Tuesday 24 January 2012

[www.keralites.net] ശാന്തിയിലേക്കുള്ള ദൂരം

 

എത്രയെത്ര തിരക്കുകളിലൂടെയാണ് ഓരോ ദിവസവും നമ്മള്‍ കടന്നുപോകുന്നത്. ഫോണ്‍ വിളികള്‍, ചെറിയ ചെറിയ പിണക്കങ്ങള്‍ പരിഹരിക്കല്‍, നേരത്തേ ബാക്കിവെച്ച ഒരു ജോലി ചെയ്തുതീര്‍ക്കല്‍ ഒപ്പം അന്നന്നത്തെ ജോലികളും. തിരക്കോട് തിരക്കുതന്നെ. എന്നാല്‍ തിരക്കുകളെല്ലാം ഒഴിഞ്ഞ് ഒന്ന് സ്വസ്ഥമായിരിക്കാനാണ് നമ്മളെല്ലാവരും എപ്പോഴും ആഗ്രഹിക്കാറുള്ളത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മനസ്സ് ശാന്തമാക്കാനായി വാരാന്ത്യവും വേനലവധിയും ഒന്നെത്തിയെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവാത്തവരായി ആരുമില്ല. എന്നാല്‍ പൂര്‍ണമായ ശാന്തത, സമാധാനം ഇവ നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെന്ന സത്യം എത്രപേര്‍ക്കറിയാം? അത് നേടാനായി വാരാന്ത്യങ്ങള്‍ക്കായി കാത്തിരിക്കുകയും ടി.വി. ചാനലുകള്‍ ട്യൂണ്‍ ചെയ്യുകയും വേണ്ട. അതിനുള്ള ചില വഴികള്‍.

1. ധ്യാനിക്കുക
മനസ്സിന്റെ സന്തോഷവും അസ്വസ്ഥതയും എല്ലാം നമ്മുടെ ചിന്തകളെ ആശ്രയിച്ചിരിക്കുന്നു. ചിന്തകളെ നിയന്ത്രിച്ചാല്‍ മനസ്സിനെയും നിയന്ത്രിക്കാം.മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകളെ പൂര്‍ണമായും ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ എത്തരത്തിലുള്ള ചിന്തകളെ മനസ്സിലേക്ക് കടത്തിവിടണം, ഏതിനെയൊക്കെ പിന്തള്ളണം എന്ന് തീരുമാനിക്കാനുള്ള ശേഷി തീര്‍ച്ചയായും നമുക്കുണ്ട്. ശുഭചിന്തകളിലൂടെ മനസ്സിനെ ശാന്തമാക്കാം. ഇതിനുള്ള ഏറ്റവും എളുപ്പവഴിയാണ് 'ധ്യാനം'. ദിവസേന 20 മിനിറ്റ് ധ്യാനിക്കുന്നതിലൂടെ വികാരങ്ങളെ നിയന്ത്രിച്ച് മനസ്സിനെ ശാന്തമാക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

2. പ്രപഞ്ചവുമായി സംവദിക്കുക
അദൃശ്യമായ ഒരു ശക്തി ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വിഷമങ്ങള്‍ അകറ്റാനൊരു വഴി ഞാന്‍ പറഞ്ഞുതരാം.എന്തെങ്കിലും പ്രശ്‌നം നിങ്ങളെ അലട്ടാന്‍ തുടങ്ങുമ്പോള്‍ ഒരു കടലാസെടുക്കുക. അതില്‍ നിങ്ങളെ അലട്ടുന്ന പ്രശ്‌നത്തെപ്പറ്റി എഴുതുക. അതേ കടലാസ് നാലായി മടക്കി പ്രപഞ്ചം എന്നെഴുതിയ ഒരു ചെറിയ പെട്ടിയില്‍ ഇടുക. പെട്ടിയില്‍ ആ കടലാസ് വീഴുന്നതോടെ പ്രശ്‌നം നിങ്ങളുടേതല്ലാതെയാകുന്നു. അദൃശ്യമായി നിലകൊള്ളുന്ന ഒരു നിഗൂഢ ശക്തി ആ 'പ്രശ്‌നവും' പരിഹരിക്കുമെന്ന് തീവ്രമായി വിശ്വസിക്കുക.

3. ഭാവിയെപ്പറ്റിയുള്ള അമിതചിന്തകള്‍ ഒഴിവാക്കുക
'നാളെ എന്തു സംഭവിക്കും' എന്ന പേടിയോടെയാണ് പലരും ദിവസങ്ങള്‍ തള്ളിനീക്കുന്നത്. നല്ല 'നാളെ'കള്‍ക്ക് വേണ്ടി നമ്മള്‍ ശക്തമായ ആസൂത്രണം ചെയ്യുകയും തീവ്രമായി പ്രയത്‌നിക്കുകയും ചെയ്യും. ഇത്തരത്തില്‍ നാളെകളെപ്പറ്റി അമിതമായി ചിന്തിച്ച് കടന്നുപോകുന്ന നിമിഷങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ മറക്കുന്നവരാണ് നമ്മളെല്ലാവരും. നാളെയെപ്പറ്റിയുള്ള ചിന്തകള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍ കടന്നുപോകുന്ന നിമിഷങ്ങള്‍ വിലപ്പെട്ടതാണെന്ന ഓര്‍മ കൂടെയുണ്ടായിരിക്കണം എന്നുമാത്രം.

4. ആഗ്രഹങ്ങള്‍ കുറയ്ക്കുക
ആഗ്രഹങ്ങളില്ലാതെ എന്ത് ജീവിതം? എന്നാല്‍ അമിതമായ ആഗ്രഹങ്ങള്‍ വിഷമങ്ങളിലേക്കുള്ള വഴിയാണ്. ഒരുപാട് സമ്പാദിക്കണം, അത് സ്വന്തമാക്കണം, ഇത് സ്വന്തമാക്കണം... അങ്ങനെ എത്രയെത്ര ആഗ്രഹങ്ങള്‍. ജീവിതത്തില്‍ ഇതെല്ലാം നേടി ഒരു സമ്പന്നന്റെ അസ്ഥികൂടമായി മണ്ണിലടിഞ്ഞിട്ട് എന്ത് നേടാനാ.... ഒരു പുതിയ ബ്രാന്‍ഡ് ബി.എം.ഡബ്ല്യുവും 42 ഇഞ്ച് പ്ലാസ്മാ ടി.വി.യും ഇല്ലെങ്കിലും നിങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ അത് സ്വന്തമാക്കണമെന്ന് വെറുതെ എന്തിനാഗ്രഹിക്കുന്നു?

5. ആവശ്യമില്ലാത്ത ഭാരങ്ങള്‍ ഒഴിവാക്കുക
നിങ്ങളുടെ സഹായം ആവശ്യമുള്ള ഒരു വ്യക്തിയെ സഹായിക്കുന്നതിലോ, ആരോടെങ്കിലും അനുകമ്പ തോന്നുന്നതിലോ തെറ്റൊന്നുമില്ല.
എന്നാല്‍ മറ്റുള്ളവരുടെ ഭാഗ്യക്കേടിനെപ്പറ്റി അമിതമായി ചിന്തിച്ച് സ്വന്തം സമാധാനം കളയുന്ന ചിലരുണ്ട്. സഹപ്രവര്‍ത്തകരുടെയും പഴയ പരിചയക്കാരുടെയും പ്രശ്‌നങ്ങള്‍ മുതല്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടേക്കാവുന്ന മത്സരാര്‍ഥിയുടെ ദുഃഖവും എന്നുവേണ്ട ഈ സംഘര്‍ഷങ്ങളെല്ലാം സ്വന്തമാക്കി ജീവിക്കാന്‍ മറക്കുന്ന ചിലര്‍. ഒന്നു ചിന്തിക്കൂ...അവരുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ വിചാരിച്ചാല്‍ തീരുന്നവയാണോ? നിങ്ങള്‍ക്കവരെ സഹായിക്കാന്‍ കഴിയുമോ? ഇല്ല എന്നാണുത്തരമെങ്കില്‍ ഒരെളുപ്പവഴിയുണ്ട്. ആ വ്യക്തിക്കുവേണ്ടി പ്രാര്‍ഥിക്കുക. എന്നിട്ടും നിങ്ങളുടെ വിഷമം മാറിയില്ലെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ 'പ്രപഞ്ചം' എന്നെഴുതിയ പെട്ടിയില്‍ ആ 'വിഷയം' നിക്ഷേപിക്കുക.

6. സ്വയം ക്ഷമിക്കുക
എല്ലാവരുടെയും ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്നതായി ചിലതുണ്ട്. ഒരവസരംകൂടി കിട്ടിയിരുന്നെങ്കില്‍ ആ തെറ്റ് ഒഴിവാക്കി ജീവിതം പുനരാരംഭിക്കാമായിരുന്നെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങളും ഉണ്ടാകാറുണ്ട്. ചെയ്തുപോയ തെറ്റിനെപ്പറ്റിയുള്ള കുറ്റബോധത്താല്‍ വീണ്ടും വീണ്ടും മനസ്സിനെ അലട്ടുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നതിലൂടെ മനസ്സ് അസ്വസ്ഥമാകുന്നുവെന്നല്ലാതെ മറ്റൊരു ഫലവും ഉണ്ടാവുകയും ഇല്ല. ചെയ്തുപോയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക, സ്വയം ക്ഷമിക്കുക ഇതുമാത്രമാണ് രക്ഷ.

7. ജീവിതത്തെ തുറന്ന പുസ്തകമാക്കുക
അനാരോഗ്യപരമായ നിരൂപണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങള്‍ എന്താണോ അത് നിങ്ങളുടെ പ്രവൃത്തിയിലും വാക്കുകളിലും നിഴലിക്കട്ടെ. മുഖംമൂടികള്‍ ഒഴിവാക്കുക.

8. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുക
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്കോരോ ലക്ഷ്യങ്ങള്‍ കാണും. പലപ്പോഴും ഒന്നിലേക്കെത്താനുള്ള വഴി പകുതി പിന്നിടുമ്പോഴേക്കും നമ്മുടെ ശ്രദ്ധ മറ്റൊന്നിലേക്കായിട്ടുണ്ടാവും. ഇത്തരത്തില്‍ അപൂര്‍ണമായി അവസാനിച്ച ലക്ഷ്യങ്ങള്‍ എപ്പോഴും നമ്മെ അലട്ടിക്കൊണ്ടിരിക്കും. അവ പൂര്‍ത്തിയാക്കുക, അതിലൂടെ മനസ്സിനെ സ്വസ്ഥമാക്കുക.

9. അലസത ഒഴിവാക്കുക
കടല്‍ത്തീരത്ത് കടല്‍പ്പക്ഷികളുടെ പാട്ടുകേട്ട് അലസമായി കുറച്ചുസമയം ചെലവിടാന്‍ ഇടയ്‌ക്കൊക്കെ നമ്മള്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അലസത അര്‍ഥപൂര്‍ണമായ ജീവിതത്തിലേക്കുള്ള തടസമാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന ഉന്മേഷം നിറഞ്ഞ ജീവിതം നയിക്കുക. മനസ്സിന്റെ സന്തോഷം അതിലൂടെ നേടുക.

കടപ്പാട്: മാതൃഭൂമി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment