Friday 24 February 2012

[www.keralites.net] അപ്പനു പിറന്നാല്‍ ഇപ്പടിതാന്‍ ഇരിക്കണം....

 

അന്താരാഷ്ട്ര സിനിമാ ഉത്സവത്തില്‍ നെറികേടുകളുടെ തിടമ്പേറ്റി ഉറഞ്ഞാടിയപ്പോള്‍ തിരുവനന്തപുരത്തുകാര്‍ ഗണേശന്‍ മന്ത്രിയെ നോക്കി പറഞ്ഞത്, "കൊള്ളാം- പാരമ്പര്യമുള്ളവന്‍" എന്നത്രേ. അപ്പനു പിറന്നാല്‍ അപ്പടിയിരിക്കണമെന്ന ചൊല്ല് ഗണേശന്റെ കാര്യത്തില്‍ അച്ചട്ടാണെന്ന്, വി എസിനെതിരെ വൃത്തികെട്ട ഭാഷ ഉപയോഗിച്ചപ്പോള്‍ കേരളവും ഒന്നടങ്കം മനസ്സിലാക്കി. സുന്ദരമായ നാവു ചുഴറ്റി സൗരഭമുള്ള വാചകമിടുക്കു കൊണ്ട് ചാനല്‍ ദൃശ്യങ്ങളിലും പത്രത്തലക്കെട്ടുകളിലും ഗണേശമന്ത്രി നിത്യസാന്നിധ്യമായപ്പോള്‍ ജനം സംശയലേശമെന്യേ പറഞ്ഞു- അപ്പനു പിറന്നാല്‍ ഇപ്പടിതാന്‍ ഇരിക്കണം.
മാണിസാര്‍ അധ്വാന വര്‍ഗസിദ്ധാതം രചിച്ചതുപോലെ ഉഗ്രന്‍ മറ്റൊന്ന്. ഗണേശന്‍ പിള്ളയുടെ സ്വന്തം പിള്ള തന്നെയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമൊന്നുമില്ല. പക്ഷേ, പിള്ള തീര്‍ത്തു പറയുന്നത് കാര്യങ്ങള്‍ അങ്ങനയല്ല എന്ന്! ഈ ആശയക്കുഴപ്പത്തിനു മുന്നില്‍ സാക്ഷാല്‍ കുഞ്ചന്‍നമ്പ്യാര്‍ക്കുപോലും ഉപമയും ഉല്‍പ്രേക്ഷയും വറ്റിപ്പോകും.
വ്യക്തികേന്ദ്രിതമായ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പാര്‍ടിയുടെയും അലമ്പു മുഴുവന്‍ ഈ അപ്പന്‍ - മകന്‍ പോരില്‍ കാണാം. കേരളാ കോണ്‍ഗ്രസുകള്‍ സ്ഥാപിച്ചതുതന്നെ മക്കള്‍ക്കുവേണ്ടിയാണെന്നാണ് പരിശുദ്ധ പാലാ ബാവാ കരിങ്ങോലക്കോസ് മാണിക്കോസ് പിതാവിന്റെ തിയറി. മാണിയുടെ കേരളാ കോണ്‍ഗ്രസ് മാണിയുടെ മകനാണ്. ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസ് ജേക്കബ്ബിന്റെ മകന് എഴുതിക്കൊടുത്തു കഴിഞ്ഞു. ഇവര്‍ രണ്ടുപേര്‍ക്കും ഇതുവരെ മന്ത്രിയാകാന്‍ കഴിഞ്ഞിട്ടില്ല. പിള്ളയുടെ പിള്ള രണ്ടുവട്ടം മന്ത്രിയായി. ആദ്യത്തെ തവണ പരിശുദ്ധ പിതാവുതന്നെ മകന്റെ മന്ത്രിക്കാലനായി ഉളിയെറിഞ്ഞു. രണ്ടാംതവണ കുറേക്കൂടി കടുത്ത പ്രയോഗത്തിനാണ് നീക്കം. മന്ത്രിക്കുപ്പായം അഴിച്ചുവയ്പിക്കാന്‍ മാത്രമല്ല, വലിയൊരു വീതുളി എറിയാനുള്ള പഴുതുംകൂടി നോക്കി മകന്റെ പുരയ്ക്കു ചുറ്റും മണ്ടിനടക്കുകയാണ് കേരളത്തിന്റെ സ്വന്തം മാടമ്പി.
മറ്റ് കേരള കോണ്‍ഗ്രസില്‍ മക്കത്തായമാണ് നിലനില്‍ക്കുന്നതെങ്കില്‍ പിള്ള കോണ്‍ഗ്രസില്‍ മരുമക്കത്തായമത്രേ. മകനെ ആട്ടിപ്പുറത്താക്കി, മരുമകനെ പാര്‍ടി ജനറല്‍ സെക്രട്ടറി പദമേല്‍പ്പിച്ചിരിക്കുകയാണ് പിള്ളേച്ചന്‍ . വില്‍പ്പത്രത്തില്‍ പാര്‍ടിയും ശരണ്യ ബസുകളും പാര്‍ടിയുടെ ഗുണ്ടകളും മരുമകന്റെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്.
സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദര്‍ സിനിമയില്‍ ഇന്നസെന്റിന്റെ കരണത്ത് ഒരെണ്ണം പൊട്ടിച്ച്, നീ സ്വാമിനാഥനല്ലെങ്കില്‍ തിരിച്ചടിക്കെടായെന്ന് എന്‍ എന്‍ പിള്ള ആക്രോശിക്കുന്ന രംഗമുണ്ട്. അപ്പനെ തിരിച്ചുതല്ലാനാകാത്തതുകൊണ്ട് ഭീമന്‍ രഘുവിന്റെ കരണക്കുറ്റി തീര്‍ത്ത് ഒരെണ്ണം കൊടുത്തിട്ടാണ് വിളിച്ചോണ്ടു പോടാ എന്ന് ഇന്നസെന്റ് പറയുന്നത്. അതുപോലൊരു രംഗം ആര്‍ ബി പിള്ളയും മകന്‍ കെ ബി ജി പിള്ളയും തമ്മിലും അരങ്ങേറി.
മൊത്തം പ്രതീകാത്മകമാണ്. സീന്‍ ഒന്നില്‍ തന്തപ്പിള്ള മുണ്ടും മടക്കിക്കുത്തി മകന്റെ ആപ്പീസിലേക്ക് മാര്‍ച്ച് ചെയ്യുന്നു. ചെന്നു കയറിയപാടെ, മകന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കരണക്കുറ്റിക്ക് കാച്ചുന്നു. മകന്റെ കാറിനിട്ട് ആഞ്ഞുതൊഴിക്കുന്നു. തിരിഞ്ഞുനടക്കുന്നു. അച്ചടിക്ക് വഴങ്ങുന്ന ഡയലോഗ് അല്ലാത്തതിനാല്‍ വായനക്കാര്‍ക്ക് മനോധര്‍മം പോലെ പൂരിപ്പിക്കാം.
മകന്റെ പ്രതികരണവും പ്രതീകാത്മകമായിരുന്നു. അച്ഛന്റെ ബസുകള്‍ അഞ്ചെണ്ണം എറിഞ്ഞുതകര്‍ത്തു. തിരിച്ചൊന്നും ചെയ്യില്ലെന്ന് ഉറപ്പുള്ളവര്‍ക്കുമേല്‍ അരിശം തീര്‍ക്കുന്നതില്‍ അച്ഛനും മകനും ഒറ്റക്കെട്ട്. മകന്റെ ലോറിക്ക് ചെകുത്താന്‍ എന്നു പേരെഴുതുന്ന "സ്ഫടിക"ത്തിലെ ചാക്കോ മാഷിനെയും അപ്പന്റെ കുപ്പായത്തിന്റെ കൈവെട്ടി പകരം വീട്ടുന്ന ആടുതോമയെയും ഓര്‍ക്കാം. സിനിമാനടനല്ലേ മന്ത്രി. ആക്ഷനിലും റിയാക്ഷനിലും സിനിമാ സ്റ്റൈല്‍ മസ്റ്റ്.
അഴിമതിക്കേസില്‍ അകത്തുകിടന്ന പിതാവിനെ വഴിവിട്ട മാര്‍ഗത്തില്‍ പുറത്തിറക്കാന്‍ ഈ മകന്‍പെട്ട പാട് നാട്ടുകാര്‍ മറന്നിട്ടില്ല. ഈ പിതാവിനു വേണ്ടിയാണ് വൃത്തികെട്ട ഭാഷയില്‍ എതിരാളികളെ ആക്ഷേപിച്ചത്; വേണ്ടാതീനം പുലമ്പിയത്; കാമാസക്തി പ്രയോഗം തൊടുത്തത്. അതിനൊക്കെയുള്ള കൂലി സ്വന്തം പിതാശ്രീയില്‍ നിന്നുതന്നെ മകന്‍ വാങ്ങുന്നു. നന്ദിയില്ലാത്ത അച്ഛന്‍ എന്ന മകന്റെ ശാപവുമായാണ് കൊട്ടാരക്കര കൊമ്പന്റെ ശിഷ്ടജീവിതം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment