Monday, 20 February 2012

[www.keralites.net] സ്ത്രീകള്‍ക്കുനേരെ ആവര്‍ത്തിച്ചുണ്ടാകുന്ന അതിക്രമങ്ങള്‍

 

ട്രെയിനുകളില്‍ സ്ത്രീകള്‍ക്കുനേരെ ആവര്‍ത്തിച്ചുണ്ടാകുന്ന അതിക്രമങ്ങള്‍ റെയില്‍വേയിലെ കെടുകാര്യസ്ഥതക്കും സുരക്ഷാപാളിച്ചകള്‍ക്കുമെതിരായ കുറ്റപത്രമാവുകയാണ്. ഏറ്റവും ഒടുവിലായി, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലെ രണ്ട് ടിക്കറ്റ് പരിശോധകരില്‍ (ടി.ടി.ഇ) നിന്ന് ഫസ്റ്റ്ക്ളാസ് യാത്രക്കാരിയായ ഉദ്യോഗസ്ഥക്കുപോലും അനുഭവിക്കേണ്ടിവന്ന പീഡനമാണ് സുരക്ഷാപ്രശ്നം വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്. സൗമ്യയെ പീഡിപ്പിച്ചുകൊന്നത് പുറത്തുനിന്ന് അതിക്രമിച്ചുകടന്ന അധമനായിരുന്നെങ്കില്‍ പുതിയ സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍തന്നെ വേട്ടക്കാരാവുകയാണ്. അശ്ലീല സംസാരം മുതല്‍ കൈയേറ്റശ്രമം വരെ ടി.ടി.ഇമാരില്‍നിന്ന് ഉണ്ടായി എന്നാണ് വാര്‍ത്ത. യാത്രക്കാരി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു; കൊല്ലം സ്റ്റേഷനില്‍ അവരെ സ്വീകരിക്കാനെത്തിയ ഭര്‍ത്താവിനെയും ടി.ടി.ഇമാര്‍ പുലഭ്യം പറഞ്ഞു. വകുപ്പുതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്; ടി.ടി.ഇമാരെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഇത് തല്‍ക്കാലം ജനരോഷം അടക്കാനുള്ള തന്ത്രം മാത്രമാണെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. സ്ത്രീകള്‍ക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ പറ്റാത്തവിധം നമ്മുടെ ട്രെയിനുകളില്‍ ബാഹ്യ-ആഭ്യന്തര ഭീഷണികള്‍ ശക്തിപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. ശക്തവും മാതൃകാപരവുമായ നടപടികളിലൂടെ മാത്രമേ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ കഴിയൂ. സൗമ്യവധക്കേസില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത് ഇക്കാര്യം മനസ്സില്‍വെച്ചാണ്. ടി.ടി.ഇമാര്‍ തന്നെ നിസ്സഹായരായ യാത്രക്കാരികള്‍ക്ക് ഭീഷണിയാകുമ്പോള്‍ മിനുക്കുപണികള്‍കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പ്.
റെയില്‍വേ സുരക്ഷാപ്രശ്നങ്ങളെപ്പറ്റി പഠിക്കാന്‍ നിയുക്തമായ സമിതി മന്ത്രി ദിനേശ് ത്രിവേദിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചവേളയില്‍ തന്നെയാണ്, സമിതിയുടെ പരിഗണനയില്‍ വരാത്ത 'ആഭ്യന്തര ഭീഷണി' പ്രശ്നം വീണ്ടും ഉയര്‍ന്നിരിക്കുന്നത്. വിവിധ തരത്തിലുള്ള അത്യാഹിതങ്ങളും അവ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളുമാണ് അനില്‍ കാകോദ്കറുടെ നേതൃത്വത്തിലുള്ള സമിതിയുടെ പരിഗണനയില്‍ പ്രധാനമായും വന്നത്. ആധുനിക സിഗ്നല്‍ സംവിധാനം, ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കല്‍, തീവണ്ടികളിലെ കോച്ചുകളുടെ നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് സമിതി ഊന്നിയിട്ടുള്ളത്. റെയില്‍ സുരക്ഷാ അതോറിറ്റി രൂപവത്കരിക്കണമെന്ന ശിപാര്‍ശയും മുന്നോട്ടുവെച്ചിരിക്കുന്നു. ജീവനക്കാര്‍ക്ക് ചുമതല നിര്‍വഹിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് മറ്റൊരു പരിഗണന. ഇതെല്ലാം ആവശ്യംതന്നെ. എന്നാല്‍, യന്ത്രത്തകരാറും മാനുഷിക വീഴ്ചകളും മാത്രമല്ല ട്രെയിന്‍ യാത്രയിലെ സുരക്ഷാപ്രശ്നങ്ങളെന്ന് സമീപകാല സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. വണ്ടികളിലെ-പ്രത്യേകിച്ച് വനിതാ കമ്പാര്‍ട്മെന്റുകളിലെ-കാവല്‍ ഇന്നും ഒരു സങ്കല്‍പം മാത്രമാണ്. സായുധ വനിതാ പൊലീസടക്കമുള്ള സംവിധാനങ്ങളും ജീവനക്കാര്‍ക്ക് നിരന്തരം ബോധവത്കരണവും പരിശീലനവും നല്‍കാനുള്ള സജ്ജീകരണങ്ങളും അടിയന്തരാവശ്യമായി തീര്‍ന്നിരിക്കുന്നു. ഇതിനുപുറമെ, ദീര്‍ഘദൂര വണ്ടികളില്‍ വൈദ്യസഹായം ലഭ്യമാക്കാനുള്ള നിര്‍ദേശം നടപ്പാക്കേണ്ടതുമുണ്ട്.
പുതിയ റെയില്‍വേ ബജറ്റില്‍ ഇക്കാര്യങ്ങള്‍ക്കുകൂടി വ്യവസ്ഥ ചെയ്യുമോ? യാത്രക്കാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരം കണ്ടെത്താനുമുള്ള ജനകീയ സമിതികള്‍ പ്രാദേശിക തലങ്ങളില്‍വരെ രൂപവത്കരിക്കുന്നതും അവയെ സ്ഥിരം സംവിധാനമാക്കി നിലനിര്‍ത്തുന്നതും നന്നായിരിക്കും. അന്തിമമായി, റെയില്‍വേ എന്ന യന്ത്രസംവിധാനത്തെ മെച്ചപ്പെടുത്തേണ്ടത് അതില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ നിലവാരം മെച്ചപ്പെടുത്തിക്കൊണ്ടുതന്നെയാവണം. 

Courtesy : madhyamam daily.

engeekay2003
You can't take back, the words that you speak or the stones that you throw..

May all the worlds be happy. May all the beings be happy.
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കുവാന്‍ ആവില്ലാ ...
കൈ വിട്ട അസ്ത്രവും വാ വിട്ട വാക്കും തിരിച്ചെടുക്കുവാന്‍ കഴിയില്ല ...
എല്ലാ ലോകങ്ങളും എല്ലാ ലോകൈകരും സന്തുഷ്ടരായി ഭവിക്കട്ടേ .




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment