Wednesday 29 February 2012

[www.keralites.net] മുടിവെട്ടിന്‍റെ പ്രോഗ്രസ്സ് കാര്‍ഡ്‌ !!

 

മുടിവെട്ടിന്‍റെ പ്രോഗ്രസ്സ് കാര്‍ഡ്‌

സമയം വൈകുന്നേരം 5.30.

ഞാന്‍ ബാര്‍ബര്‍ ഷോപ്പില്‍ ആണ്. നാനയും, സിനിമാ മംഗളവും എന്നെ നോക്കി ചിരിക്കുന്നു. പുല്ല് .. ഇനിയുമുണ്ട്‌ രണ്ടാളുകള്‍ കൂടി, അതും കഴിഞ്ഞ് എപ്പോഴാ ഒന്ന് മുടി വെട്ടാന്‍ പറ്റുക. ഇന്ന് മിക്കവാറും അമ്മ തല്ലികൊല്ലും..
അന്ന് കിട്ടിയ ഏഴാം ക്ലാസ്സിലെ ക്രിസ്സ്മസ്സ് പരീക്ഷയുടെ പ്രോഗ്രസ്സ് കാര്‍ഡിന്‍റെ നടുക്കുന്ന ഓര്‍മ്മകള്‍ എന്‍റെ തലച്ചോറിലൂടെ മിസൈല്‍ പോലെ പാഞ്ഞുപോയതും, എല്ലാം മറക്കാന്‍ വേണ്ടി ഞാന്‍ അവിടെ സെറ്റിയില്‍ കിടന്ന സിനിമാ മംഗളം എടുത്തു മറിച്ചു. ചുമ്മാ പടം നോക്കി ഇരിക്കാതെ ഞാന്‍ നടുപേജിലേയ്ക്ക്‌ സ്കിപ്പ് ചെയ്തു.

ഏതോ നശിച്ചവന്മാര്‍ അത് കീറി എടുത്തിരിക്കുന്നു. കലബോധമില്ലാത്ത ദുഷ്ടന്മാര്‍!!!!,!!!!! ഞാന്‍ മനോവിഷമത്തോടെ ആ സിനിമ മംഗളം സെറ്റിയില്‍ ഉപേക്ഷിച്ചുകൊണ്ട് അവിടെ കിടന്ന നാനായിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു... എവിടെ ആ കാപലികന്മാര്‍ ഇതിന്‍റെയും നടുപേജ് അപഹരിച്ചിരിക്കുന്നു.  മനോവേദനയോടെ ഞാന്‍ ആ പുസ്തകങ്ങളിലെയ്ക്ക് നോക്കി. പിന്നെ ഒരു നെടുവീര്‍പ്പോടെ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. അപ്പോളെയ്ക്കും എനിക്ക് മുടി വെട്ടുവാനുള്ള സീറ്റ്‌ കിട്ടി. ഞാന്‍ സീറ്റില്‍ ഉപവിഷ്ടനായി. "അപ്പാച്ചി സ്റ്റൈലില്‍ വെട്ടട്ടെ മോനെ" എന്നനൌഷാദിക്ക  യുടെ ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം ഞാന്‍ പകച്ചു നിന്നു  അപ്പാച്ചിയോ? എന്ത് പണ്ടാരമ അത്. എന്തായാലും നമുക്ക്‌ വേണ്ട. എന്തിനാ ചുമ്മാ വീട്ടുകാരെക്കൊണ്ടും നാട്ടുക്കാരെക്കൊണ്ടും ഓരോന്ന് പറയിപ്പിക്കുന്നെ? എന്‍റെ മാതാശ്രീയുടെ കരപരിലാളന വളരെ ക്രൂരവും പൈശാചികവും ആയതിനാല്‍ എന്‍റെ മനസ്സില്‍ അങ്ങനെയുള്ള   അതിമോഹങ്ങള്‍ ഒന്നും ഉ ണ്ടാവാറില്ല. "വേണ്ട ഇക്ക, നിങ്ങള് സാധാരണ വെട്ടുന്ന പോലെ വെട്ടിയാല്‍ മതി." എന്നുള്ള എന്‍റെ മറുപടിയ്ക്ക് "നിന്‍റെ അമ്മ സമ്മതിക്കില്ല അല്ലെ?" എന്ന് അര്‍ഥം വച്ച് പറഞ്ഞ് അയാള്‍ ചിരിച്ചപ്പോള്‍ സത്യം പറയാമല്ലോ എനിക്ക് വിഷമം ആയി.

എന്‍റെ സ്വാതന്ത്ര്യം എന്നും എന്‍റെത് മാത്രം ആയിരിക്കും എന്ന് ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ അദേഹത്തോടിങ്ങനെ മൊഴിഞ്ഞു, "അതുകൊണ്ടോന്നുമല്ല ഇക്കാക്കാ ഇതെങ്ങനെ നല്ല സ്റ്റൈല്‍ ആണോ എന്നറിയില്ലാത്തത് കൊണ്ടാ ഞാന്‍ വേണ്ടെന്നു പറഞ്ഞെ."

"ഹ ഹ ഇത് സുപ്പര്‍ സ്റ്റൈല്‍ അല്ലേടാ. നീ ഒന്ന് വെട്ടി നോക്ക്."

അയാള്‍ എന്നെ ശരിക്കും ക്ലിപ്പ്‌ ഇട്ടു കഴിഞ്ഞു. മനസ്സില്‍ അമ്മച്ചിയുടെ ദേഷ്യം പിടിച്ച മുഖവും എന്നെ പുല്‍കാന്‍ വരുന്ന ആ രണ്ടു കരങ്ങളും വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചു.
പിന്മാറുക അസാധ്യം. "എന്തോ അമ്മേ എന്നെ വിളിച്ചോ" എന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി ഓടിയാലോ എന്ന് ഞാന്‍ ആശിച്ചു പക്ഷെ പ്രയോജനമില്ല. നാളെ ആ ഓട്ടവും ഒരു വാര്‍ത്തയാവും.

ഒടുവില്‍ ഞാന്‍ നൌഷാദിക്ക യുടെ മുന്‍പില്‍ തല കുനിച്ചു എന്‍റെ കേശങ്ങള്‍ കഴുത്തിലൂടെ വരിഞ്ഞു കെട്ടിയ വെള്ളതുണിയില്‍ വന്നു വീണു. തേങ്ങാ ചിരണ്ടും പോലെ അയാള്‍ എന്‍റെ മുടിയുടെ ചില ഭാഗങ്ങള്‍ മാത്രം വെട്ടി നീക്കി. പത്തു മിനിറ്റ് പോലും എടുത്തില്ല ! എല്ലാം കഴിഞ്ഞു.

ഞാന്‍ മുന്നിലെ കണ്ണാടിയിലെയ്ക്ക് നോക്കി. കൊള്ളാം ഒരു മാറ്റം ഒക്കെ ആയിട്ടുണ്ട്‌. എങ്കിലും എനിക്ക് ചങ്കിടിപ്പ് കൂടി. അയാള്‍ക്ക്‌ കാശും കൊടുത്ത് വീട്ടില്‍ തിരിച്ചു കയറിയ എന്നെ അമ്മ സ്നേഹത്തോടെ അടുത്ത് വിളിച്ചു. സന്തോഷത്തോടെ മനസ്സമാധാനത്തോടെ അടുത്തേയ്ക്ക് ചെന്ന എന്നെ അമ്മ പൊതിരെ തല്ലി, നുള്ളി നുള്ളി എന്‍റെ കയ്യിലെ ഇറച്ചികഷണങ്ങള്‍ വരെ അമ്മ വിരലില്‍ എടുത്തു. അന്നാണ് അമ്മയെ പരുന്ത്‌ എന്ന് അമ്മയുടെ അനിയത്തിമാര്‍ വിളിചിരുന്നതിന്റെ രഹസ്യം ഞാന്‍ മനസ്സിലാക്കിയത്‌. എന്‍റെ കൈത്തണ്ടയിലെ ഒരു പിടി വിടുവിക്കുവാന്‍ ഞാന്‍ എന്തൊക്കെ ചെയ്തിട്ടും നടന്നില്ലെന്ന് മാത്രമല്ല എന്‍റെ നിലവിളിയുടെ ആഴവും ശബ്ദവും കൂടുകയും ചെയ്തു. ഒടുവില്‍ അമ്മയുടെ ശകാര, മര്‍ദന വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പരിഹാസ്യനായി ഇളിഭ്യനായി വീണ്ടും തിരിച്ചു വന്ന് എന്‍റെ മുടി പഴയപോലെ മുറിക്കേണ്ടി വന്നു....
അന്ന് വീണ്ടും ആ മെഷീന്‍ എന്‍റെ തലയിലൂടെ പായുമ്പോള്‍ എന്‍റെ കന്നുനീരുകള്‍ കൂടി ആ മുടിയിഴകള്‍ക്കൊപ്പം പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒപ്പം വീണ്ടും വരാനിരിക്കുന്ന പ്രോഗ്രസ്സ് കാര്‍ഡ്‌ ദുരന്തം എന്‍റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചുകൊണ്ടുമിരുന്നു....

ഇന്നീ മണല്‍ക്കാട്ടില്‍ ആ പഴയ ഓര്‍മ്മകള്‍ എല്ലാം എനിക്ക് തമാശകള്‍ ആണ്. ഇടയ്ക്കൊക്കെ ഞാന്‍ അമ്മയെ ഇപ്പോഴും പരുന്ത്‌ എന്ന് വിളിച്ചു കളിയാക്കാറുണ്ട്. അമ്മ അതൊക്കെ തമാശയായി ചിരിച്ചു തള്ളും..

ആ കരപരിലാളലനം ഒരിക്കല്‍ കൂടി ഏറ്റുവാങ്ങുവാന്‍ എന്‍റെ മനസ്സ് വെമ്പുന്നത് എന്‍റെ അമ്മ അങ്ങ് ദൂരെ ഇരുന്നും അറിയുന്നുണ്ട്..

From Joe's Blog

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment