Monday 19 March 2012

[www.keralites.net] ഇനി പാര്‍ട്ടി പത്രങ്ങള്‍ മാത്രം മതിയെന്നോ ?

 

കേരളത്തിലെ ഒരു വിഭാഗം പത്ര ഏജന്റുമാര്‍ ചില രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 20 മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്ത ബഹുഭൂരിപക്ഷം ഏജന്റുമാരെയും ഭീഷണിപ്പെടുത്താനും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച് പത്രവിതരണം തടസ്സപ്പെടുത്താനുമുള്ള ശ്രമത്തെ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി അപലപിക്കുന്നു. ഏജന്റുമാരില്‍ നിന്നും പത്രമെടുത്തു വിതരണം ചെയ്യുന്നവരെയും പത്രമെത്തിക്കുന്ന വാഹനങ്ങളുടെ ഉടമകളെയും ഇവര്‍ ഭീഷണിപ്പെടുത്തുകയാണ്.

മറ്റു മലയാള ദിനപത്രങ്ങളുടെ അതേ ട്രേഡ് ഡിസ്‌കൗണ്ട് നല്‍കുന്ന ദേശാഭിമാനി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുഖപത്രങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സമരത്തിന്റെ രാഷ്ട്രീയലക്ഷ്യം ഇതില്‍ നിന്നു വ്യക്തമാണ്.

പത്രവിലയുടെ 50 ശതമാനം ട്രേഡ് ഡിസ്‌കൗണ്ട്, ഉത്സവകാലങ്ങളില്‍ ബോണസ്, സപ്ലിമെന്റ് വിതരണത്തിന് പ്രത്യേക ട്രേഡ് ഡിസ്‌കൗണ്ട് തുടങ്ങി ന്യായീകരണമില്ലാത്ത ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പത്രസ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ദക്ഷിണേന്ത്യയിലെ മറ്റു മിക്ക പത്രങ്ങളും നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്ന ട്രേഡ് ഡിസ്‌കൗണ്ടാണ് കേരളത്തില്‍ലെ പത്രങ്ങള്‍ നല്‍കുന്നത്. വില്‍ക്കുന്ന ഓരോ കോപ്പിക്കും പ്രതിമാസം 32 രൂപ 50 പൈസ വീതമാണ് മലയാളപത്രങ്ങള്‍ ഏജന്റുമാര്‍ക്കു നല്‍കുന്നത്. പത്രങ്ങളുടെ മറ്റു പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുമ്പോള്‍ 25 ശതമാനം വീതവും ട്രേഡ് ഡിസ്‌കൗണ്ട് നല്‍കുന്നു. ഭൂരിപക്ഷം പേരും പല പത്രങ്ങളുടെയും ഏജന്‍സിയുള്ളവരോ മറ്റു ബസിനസ്സുകള്‍ നടത്തുന്നവരോ ആണ്. രാവിലെ എട്ടു മണിക്കുള്ളില്‍ പത്രവിതരണം പൂര്‍ത്തിയാവുമെന്നതിനാലാണ് ഇതു സാധ്യമാകുന്നത്.

പത്രസ്ഥാപനവും ഏജന്റും തമ്മിലുള്ളതു തൊഴിലുടമ- തൊഴിലാളി ബന്ധമല്ല. നിത്യോപയോഗത്തിനുള്ള മറ്റ് ഉത്പ്പന്നങ്ങള്‍ പോലെ ട്രേഡ് ഡിസ്‌കൗണ്ട് വ്യവസ്ഥയില്‍ ചെയ്യുന്ന ബിസിനസ്സാണ്. എന്നിരുന്നാലും ഏജന്റിന്റെയും കുടുംബാംഗങ്ങളുടെയും ന്യായമായ ആസ്​പത്രിച്ചെലവുകളില്‍ സഹായം, അപകട ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേരളത്തിലെ പത്രസ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മിക്ക പത്രസ്ഥാപനങ്ങളും അങ്ങനെ ചെയ്യുന്നില്ലെന്നിരിക്കെയാണ്, നിയമപരമായി നല്‍കാന്‍ ബാധ്യതയില്ലാത്ത ഈ ആനുകൂല്യങ്ങള്‍ കേരളത്തിലെ പത്രങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെയും ഇഷ്ടമുള്ള പത്രം വായിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയും ചോദ്യം ചെയ്യുന്ന രാഷ്ട്രീയപ്രേരിത സമരമാണുവരാന്‍ പോകുന്നത്. തത്പരകക്ഷികളുടെ ഗൂഢലക്ഷ്യങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും പത്രസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേരളത്തിലെ പത്രങ്ങള്‍ നടത്തുന്ന യത്‌നത്തിനു പിന്തുണ നല്‍കണമെന്നും ഐ.എന്‍.എസ്. അഭ്യര്‍ഥിക്കുന്നു.

തടസ്സം കൂടാതെ പത്രം വിതരണം ചെയ്യാനുള്ള തങ്ങളുടെ അവകാശത്തെ അട്ടിമറിക്കുന്ന നിക്ഷിപ്തതാത്പര്യക്കാര്‍ക്കെതിരെ സമരവുമായി ബന്ധമില്ലാത്ത ബഹുഭൂരിപക്ഷം ഏജന്റുമാരും രംഗത്തുവരണമെന്നും ഐ.എന്‍.എസ്.അഭ്യര്‍ഥിക്കുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment