Tuesday, 24 January 2012

[www.keralites.net] യേശുക്രിസ്തു ആരാണ്‌?

 

ചോദ്യം: യേശുക്രിസ്തു ആരാണ്‌?

ഉത്തരം:
യേശുക്രിസ്തു ആരാണ്‌? "ദൈവം ഉണ്ടോ" എന്ന് അനേകര്‍ ചോദിക്കുന്നതുപോലെ "യേശുക്രിസ്തു ജീവിച്ചിട്ടുണ്ടോ" എന്ന് സാധാരണ ആളുകള്‍ ചോദിക്കാറില്ല. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യേശുക്രിസ്തു ജീവിച്ചിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌. എന്നാല്‍ വിവാദം ആരംഭിക്കുന്നത്‌ തന്റെ ആളത്വത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുബോഴാണ്‌. യേശുക്രിസ്തു ഒരു നല്ല മതഗുരു ആയിരുന്നു, താന്‍ ഒരു പ്രവാചകന്‍ ആയിരുന്നു, ഒരു നല്ല മനുഷസ്നേഹി ആയിരുന്നു എന്നൊക്കെ മിക്കവരും സമ്മതിക്കും. എന്നാല്‍ വേദപുസ്തകം തന്നേപ്പറ്റി പറഞ്ഞിരിക്കുന്നത്‌ അതില്‍ നിന്നൊക്കെ വളരെ വിഭിന്നമായ കാര്യങ്ങളാണ്‌.

സി.എസ്സ്‌. ലൂയിസ്‌ എന്ന എഴുത്തുകാരന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "യേശുക്രിസ്തുവിനെപ്പറ്റി സാധാരണ ആളുകള്‍ പറയാറുള്ള അബദ്ധജഡിലമായ കാര്യം ആരെങ്കിലും ഇനിയും പറയുന്നതിനെ തടയുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌. 'യേശുവിനെ ഒരു വലിയ ഗുരുവായി സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്‌; എന്നാല്‍ താന്‍ പറയുന്നതു പോലെ ദൈവമാണെന്ന് ഞാന്‍ സമ്മതിക്കുന്നില്ല' ഇങ്ങനെ ആരും ഒരിക്കലും പറയുവാന്‍ പാടില്ലാത്തതാണ്‌. വെറും സാധാരണ മനുഷനായിരുന്നിട്ട്‌ യേശു പറഞ്ഞ വാക്കുകള്‍ ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഒരിക്കലും ഒരു ശ്രേഷ്ട ഗുരുവായി അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെയുള്ള ആള്‍ ഭ്രാന്തന്‍മാരില്‍ അഗ്രഗണ്യനോ അല്ലെങ്കില്‍ സാക്ഷാല്‍ നരകത്തിലെ പിശാചോ ആയിരിക്കുവാനേ വഴിയുള്ളൂ. നിങ്ങള്‍ തന്നെയാണ്‌ തീരുമാനിക്കേണ്ടത്‌. ഒന്നുകില്‍ താന്‍ അവകാശപ്പെട്ടതുപോലെ താന്‍ സാക്ഷാല്‍ ദൈവപുത്രനായിരുന്നു; അല്ലെങ്കില്‍ അവന്‍ ചതിയന്‍മാരില്‍ ചതിയനായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ അവനെ ഒരു ഭോഷന്‍ എന്ന് കരുതി പുറം തള്ളിക്കളയാം, പിശാചെന്ന് കരുതി അവന്റെ മുഖത്ത്‌ തുപ്പാം; അല്ലെങ്കില്‍ താന്‍ പറഞ്ഞതു പോലെ താന്‍ ദൈവവും കര്‍ത്താവുമാണെന്ന് മനസ്സിലാക്കി തന്റെ പാദത്തില്‍ വീണ്‌ നമസ്കരിക്കാം. ഈ രണ്ടു തീരുമാനങ്ങളുടെ നടുവില്‍ താന്‍ നല്ല ഒരു ഗുരുവായിരുന്നു, പ്രവാചകനായിരുന്നു എന്നൊന്നും പറയുവാന്‍ അവിടെ ഇടമില്ല; താന്‍ അത്‌ അനുവദിക്കുന്നുമില്ല"

വാസ്തവത്തില്‍ യേശു ആരാണെന്നാണ്‌ താന്‍ അവകാശപ്പെട്ടത്‌? താന്‍ ആരാണെന്നാണ്‌ ബൈബിള്‍ പറയുന്നത്‌? ആദ്യമായി താന്‍ തന്നേ പറഞ്ഞ വാക്കുകളെ നമുക്കു ശ്രദ്ധിക്കാം. യോഹ.10:30 ല്‍ താന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഞാനും പിതാവും ഒന്നായിരിക്കുന്നു". താന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക: "യെഹൂദന്‍മാര്‍ അവനോട്‌: ... ദൈവ ദൂഷണം നിമിത്തവും നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ എന്നു പറഞ്ഞു" (യോഹ.10:33). തന്റെ വാക്കുകള്‍ കൊണ്ട്‌ താന്‍ ദൈവമാണെന്ന് അവകാശപ്പെടുകയാണെന്ന കാര്യം യെഹൂദന്‍മാര്‍ മനസ്സിലാക്കി. പിന്നീടുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് യേശു പറയുന്നില്ലെന്നു മാത്രമല്ല താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍കുകയും ചെയ്തു. താന്‍ വാസ്തവത്തില്‍ ദൈവമാണ്‌ എന്നുതന്നെ യേശു അവകാശപ്പെട്ടു. യോഹ.8:58 ആണ്‌ വേറൊരു ഉദ്ദാഹരണം. "യേശു അവരോട്‌: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിനു മുബെ ഞാന്‍ ഉണ്ട്‌" ഇതു കേട്ടപ്പോള്‍ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തു എന്ന് വായിക്കുന്നു (യോഹ.8:59). "ഞാന്‍ ആകുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍, പഴയനിയമത്തിലെ ദൈവനാമം തനിക്കായി താന്‍ അവകാശപ്പെടുകയായിരുന്നു(പുറ.3:14). അതുകൊണ്ടാണ്‌ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തത്‌.

'യോഹ. 1:1 "വചനം ദൈവമായിരുന്നു" എന്ന് പറയുന്നു. യോഹ.1:14 "വചനം ജഡമായിത്തീര്‍ന്നു" എന്നും വായിക്കുന്നു. യേശുക്രിസ്തു ജഡമായിത്തീര്‍ന്ന ദൈവമാണെന്ന് ഈ വാക്യങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാം. തന്റെ ശിഷ്യനായിരുന്ന തോമസ്സ്‌ അവനോട്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). അപ്പൊസ്തലനായ പൌലോസ്‌ അവനെ "മഹാദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തു" എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌..." (എബ്രാ.1:8). ക്രിസ്തുവിനെപ്പറ്റിയുള്ള പഴയനിയമ പ്രവചനത്തില്‍ അവന്‍ ദൈവമാണെന്ന് വായിക്കുന്നു: "നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക്‌ ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്‌ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്‌, സമാധാന പ്രഭു എന്ന് പേര്‍ വിളിക്കപ്പെടും" (യേശ.9:6)എന്ന് വായിക്കുന്നു.

അതുകൊണ്ടാണ്‌ സി.എസ്സ്‌. ലൂയിസ്സ്‌ പറഞ്ഞത്‌: യേശു ദൈവമാണെന്ന് വേദപുസ്തകം ഇത്ര തെളിവായി പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, യേശുവിനെ ഒരു നല്ല ഗുരുവായി മാത്രം കാണുവാന്‍ നമുക്ക്‌ അവകാശമില്ല. അവന്‍ ദൈവമല്ലെങ്കില്‍ താന്‍ പറഞ്ഞതെല്ലാം ഭോഷ്കാണ്‌. ഭോഷ്കു പറയുന്ന ഒരാള്‍ ഒരിക്കലും ഒരു നല്ല ഗുരുവോ പ്രവാചകനോ ആയിരിക്കുവാന്‍ തരമില്ല. യേശുവിനെ ദൈവമായി സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഇന്നത്തെ 'ഗവേഷകന്‍മാര്‍' ചരിത്ര പുരുഷനായിരുന്ന യേശു ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു. യേശുവിന്റെ സന്തത സഹചാരികളായിരുന്ന തന്റെ ശിഷ്യന്‍മാരേക്കാളധികം ഇന്നത്തെ 'ഗവേഷകന്‍മാര്‍'ക്ക്‌ യേശുവിനേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ അറിയാനൊക്കും (യോഹ.14:26)?

ഈ ചോദ്യത്തിന്‌ ഇത്ര പ്രസക്തി എന്താണ്‌? യേശു വാസ്തവത്തില്‍ ദൈവമായിരുന്നുവോ എന്നത്‌ അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യമാണോ? താന്‍ വെറുമൊരു മനുഷന്‍ മാത്രമായിരുന്നെങ്കില്‍ തന്റെ മരണം മാനവരാശിയുടെ പാപപരിഹാരത്തിന്‌ മതിയാകുമായിരുന്നില്ല (1യോഹ. 2:2). ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ (റോമ.5:8; 2കൊരി.5:21). കടം കൊടുക്കുവാന്‍ പ്രാപ്തനാകേണ്ടതിന്‌ താന്‍ ദൈവമായിരിക്കണം; മരിക്കേണ്ടതിന്‌ താന്‍ മനുഷനായിരിക്കണം. ഈ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ്‌ മാനവരാശിയുടെ രക്ഷ! യേശു ദൈവമായതിനാലാണ്‌ താന്‍ മാത്രമാണ്‌ ഏകരക്ഷാമാര്‍ഗ്ഗം എന്ന് പറയുന്നത്‌. താന്‍ ദൈവമായതിനാലാണ്‌ "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" എന്നു പറഞ്ഞത്‌ (യോഹ.14:6).


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment