Thursday 1 March 2012

[www.keralites.net] ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിക്ക് കുത്തക അല്ലാതായത് എപ്പോള്‍?

 

ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിക്ക് കുത്തക അല്ലാതായത് എപ്പോള്‍?

വെറുക്കപ്പെടേണ്ടതെന്ന് പറഞ്ഞ് ഇവിടെനിന്ന് ആട്ടിയാടിച്ച 'വടക്കന്‍ കുത്തക പത്രം ടൈംസ് ഓഫ് ഇന്ത്യ'ക്ക് ഇക്കാലം കൊണ്ട് എന്തു മാറ്റമാണ് ഉണ്ടായത്? 23 വര്‍ഷം കൊണ്ട് ടൈംസ് കുത്തകയല്ലാതായി മാറിയോ? അതോ, വലതുപക്ഷത്തേക്കു മാറിയ വീരേന്ദ്രകുമാറിന്‍റ കുത്തകകളെ സംബന്ധിച്ച കാഴ്ചപ്പാട് ഒരു തോട്ടം മുതലാളിയുടേതു മാത്രമായോ? ഈ സംശയത്തിന് മറുപടി വീരേന്ദ്രകുമാറില്‍നിന്ന് അറിയാന്‍ കേരളത്തിന് താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണ്-എന്‍. പത്മനാഭന്‍ എഴുതുന്നു

 

Fun & Info @ Keralites.net

 

23 വര്‍ഷം കൊണ്ട് 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് എന്ത് മാറ്റമാണുണ്ടായത്? തങ്ങളുടെ അംഗങ്ങളായ ചെറുകിട- ഇടത്തരം പത്രങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ പരസ്യനിരക്കും വിലയും കുറച്ച് രണ്ട് പത്ര ഭീമന്‍മാര്‍ കൈ കോര്‍ക്കുമ്പോള്‍ രാജ്യത്തെ പത്രമുടമ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിക്ക് എന്ത് പറയാനുണ്ട്? മാതൃഭൂമി പത്രം ടൈംസ് ഓഫ് ഇന്ത്യയെ കൈപ്പിടിച്ച് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന സാഹചര്യത്തില്‍ ഒരു സാധാരണ പത്ര വായനക്കാരന്‍റ സന്ദേഹങ്ങളാണിവ.

1989ല്‍ മാതൃഭൂമിയുടെ 432 ഓഹരികള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ കമ്പനിക്കും അനുബന്ധ കമ്പനികളായ വര്‍ധമാന്‍ പബ്ളിഷേഴ്സിനും ധര്‍മയുഗ് ഇന്‍വെസ്റ്റേഴ്സിനും വില്‍ക്കാന്‍ മാതൃഭൂമിയുടെ മുന്‍പത്രാധിപരായ എം.ഡി നാലപ്പാട് തീരുമാനിച്ചപ്പോള്‍ ഉണ്ടായ കോലാഹലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ ചോദ്യങ്ങള്‍ ഉണ്ടാകാന്‍ കാരണം. മാര്‍വാഡി കുത്തക കമ്പനി കേരളത്തിന്റെ ദേശീയ പത്രമായ 'മാതൃഭൂമി'യെ കൈയടക്കാന്‍ വരുന്നതിനെതിരെ ഒറ്റ ആത്മാവും ശരീരവുമായാണ് കേരളം അണിനിരന്നത്. മാതൃഭൂമിയുടെ സ്വത്വവും വ്യക്തിത്വവും തകര്‍ക്കാന്‍ വരുന്ന മാര്‍വാഡികള്‍ക്കെതിരെ സകല സാംസ്കാരിക നായകന്‍മാരും രംഗത്തുവന്നു. രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തങ്ങളുടെ മുഴുവന്‍ പിന്തുണയും മാതൃഭൂമിക്ക് പിന്നില്‍ കുടഞ്ഞിട്ടു. മലയാള മനോരമ പത്രാധിപര്‍ കെ.എം മാത്യുവും ഇന്ത്യന്‍ എക്സ്പ്രസ് ഉടമ രാമനാഥ് ഗോയങ്കയുമെല്ലാം മാതൃഭൂമിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്തു. ഓരോ മലയാളിയെയും ആവേശം കൊള്ളിച്ച നാളുകള്‍. മലയാളത്തിന്റെ സ്വത്വബോധത്തിന്‍െറ പ്രതീകമായി മാതൃഭൂമി മാറിയ കാലം. ജനകീയ പ്രതിരോധത്തിന്റെ ബലത്തില്‍ മാര്‍വാഡി പത്രമുടമ ഓഹരി മോഹമുപേക്ഷിച്ച് രക്ഷപ്പെട്ടു.

 

Fun & Info @ Keralites.net

 

'89 ഫെബ്രുവരി 11ന് കോട്ടക്കലില്‍ നടന്ന ഒരു കവിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അന്നത്തെ മാതൃഭൂമി പത്രാധിപര്‍ വി.കെ മാധവന്‍ കുട്ടിയാണ് തന്റെ പത്രം നേരിടുന്ന ഭീഷണി കേരളത്തെ അറിയിച്ചത്. ' ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ മഹത്തായ പങ്ക് വഹിച്ച മാതൃഭൂമി ഒരു വന്‍ ഭീഷണിയെ നേരിടുകയാണ്. മാതൃഭൂമി ഒരു വ്യക്തിയുടേതല്ല. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് വന്ന ഒരു പ്രസ്ഥാനമാണ്. ഇതിനെ വടക്കന്‍ കുത്തക മാര്‍വാഡികള്‍ പിടിച്ചടക്കാനും അതുവഴി പത്ര സ്വാതന്ത്ര്യം അപകടപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്' -മാധവന്‍ കുട്ടി പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ കമ്പനിയുടെ ജെയിന്‍ കുടുംബമാണ് ഈ പറഞ്ഞ വടക്കന്‍ കുത്തക മാര്‍വാഡികള്‍.

ക്രമേണ വന്‍ വിവാദമായി വികസിച്ച ഈ പിടിച്ചടക്കല്‍ ശ്രമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ അതിന്റെ ഊറ്റത്തില്‍ അന്ന് എം.എല്‍.എയായിരുന്ന മാതൃഭൂമിയുടെ എം.ഡി എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു-'സഹകരണമാന്നുമല്ല, മറിച്ച് സംഹാരമാണ് ആ ലക്ഷ്യം. രണ്ടോ മൂന്നാ കോടി രൂപ മുടക്കി ഏതാണ്ട് നാല്‍പ്പത് കോടി രൂപയുടെ ആസ്തിയുള്ള മാതൃഭൂമി കൈപ്പിടിയിലൊതുക്കാനാണ് ബെന്നറ്റ് കോള്‍മാന്‍ കുത്തക കമ്പനിയുടെ നീക്കം'- 1989 ഓഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ പത്രങ്ങള്‍ എടുത്തു നോക്കിയാല്‍ ബെന്നറ്റ് കോള്‍മാന്‍ ഗ്രൂപ്പിനെതിരെ വീരേന്ദ്രകുമാര്‍ ആഞ്ഞടിച്ചതിന്റെ തെളിവുകള്‍ നിരവധി കാണാം.

 

Fun & Info @ Keralites.net

23 വര്‍ഷത്തിനുശേഷം സംഭവിക്കുന്നത് വിചിത്രമാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ അക്കാലത്ത് കലാകൗമുദി വാരികയിലെഴുതിയ 'മാതൃഭൂമിയിലെ സ്വാതന്ത്ര്യ സമരം' എന്ന ലേഖനം തുടങ്ങിയതു പോലെ 'ചരിത്രം ഒരു ആഭാസ നാടകമായി പുനരാവര്‍ത്തിക്കപ്പെടുന്ന ഒരു കാല'മാണല്ലോ ഇത്.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മാതൃഭൂമി പറയുന്നു-കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങളില്‍നിന്ന് 'ടൈംസ് ഓഫ് ഇന്ത്യ' പ്രസിദ്ധീകരണം തുടങ്ങൂമ്പോള്‍ അതിന് ആതിഥ്യം വഹിക്കുന്നത് 'മാതൃഭൂമി'യാണ്. 'ടൈംസ് ഓഫ് ഇന്ത്യ'യുടെ യുടെ അച്ചടിയും വിതരണവും മാതൃഭൂമി പൂര്‍ണമായി നിര്‍വഹിക്കുന്നതിലൂടെ യഥാര്‍ത്ഥ സൗഹൃദത്തിന്റെ അപൂര്‍വമായ അധ്യായത്തിനാണ് തുടക്കമിടുന്നത്'

അവര്‍ തുടരുന്നു-'ദേശീയ പ്രസ്ഥാനത്തിന്‍െറ മൂല്യബോധവും വിശ്വാസ്യതയും വഴി യഥാര്‍ത്ഥ പത്രത്തിന്റെ ശക്തിയെന്തെന്ന് മലയാളികളെ അനുഭവിപ്പിച്ച 'മാതൃഭൂമി'യും ഇംഗ്ളീഷ് പത്രപ്രവര്‍ത്തന രംഗത്ത് ചരിത്രം സൃഷ്ടിച്ച 'ടൈംസ് ഓഫ് ഇന്ത്യ'യും കൈകോര്‍ക്കുന്നത് വിവര വിനിമയ ലോകത്തിന്റെ വിശാല ലോകത്തേക്ക് വാതില്‍ തുറന്നത് കൊണ്ടാണ്'.

അന്ന് തന്റെ നിയന്ത്രണത്തിലുള്ള 400 ഓഹരികള്‍ ടൈംസ് ഓഫ് ഇന്ത്യക്ക് വിറ്റതിനെ എം.ഡി നാലപ്പാട് ന്യായീകരിച്ചത് ഒന്നര നൂറ്റാണ്ട് പിന്നിട്ട ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ബന്ധം മാതൃഭൂമിക്ക് ഗുണപ്രദമാകുമെന്ന് പറഞ്ഞാണ്. കൊച്ചിയില്‍നിന്ന് 'ടൈംസ് ഓഫ് ഇന്ത്യ'യുടെ ഒരു എഡിഷന്‍ പ്രസിദ്ധീകരിക്കാന്‍ 'മാതൃഭൂമി'യുടെ സംവിധാനം ഉപയോഗിക്കുന്നതോടൊപ്പം ബോംബെയില്‍നിന്ന് മാതൃഭൂമിയുടെ ഒരു എഡിഷന്‍ തുടങ്ങാന്‍ ടൈംസിന്റെ സംവിധാനം ഉപയോഗിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതാണ് എതിര്‍ക്കപ്പെട്ടത്.

നോക്കൂ, ഇവിടെയിപ്പോള്‍ ഒന്നിനു പകരം ഒമ്പതിടത്ത് നിന്നാണ് മാതൃഭൂമിയുടെ സൗകര്യം ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ എഡിഷന്‍ വരുന്നത്.
ഇന്ന് ടൈംസിനെ കൈനീട്ടി സ്വീകരിക്കുന്ന വീരേന്ദ്രകുമാര്‍ അന്ന സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന് പരിശാധിക്കുമ്പോള്‍ ചരിത്രം എങ്ങിനെയാണ് ആഭാസനാടകമായി പുനാരാവര്‍ത്തിക്കപ്പെടുന്നതെന്ന്. ബോധ്യമാവും

അന്ന് 'കലാകൗമുദി'ക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ഷോഭവും പരിഹാസവും കലര്‍ത്തിയ സ്വരത്തില്‍ വീരേന്ദ്രകുമാര്‍ ചോദിച്ചു.' മാതൃഭൂമി അച്ചടിക്കേണ്ട പ്രസില്‍ ടൈംസ് ഓഫ് ഇന്ത്യ അച്ചടിച്ചാല്‍ പിന്നെ മാതൃഭൂമി എവിടെനിന്ന് അച്ചടിക്കും? മാതൃഭൂമിയുടെ പ്രസ് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ അടിക്കാനുള്ള നിര്‍ദേശം പി.ടി.ഐ മീറ്റിങില്‍ (ടൈംസിന്റെ അന്നത്തെ മേധാവി) കൃഷ്ണ മൂര്‍ത്തി എന്നോട് മുമ്പ് ചോദിച്ചിരുന്നു. ഞങ്ങള്‍ക്ക് കൊമേഴസ്യല്‍ രീതിയില്‍ മുംബൈയില്‍ അച്ചടിച്ചു കൂടേ എന്നു ഞാനും ചോദിച്ചു'.

 

Fun & Info @ Keralites.net

ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ പ്രവേശം മാതൃഭൂമിയുടെ പാരമ്പര്യത്തെ നശിപ്പിക്കുമെന്നും വീരേന്ദ്രകുമാര്‍ അന്ന് അടിവരയിട്ട് പറഞ്ഞു. തങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് ഓമനിക്കുന്ന ആ പൈതൃകം കുത്തകകള്‍ക്ക് അന്യാധീനപ്പെടുത്താന്‍ അനുവദിക്കില്ല എന്ന് നെഞ്ചു പൊട്ടിപ്പറഞ്ഞാണ് മലയാളികള്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ പിന്നില്‍ അന്ന് മാതൃഭൂമിക്കു വേണ്ടി അണിനിരന്നത്.

പത്രവിതരണക്കാരുടെ പ്രശ്നം, ഈ ഇടപാടിലെ നൈതികത, ചെറുകിട പത്രങ്ങളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ പല മാനങ്ങളില്‍നിന്നുകൊണ്ട് ഈ ബാന്ധവം വിലയിരുത്തപ്പെടേണ്ടതാണെങ്കിലും ഏറ്റവും കാതലായ ഒരു ചോദ്യത്തിന് അനിവാര്യമായും ഉത്തരം ലഭിക്കേണ്ടതുണ്ട്. വെറുക്കപ്പെടേണ്ടതെന്ന് പറഞ്ഞ് ഇവിടെനിന്ന് ആട്ടിയാടിച്ച 'വടക്കന്‍ കുത്തക പത്രം ടൈംസ് ഓഫ് ഇന്ത്യ'ക്ക് ഇക്കാലം കൊണ്ട് എന്തു മാറ്റമാണ് ഉണ്ടായത്? 23 വര്‍ഷം കൊണ്ട് ടൈംസ് കുത്തകയല്ലാതായി മാറിയോ? അതോ, വലതുപക്ഷത്തേക്കു മാറിയ വീരേന്ദ്രകുമാറിന്റെ കുത്തകകളെ സംബന്ധിച്ച കാഴ്ചപ്പാട് ഒരു തോട്ടം മുതലാളിയുടേതു മാത്രമായോ? ഈ സംശയത്തിന് മറുപടി വീരേന്ദ്രകുമാറില്‍നിന്ന് അറിയാന്‍ കേരളത്തിന് താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണ്.

ദേശീയ പ്രസ്ഥാനത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട് ജനങ്ങളുടെ പത്രമെന്ന് അവകാശപ്പെടുന്ന മാതൃഭൂമി പുതിയ കൈകോര്‍ക്കലിന് തീരുമാനിച്ചതിന്റെ കാരണങ്ങള്‍, ഒരിക്കല്‍ അതിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ കേരള ജനത അറിയേണ്ടതല്ലേ? ഇത് ദേശീയ സ്വത്തിനെ അപഹരിക്കാനുള്ള ശ്രമമല്ലേ? ഒരു പാട് ദുരൂഹതകള്‍ ഈ ഇടപാടില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. പത്രമായതു കൊണ്ട് അതൊന്നും പുറത്തുവരികയോ ചര്‍ച്ചയാവുകയോ ചെയ്യുന്നില്ല എന്നു മാത്രം.

മാതൃഭൂമിയെന്ന ദേശീയതയുടെ സന്ദേശവാഹിനിയെ മറുനാടന്‍ കുത്തക വ്യവസായികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്ന് കേട്ട മാത്രയില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ നിരവധി പ്രമുഖ വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ട്. അവര്‍ ഇപ്പോള്‍ ഈ ബന്ധത്തെ എങ്ങനെ കാണുന്നു എന്നറിയാനും ജനത്തിന് അവകാശമുണ്ട്. അത് പറയാന്‍ മാതൃഭൂമിക്ക് ബാധ്യതയുമുണ്ട്.

ബി.ആര്‍.പി ഭാസ്കറിനെ ഉദ്ധരിച്ചാല്‍, പുതിയ സാഹചര്യത്തിലും ഈ ചോദ്യതിന് ന്യായമുണ്ട്. അന്ന് മാതൃഭൂമിക്ക് പുറകില്‍ അണിനിരന്ന അക്കൂട്ടര്‍ ഈ പുതിയ ബാന്ധവത്തെ എങ്ങനെ കാണുന്നു എന്നത് കൗതുകകരമാണ്. ആരെങ്കിലും ഇക്കാര്യം ഉരിയാടുമോ?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment