Tuesday 28 February 2012

[www.keralites.net] നാട്ടുകാരുടെ പണി മുടക്കിയ പാര്‍ട്ടിക്ക് സ്വന്തം പണികള്‍ മുറപോലെ; ബംഗാള്‍ പണിമുടക്കിയില്ല

 

ഫെബ്രുവരി 27 അര്‍ദ്ധരാത്രി 12 മുതല്‍ 28 അര്‍ദ്ധരാത്രി 12 വരെ ഇന്ത്യയൊട്ടാകെ തൊഴിലാളികള്‍ പണിമുടക്കും. പാല്‍, പത്രം, പാര്‍ട്ടി നേതാക്കള്‍, പാര്‍ട്ടി കോണ്‍ഗ്രസ് എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു - ഇങ്ങനെയൊരു നോട്ടീസായിരുന്നു ഇന്നലെ ഇടത് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന അഖിലേന്ത്യാ പണി മുടക്കിനു മുന്നോടിയായി നല്‍കേണ്ടിയിരുന്നത്. കാരണം പലയിടത്തും പാലും പത്രവും വരെ മുടങ്ങിയെങ്കിലും പാര്‍ട്ടി നേതാക്കളുടെ ദിനചര്യകളും പാര്‍ട്ടി കോണ്‍ഗ്രസിനുള്ള പണികളും മുടക്കമില്ലാതെ നടന്നു.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടും പത്‌നിയും പോളിറ്റ് ബ്യൂറോ അംഗവുമായി വൃന്ദ കാരാട്ടും എളിമയുടെ പ്രതിരൂപമായി വാഗണ്‍ ആര്‍ കാറില്‍ രാവിലെതന്നെ പാര്‍ട്ടി ഓഫീസില്‍ എത്തി. രണ്ടുപേരും ഇറങ്ങിയത് പിന്‍സീറ്റില്‍നിന്ന്. അതായത് വാഹനം ഓടിച്ചത് ഡ്രൈവര്‍. ഈ ഡ്രൈവര്‍ ഇടതു യൂണിയനില്‍പെട്ട് ആളല്ലെ സാര്‍....... ചോദിക്കുന്നത് പ്രായംചെന്ന മാതാവുമായി ക്യാന്‍സര്‍ ചികില്‍സയ്ക്ക് തിരുവന്തപുരം ആര്‍സിസിയിലേക്കു പുറപ്പെട്ട് റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്ന തൃശൂര്‍ സ്വദേശി വര്‍ഗീസ്.

ജനത്തിന് ബന്ദ് വിധിച്ച നേതാക്കന്‍മാര്‍ പണിമുടക്ക്‌ മറന്നുപോയ മട്ടുണ്ട്. നേതാക്കന്‍മാരുടെ സ്ഥിതി ഇതാണെങ്കില്‍ കോഴിക്കോട് തുടങ്ങാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ എന്തിനു മുടക്കണം. കോഴിക്കോട്ടങ്ങാടിയില്‍ ഇന്നലെ വാഹനങ്ങള്‍ ഓടിയില്ല, വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല, എന്തിന് ഈച്ചപോലും പറന്നില്ല. എല്ലാവരുടെയും പണി പാര്‍ട്ടിക്കാര്‍ ഇടപെട്ട് മുടക്കിയതായിരുന്നു. എന്നാല്‍ മുടങ്ങാത്തതായി ഒന്നു മാത്രമുണ്ടായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നിര്‍മിക്കുന്ന പന്തലിന്റെ പണി. പകല്‍മാത്രമല്ല രാത്രിയിലും മുടങ്ങാതെ പണിയെടുക്കുകയാണ് ബംഗാളിലെ സിപിഎം ഭരണത്തിന്റെ ഗുണംകൊണ്ട് നാട്ടില്‍നില്‍ക്കാനാകാതെ വണ്ടികയറിയെത്തിയ ബംഗാളി സഖാക്കള്‍.

ഇനി ചില ദേശീയ കാഴ്ച്ചകളാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇങ്ങനെയൊരു പണിമുടക്ക് ആരും അറിഞ്ഞതായി പോലും തോന്നിയില്ല. എല്ലാം പതിവുപോലെ. സിപിഎമ്മിന്റെ പഴയ കോട്ടയായ ബംഗാളില്‍ ആവശ്യക്കാരന്‍ പണിക്കുപോയി. ഇല്ലെങ്കില്‍ പണി പോകുമെന്നു മുഖ്യമന്ത്രി മമത തീര്‍ത്തു പറഞ്ഞിരുന്നു. മമത പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുമെന്ന് സിപിഎമ്മിനോളം അറിയുന്ന വേറാരെങ്കിലുമുണ്ടോ...... അതുകൊണ്ട് ബംഗാള്‍ പണിമുടക്കാത്ത ബംഗാളായി. ആന്ധ്രയിലും തമിഴ്‌നാട്ടിലും ചില ഒറ്റപ്പെട്ട പ്രകടനങ്ങള്‍ നടന്നു. ഇതുകണ്ട ജനം ചോദിച്ചു - എന്താ കുറച്ചുപേര്‍ ചെങ്കൊടിയുമായി പോകുന്നത്. ഇന്ന് പണിമുടക്കാണെന്നു മറുപടി പറഞ്ഞപ്പോള്‍ എന്നാല്‍ ശരി നിങ്ങടെ പണി നടക്കട്ടെ എന്നു പറഞ്ഞ് ജനം അവരുടെ പണി തുടര്‍ന്നു.

ഐടി സിറ്റികളായ ബാംഗ്ലൂരിലും ഹൈദ്രബാദിലും സ്ഥിതിയും പണിയും പതിവുപോലെ. ഇതു കണ്ട് തിരുവന്തപുരത്തെ ടെക്‌നോ പാര്‍ക്കിലേക്ക് ബസില്‍ പോയ ഐടി കുഞ്ഞുങ്ങളുടെ കണ്ണില്‍ മുഴുവന്‍ ചില്ലായി. ബസിന്റെ ചില്ലില്‍ പണിമുടക്കുകാര്‍ വക കല്ല്.... അതാണ് കേരളം...നമ്മള്‍ പണിമുടക്ക് ആഘോഷിക്കുന്നു... ചിലര്‍ പണിമുടക്ക് ആചരിക്കുന്നു.... വേറെ ചിലര്‍ പണിമുടക്ക് അവഗണിക്കുന്നു... പ്രകാശ് കാരാട്ടിനേപ്പോലെ....

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment