Tuesday 28 February 2012

[www.keralites.net] ഒരു യേശുദാസ് സന്ധ്യ

 

ഒരു യേശുദാസ് സന്ധ്യ
സുഭാഷ് ചന്ദ്രന്‍


മഹാനായ ഒരു കലാകാരനോട് അയാളുടെ യഥാര്‍ഥ ആസ്വാദകന് പ്രണയത്തോളം പോന്നതോ അതിനേക്കാള്‍ ഉയര്‍ന്നതോ ആയ ഒരു വൈകാരികബന്ധം ഉടലെടുക്കുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു പക്ഷേ അപഹാസ്യം പോലും ആയേക്കാവുന്ന ഒന്ന്. യേശുദാസിനുമാത്രല്ല, ജയചന്ദ്രനും ജാനകിയമ്മയ്ക്കുമൊക്ക ഇങ്ങനെ തൊലിക്കുള്ളിലേക്ക് കടന്നുകയറിയ കഠിനപ്രണയവുമായി ജീവിക്കുന്ന ആരാധകരുണ്ടെന്ന് നമുക്കറിയാം. ശാസ്ത്രീയസംഗീതത്തിലേക്കു കടന്നാല്‍, ആരാധനയിലെ തീവ്രവാദികളെ കണ്ടെത്താം. ബാലമുരളീകൃഷ്ണയാണ് ഏറ്റവും മഹാനായ കര്‍ണാടകസംഗീതജ്ഞന്‍ എന്നു വാദിക്കുന്ന ഒരു സുഹൃത്ത് നമുക്കെല്ലാവര്‍ക്കുമുണ്ടാകാം. 'പിപരേ രാമരസം, രസനേ...'' ഒരു വട്ടമെങ്കിലും അദ്ദേഹത്തിന്റെ തൊണ്ടയിലൂടെ കേട്ടിട്ടുള്ളവര്‍ക്ക് കുറച്ചുനേരത്തേക്കെങ്കിലും മറിച്ചൊരഭിപ്രായം ഉണ്ടാകാനിടയില്ല. കണ്ണന്റെ കവിളില്‍ നിന്‍ സിന്ദൂരതിലകത്തിന്‍ എന്നുതുടങ്ങുന്ന അദ്ദേഹത്തിന്റെ സിനിമാഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കരണത്തില്‍ പ്രത്യക്ഷയായതുകൊണ്ടാകാം പതിനേഴുവയസ്സുള്ള ഉണ്ണിമേരിയാണ് പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ ദൃശ്യം എന്നു നമുക്ക് ഒരിക്കല്‍ തോന്നിയിട്ടുണ്ട്. മഹാരാജപുരം സന്താനത്തിന്റെ 'ആനന്ദാമൃതവര്‍ഷിണി' നമ്മിലേല്പിച്ചിട്ടുള്ള കുളിരളക്കാന്‍ ഇനിയുമൊരു യന്ത്രം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പുലര്‍കാലത്ത് എം. എസ്. സുബ്ബലക്ഷ്മിക്ക് സ്വന്തം ഹൃദയം തന്നെ പറിച്ചെടുത്ത് അര്‍ച്ചിക്കാത്തവര്‍ നമ്മിലാരുണ്ട്?

കടുങ്ങല്ലൂരില്‍ എനിക്കു സുഹൃത്തായി വായ്പ്പാട്ടും വയലിനും ഒരുപോലെ വഴങ്ങുന്ന ഒരു സുജാതട്ടീച്ചറുണ്ട്. അവരുടെ സുന്ദരമായ മുഖം കൂടുതല്‍ സുന്ദരമാകും യേശുദാസിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍. താനും ഡോക്ടര്‍ സുവര്‍ണാ നാലപ്പാട്ടും ഒത്തുകൂടിയാല്‍ മറ്റെല്ലാ തിരക്കുകളും മറന്ന് മണിക്കൂറുകളോളമാണ് ദാസേട്ടനെക്കുറിച്ച് സംസാരിക്കുന്നതെന്ന് സുജാതട്ടീച്ചര്‍ പറയാറുണ്ട്. നാലപ്പാട്ടെ ആയമ്മയ്ക്ക് യേശുദാസിനോടുള്ള ഭക്തി ആറുപടികള്‍കൂടി ഉയര്‍ന്നതാണ്. മൈസൂര്‍ കൊട്ടാരത്തില്‍ ആസ്ഥാനഗായകനായിരുന്ന മുത്തയ്യ ഭാഗവതരുടെ പുനരവതാരമാണ് യേശുദാസ് എന്ന് സമര്‍ത്ഥിക്കുന്ന വിധത്തില്‍ അതു വളര്‍ന്നിട്ടുണ്ടത്രെ! കീഴ്സ്ഥായിയിലും താരസ്ഥായിയിലും ശ്രുതിശുദ്ധവും കര്‍ണമധുരവുമായി പാടിയിരുന്ന മഹാനായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ മണ്‍മറഞ്ഞ മുത്തയ്യഭാഗവതര്‍. മുത്തയ്യാഭാഗവതരുടേതായി അവശേഷിച്ചിരുന്ന ഒരേയൊരു ശബ്ദലേഖ്യം മൈസൂര്‍ കൊട്ടാരത്തിലുണ്ടായ തീപിടിത്തത്തില്‍ നശിച്ചുപോയില്ലായിരുന്നെങ്കില്‍ യേശുദാസിന്റെ സ്വരവുമായുളള അത്ഭുതകരമായ ആ സാദൃശ്യം ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കാന്‍ ഡോക്ടര്‍ സുവര്‍ണാ നാലപ്പാട്ടിനു കഴിയുമായിരുന്നു എന്ന് സുജാതട്ടീച്ചര്‍ ആണയിടുന്നു.

ശരിയായിരിക്കാം. സംഗീതത്തെ സംബന്ധിച്ചാകുമ്പോള്‍ കേള്‍വിയാണ് വിലയിരുത്തലിനുള്ള ഒന്നാമത്തെയും ഒടുക്കത്തേയും ഉപാധി. എം. ഡി. രാമനാഥനുമായി എന്നെ ഇണക്കാന്‍ തൃപ്പൂണിത്തുറയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷ്ണമൂര്‍ത്തി എന്നൊരു ജ്യേഷ്ഠസുഹൃത്ത് ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ എനിക്കു സംഭവിച്ചേക്കാമായിരുന്ന നഷ്ടം ചില്ലറയൊന്നുമായിരിക്കില്ല. മുടങ്ങാതെ എല്ലാക്കൊല്ലവും കൃഷ്ണമൂര്‍ത്തി തൃപ്പൂണിത്തുറയില്‍ എം.ഡി.ആര്‍ ഡേ സംഘടിപ്പിച്ച് ദക്ഷിണേന്ത്യയിലെ അതികായരെ വിളിച്ചുകൊണ്ടുവന്ന് അവിടെ പാടിക്കുന്നതില്‍ പകരം വയ്ക്കാനില്ലാത്ത ഒരു പുണ്യം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വളരെപ്പണ്ട് മാതൃഭൂമി വിഷുപ്പതിപ്പിലൂടെ കഥാകൃത്തായി രംഗപ്രവേശം ചെയ്യുകയും ഇപ്പോള്‍ ഒരു ഡ്രോയിങ് മാഷായി ജോലിനോക്കുകയും ചെയ്യുന്ന, വരയും വാക്കും ഒരുപോലെ വഴങ്ങുന്ന, കൃഷ്ണമൂര്‍ത്തിക്ക് സ്വരമൂര്‍ത്തിയായ രാമനാഥനോടുള്ളത് പ്രണയത്തെ കവയ്ക്കുന്ന ഹൃദയരാഗമാണ്. രാമനാഥന്റെ 'ഗിരിപൈ...' എന്നു തുടങ്ങുന്ന ശ്രീരാമകീര്‍ത്തനം ഒരിക്കല്‍ കേട്ടാല്‍മതി, കൃഷ്ണമൂര്‍ത്തിയുടെ ഹൃദയത്തെ ഒരു താമരപോലെ വിടര്‍ത്തുന്ന ആ സൂര്യനാദത്തിന്റെ ഗരിമ നമുക്കും സമ്മതിക്കാം. ഞാന്‍ രാമനാഥനെ ഹൃദയം കൊണ്ടറിഞ്ഞിട്ടുണ്ടെന്ന് ബോധ്യമായതുകൊണ്ടാകാം നാലുവര്‍ഷം മുമ്പൊരിക്കല്‍ ഉമയാള്‍പുരവും ടി. എന്‍. കൃഷ്ണനുമൊക്കെയിരിക്കുന്ന വരിഷ്ടമായ ഒരു വേദിയില്‍ കൃഷ്ണമൂര്‍ത്തി എന്നേയും പിടിച്ചിരുത്തിയത്. അതെ, സ്‌നേഹബന്ധങ്ങള്‍ ചിലപ്പോള്‍ നമുക്ക് അര്‍ഹതയില്ലാത്തിടത്തും നമ്മെ കൊണ്ടുചെന്നിരുത്തുന്നു.

അതേ വര്‍ഷത്തില്‍ ഞാന്‍ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ നാട്ടിലേക്കും ഒരു യാത്ര പോയി. ആ മഹാനുഭാവന്റെ ഗ്രാമത്തില്‍ ഞാനും കാലുകുത്തിയിട്ടുണ്ട് എന്ന് ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്ത് ആനന്ദിക്കാന്‍ വേണ്ടിയായിരുന്നു യാത്ര. പാലക്കാട്ടു താമസിക്കുന്ന എന്റെ അളിയന്‍ കുഭമാസത്തിലെ ഏകാദശീദിവസത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരുന്നു. അന്നാണ് ചെമ്പൈ ശിഷ്യന്മാര്‍ പാലക്കാട്ടുള്ള അദ്ദേഹത്തിന്റെ വസതിയ്ക്കുമുന്നിലുള്ള പാര്‍ത്ഥസാരഥീക്ഷേത്രത്തില്‍ വന്ന്, മണ്‍മറഞ്ഞുപോയ തങ്ങളുടെ ഗുരുനാഥന് സ്വരാഞ്ജലി അര്‍പ്പിക്കുന്നത്.

പാലക്കാട്ടുനിന്ന് പതിനാലുകിലോമീറ്റര്‍ അകലെയുള്ള കോട്ടായി എന്ന ഗ്രാമത്തിലേക്ക് അന്ന് നടത്തിയ യാത്ര ഒരായുഷ്‌ക്കാലത്തേക്ക് ഓര്‍ത്തിരിക്കാനുള്ള ഒന്നാണ്. കുംഭമാസത്തിലെ ചന്ദ്രന്‍ കിണറ്റില്‍പ്പോയ ചോറ്റുപാത്രംപോലെ കുട്ടിക്കാലത്തെ വീണ്ടുവീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉദിച്ചുനിന്ന ആ രാത്രിയില്‍, ഇരുപുറവും കണ്ണെത്താദൂരം കിടന്ന വയലുകളില്‍ പേരറിയാക്കീടങ്ങള്‍ സദിരു നടത്തുന്നതിനിടയിലൂടെ, പാലക്കാടന്‍ കാറ്റില്‍ രസം പിടിച്ചുപാറുന്ന ഒരു പട്ടം പോലെ ഓടിക്കൊണ്ടിരുന്ന അളിയന്റെ പഴയ ഓമ്‌നി കാറില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. പൂടൂര്‍പുഴയില്‍ വീണുകിടക്കുന്ന കുംഭനിലാവില്‍ നോക്കി പാലം താണ്ടുമ്പോള്‍ ആ പഴയ ഗാനം വര്‍ഷങ്ങള്‍ക്കുശേഷം മനസ്സില്‍ തിരയടിക്കാന്‍ തുടങ്ങി: കുംഭമാസനിലാവുപോലെ കുമാരിമാരുടെ ഹൃദയം...

പാലം പിന്നിട്ട് ചെമ്പൈഗ്രാമത്തോട് കൂടുതല്‍ അടുത്തപ്പോള്‍ നിലാവില്‍ ഒഴുകിവരുന്ന ആ ശബ്ദം കീര്‍ത്തനങ്ങളായി വിടരാന്‍ തുടങ്ങി. ഉള്‍ക്കാതിലല്ല, എന്റെ പാളച്ചെവിയില്‍. 'കേട്ടില്ലേ, യേശുദാസാണ് പാടുന്നത്!', അളിയന്‍ പറഞ്ഞു.

ദൈവമേ! ഞാന്‍ ആദ്യമായി യേശുദാസിനെ നേരിട്ടു കാണാന്‍ പോവുകയാണ്!

കുറേ നേരത്തേക്ക് നീളാനിരിക്കുന്ന ഒരസ്വസ്ഥതയുടെ തുടക്കമായിരുന്നു അത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അര്‍ദ്ധരാത്രി പിന്നിട്ട സമയത്ത് ആലുവാപ്പുഴയുടെ കരയില്‍ ആത്മഹത്യയ്ക്കു തുനിഞ്ഞുനിന്ന ഒരു ചെറുപ്പക്കാരന്റെ ദൃശ്യം ഒരു കല്‍വിഗ്രഹം പോലെ അപ്പോള്‍ ഉള്ളില്‍ കനത്തുവന്നു. കൂട്ടുകാരുമൊത്തു ഘോഷിച്ച ഒരു ചാരായരാത്രിയ്ക്കുശേഷം, എല്ലാ പാട്ടുകളും മേളങ്ങളും പിന്നിട്ട് ഒറ്റയായിത്തീരേണ്ടതിന്റെ അനിവാര്യതയില്‍, അറിഞ്ഞോ അറിയാതെയോ വീടുതാണ്ടി അയാള്‍ പുഴയോരത്ത് നടന്നെത്തുകയായിരുന്നു. കടുത്ത വിഷാദരോഗത്തിന്റെ പിടിയില്‍ അമര്‍ന്ന ഞരമ്പുകളുടെ ഒരു കൂട്ടം മാത്രമായിരുന്നു അപ്പോള്‍ അയാള്‍. ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന വെളിച്ചങ്ങളൊക്കെ ഇപ്പോള്‍ കരിന്തിരി കത്തുകയാണെന്ന ഒരു തോന്നലില്‍ ഇരുപത്തിരണ്ടുവയസ്സുള്ള ആ ചെറുപ്പക്കാരന് തന്നെത്തന്നെ കൊലയ്ക്കുകൊടുക്കാന്‍ അപ്പോള്‍ സഹിക്കാനാവാത്ത ഒരു ഉള്‍വിളിയുണ്ടായി. കമ്പനിയില്‍ നിന്നു പിരിഞ്ഞുപോന്നപ്പോള്‍ അച്ഛന്‍ അയാള്‍ക്ക് വാങ്ങിക്കൊടുത്ത ഒരു വാച്ച് അയാളുടെ കൈത്തണ്ടയില്‍ അപ്പോഴുണ്ടായിരുന്നു. നിലാവത്ത് അയാള്‍ അതില്‍ സമയം നോക്കി. പിന്നെ വാച്ചുകെട്ടി ഒഴുകുന്ന ജഡം ഒരു ഫലിതദൃശ്യമാകുമെന്ന തോന്നലില്‍ അയാള്‍ വാച്ചഴിച്ച് പുഴയിലേക്ക് വലിച്ചെറിഞ്ഞു.

അവസാനമായി ആകാശത്തെ ഒന്നു കാണാന്‍ കൊതിച്ചപ്പോള്‍ കണ്ണില്‍ തെളിഞ്ഞ ദൃശ്യം പക്ഷേ അയാളെ ഭൂമിയില്‍ ഒന്നുകൂടി ഉറപ്പിയ്ക്കാനുതകുന്ന ഒന്നായിരുന്നു. അയാളുടെ പേരിന്റെ പകുതി അതാ പേറുകഴിഞ്ഞു പുറത്തുവരുന്നു! ദു:ഖിതയും നിസ്സാരയുമായി കാണപ്പെട്ട ഒരു വലിയ കരിമേഘം പൂര്‍ണചന്ദ്രനെ പ്രസവിക്കുന്നു!
ആദ്യമായി അമ്പിളിമാമനെ കാണുന്ന കുട്ടിയെപ്പോലെ അയാള്‍ ആര്‍ത്തി പിടിച്ച് മാനത്തുനോക്കി മതിമറന്നു നിന്നു. അപ്പോള്‍ അകലെ നിന്ന് കേള്‍ക്കുന്നതുപോലെ ഉള്ളില്‍നിന്ന് പ്രിയപ്പെട്ട ഒരു സ്വരം ഇങ്ങനെ അനുപല്ലവി തുടങ്ങി:

സ്വര്‍ണരുദ്രാക്ഷം ചാര്‍ത്തീ- ഒരു
സ്വര്‍ഗാതിഥിയെപ്പോലെ
നിന്റെ നൃത്തമേടയ്ക്കരികില്‍
നില്പൂ ഗന്ധര്‍വപൗര്‍ണമി!
ഈ ഗാനം മറക്കുമോ,
ഇതിന്റെ സൗരഭം മറക്കുമോ?


പൂര്‍ണചന്ദ്രന്റെ ദൃശ്യംപോലെ ഈ ശബ്ദവും ഇപ്പോള്‍ ലോകം മുഴുവന്‍ മുഴങ്ങിത്തെളിയുന്നുണ്ടെന്ന് അയാള്‍ക്കുതോന്നി. അയാളത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആസ്വദിക്കുകയായിരുന്നു. ജ്വലിക്കുന്ന ശബ്ദത്തില്‍ ഗായകന്‍ ഋതുമതിയായ വസുമതിയെ ക്ഷണിക്കുകയും ഈ ഇന്ദുപുഷ്പഹാരമണിയാന്‍ അവളെ പ്രലോഭിപ്പിക്കുകയും ചെയ്തു. ചന്ദ്രബിംബത്തില്‍ തെളിഞ്ഞുകാണുന്ന നിഴല്‍രൂപം കലമാനോ മുയല്‍ക്കുട്ടിയോ അല്ല, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ സുഖസുഷുപ്തിയില്‍ മുഴുകിയ താന്‍ തന്നെയാണ് എന്ന് അയാള്‍ക്ക് തോന്നാന്‍ തുടങ്ങി. സുതാര്യമായ ഗര്‍ഭപാത്രത്തിനുള്ളില്‍, ഈ ലോകത്തിന്റെ നിസ്സാരതകള്‍ക്കുമേലെ, തലകീഴായി ശയിക്കുന്ന നിഴല്‍ശിശു. തള്ളയുടെ മുലപ്പാലില്‍ വേവിച്ച ആട്ടിന്‍കുട്ടി!

കേവലമൊരു സിനിമാപ്പാട്ടില്‍നിന്ന് എങ്ങനെയാണ് അപൂര്‍വമായ ആ ദൃശ്യബിംബത്തിലേക്ക് മനസ്സിന്റെ കണ്ണുകള്‍ എത്തിപ്പെട്ടതെന്ന് ഇന്നും അയാള്‍ക്ക് അജ്ഞാതം. പക്ഷേ മരിക്കുംമുമ്പ് അത് എഴുതിവയ്ക്കണമെന്ന കൊതി അയാളെ പിന്നാക്കം പിടിച്ചു. ആ പാട്ട് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തോടെയും മുഴക്കത്തോടെയും പാടിയ മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍, അദ്ദേഹത്തെ ഒന്നു കാണുകപോലും ചെയ്യാതെ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന നന്ദികെട്ടവന്‍ എന്നു സ്വയം തലയ്ക്കുതല്ലിയിട്ട് ആ യുവാവ് തീരുമാനം മാററി തിരിച്ചുപോന്നു.


അന്നയാള്‍ മൂന്നേ മൂന്നു കഥകള്‍ മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു യുവകഥാകൃത്തായിരുന്നു. നാലാമത്തെ കഥയില്‍ -ജഡം എന്ന സങ്കല്പം എന്നായിരുന്നു ആ കഥയുടെ പേര്- ആ പൗര്‍ണമിരാത്രിയുടെ ഓര്‍മ്മകള്‍ ഇറക്കിവച്ച് അയാള്‍ ആത്മഹത്യയില്‍നിന്ന് വിടുതല്‍ നേടി.

ആ രാത്രിയെക്കുറിച്ചുളള ഓര്‍മ്മകള്‍ നിറയുകയാല്‍, ആ ഗായകനെ ഞാനിതാ ആദ്യമായി നേരില്‍ കാണാന്‍ പോവുകയാണെന്നുള്ള അറിവില്‍ ഉലയുകയാല്‍, ചെമ്പൈഗ്രാമത്തിലൂടെയുള്ള ആ വിജനരഥ്യയില്‍വച്ച് ഭാര്യയുടെ ജ്യേഷ്ഠനോട് ആദ്യമായി ഞാന്‍ ഒരാവശ്യം ഞാന്‍ ഉന്നയിച്ചു:' യേശുദാസിനെ കാണുംമുമ്പ് ഒരല്പം മദ്യം കിട്ടിയാല്‍ കൊള്ളാമായിരുന്നു!'
അതിനുത്തരം പറഞ്ഞത് പിന്നിലിരുന്ന ഒരാളാണ്. ഞങ്ങളോടൊപ്പം കച്ചേരി കേള്‍ക്കാന്‍ കൂടിയ ഒരറുപത്തഞ്ചുകാരന്‍. അളിയന്റെ ഭാര്യയുടെ അച്ഛന്‍. 'വണ്ടി അടുത്ത പൈപ്പിന്റെ അടുത്തേക്ക് ഒതുക്കിക്കോ!' , ആരെങ്കിലും ആ വിഷയം എടുത്തിടാന്‍ കൊതിച്ചിരിക്കുകയായിരുന്ന അദ്ദേഹം പിന്‍സീറ്റില്‍ നിന്ന് പാതിയൊഴിഞ്ഞ ഒരു വിസ്‌ക്കിക്കുപ്പി ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു:'സാധനവും ഗഌസും റെഡി!'

കോട്ടായിഗ്രാമത്തിലെ വിജനമായ ഒരിടത്ത് വണ്ടി ഒതുങ്ങി. നിലാവും പൈപ്പുവെള്ളവും മദ്യവും സമംചേര്‍ത്ത് ധൃതിയില്‍ രണ്ടുവട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:' നമുക്ക് വേഗമെത്തണം. പോരെങ്കില്‍ മദ്യപിക്കുന്നവരെ യേശുദാസിന് ഇഷ്ടവുമല്ല!'

വണ്ടിമുന്നോട്ടെടുക്കാന്‍ നോക്കിയപ്പോള്‍ പിന്‍ചക്രങ്ങള്‍ ചളിയില്‍ക്കിടന്ന് ചീറാന്‍ തുടങ്ങി. അത് മുക്കാലും ചേറില്‍ പൂണ്ടുപോയിരിക്കുന്നു! പണ്ട് രഥത്തിന്റെ ചക്രം പൂണ്ടതുപോലെ തന്നെ, ഞാന്‍ നിരാശയോടെ മനസ്സില്‍ പറഞ്ഞു.

ഞങ്ങള്‍ മാറിമാറി തള്ളിനോക്കിയെങ്കിലും വണ്ടി കയറിവരാന്‍ കൂട്ടാക്കിയില്ല. അതിലേ സൈക്കിളില്‍ വന്ന ഒരു യുവാവ് ഞങ്ങളോടൊപ്പം കൂടി. യേശുദാസിന്റെ കച്ചേരി കേള്‍ക്കാന്‍ കോഴിക്കോട്ടുനിന്നു വന്നതാണ് വണ്ടി തള്ളുന്നതില്‍ ഒരാളെന്നറിഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ ഉത്സാഹിയായി. അയാളും അങ്ങോട്ടുതന്നെയാണ്. എല്ലാ കുംഭമാസത്തിലെ ഏകാദശിക്കും മുടങ്ങാതെ കച്ചേരികേള്‍ക്കാനെത്തുന്ന ഒരാള്‍. ഇനി നടക്കാനുളള ദൂരമേയുള്ളൂ ചെമ്പൈഗ്രാമത്തിലേക്ക്. എഴുപത്തഞ്ചുവീടുകള്‍ ചേരുന്ന ചെമ്പൈ ഗ്രാമം.

നാലാളുടെ ബലം ഒന്നിച്ചപ്പോള്‍ നാല്‍ച്ചക്രവാഹനം എളുപ്പത്തില്‍ കയറിപ്പോന്നു. അപരിചിതനായ ആ നല്ല മനുഷ്യന് നന്ദി പറഞ്ഞ് അകത്തുകയറി വാതില്‍ വീശിയടയ്ക്കുമ്പോള്‍ അയാളുടെ തള്ളവിരല്‍ വാതിലില്‍ കുടുങ്ങി! ചതഞ്ഞ വിരല്‍ത്തുമ്പത്ത് ഉറവയെടുക്കാന്‍ തുടങ്ങിയ ചുടുചോര നിലാവില്‍ തിളങ്ങി. ഞങ്ങള്‍ പുറത്തിറങ്ങി കുറേ നിര്‍ബന്ധിച്ചിട്ടും അയാള്‍ ആശുപത്രിയിലേക്കു വരാന്‍ കൂട്ടാക്കിയില്ല. 'വേണ്ടെന്നേയ്!' , ചോരയിറ്റുന്നത് തന്റെ കൈയില്‍നിന്നല്ലെന്ന മട്ടില്‍ അയാള്‍ പറഞ്ഞു:'ഇനി എത്രയോ തിരികെപ്പോണം ആശുപത്രിയിലേക്ക്! മാത്രമല്ല ആശുപത്രിയില്‍ പോകാന്‍നിന്നാല്‍ ദാസേട്ടന്റെ കച്ചേരി തീരും. ഇത് ഇന്നല്ലെങ്കില്‍ നാളെ ശരിയാകും. ദാസേട്ടനെ കാണാന്‍ ഇനി അടുത്ത കുംഭം വരണം!' സൈക്കിളില്‍ എഴുന്നേറ്റുനിന്നു ചവിട്ടിക്കൊണ്ട് അയാള്‍ പാഞ്ഞുപോയി.

മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ വീണ്ടും കാറില്‍ കയറി. സമൂലം ലഹരിയറ്റ് ഞങ്ങള്‍ മൂവരും മുഖത്തോടു മുഖം നോക്കി. 'അയാളുടെ ഉള്ളില്‍ കിടക്കുന്നത് കുറേക്കൂടി വീര്യമുള്ള ലഹരിയാണ്', അളിയന്‍ പറഞ്ഞു:' പാലക്കാടന്‍ സംഗീതാരാധനയുടെ ലഹരി!'

നിലാവും മദ്യവും വഴിത്താരയിലെ അജ്ഞാതനായ സംഗീതപ്രേമിയും ചേര്‍ന്നു സൃഷ്ടിച്ച മായികതയെ മുഴുമിപ്പിക്കാന്‍ ഒന്നു കൂടി ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു.
പാര്‍ത്ഥസാരഥീക്ഷേത്രത്തിനുമുന്നിലുള്ള സ്വരമണ്ഡപത്തില്‍ രണ്ടിതളുകള്‍ മാത്രം താഴേക്ക് വിരിഞ്ഞമര്‍ന്ന ഒരു വമ്പന്‍ വെള്ളത്താമരമൊട്ടുപോലെ ഇരിക്കുകയായിരുന്നു ഗാനഗന്ധര്‍വന്‍. അദ്ദേഹത്തെച്ചുറ്റി അര്‍ദ്ധവൃത്താകാരത്തില്‍ ആരാധനയുടെ പത്മവ്യൂഹം. ആദ്യനിരയില്‍ പട്ടുടുത്ത് കൈത്തലങ്ങള്‍ തങ്ങളില്‍തങ്ങളില്‍ കോര്‍ത്ത് നിമീലിതനേത്രകളായ പാലക്കാടന്‍ പട്ടത്തികള്‍. അമ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം പാടാന്‍ തുടങ്ങിയതുമുതല്‍ അവരും ഈ നിരയില്‍ എക്കാലത്തേക്കുമായി ഇരിപ്പുറപ്പിച്ചതാകണം. ജയവിജയസഹോദരന്മാരിലെ ജയന്‍ തന്റെ ആലാപനത്തിന്റെ ഊഴം കഴിഞ്ഞിട്ട് മുന്നില്‍ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വശത്തായി മീശവടിച്ച യേശുദാസിന്റെ അമേരിക്കന്‍ പതിപ്പുപോലൊരു പയ്യന്‍- അത് വിജയ് യേശുദാസാണ്. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടം പണ്ടത്തെ 'നക്ഷത്രദീപങ്ങള്‍ തിളങ്ങി' എന്നു തുടങ്ങുന്ന പാട്ടിലെ അവസാനവരികള്‍ പോലെ നിശ്ശബ്ദരായ് സ്വയം മറന്നു നില്‍ക്കുന്നു.
ഞാന്‍ വീണ്ടും യേശുദാസിനെ നോക്കി: അധികമാരും ആലപിച്ചിട്ടുകേട്ടിട്ടില്ലാത്ത ഒരപൂര്‍വരാഗത്തിന്റെ വിസ്താരങ്ങളില്‍ ആണ്ടുമുങ്ങിയിരിക്കുന്നു അദ്ദേഹം. സ്വരദേവതയുടെ പുരുഷാവതാരം. ചെളിയേറുകാരുടെ നാട്ടില്‍ ഒരു കറയും ഇല്ലാത്ത വെള്ള വസ്ത്രം. കാലത്തിന്റെ കാറ്റില്‍ ഉലയാതെകത്തുന്ന സംഗീതനാളം. പരനിന്ദനത്തിനുമാത്രമായി നമ്മള്‍ ഉപയോഗിക്കുന്ന അതേ മലയാളിത്തൊണ്ടയിലൂടെ പതിനായിരക്കണക്കിന് അനശ്വരഗാനങ്ങള്‍ ഉയിരെടുപ്പിച്ച മനുഷ്യന്‍. വെറുമൊരു ഇരിപ്പില്‍ത്തന്നെ ഏറെക്കുറെ ഒരു പ്രതിഷ്ഠ.

മണ്ഡപത്തില്‍ യേശുദാസ് പാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പലമട്ടിലുള്ള ഫോട്ടോകള്‍ ചാഞ്ഞും ചരിഞ്ഞും എടുത്തുകൊണ്ടിരുന്ന മെലിഞ്ഞ ഫോട്ടോഗ്രാഫര്‍ ഇടയ്ക്ക് ആള്‍ക്കൂട്ടത്തില്‍ അസ്തപ്രജ്ഞനായി നില്‍ക്കുന്ന എന്റെ നേര്‍ക്ക് തന്റെ നിറതോക്ക് നീട്ടുന്നതുകണ്ടപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു: എന്നോടൊപ്പം ഏഴുവര്‍ഷംമുമ്പ് ജേര്‍ണലിസം പഠിച്ച ലീന്‍ തോബിയാസ്!
അടുത്തുവന്ന് സ്‌നേഹം പുതുക്കിയപ്പോള്‍ അറിഞ്ഞു, അവന്‍ യേശുദാസിന്റെ കേരളത്തിലെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫറായി അദ്ദേഹത്തെ എല്ലാ വേദികളിലും പിന്‍പറ്റിക്കൊണ്ടിരിക്കുകയാണ്! ക്യാമറയിലെന്നപോലെ സംഗീതത്തിലും ലീന്‍ തോബിയാസിനു ഭ്രമമുണ്ട്. (പില്‍ക്കാലത്ത് ഇതേ ഭ്രമത്തിന്റെ പേരില്‍ അവന്‍ ഒരു പ്രമുഖപത്രത്തിലെ ജോലി രാജിവച്ചു)

എന്റെ ഭ്രമങ്ങളും പരിഭ്രമങ്ങളും നന്നായി അറിയാവുന്ന അവന്‍ നിര്‍ബന്ധിച്ചു: 'കച്ചേരി കഴിഞ്ഞാല്‍ ദാസേട്ടനെ പരിചയപ്പെടുത്തിത്തരാം. ഒന്നിച്ചു നിന്ന് ഒരുഗ്രന്‍ ഫോട്ടോയും, എന്താ?'
വേണ്ട. അപ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ മത്സരിക്കുകയാവും ഒപ്പംനിന്നു ഫോട്ടോ എടുക്കാന്‍. അക്കൂട്ടത്തില്‍ എനിക്കു പറ്റില്ല.

പ്രണാമം

മനുഷ്യന്റെ ഭാവനയ്ക്ക് ഗ്രാഹ്യമായ കാലസങ്കല്പം രേഖീയ സ്വഭാവമുള്ളതാണ്. നെടുനീളത്തില്‍ ഒഴുകുന്ന അനാദിയായ സമയനദി. വര്‍ത്തമാനത്തിന്റെ ഒരു ബിന്ദുവില്‍ നിന്നുകൊണ്ട് ഓര്‍മ്മകളാല്‍ പിന്നിലേക്കും സങ്കല്പങ്ങളാല്‍ മുന്നിലേക്കും നമുക്ക് വേണമെങ്കില്‍ മനോസഞ്ചാരംനടത്താം എന്നൊരു സൗകര്യമുണ്ട്. എന്നാല്‍ സംഗീതം അതിനുമപ്പുറത്ത് ഒരു ആണ്ടുമുങ്ങല്‍ സാധിച്ചുതരുന്നു. വര്‍ത്തമാനത്തിന്റെ ആ ഒരൊറ്റബിന്ദുവില്‍നിന്ന് നേരേ താഴേക്ക് ഒരു ഊളിയിടല്‍. ഓര്‍മ്മകളോ സങ്കല്പങ്ങളോ അല്ല, നമ്മള്‍ അനുഭവിച്ചിട്ടില്ലാത്ത 'അനുഭവ'ങ്ങളും നമുക്കു സങ്കല്പിക്കുവാന്‍ കെല്പില്ലാത്ത സങ്കല്പങ്ങളും ആ ഊളിയിടലില്‍ നമുക്കുമുന്നില്‍ ആഴക്കടലിന്റെ അടിക്കാഴ്ചകളെപ്പോലെ തെളിയുന്നു. അത് അനുഭൂതികളുടെ ഒരന്തര്‍മണ്ഡലമാണ്. മനുഷ്യരാശിയുടെ ഒട്ടാകെയുളള- ജനിച്ചുചത്തതും ജീവിച്ചിരിക്കുന്നതും പിറന്നുചാവാനിരിക്കുന്നതുമായ- അനുഭൂതികളുടെ സഞ്ചിതമഹാനിധി! അതിന്റെ നിമിഷനേരത്തേക്കെങ്കിലുമുള്ള ഒരു ദൃശ്യം നമ്മെ കാണിച്ചുതരാന്‍ കെല്പുള്ളവരെയാണ് നാം മഹാഗായകര്‍ എന്നുവിളിക്കുന്നത്. ശബ്ദത്തിന്റെ, അര്‍ത്ഥത്തിന്റെ, ഭാവത്തിന്റെ, സംസ്‌ക്കാരത്തിന്റെ ചതുര്‍മാനങ്ങള്‍ ക്രമത്തില്‍പിന്നിട്ട് അത്രയും ആഴത്തിലേക്കുമുങ്ങാനുള്ള ഒരു ശ്വാസം ഒരു മഹാഗായകന്‍ തന്റെ ശ്വാസകോശത്തില്‍നിന്നു നമുക്കു കടംതരുന്നു. നമ്മുടെ ആസ്തമപിടിച്ച പാവം ശ്വാസകോശത്തിനുസൃഷ്ടിക്കാന്‍ കഴിയുന്നതിനും, ഏറിയാല്‍ നൂറാണ്ട് ആയുസ്സുള്ള ഈ കാറ്റുസഞ്ചിക്ക് എത്ര ആഞ്ഞൂതിയാലും തീര്‍ക്കാന്‍ കഴിയുന്ന ആ കൊച്ചുകാറ്റിനും അപ്പുറത്തുള്ള ഒരു ശ്വാസവേഗമാണത്. നമുക്കിതനെ ഏതുപേരിട്ടും വിളിക്കാം. റാഫിയെന്നോ ലതയെന്നോ യേശുദാസെന്നോ ഭീംസെനെന്നോ രാമനാഥനെന്നോ ഹരിപ്രസാദ്ചൗരസ്യയെന്നോ ജി.എന്‍.ബി. എന്നോ ജിംറീവ്‌സ് എന്നോ. പേരുകള്‍ക്കപ്പുറത്തുളള ആ ഒരു മായികസ്ഥലിയില്‍വച്ച് അവരെല്ലാവരും ഒന്നുതന്നെയാണ്. അതു തിരിച്ചറിഞ്ഞാല്‍പ്പിന്നെ ഓരോരുത്തര്‍ക്കും ഒരു വലിയ നമസ്‌ക്കാരം കൊടുക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല.

എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും അങ്ങനെ എല്ലാ മഹാഗായകരേയും ആസ്വദിക്കാനോ കേള്‍ക്കാന്‍പോലുമോ ഉള്ള അവസരങ്ങള്‍ കിട്ടാറില്ല. പാലക്കാട്ടെ അഗ്രഹാരങ്ങളില്‍ ജനിക്കുന്ന ഒരു കുട്ടിയുടെ സാധ്യതകളല്ല, മട്ടാഞ്ചേരിയിലെ കുട്ടിയുടേത്. ഒരെഴുപതുവര്‍ഷംമുമ്പ് അത് ഒരെഴുപതിരട്ടി ശൂന്യതയാണ്. അങ്ങനെയുള്ള ലക്ഷക്കണക്കിന് ജന്മങ്ങളുടെ ബാല്യകൗമാരയൗവനങ്ങള്‍ക്ക്- ഇപ്പോള്‍ മധ്യവയസ്സിനും- ഏകാഭയമായിരുന്നു യേശുദാസ്. മറ്റുപാട്ടുകാര്‍ ഉണ്ടായിരുന്നു. അവരും മധുരോദാരമായി പാടിയിരുന്നു. എന്നാല്‍ ഒരു സിനിമാപ്പാട്ടിലെ നായകനോ നായികയോ നിര്‍വഹിക്കേണ്ടിയിരുന്ന മാനസികപ്രകാശനങ്ങള്‍ക്ക്് ആവശ്യമായ അളവില്‍ മാത്രമേ മറ്റുഗായകര്‍ക്ക് തങ്ങളുടെ സര്‍ഗാത്മകത പ്രകാശിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. വാസ്തവത്തില്‍ അത്രയുമേ ആവശ്യമുണ്ടായിരുന്നുള്ളൂ താനും. എന്നാല്‍ ഈ മനുഷ്യന്റെ ആലാപനത്തില്‍ അതാത് സിനിമകളെ കവിഞ്ഞുനില്‍ക്കുന്ന എന്തോ ഒന്ന് എപ്പോഴുമുണ്ടായിരുന്നു. വലിയ എഴുത്തുകാര്‍ സ്വന്തം ജീവിതത്തെ എക്കാലത്തേക്കുമുള്ള അസംസ്‌കൃതവസ്തുവാക്കുന്നതിനു സമമായ ഒരു കൃത്യം ഈ വലിയ ഗായകന്‍ തന്റെ ശബ്ദത്തിലൂടെ നിര്‍വഹിച്ചു. സിനിമാനാടകഗാനങ്ങള്‍ക്കപ്പുറത്തുള്ള കേവലസംഗീതത്തിന്റെ മാസ്മരാനുഭൂതികള്‍ അദ്ദേഹം തന്റെ ഗാനങ്ങളിലേക്കു കടത്തിക്കൊണ്ടുവന്ന് കുടിയിരുത്തി. അത് ഓരോ തവണയും പാട്ടിന്റെ രചയിതാവോ അതിന്റെ സംഗീതസംവിധായകനോ ഉദ്ദേശിച്ചതിനും അപ്പുറം പോയി. താന്‍ ഉദ്ദേശിച്ചതുപോലെ തന്നെ യേശുദാസ് പാടി എന്ന് ഓരോ സംഗീതസംവിധായകനും ഗാനരചയിതാവും പറഞ്ഞപ്പോള്‍ അവര്‍ വാസ്തവത്തില്‍ തന്നെത്തന്നെ പുകഴ്ത്തുകയാണ് ചെയ്തത്. അത് ഓരോ പാട്ടിലും ആലാപനമെന്ന മഹാകലയെ അദ്ദേഹം ആവാഹിച്ചിരുത്തിയതുകൊണ്ടു സംഭവിച്ചതായിരുന്നു. ഒരു മുഴുനീള കച്ചേരിയില്‍ ഏതെങ്കിലുമൊരു മഹാഭാഗവതര്‍ നമ്മെ അനുഭവിപ്പിച്ച ആത്മവിസ്മൃതികളുടെ മുഹൂര്‍ത്തങ്ങള്‍ നാലരമിനുട്ട് നീളമുള്ള ഒരു സിനിമാപ്പാട്ടില്‍ ഒരിടത്തെങ്കിലും യേശുദാസ് സാധിച്ചുതന്നു. അത് കച്ചേരിക്കു കാശുമുടക്കാതെയും കാസറ്റോ സിഡിയോ ഡിവിഡിയോ വാങ്ങിക്കാതേയും നമുക്കു ആകാശവാണിയിലൂടെ സുലഭമായി ഏതുനേരവും കിട്ടിക്കൊണ്ടിരുന്നു. ഏതു സാധാരണമനുഷ്യനും ഈ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ അത്യാവശ്യമായ പോഷകങ്ങളില്‍ രണ്ടെണ്ണം- സംഗീതവും സാഹിത്യവും- ആ തൊണ്ടയിലൂടെ മലയാളക്കരയില്‍ കാലം ഈ അമ്പതുവര്‍ഷവും വിതറുകയായിരുന്നു. കലര്‍പ്പില്ലാത്തതും വിഷമില്ലാത്തതുമായ അത് ഈ മലയാളമണ്ണിന്റെ സര്‍ഗാത്മകതയെ ഒട്ടാകെ- സംഗീതത്തെമാത്രമല്ല- ചില അടിസ്ഥാനാംശങ്ങളില്‍ കഴിഞ്ഞ അമ്പതുവര്‍ഷങ്ങളായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരു പാട്ടുകാരന്‍ മലയാളചേതനയുടെ മൂലധനമായി. എഴുത്തച്ഛന്‍ എന്ന കവിക്കുശേഷം ഏതെങ്കിലുമൊരു പുരുഷപ്രജ്ഞ മുഴുവന്‍ മലയാളിമനസ്സിലേക്കും ധനാത്മകമായും സമഗ്രമായും ആവേശിച്ചു എന്നു പറയാമെങ്കില്‍ അത് നിസ്സംശയം യേശുദാസ് എന്ന ഗായകനിലാണ് സംഭവിച്ചത്.

അകലെ നിന്നു കൊണ്ട് പിന്നീട് രണ്ടുമൂന്നുവട്ടം കൂടി യേശുദാസിനെ കണ്ടു. കുട്ടിക്കാലത്തിന്റെ ഏശ്വാസ് ഇപ്പോള്‍ ഏവരുടേയും ദാസേട്ടനായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഓഫീസിലേക്ക് അനുചരന്മാരുമൊത്ത് കയറിവന്നപ്പോള്‍ അദ്ദേഹത്തിന്റെ വേഷം കെട്ടിനടക്കുന്ന മറ്റാരോ ആണെന്ന് തോന്നി. ആരോടും വലിയ മതിപ്പില്ലാത്ത ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ പക്ഷേ അദ്ദേഹത്തിന്റെ മുന്നില്‍ വെറും ആരാധകരായിത്തന്നെ കൂട്ടംകൂടി നിന്നു. സവിശേഷവ്യക്തിത്വമുള്ള ഒരാള്‍ നമുക്കിടയിലുണ്ടെങ്കില്‍ ആ സാന്നിദ്ധ്യം നമുക്കുമാത്രം കേള്‍ക്കാന്‍കഴിയുന്ന ഒരു ബീപ്ശബ്ദത്തിലൂടെ ഹൃദയം നമ്മെ സദാ അറിയിച്ചുകൊണ്ടിരിക്കുമെന്ന കാര്യം ആദ്യമായി ഞാന്‍ അറിഞ്ഞു. ഞാന്‍ ജനിക്കുംമുമ്പേ ഞങ്ങളുടെ ഫിലിപ്‌സ് റേഡിയോയില്‍ കുടിയേറിയിരുന്ന ഗന്ധര്‍വന്‍ ഇതാ എന്റെ ഓഫീസില്‍ തൊട്ടുമുന്നില്‍ എന്ന് അന്തംവിട്ടന്തംവിട്ട് അന്തം അവസാനിച്ചു. നിശ്ശബ്ദരായിരുന്നെങ്കിലും എല്ലാവരും ഏശ്വാസേശ്വാസേശ്വാസെന്ന് ഉള്ളില്‍ മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു.

ഒറ്റയ്ക്കുചെന്നു പരിചയപ്പെടാന്‍ ത്രാണി കിട്ടിയില്ല. മറിച്ച്് ഞാനിവിടെ ഉണ്ടായിട്ട് എന്നെയൊന്നു കണ്ടഭാവം നടിച്ചില്ലല്ലോ എന്ന് കുണ്ഠിതം തോന്നി. എന്നെ കണ്ടപാടെ അനിയാ എന്നു വിളിച്ച് ആശ്‌ളേഷിക്കാഞ്ഞത് ഒട്ടും ശരിയായില്ല! നാല്പതുകൊല്ലത്തെ ഹൃദയബന്ധം, അതിത്ര പെട്ടെന്ന് പുള്ളി മറന്നോ എന്ന് അസ്സലാണെന്നു തോന്നിക്കുന്ന ഒരു വ്യാജഖേദം വന്നു നിറഞ്ഞു. അദ്ദേഹം കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അദ്ദേഹത്തിന്റെ കോടിക്കണക്കിന് ആരാധകരില്‍ ഒരാള്‍ മാത്രമാണ് ഞാനെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ നടുങ്ങി ഉണര്‍ന്നു. അങ്ങനെയുള്ള എന്നെ കൊണ്ടുപോയി കളയാന്‍ ഒരിടം കാണാതെ ഞാന്‍ വിഷമിച്ചു നില്‍ക്കേ അദ്ദേഹം മടങ്ങിപ്പോയി.

കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഓഫീസ് വിട്ടിറങ്ങിയപ്പോള്‍ അവിചാരിതമായി കിട്ടിയ മഴയില്ലാവൈകുന്നേരത്തില്‍ ഞാനൊറ്റയ്ക്ക് കോഴിക്കോട്ടെ ടാഗോര്‍ ഹാളിലേക്ക് നടന്നു. ഒരു ടിവിചാനലിന്റെ സംഗീതപരിപാടിയുടെ സമാപനച്ചടങ്ങില്‍ സംബന്ധിക്കാന്‍ യേശുദാസ് നഗരത്തില്‍ വരുന്നു എന്ന് അന്നത്തെ പത്രത്തില്‍ വായിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ എന്നതിനേക്കാള്‍ അദ്ദേഹത്തെ കാണാന്‍ തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തെ കാണുക എന്നതായിരുന്നു ലക്ഷ്യം. പ്രധാനകവാടം മുതലേ തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടം കണ്ടപ്പോള്‍ സന്തോഷത്തോടെ കുറച്ചുനേരം നോക്കി നിന്നു. ഗെയിറ്റിനകത്ത് കടന്നതോടെ എനിക്കുതന്നെ എന്നെ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ഞെരുങ്ങാന്‍ തുടങ്ങി. അപ്പോള്‍ ഒരാള്‍ പിന്നില്‍നിന്ന് പുറത്തുതട്ടി എന്നെ വിളിച്ചു. മുന്‍മന്ത്രി ശ്രീ എം. എ. ബേബി ആരോടും ആദരംപുലര്‍ത്തുന്ന കണ്ണും ചിരിയുമായി എന്നെ ചേര്‍ത്തുപിടിച്ചു:'ഈ തിരക്കില്‍ നിന്നാല്‍ രക്ഷയില്ല. എന്നോടൊപ്പം വാ!'
ഞാനെഴുതിയതെല്ലാം വായിച്ചിട്ടുള്ള ഒരാളോടൊപ്പമാകുമ്പോള്‍ ഏതു തിരക്കിലും അല്പം സ്വാസ്ഥ്യം തോന്നും. പക്ഷേ ഹാളിനുള്ളിലേക്കു കടന്നപ്പോള്‍ അതു പരിഭ്രമമായി. അദ്ദേഹം എന്നേയും പിടിച്ച് നേരേ സദസ്സിനുമുന്‍നിരയിലിരിക്കുന്ന യേശുദാസിന്റെ അടുത്തേക്കാണ് നടക്കുന്നത്!

ഞാനങ്ങനെ അധികം പേരുടെ മുന്നില്‍ വിനയാന്വിതനായിട്ടില്ല. എന്നാല്‍ യേശുദാസിനുമുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ശരിക്കും അങ്ങനെ ആകേണ്ടിയിരിക്കുന്നു!
സ്​പീക്കര്‍ ശ്രീ. ജി. കാര്‍ത്തികേയനും യേശുദാസിന്റെ അടുത്തുണ്ട്. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് സാംസ്‌ക്കാരികവകുപ്പുമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹമാണ് എനിക്ക് അക്കാദമി അവാര്‍ഡ് സമ്മാനിച്ചത്. ശ്രീ എം.എ ബേബിയും സ്​പീക്കറും ചേര്‍ന്ന് ഇടത്തുംവലത്തുംനിന്ന് സ്‌നേഹം സൃഷ്ടിച്ച അതിശയോക്തികളോടെ എന്നെ യേശുദാസിന് പരിചയപ്പെടുത്തി. അദ്ദേഹം എന്റെ പേര് കേട്ടിട്ടേയില്ലായിരുന്നു. എങ്കിലും അദ്ദേഹം എഴുന്നേറ്റുനിന്ന് കൈതന്നു.

ഒന്നും മിണ്ടാന്‍ പറ്റിയില്ല. നാല്പതുവര്‍ഷം പഴക്കമുള്ള ഒരാത്മാവുകൊണ്ട് ഏറ്റവും ചെറുതെങ്കിലും ഏറ്റവും കനമുള്ള ആ വാക്ക് ഞാന്‍ മനസ്സില്‍ പറഞ്ഞു: നന്ദി!
രാത്രി മഴ ഒഴിഞ്ഞുനിന്നു. അന്ന് പൗര്‍ണമിയായിരുന്നു. മുറുകിനില്‍ക്കുന്ന ഒരു ഉടുക്കിന്റെ വലംതല പോലെ പൂര്‍ണചന്ദ്രന്‍. അതില്‍ തല ഗര്‍ഭസ്ഥ ശിശുവിന്റെ നിഴല്‍ച്ചിത്രം.
ജീവിച്ചിരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് മനസ്സിന്റെ ആകാശത്തുനിന്ന് വീണ്ടും ആ ഗാനം മുഴങ്ങാന്‍ തുടങ്ങി:
നിന്റെ പര്‍ണശാലയ്ക്കരികില്‍
നില്പൂ ഗന്ധര്‍വപൗര്‍ണമി!

(ദാസ് ക്യാപ്പിറ്റല്‍ എന്ന പുസ്തകത്തില്‍ നിന്ന്)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment