്നെ കാലിന്റെ മറ്റും ഭംഗി കാണുന്നവിധത്തില്‍ ചില രംഗങ്ങളില്‍ മിഡിയും അണിഞ്ഞിട്ടുണ്ട്‌. പക്ഷേ ജീന്‍സും ടീഷര്‍ട്ടും വേണ്ടെന്നു പറഞ്ഞിരുന്നു ദിലീപ്‌. സാധാരണയായി ഉപയോഗിക്കുന്ന ഡ്രസായതിനാല്‍ അതിടുമ്പോള്‍ മാനസികമായി സ്‌ത്രീയായി മാറാന്‍ കഴിയുന്നില്ലെന്നൊരു തോന്നല്‍.

സാരിയാണ്‌ കൂടുതലും ഉടുത്തത്‌. പിന്നില്‍ ഹുക്കുള്ള ബ്ലൗസും. ഒരു സുപ്രഭാതത്തില്‍ മുംബൈയില്‍നിന്ന്‌ കേരളത്തില്‍ എത്തുന്ന മോഹിനിക്ക്‌ മഹാരാഷ്‌ട്ര സ്‌റ്റൈല്‍ റിച്ചായ സാരികളും ബ്ലൗസുകളുമാണ്‌ കൂടുതല്‍ തെരഞ്ഞെടുത്തത്‌. സ്‌ത്രീകള്‍ പലവേളയില്‍ ഉപയോഗിക്കുന്ന വേഷങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. കുളി കഴിഞ്ഞ്‌ ടര്‍ക്കി ടൗവല്‍ ഉടുത്തുവരുന്നതു മുതല്‍ നേഴ്‌സിന്റെ വേഷംവരെ. ഉപയോഗിച്ച പെര്‍ഫ്യൂം പോലും സ്‌ത്രീകള്‍ ഉപയോഗിക്കുന്ന ജെനിഫര്‍ എന്ന ബ്രാന്‍ഡായിരുന്നു.

പൂര്‍ണമായും ഒരു സ്‌ത്രീ... എപ്പോഴെങ്കിലും ദിലീപെന്ന നടന്‌ ഒരു ചമ്മല്‍...?

കാരവനിലാണ്‌ മേയ്‌ക്കപ്പ്‌. ആദ്യമൊക്കെ പുറത്തേക്ക്‌ വരുമ്പോള്‍ ഭയങ്കര ചമ്മലായിരുന്നു. സ്‌ത്രീയായി മാറുന്നതിന്റെ ചമ്മല്‍. ഞാനപ്പോള്‍ ഓര്‍ത്തത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കേരളത്തില്‍ രാധ എന്ന ഒരു സ്‌ത്രീ ശസ്‌ത്രക്രിയയിലൂടെ രാധാകൃഷ്‌ണനായി മാറിയതാണ്‌. ഒന്നില്‍നിന്ന്‌ മറ്റൊന്നിലേക്കുള്ള മന:പൂര്‍വമായ മാറ്റം. ഇവിടെ ദിലീപിലും അത്‌ കാണാനാകും. അത്‌ തുടക്കത്തില്‍ ഷൂട്ടിംഗിനെയും ബാധിച്ചൂവെന്ന്പറയാം.

പെട്ടെന്ന്‌ സ്‌ത്രീയിലേക്ക്‌ വരാന്‍ ഉണ്ടാകുന്ന അമാന്തമാകണം ആദ്യ ദിവസങ്ങളിലെടുത്ത സീനുകളില്‍ ഒട്ടും താല്‌പര്യം തോന്നിയില്ല ദിലീപിന്‌. അതുകൊണ്ട്‌ ആ രംഗങ്ങളൊക്കെ റീ ഷൂട്ട്‌ ചെയ്യേണ്ടിയും വന്നു.

സെറ്റില്‍ 'മോഹിനി'യെ കാണുമ്പോള്‍ തോന്നിയ വികാരമെന്താണ്‌?

ഭയങ്കരമായി വണ്ണം കുറച്ചതുകൊണ്ടാവണം സാധാരണ ഒരു പുരുഷന്‍ സ്‌ത്രീവേഷം കെട്ടുമ്പോഴുള്ള അമിതവലുപ്പമുണ്ടായില്ല ദിലീപിന്‌. ആദ്യ കാഴ്‌ചയില്‍ ഒരു സ്‌ത്രീയാണെന്ന തോന്നല്‍.

ഒരു ദിവസം നിര്‍മ്മാതാവ്‌ എവര്‍ഷൈന്‍ മണി സെറ്റില്‍ എത്തി. അടുത്ത കസേരയില്‍ ഇരുന്ന 'മോഹിനി'യെ ഒരു പെണ്ണിനോടെന്നപോലെ അദ്ദേഹം ഒളികണ്ണിട്ട്‌ നോക്കുന്നു. കുറച്ചുകഴിഞ്ഞാണ്‌ അദ്ദേഹംപോലും ദിലീപിനെ തിരിച്ചറിഞ്ഞത്‌. ഞാനും അത്തരമൊരു മാനസികാവസ്‌ഥയിലേക്ക്‌ മാറ്റപ്പെട്ടൂവെന്ന്‌ വേണമെങ്കില്‍ പറയാം.

ഒരു നടിയോട്‌ പെരുമാറുന്നതുപോലെയാണ്‌ ദിലീപിനോടും പലപ്പോഴും പെരുമാറുന്നതെന്ന്‌ തോന്നിപ്പോകുന്നു എനിക്ക്‌. തമാശയ്‌ക്ക് പിന്നില്‍ വന്നു ദിലീപ്‌ കെട്ടിപ്പിടിച്ചു വര്‍ത്തമാനം പറയുമ്പോള്‍ ഞെട്ടി മാറിയിട്ടുണ്ട്‌ ഞാന്‍. ഇത്‌ മുന്നില്‍ കണ്ടിട്ടാകണം മഞ്‌ജുവാര്യര്‍ പറഞ്ഞു എനിക്ക്‌ ഫോട്ടോ കണ്ടാല്‍ മതിയെന്ന്‌. പക്ഷേ ദിലീപിന്റെ മകള്‍ വന്നു കണ്ടപ്പോള്‍ മുതല്‍ ഒരേ ചിരി. ഇത്തരം പ്രശ്‌നമുള്ളതിനാല്‍ പുറത്തുനിന്ന്‌ അധികം പേരെ ലൊക്കേഷനില്‍ കയറ്റാറില്ല.

പഴയകാലത്തില്‍നിന്ന്‌ മേക്കപ്പ്‌ രീതികളില്‍ ധാരാളം മാറ്റം വന്നിട്ടില്ലേ. എന്തൊക്കെ പുതുമ കൊണ്ടുവന്നു മോഹിനിയില്‍?

മേല്‍ത്തരം വിഗുകള്‍ മുംബൈയില്‍നിന്ന്‌ എത്തിച്ചു. നാല്‌ വിഗുകള്‍. ഒരു വിഗിന്‌ ഏകദേശം ഒരു ലക്ഷം രൂപ വിലവരും. വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്‌ത മേയ്‌ക്കപ്പ്‌ സാധനങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. മാറിടത്തിന്‌ മാംസളത തോന്നിപ്പിക്കാന്‍ പ്രത്യേകതരം ജെല്‍ ആണ്‌ ഉപയോഗിച്ചത്‌. അതിനും ഏകദേശം ഒരു ലക്ഷം രൂപ വിലവരും.

മൊത്തത്തില്‍ ദിലീപ്‌ ഒരു സ്‌ത്രീയായി?

തന്റെ സുന്ദരമായ ശരീരം പുരുഷന്‍ കാണുന്നതില്‍ മടി കാട്ടുന്നവരല്ല സ്‌ത്രീകള്‍. സാധാരണ സ്‌ത്രീ മുതല്‍ നടിമാരുടെ കാര്യംവരെ അത്‌ അങ്ങനെയാണ്‌. ഒരു സീനില്‍ ''എന്റെ വയര്‍ കാണുന്നവിധത്തിലുള്ള ഡ്രസ്‌ വേണ്ട. അടുത്തിടെ എനിക്കിത്തിരി വയര്‍കൂടി''യെന്ന്‌ മൈഥിലി വന്നു പറഞ്ഞു.

അതുപോലെ തന്റെ സുന്ദരമായ ശരീരഭാഗം അത്‌ വയറോ പുറംഭാഗമോ കാണുന്നവിധത്തിലുള്ളതാവണമെന്ന്‌ ദിലീപിന്‌ നിര്‍ബന്ധമായിരുന്നു. അതൊരു സ്‌ത്രീയുടെ മനസാണ്‌. മോഹിനിയിലും അത്‌ വര്‍ക്കൗട്ടായിയെന്നതാണ്‌ സത്യം.

ദിലീപിന്റെ മോഹിനിക്കും ആ മനസ്‌?

സാധാരണ സ്‌ത്രീകളെ കാണുമ്പോള്‍ "നിങ്ങള്‍ സുന്ദരിയായിരിക്കുന്നല്ലോ" "സന്തോഷപ്പെട്ടിരിക്കുന്നല്ലോ" "സ്‌മാര്‍ട്ടായിരിക്കുന്നല്ലോ" എന്നു പറഞ്ഞാല്‍ അന്നവരുടെ മൂഡ്‌ ഓക്കെയാണ്‌. ഈ സിനിമയുടെ സെറ്റില്‍ ലക്ഷ്‌മിറായിയും മൈഥിലിയും വരുമ്പോള്‍ അവരോട്‌ ഞാനിങ്ങനെ പറയുന്ന ദിവസം അവര്‍ ഫുള്‍ഡേ നല്ല മൂഡിലായിരിക്കും. എന്നാല്‍ "ഇന്നെന്താ മേയ്‌ക്കപ്പ്‌ ഡള്ളായോ?" എന്ന്‌ അറിയാതെ ചോദിച്ചുപോയാല്‍ അന്ന്‌ മുഴുവന്‍ അവര്‍ ഡള്ളായിരിക്കും.

ഈ മനസ്‌ ദിലീപിന്റെ പെണ്ണിനും ഉണ്ടായെന്നു തോന്നി. മേയ്‌ക്കപ്പ്‌ ഡള്ളായോയെന്നു ചോദിച്ചാല്‍ അന്നത്തെ ദിവസം പോയെന്നു കരുതിയാല്‍ മതി. ഇപ്പോള്‍ എനിക്ക്‌ മനസിലായി ദിലീപിലും മെല്ലെ യഥാര്‍ത്ഥ സ്‌ത്രീ വന്നു കുടിയേറിയിരിക്കുന്നു.

സാക്ഷാല്‍ മോഹിനി. പുരുഷനാല്‍ മോഹിക്കപ്പെടുന്നവള്‍!

രശ്‌മി രഘുനാഥ്‌

 

 

 

 

 

 

 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment