ഉപ്പുതറ: റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ഇടുക്കി ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും മുല്ലപ്പെരിയാര്‍ സംയുക്‌ത സമരസമിതി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായി ദുരൂഹത നിറഞ്ഞ നിലപാടെടുത്തു ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണു മന്ത്രിയുടേതെന്ന് ഇന്നലെ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ രാഷ്‌ട്രീയ, സാമുദായിക, സാമൂഹിക സംഘടനകളുടെ സംയുക്‌ത യോഗം കുറ്റപ്പെടുത്തി. ഈ യോഗത്തിലാണു മന്ത്രിയെ ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനമെടുത്തത്. നിരുത്തരവാദപരമായ നിലപാടു സ്വീകരിക്കുന്ന മുഖ്യമന്ത്രിയേയും ബഹിഷ്‌കരിക്കുവാന്‍ ചപ്പാത്തില്‍ ചേര്‍ന്ന സംസ്‌ഥാനത്തെ മുഴുവന്‍ മുല്ലപ്പെരിയാര്‍ സമര സംഘടനകളുടെയും സംയുക്‌ത സമിതി തീരുമാനിച്ചു. മുഖ്യമന്ത്രിമാരെ വിളിച്ചു ചേര്‍ത്ത് ജനുവരി പതിനഞ്ചിനകം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് അടുക്കുന്ന സമയമായതിനാല്‍ ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തിപ്പെടുത്തുമെന്നും യോഗം അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തികഞ്ഞ അലംഭാവം കാട്ടുന്ന കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു ജനങ്ങളോടു വിവേചനപരമായ സമീപനമാണ്. സമരം ശക്‌തമാക്കുന്നതിനുള്ള എല്ലാ ചുമതലയും സംയുക്‌ത സമിതി സമരസമിതിയെ ഏല്‍പിച്ചു. സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേലിനെതിരേ മന്ത്രി തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ നടത്തിയ ആരോപണത്തെ യോഗം അപലപിച്ചു. യോഗത്തില്‍ സമരസമിതി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു പുറമെ വിവിധ ക്രൈസ്‌തവ വൈദികരും മുസ്ലിം, എസ്.എന്‍.ഡി.പി., എന്‍.എസ്.എസ്. നേതാക്കളും പങ്കെടുത്തു. |
No comments:
Post a Comment