Wednesday 14 March 2012

[www.keralites.net] ജന്മം തന്നവരോട് മരിച്ചാലും തീരാത്ത കടപ്പാട്.

 

ജന്മം തന്നവരോട് മരിച്ചാലും തീരാത്ത കടപ്പാട്
 
വിഷയം കേള്‍ക്കുന്നതേ നമുക്ക് മടുപ്പാണ്. കാരണം, അത്രമാത്രം പ്രസംഗങ്ങളും പ്രബന്ധങ്ങളും ഇവ്വിഷയകമായി സുലഭമാണെന്നതത്രെ കാര്യം. മക്കളുടെ ഉത്തരവാദിത്വങ്ങള്‍ ഖുര്‍ആനില്‍ പറഞ്ഞതിലപ്പുറം ഇവിടെ ഇനി വിശദീകരിക്കാന്‍ ഉദ്ദേശമില്ല. വാരിക്കോരി സ്‌നേഹം നല്‍കാന്‍, ഹൃദയം തുറന്ന് മാതാപിതാക്കളെ സ്‌നേഹിക്കാന്‍ എല്ലാ മക്കളോടുമായി ചില കാര്യങ്ങള്‍ മാത്രം.
 
വൃദ്ധസദനങ്ങളിലല്ലെങ്കില്‍ പോലും സമാനമായ അവസ്ഥയാണ് നമ്മുടെ പല മാതാപിതാക്കള്‍ക്കും അവരുടെ വീടുകളില്‍. വീടിനു ഭാരമായി, ഇലകൊഴിഞ്ഞ മരമായി, ചണ്ടികളായി - ഒരുപാട് മാതാപിതാക്കള്‍ നിശ്ശബ്ദരായി നമ്മുടെ വീടുകളില്‍ തന്നെയില്ലേ! ഓര്‍ത്തുനോക്കൂ... മാതാപിതാക്കളോട് നമ്മില്‍ ചിലരുടെ ചില പെരുമാറ്റരീതികള്‍ വിശദീകരിക്കാം.
 
വളര്‍ന്നു വലുതായ മകന്‍ ഉമ്മയില്‍ നിന്നും ഉപ്പയില്‍ നിന്നും അകലം സൂക്ഷിക്കുന്നതാണ് ആദ്യഘട്ടം. നാട്ടിലുള്ള സകലരോടും സൊറ പറയുന്ന മകന്‍ ഒരു വാക്കുപോലും സ്വന്തം മാതാപിതാക്കളോട് ഉരിയാടാന്‍ നില്‍ക്കുന്നില്ല. നാട്ടുകാര്‍ എന്ത് പറയും എന്ന് കരുതി മാത്രം മാതാപിതാക്കളെ സംരക്ഷിക്കുന്നവരാണ് ഇക്കൂട്ടര്‍.
 
തന്നെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ പോലും ചിലര്‍ മാതാപിതാക്കളോടു അഭിപ്രായം തേടില്ല. 'ക്ലോസ് ഫ്രണ്ട്‌സി'നു മുന്നില്‍ എല്ലാം കെട്ടഴിക്കുന്ന ഇക്കൂട്ടര്‍ക്ക് മാതാപിതാക്കള്‍ അതിനു പോരാതെ വരുന്നുപോലും. മാതാപിതാക്കള്‍ ഇവരോട് എന്തെങ്കിലും അഭിപ്രായം പറഞ്ഞാലോ, പുഛമാണുതാനും.
 
തന്റെ കാര്യങ്ങളില്‍ കയറി ഇടപെടേണ്ടവരല്ല നിങ്ങളെന്ന ധ്വനി തങ്ങളുടെ ഓരോ ചെയ്തിയിലൂടെയും ഇക്കൂട്ടര്‍ വ്യക്തമാക്കിക്കൊണ്ടേയിരിക്കും. താനെന്ന അസ്തിത്വത്തിന്റെ നിലനില്‍പിന്നാധാരം ആ രണ്ടുപേരെന്നറിഞ്ഞുകൊണ്ടുതന്നെ എന്നെ പഠിപ്പിക്കാന്‍ വരേണ്ട എന്നു വരെ അവര്‍ പറഞ്ഞു കളയും.
 
വിശുദ്ധദീനുല്‍ ഇസ്‌ലാം മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വഹണത്തിലെ വീഴ്ചയെ 'ഉഖൂഖുല്‍ വാലിദൈന്‍' (മാതാപിതാക്കളെ വെറുപ്പിക്കല്‍) എന്നാണ് വിശേഷിപ്പിച്ചത്. 'ഇസ്വ്‌യാനുല്‍ വാലിദൈന്‍' (മാതാപിതാക്കളോടുള്ള ധിക്കാരം) എന്നതിന് പകരം ആ പദം ഉപയോഗിച്ചത് ബോധപൂര്‍വം തന്നെയാണ്. ധിക്കരിക്കുക പോലും വേണ്ടതില്ല, മനസിനു വിഷമമുണ്ടാക്കുന്ന ചെയ്തികള്‍ നിങ്ങളില്‍ നിന്ന് വന്നാല്‍ തന്നെ ധാരാളം. ഇത് പറയുമ്പോള്‍ യുവാക്കളല്ല എന്റെ അഭിസംബോധിതര്‍, പ്രത്യുത എല്ലാവരുമാണ്. ഓരോ ഉമ്മക്കും വാപ്പക്കും മക്കളായി ഈ ലോകത്ത് പിറന്നു വീണവര്‍. നമ്മുടെ മാതാപിതാക്കള്‍ക്ക് നമുക്ക് നല്‍കാവുന്ന പരിഗണനകളെക്കുറിച്ചും അതില്‍ നാം പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും ചിലത് പറയാം.
 
* നിങ്ങളുടെ ഓരോ കാര്യത്തിലും (നിസ്സാരമെങ്കില്‍പോലും) അവരുമായി കൂടിയാലോചന നടത്തുക. ഉപദേശങ്ങള്‍ കൂടെക്കൂടെ തേടിക്കൊണ്ടിരിക്കുക. തീരുമാനം നിങ്ങള്‍ മുന്‍കൂട്ടി എടുത്ത വിഷയങ്ങളില്‍ പോലും ഈ പതിവ് തുടരുക. കാരണം, നിങ്ങള്‍ അവരെ പരിഗണിക്കുന്നുവെന്ന തോന്നല്‍ തന്നെ മറ്റെന്തിനേക്കാളുമവര്‍ക്ക് വിലപ്പെട്ടതാണ്. 'എന്റെ മക്കള്‍ വെറുതെയായില്ല' എന്ന വിചാരം ഏത് മാതാവിന്റെയും പിതാവിന്റെയും മനം കുളിര്‍പ്പിക്കും.
 
* നിങ്ങള്‍ക്ക് അനിഷ്ടകരമാംവിധം അവര്‍ പെരുമാറിയാല്‍പോലും ക്ഷമ കൈവിടാതിരിക്കുക. അവര്‍ക്ക് നേരെ മൂര്‍ച്ചയുള്ള നോട്ടം എയ്യാതിരിക്കുക. പുണ്യത്തിന്റെ പാരമ്യത പ്രാപിക്കണമെങ്കില്‍ അവര്‍ നിങ്ങളോട് ചെയ്യുന്ന തെറ്റുകള്‍ പൊറുക്കാന്‍ നിങ്ങള്‍ തയാറാകണം. കരുണാമയനോട് പൊറുക്കലിനെ തേടുന്ന നിങ്ങള്‍ക്ക്, നിങ്ങളുടെ ജന്മത്തിന് നിദാനമായ മാതാപിതാക്കളോട് പൊറുക്കാനാകില്ലെന്നോ? തുറിച്ചുള്ള നോട്ടം പോലും നീ അവരോട് ചെയ്യുന്ന വന്‍തെറ്റാണ്.
 
* മാതാപിതാക്കളോട് കൂടെക്കൂടെ അവരുടെ സുഖവിവരങ്ങള്‍ ആരായുക. അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍, അതെത്ര നിസ്സാരമെങ്കില്‍പോലും കൂടെക്കൂടെ അന്വേഷിച്ചുകൊണ്ടിരിക്കുക. മാതാപിതാക്കളെ തൃപ്തിപ്പെടുത്താനും അതുവഴി സ്വര്‍ഗത്തിലെത്താനും നിങ്ങള്‍ക്ക് സാധിച്ചേക്കാം.
 
* മറ്റാരേക്കാളും അവരുടെ സേവനത്തിനും പരിചരണത്തിനും മുന്‍ഗണന നല്‍കുക. അവരുടെ വസ്ത്രം കഴുകിക്കൊടുക്കുക, അവരുടെ കിടപ്പുമുറി അലങ്കരിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുക. പണംകൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണിത്.
 
* അവരുടെ കവിള്‍ത്തടങ്ങളിലും ചുണ്ടിലും പുഞ്ചിരി നിറക്കാന്‍ പരമാവധി ശ്രമിക്കുക. നല്ലവാക്കുകള്‍ കൊണ്ടോ, കൊച്ചു തമാശകള്‍ കൊണ്ടോ അവരുടെ സന്തോഷം വര്‍ധിപ്പിക്കുക. കരംഗ്രഹിച്ച്, കവിളുകളില്‍ ചുടുചുംബനം നല്‍കി സ്‌നേഹത്തിന്റെ വൈദ്യുതിതരംഗങ്ങള്‍ അവര്‍ക്ക് അനുഭവവേദ്യമാക്കുക.
 
* അവരുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും വിശേഷങ്ങള്‍ കൂടെക്കൂടെ ആരായുകയും ചെയ്യുക. അപ്രതീക്ഷിതമായ സ്‌നേഹത്തിന്റെ ഉറവയാണ് ഈ ചെയ്തിയിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റെ മകനെക്കുറിച്ചും മകളെക്കുറിച്ചും പറയാന്‍ ലഭിക്കുന്ന സന്ദര്‍ഭം മാതാപിതാക്കള്‍ക്ക് ഏറെ വിലപ്പെട്ടതാണ്.
 
* ജീവിക്കുന്നവരായാലും, മരിച്ചവരായാലും അവര്‍ക്കായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. പടച്ചവന്‍ നിങ്ങളെ അനുഗ്രഹിക്കാന്‍, സന്തോഷകരമായ ജീവിതം നിങ്ങള്‍ക്ക് പ്രദാനം ചെയ്യാന്‍, ഇതില്‍പരം സല്‍ക്കര്‍മം ഈ ലോകത്തില്ലെന്ന് മനസ്സിലാക്കുക.
 
സൗഭാഗ്യസിദ്ധിയേക്കാള്‍ ദൗര്‍ഭാഗ്യങ്ങളുടെ വിപാടനത്തിനും മേല്‍ച്ചൊന്ന കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഇഹലോകത്ത് വെച്ച് ഒരാള്‍ക്ക് സംഭവിക്കാവുന്ന ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും പ്രാഥമിക കാരണങ്ങളിലൊന്നായിപോലും മാതാപിതാക്കളോടുള്ള ഉത്തരവാദിത്വ നിര്‍വഹണത്തിലെ വീഴ്ചയെ പ്രവാചകന്‍ ഉയര്‍ത്തിക്കാണിച്ചു. വാര്‍ധക്യ കാലത്ത് മാതാപിതാക്കളെ അടുത്തുകിട്ടിയിട്ടും അവര്‍ക്ക് പുണ്യം ചെയ്ത് സ്വര്‍ഗപ്രവേശനം നേടാത്തവന് മറ്റൊരു കര്‍മം കൊണ്ടും സ്വര്‍ഗലബ്ധി സാധ്യമല്ലെന്ന് പ്രവാചകന്‍ ആവര്‍ത്തിച്ചു. മാതാവിന്റെ പരിചരണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്ന ഹാരിഥ്ബ്‌നു നുഅ്മാന് സ്വര്‍ഗത്തിലൊരു വിശിഷ്ട സമ്മാനം കാത്തിരിപ്പുണ്ടെന്ന് സുവിശേഷം നല്‍കി അദ്ദേഹം.
 
കൂട്ടരേ... എങ്ങനെ നാം അവരെ അവഗണിക്കും? നമ്മുടെ ഭാര്യമാരെയും മക്കളെയും അവരേക്കാള്‍ കൂടുതലായി നാം എങ്ങനെ പരിഗണിക്കും? നിങ്ങള്‍ അവരെ പരിചരിക്കുന്നുണ്ടെങ്കില്‍ തന്നെ, അടുത്തു തന്നെ മരിക്കാന്‍ പോകുന്നവരെന്ന നിലക്കാണ്. എന്നാല്‍, നിന്റെ മാതാവ് നിന്നെ പരിചരിച്ചതോ, നീ മരിക്കാത്തവനായി ഈ ലോകത്ത് തുടരണമെന്ന ആഗ്രഹത്തോടെയും.
 
നിനക്കോര്‍മയില്ലേ ആ ദിനങ്ങള്‍... എന്റെ കൈപിടിക്കൂ എന്ന് നിന്റെ മാതാവിനോട് പറഞ്ഞ നന്ദര്‍ഭം... മറ്റുള്ളവര്‍ നിന്റെ ചുറ്റും നില്‍ക്കുമ്പോള്‍ അക്കൂട്ടത്തില്‍ നിന്റെ ഉമ്മയെ പ്രത്യേകമായി തെരഞ്ഞത്...കാണാതായപ്പോള്‍ കരഞ്ഞത്... പിറ്റേ ദിവസത്തെ ജോലിഭാരം തലയിലുള്ളപ്പോഴും നീ ഉണരുമ്പോഴെല്ലാം ഉറക്കമിളച്ച് അവള്‍ നിനക്കായി കാവലിരുന്നത്... നിന്റെ കൈകാലുകള്‍ വളരുന്നതിനായി അവര്‍ ആശിച്ചത്... പുറത്തുപോയി വരുമ്പോള്‍ നിന്റെ പിതാവ് നിനക്കായി പഴങ്ങളും പുത്തനുടുപ്പുകളും കളിക്കോപ്പുകളും കൂടെക്കൊണ്ടുവന്നത്... നിന്റെ ബുദ്ധിയുദിക്കും മുമ്പേ, നിന്റെ ബോധമണ്ഡലത്തില്‍ വെളിച്ചമെത്തും മുമ്പേ അവര്‍ ചെയ്ത ഇക്കാര്യങ്ങള്‍ അവാച്യം... അനിര്‍വചനീയം...അതുല്യം.
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment