ഇതൊരു തീപ്പൂവിന്‍ കഥ
നിങ്ങള്‍ സ്ത്രീധനം വാങ്ങിയാണ് കല്യാണം കഴിച്ചതെങ്കില്‍ സംസാരിക്കാന്‍ എനിക്കു സമയമില്ല, അത്തരക്കാരോട് മുഷിയാതെ സംസാരിക്കാന്‍ എനിക്കറിയുകയുമില്ല' പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ വാര്‍ത്തകള്‍ക്കുവേണ്ടിയും കാമ്പയിനുകളുടെ ആവശ്യാര്‍ഥവും പലരോടും അഭിമുഖത്തിന് സമയം ചോദിച്ചിട്ടുണ്ട്.അവരിലൊരാളും വെക്കാത്ത ഉപാധിയാണ് ഷാജഹാന്‍ ആപ്പ എന്ന അറുപത്തിയേഴുകാരി മുന്നോട്ടുവെച്ചത്.
സ്ത്രീധനം വാങ്ങുകപോയിട്ട് കല്യാണംപോലും കഴിച്ചിട്ടില്ളെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ സ്ത്രീധനം വാങ്ങരുത് എന്നായി കണ്ടീഷന്‍. സമ്മതംപറഞ്ഞതും മുറുക്കാന്‍ ചുവപ്പു ചുറ്റിയ പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ച് എഴുന്നേറ്റുവന്ന് മനസ്സിനു ചേരുന്ന നല്ലകൂട്ടുകാരിയെ കിട്ടട്ടെ എന്ന് തലയില്‍ കൈവെച്ച് പ്രാര്‍ഥിച്ചു ആപ്പ. അഭിമുഖത്തിന് അനുമതി കിട്ടിയ സന്തോഷത്തില്‍ മാത്രമല്ല ശരിക്കും തോന്നിയതുകൂടി കൊണ്ടാണ് ആപ്പയുടെ അതേ മുഖച്ഛായയും ചിരിയുമായിരുന്നു ഞങ്ങളുടെ ബെല്ലുമ്മാക്കുമെന്ന് പറഞ്ഞത്.
അതിനു മറുപടി
'ജീവിതം പുഞ്ചിരിക്കാനുള്ളതാണ്
ചിരിക്കാന്‍മറന്ന നിമിഷങ്ങള്‍ മുഴുവന്‍ ജീവിതത്തിലെ നഷ്ടങ്ങളാണ് '
എന്നര്‍ഥം വരുന്ന രണ്ടുവരി കവിത... പിന്നെയും പൂവിടരുംചന്തത്തില്‍ പുഞ്ചിരി.
'പക്ഷേ, ഈ ചിത്രത്തില്‍ ആപ്പ ചിരിക്കുന്നില്ലല്ളോ, ചിരി എന്തെന്നുപോലും അറിയാത്ത മുഖംപോലെ...?'ദല്‍ഹിയിലെ ഒരു സ്ത്രീപക്ഷ പ്രവര്‍ത്തകയില്‍നിന്ന് സംഘടിപ്പിച്ച, ചെറുപ്പക്കാരിയായ ആപ്പയുടെ ചിത്രംകാണിച്ച് ചോദിച്ചു. ചിത്രം വാങ്ങി ഏറെനേരം അതില്‍ത്തന്നെ നോക്കിയിരുന്നു ആപ്പ.
'അതെ ഞാന്‍ ചിരിക്കുന്നില്ല, ദല്‍ഹി ബോട്ട്ക്ളബില്‍ ധര്‍ണയിരിക്കാന്‍ പോയപ്പോഴുള്ള പടമാണിത്. അക്കാലങ്ങളില്‍ ചിരിക്കായി നീക്കിവെക്കാന്‍ എനിക്കു തെല്ലിട പോലുമില്ലായിരുന്നു'.
പതിറ്റാണ്ടുകളുടെ പോരാട്ടത്താല്‍ നൂറുനൂറു ചുണ്ടുകളില്‍ പുഞ്ചിരി വിരിയിച്ച, ഒട്ടനവധി കുടുംബങ്ങള്‍ക്ക് ശ്വാസം വീണ്ടെടുത്തുനല്‍കിയ ആപ്പയുടെ ജീവിതത്തില്‍ ചിരിക്കാനും ശ്വാസംകഴിക്കാന്‍ പോലും കഴിയാതെപോയ വര്‍ഷങ്ങളുണ്ട്. എങ്ങനെ ചോദിച്ചുതുടങ്ങുമെന്ന ആശങ്ക വായിച്ചെന്നവണ്ണം ആപ്പ അക്കാലം പറഞ്ഞുതുടങ്ങി. ദല്‍ഹി നഗര പ്രാന്തമായ നാംഗ്ളോയിയിലെ തയ്യല്‍ക്കാരി ഷാജഹാന്‍ നാടറിയുന്ന ഷാജഹാന്‍ ആപ്പയായി മാറിയ സമരചരിത്രം.
കഥയിലെ പെണ്‍കുട്ടി
എന്‍െറ മകളായിരുന്നു
ശ്രദ്ധിച്ചിട്ടുണ്ടോ, ഏതു നാട്ടിലും ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന കാര്യം പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയുള്ള വര്‍ത്തമാനങ്ങളാണ്. നമുക്കത് സീരിയലുകളിലെ കഥയാണ്, ഉച്ചപ്പത്രത്തിലെ വാര്‍ത്തയാണ്. ബസാറില്‍ നടക്കുമ്പോള്‍ നേരമ്പോക്കിനുള്ള വര്‍ത്തമാനമാണ്. ഞാനും കേട്ടു, ഓരോരോ പെണ്‍കുട്ടികളെക്കുറിച്ച് പലരും പറയുന്ന സങ്കടത്തിന്‍െറയും സന്തോഷത്തിന്‍െറയും കഥകള്‍. വീടുപുലര്‍ത്താന്‍ പിടിപ്പത് പണികളും ഒമ്പതു മക്കളുമുള്ളതിനാല്‍ കഥകേള്‍ക്കുന്നതല്ലാതെ അതേക്കുറിച്ച് ആലോചിക്കാനോ പ്രതികരിക്കാനോ നേരമില്ലായിരുന്നു.
ഭര്‍ത്താവില്‍നിന്ന് പിന്തുണയോ സ്നേഹമോ ലഭിക്കാഞ്ഞതിനാല്‍ മക്കളുടെ സകലകാര്യങ്ങളും നോക്കി നടത്തണം. പ്രായം തികഞ്ഞപ്പോള്‍ മൂത്തമകള്‍ നൂര്‍ജഹാന്‍െറ കല്യാണം നടത്തിയതും ഞാന്‍തന്നെ. ഫാക്ടറികളില്‍ എല്ലുമുറിയെ പണിയെടുത്തും തയ്യല്‍പണികള്‍ ചെയ്തുമാണ് കല്യാണത്തിനുള്ള വകയും തുകയും ഞാന്‍ ഒപ്പിച്ചത്. കല്യാണശേഷം ഒരുനാള്‍ 7,000 രൂപ വാങ്ങിവരാന്‍ പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ അവളെ വീട്ടിലേക്കയച്ചു. ഫാക്ടറി മുതലാളിയില്‍നിന്ന് കടംവാങ്ങി ആ തുക ഞാന്‍ കൊടുത്തുവിട്ടു. പിന്നെയും ഇടക്കിടെ പണത്തിനുവേണ്ടി പറഞ്ഞുവിടും. പൊട്ടുംപൊടിയും ചിട്ടിപിടിച്ച കാശുമെല്ലാം കൂട്ടി ഞാന്‍ പണം സ്വരൂപിച്ചു നല്‍കും. പണം സംഘടിപ്പിക്കാന്‍ ഞാന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അവളെ അറിയിച്ചിരുന്നില്ല, ഭര്‍തൃവീട്ടില്‍ അനുഭവിക്കുന്ന യാതനകള്‍ എന്‍െറ മോള്‍ എന്നോട് പറഞ്ഞതുമില്ല. എന്‍െറ ഭര്‍ത്താവിന്‍െറ മാതാപിതാക്കള്‍ എന്നെ മകളായി കരുതുന്നതുപോലെ അവള്‍ക്കും അവിടെ സമാധാനമായിരിക്കുമെന്നായിരുന്നു എന്‍െറ വിചാരം. ഒരുദിവസം വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ വലിയൊരു തുക ചോദിച്ച് അവള്‍ വന്നു. മുപ്പതിനായിരം രൂപയും കൊണ്ടേ ചെല്ലാവൂ എന്നാണ് ഭര്‍ത്താവിന്‍െറ വീട്ടുകാരുടെ തീട്ടൂരം. 1980കളിലാണ് സംഭവം. അന്നുമാത്രമല്ല ഇന്നും 30,000 എനിക്ക് വലിയൊരു തുകയാണ്. ഇപ്പോള്‍ തന്നെ ഉമ്മ കഴുത്തറ്റം കടത്തിലാണെന്നും കല്യാണത്തിന്‍െറ കടബാധ്യതകള്‍ വീട്ടിയശേഷം വീട്ടുസാധനങ്ങള്‍ക്ക് പണം സംഘടിപ്പിച്ചു തരാമെന്നും പറഞ്ഞ് അവളെ സമാധാനിപ്പിച്ചയച്ചു.
പറഞ്ഞുവിട്ട പണം കൊണ്ടുചെല്ലാത്തതിന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് അവളെ വളഞ്ഞുവെച്ചു തല്ലി. അന്നുച്ചക്ക് ഒരു പെണ്‍കുട്ടിക്ക് പൊള്ളലേറ്റെന്ന് പറഞ്ഞ് ആളുകള്‍ ഓടുന്നതു കണ്ടു. എന്‍െ മകളുടെ വീട്ടിലേക്കാണ് ആളുകള്‍ പോകുന്നതെന്നറിഞ്ഞ് ഒരു മാസം പ്രായമുള്ള ഇളയ കുഞ്ഞിനെ വീട്ടില്‍ കിടത്തി ഞാനും അങ്ങോട്ടേക്ക് പാഞ്ഞു. മരുമകന്‍െറ ബന്ധുക്കള്‍ എന്നെ തടഞ്ഞുവെച്ചു. കുതറിമാറി മുന്നോട്ടുപോകുമ്പോള്‍ ഒരു പെണ്‍കുട്ടി മരണത്തിന്‍െറ പിടിവിടുവിക്കാനായി തീയില്‍ പിടയുന്നതു കണ്ടു. അത് എന്‍െറ മകളായിരുന്നു. സഹായിക്കാന്‍ ചെന്നവര്‍ക്ക് തീയണക്കാന്‍ കഴിഞ്ഞില്ല, ഒരുതുള്ളി വെള്ളം പോലും ആ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. അത്ര ആസൂത്രിതമായിരുന്നു ആ തീവെപ്പ്.
എന്‍െറ മകന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പെങ്ങളെ ഭര്‍ത്താവിന്‍െറ ആളുകള്‍ കത്തിച്ചുകൊന്ന വിവരംപറഞ്ഞു. പൊലീസുകാര്‍ കേട്ടഭാവം നടിച്ചില്ല. ഒന്നുകില്‍ ആത്മഹത്യ അല്ളെങ്കില്‍ അടുക്കളയിലുണ്ടായ അപകടമരണം എന്നായി പൊലീസ്. പെണ്‍കുട്ടികളെ സ്ത്രീധനത്തിന്‍െറ പേരില്‍ പീഡിപ്പിച്ച് കൊല്ലുന്ന കേസുകളോട് എല്ലാ നാട്ടിലും പൊലീസിന് ഇതേ നിലപാടാണ്. സാറന്മാരോട് ഒന്ന് ചോദിക്കട്ടേ അടുക്കളയിലെ അപകടത്തില്‍ എപ്പോഴുമെന്താണ് മരുമകള്‍ക്ക് മാത്രം പൊള്ളലേല്‍ക്കുന്നത്?
ഇനിയെന്‍െറ കുട്ടികള്‍
കൊല്ലപ്പെടരുത്
കേസുനടത്തിപ്പുകളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. മക്കളെ വളര്‍ത്തുന്നതിലെന്ന പോലെ മകളുടെ കൊലപാതകം സംബന്ധിച്ച കേസിലും എന്‍െറ ഭര്‍ത്താവിന് താല്‍പര്യമില്ലായിരുന്നു. മരുമകന്‍െറ വീട്ടുകാര്‍ കാര്യമായി സല്‍ക്കരിക്കുക കൂടി ചെയ്തതോടെ പൊലീസ് കേസ് മുക്കി. മകള്‍ മരിച്ചെന്ന് പറഞ്ഞ് വീട്ടില്‍ ദുഃഖിച്ചിരുന്നതുകൊണ്ട് ഫലമില്ളെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പ്രതികരിക്കാതിരുന്നാല്‍ ഇന്ന് എന്‍െറ മൂത്ത മകള്‍ക്ക് സംഭവിച്ചത് നാളെ ഇളയ മകള്‍ക്കും സംഭവിക്കും, മറ്റന്നാള്‍ മറ്റൊരു വീട്ടിലെ പെണ്‍കുട്ടിക്കും. കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്നു പറഞ്ഞ് നാംഗ്ളോയി പൊലീസ് സ്റ്റേഷന്‍ ധര്‍ണ നടത്താന്‍ പോയി ഞാന്‍. കാഴ്ച കാണാന്‍ നൂറുകണക്കിനു പേര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. അവര്‍ എന്നോടൊപ്പം ചേര്‍ന്നതോടെ ഞാന്‍ ഒറ്റക്കല്ല എന്ന തോന്നലുണ്ടായി.
പൊലീസിനു നേരെ കല്ളേറും ഞങ്ങള്‍ക്കെതിരെ ലാത്തിയടിയുമുണ്ടായി. അതില്‍ പിന്നെ ദല്‍ഹിയുടെ ഏതൊരു കോണില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അനീതി നടന്നെന്നു കേട്ടാലും അവിടെയെല്ലാം ഞാന്‍ ഓടിയെത്തി. ഞങ്ങളുടെ നാട്ടിലേക്ക് കല്യാണംകഴിച്ചു വന്ന ശാന്തി എന്നൊരു രാജസ്ഥാന്‍കാരി പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ ടെറസില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. ആ കേസില്‍ സജീവമായി ഞാന്‍ ഇടപെട്ടു. അതിനിടയില്‍ എന്‍െറ നൂര്‍ജഹാന്‍െറ കേസ് മുടങ്ങിപ്പോയി. എങ്കിലും ശാന്തിയുടെ കേസായിരുന്നു എനിക്കു പ്രധാനം. എന്തെന്നാല്‍, അവള്‍ക്ക് ജീവിതം ബാക്കിയുണ്ട്, അവളുടെ ചികില്‍സക്കും കേസിനും ഞാന്‍ പണവും സമയവും കണ്ടെത്തി. അങ്ങനെ ശാന്തി എന്‍െറ മകളായി.
സ്ത്രീധനപീഡനത്തിന്‍െറ ഒട്ടേറെ സംഭവങ്ങള്‍ ഞങ്ങളുടെ ചുറ്റുവട്ടത്തു നടക്കുന്നതായി അറിഞ്ഞു. അതു തടയാന്‍ തീരുമാനിച്ച് ഞങ്ങള്‍ 25 പേര്‍ ചേര്‍ന്ന് ദഹേജ് വിദ്രോഹി മഹിളാ സമിതിക്ക് തുടക്കമിട്ടു. ഇതുകണ്ട് നാട്ടില്‍ പല പുരുഷപുലികളുടെയും പുരികംവളഞ്ഞു. ഞാന്‍ ചെയ്യുന്നത് മുസ്ലിം സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്ന് മുല്ലമാര്‍ കുശുകുശുത്തു.
അവര്‍ വിശുദ്ധഗ്രന്ഥം
വായിക്കട്ടെ
മകളുടെ മരണംവരെ മുഖംമൂടുന്ന പര്‍ദയുമിട്ട് ജീവിച്ച സ്ത്രീയാണു ഞാന്‍. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലും കോടതികളിലും കയറി ഇറങ്ങാന്‍ തുടങ്ങിയതോടെ മുഖാവരണം ഞാന്‍ അഴിച്ചുവെച്ചു. അതൊരു കൊടിയ പാതകമായാണ് എന്‍െറ നാട്ടിലെ കുറെ പുരുഷന്മാരും അവര്‍ക്കുവേണ്ടി ഫത്വകള്‍ കുറുക്കിക്കൊടുക്കുന്ന മുല്ലമാരും വിശേഷിപ്പിച്ചത്. സ്ത്രീധനത്തിനു വേണ്ടി ഞങ്ങളുടെ മക്കളെ ചുട്ടുകൊല്ലുന്നത് പാതകമാണെന്ന് അവര്‍ക്കാര്‍ക്കും തോന്നിയില്ല. സ്കൂളില്‍ പോകും മുമ്പ് ഞാന്‍ ഖുര്‍ആന്‍ പഠിച്ചിട്ടുണ്ട്. അതില്‍ ഒരിടത്തും സ്ത്രീകള്‍ മുഖംമൂടുന്ന കറുത്തകുപ്പായമിട്ട് നടക്കാന്‍ പറഞ്ഞിട്ടില്ല. എന്‍െയോ മക്കളുടെയോ ക്ഷേമം അന്വേഷിക്കാത്ത ഭര്‍ത്താവും എന്നെ അവഹേളിക്കുന്നവര്‍ക്കൊപ്പം കൂടി. പക്ഷേ, അദ്ദേഹത്തിന്‍െറ പിതാവ് എന്നെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്തു. അച്ചടക്കത്തിന്‍െറ ചൂരല്‍വടിയുമായി വന്ന് സ്ത്രീകളെ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ 'വൃദ്ധരും സ്ത്രീകളും കുട്ടികളും കഷ്ടത്തില്‍ പെടുമ്പോള്‍ അവര്‍ക്കായി പൊരുതണ'മെന്ന വിശുദ്ധഗ്രന്ഥത്തിന്‍െറ ഉപദേശം കാണാത്തതെന്തേ? എനിക്കുറപ്പുണ്ട്, എന്‍െറ സമരങ്ങള്‍ക്കിടയില്‍ ഞാന്‍ മരിച്ചാല്‍ രക്തസാക്ഷികളുടെ പദവിയാണ് കാരുണ്യവാനായ ദൈവം എനിക്കുനല്‍കുക. അതുതന്നെയാണ് എന്‍െറ സ്വപ്നവും. പര്‍ദ അണിഞ്ഞവരും പര്‍ദ ധരിക്കാത്തവരുമായ പതിനായിരക്കണക്കിന് സ്ത്രീകള്‍ ഇപ്പോള്‍ ലോകത്തിന്‍െറ പല കോണുകളില്‍ നടക്കുന്ന പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ട്. ശിരോവസ്ത്രം ധരിച്ച് സ്വാതന്ത്ര്യസമരം നയിച്ച ഒരു പെണ്‍കുട്ടിക്ക് നൊബേല്‍ സമ്മാനംപോലും ലഭിച്ചിരിക്കുന്നു (2005ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ട ആയിരം ലോകവനിതകളില്‍ ഷാജഹാന്‍ ആപ്പയും ഉണ്ടായിരുന്നു!).
സ്ത്രീധനത്തെ പിച്ചതെണ്ടലിനെക്കാള്‍ മോശമായ ഏര്‍പ്പാടായാണ് ഞാന്‍ കാണുന്നത്. ഭിക്ഷക്കാരോട് നമുക്ക് സഹതാപമാണ്അവര്‍ വിശന്നിട്ടാണ് ചില്ലറത്തുട്ടു ചോദിക്കുന്നത്. പക്ഷേ, ഇവരോ? കടത്തിണ്ണകളില്‍ കഴിയുന്ന ചില ആളുകളോട് വിവരങ്ങളന്വേഷിച്ചപ്പോള്‍ അറിഞ്ഞത് അവരില്‍ പലരും മക്കളുടെ കല്യാണത്തിനു വേണ്ടി വീടുനഷ്ടപ്പെടുത്തിയ വിവരമാണ്. ദല്‍ഹിയില്‍ മാത്രമല്ല ഓരോ നാട്ടിലും കാണും ഇതുപോലെ അനേകായിരം മാതാപിതാക്കള്‍. സ്ത്രീകളെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അതിനു പകരം സ്ത്രീധന വിവാഹക്കാരെ നിലക്കുനിര്‍ത്താന്‍ മുന്നോട്ടുവരട്ടെ.
(സംസാരത്തിനിടെ സെല്‍ഫോണ്‍ ശബ്ദിച്ചു. കേള്‍വി കുറവുള്ളതിനാല്‍ ലൗഡ് സ്പീക്കറിലിട്ടാണ് സംസാരം. ഒരു പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് വിചാരണക്കായി മഹിളാ പഞ്ചായത്തില്‍ എത്താന്‍ നിര്‍ദേശിക്കപ്പെട്ടയാള്‍ ഒഴികഴിവുപറയാന്‍ വിളിക്കുകയാണ്. പൊടുന്നനെ ആപ്പയുടെ മുഖഭാവവും സ്വരവും മാറി. അതോടെ, മറുതലക്കല്‍നിന്ന് ക്ഷമാപണം. പഞ്ചായത്തിലെത്താമെന്ന് ഉറപ്പ്)
'ഇത്രനേരം എന്നോടു സംസാരിച്ച ആപ്പയല്ലല്ളോ ഇപ്പോള്‍ ഫോണില്‍ സംസാരിച്ചത്?'
'അത് നിനക്കറിയാഞ്ഞിട്ടാ, നിങ്ങള്‍ ഞങ്ങളുടെ സ്നേഹവും വാത്സല്യവും മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ, സ്ത്രീക്ക് കരുത്തിന്‍െറയും യുക്തിയുടെയും ഭാവങ്ങളുണ്ട്. അത് വേണ്ടിടത്ത് വേണ്ടവിധം ഉപയോഗിക്കാത്തതാണ് സ്ത്രീകള്‍ക്കു പറ്റുന്ന തെറ്റ്'.
സമരസംഘങ്ങള്‍, സഖാക്കള്‍
ഇതില്ളെങ്കിലും എനിക്ക് വിഷമിക്കുന്ന മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാം, പക്ഷേ നമ്മുടെ സര്‍ക്കാറും കോടതിയും സ്ത്രീകളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും വിഷയമെത്തുമ്പോള്‍ കേള്‍വി നഷ്ടപ്പെട്ടവരെപ്പോലെയാണ്ശ്രവണ സഹായി ഒന്നുകൂടി ചെവിയിലുറപ്പിച്ച് ആപ്പ വീണ്ടും പറഞ്ഞുതുടങ്ങി. 25 പേരുടെ ചെറു സംഘം പിന്നെ പലയിടങ്ങളില്‍ നിന്നായി നിയമത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും പരിശീലനം നേടി.സുരക്ഷമുതല്‍ കുടിവെള്ളംവരെ സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം ഞങ്ങളിടപെട്ടു. പല അഭിഭാഷകരും സ്ത്രീ നിയമങ്ങളില്‍ സംശയംചോദിച്ച് വിളിക്കാറുണ്ട്.
സമരങ്ങള്‍ക്ക് പിന്തുണയുമായി ദല്‍ഹിയിലെയും യു.പിയിലെയും കാമ്പസുകളില്‍നിന്ന് വിദ്യാര്‍ഥിനികളും അധ്യാപികമാരും എഴുത്തുകാരും മറ്റുമെത്തി. നന്ദിതാ ഹക്സര്‍, കമലാ ഭാസിന്‍, സി.എസ്.ലക്ഷ്മി, ഊര്‍വശി ഭൂട്ടാലിയ, ഗൗരി ചൗധരി,ശാരദാ ബെഹന്‍ തുടങ്ങിയ അവകാശ പ്രവര്‍ത്തകരുമായി വിവിധ സമരവേദികളില്‍ വെച്ചുണ്ടായ സംഗമം ഗാഢസൗഹൃദങ്ങളായി മാറി. എല്ലാവരും സ്നേഹത്തോടെ ആപ്പ (ഏട്ടത്തി) എന്നു വിളിച്ചുതുടങ്ങി. എന്നേക്കാള്‍ പ്രായമുള്ളവര്‍ക്കും ഞാന്‍ ആപ്പയാണ്, എന്‍െറ പിതാവ് വിളിച്ചിരുന്നതും അങ്ങനെത്തന്നെ.
അതിനിടയിലൊരിക്കല്‍ എന്‍േറതിനു സമാനമായ ദുരന്തത്തെ നേരിടേണ്ടി വന്ന സത്യറാണി ഛദ്ദയുമായി കണ്ടുമുട്ടി. ഭര്‍ത്താവിന്‍െറ അമ്മ പറഞ്ഞതുപ്രകാരം സ്കൂട്ടറും ഫ്രിഡ്ജും കൊടുക്കാഞ്ഞതിനാണ് സത്യയുടെ ഗര്‍ഭിണിയായ മകള്‍ ശശി ബാലയെ അവര്‍ തീവെച്ചു കൊന്നത്. ഞങ്ങളിരുവരും പരസ്പരം നെഞ്ചുചേര്‍ത്ത് ആശ്വസിപ്പിച്ചു. കൈകള്‍ പിണച്ചുപിടിച്ചു. വേദനപേറുന്ന ഏതൊരു സ്ത്രീയെയും സഹായിക്കാമെന്നുറപ്പിച്ചു ആ ഉറപ്പില്‍ 'ശക്തിശാലിനി' എന്ന സംഘടന രൂപമെടുത്തു. വിഷമാവസ്ഥയിലുള്ള സ്ത്രീകളെ പാര്‍പ്പിക്കാന്‍ ആശാ കേന്ദ്രങ്ങളും കൗണ്‍സലിങ്ഹെല്‍പ് ലൈന്‍ സംവിധാനങ്ങളും ശക്തിശാലിനി ദല്‍ഹിയില്‍ ആരംഭിച്ചു. ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തിപ്പോന്നത്. വീടുകളിലെ, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരെ ശക്തമായ സമരമുന്നണികളില്‍ ഞങ്ങളുണ്ടായിരുന്നു. നൂറുകണക്കിന് സത്രീകള്‍ക്ക് ഈ സ്ഥാപനം അത്താണിയായി. പക്ഷേ, ഫണ്ടുകളില്‍ കണ്ണുവെച്ച് കയറിപ്പറ്റിയ ചിലര്‍ സംഘടന കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതുകണ്ട് ഞാന്‍ അവിടെനിന്നിറങ്ങി. സമ്പത്തിനോടുള്ള ദുരമൂത്ത് പെണ്‍കുട്ടികളെ തീവെച്ചുകൊല്ലുന്നവരെപ്പോലെ അത്യാഗ്രഹികള്‍ ഏതൊരു സല്‍സംരംഭത്തെയും നശിപ്പിക്കും. ശക്തിശാലിനിയില്‍ എന്‍െറ കൂടെ പ്രവര്‍ത്തിച്ചിരുന്ന റീനാ ബാനര്‍ജി ഡയറക്ടറായുള്ള നവസൃഷ്ടി എന്ന സംഘടനയുടെ പ്രസിഡന്‍റാണ് ഞാനിപ്പോള്‍. നവസൃഷ്ടിയുടെ കീഴില്‍ കൗണ്‍സലിങ്ങും ക്രഷുകളും പാഠശാലകളും തൊഴില്‍ പരിശീലനവുമെല്ലാം നടക്കുന്നുണ്ട്.
ആയുധം അറിവ്
വിഭജനത്തിന്‍െറ അറുകൊലക്കാലത്ത് മഥുരയിലാണ് ഞാന്‍ ജനിച്ചത്. എന്‍െറ മാതാപിതാക്കള്‍ ആരെന്നോ അവര്‍ക്ക് എന്തുസംഭവിച്ചുവെന്നോ അറിയില്ല. ഞങ്ങളുടെ ഒരു ബന്ധു എന്നെയും അനിയത്തിയെയും സ്വന്തം മക്കളെപ്പോലെ വളര്‍ത്തുകയായിരുന്നു.പുറത്തുവിടുന്നതില്‍ ഉല്‍കണ്ഠ ഉള്ളതുകൊണ്ട് അവരെന്നെ സ്കൂളില്‍ ചേര്‍ത്തിരുന്നില്ല. പഠിക്കാനുള്ള അതിയായ മോഹംകൊണ്ട് ഞാന്‍ സ്വയം സ്കൂളിലെത്തി അഡ്മിഷനുവേണ്ടി അഭ്യര്‍ഥിച്ചു. സ്കൂളിലെ ശുചീകരണ ജോലിക്കാരാണ് എനിക്കു ശിപാര്‍ശ പറഞ്ഞത്. സ്കൂള്‍ തൂത്തുതുടച്ച് വൃത്തിയാക്കിയിരുന്ന, കുട്ടികളെ പരിപാലിച്ചിരുന്ന അവരുടെ മക്കള്‍ക്ക് പക്ഷേ, സ്കൂളിലെത്താന്‍ സൗകര്യം ലഭിച്ചിരുന്നില്ല. അത് എന്‍െറ മനസ്സില്‍ വേദനയായി കിടന്നിരുന്നു. പിന്നീട് 'ശക്തിശാലിനി'യും 'നവസൃഷ്ടി'യും തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. നിയമങ്ങളും പദ്ധതികളും ഒരുപാടുണ്ടെങ്കിലും ദുര്‍ബല വിഭാഗത്തിലെ നല്ളൊരു പങ്ക് കുട്ടികള്‍ വിദ്യാലയങ്ങളില്‍നിന്ന് അകലെയാണ്. ഈ പ്രദേശത്തെ ഓരോ വീട്ടിലും ഞാന്‍ കയറിച്ചെല്ലും. സ്കൂളില്‍ പോകാത്ത കുട്ടികളെ ഇവിടേക്ക് കൊണ്ടുവരും. ഇവിടെനിന്ന് പഠിച്ചുവളര്‍ന്ന കുട്ടികളില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നു, മറ്റു ചിലര്‍ ഇപ്പോള്‍ അധ്യാപകരാണ്.
കളിയാക്കിയെന്ന് പരസ്പരം പരാതി പറഞ്ഞ് കരച്ചിലും പിഴിച്ചിലുമായി രണ്ടു കുരുന്നുകള്‍ ആപ്പയുടെ അരികിലെത്തി. തര്‍ക്കംതീര്‍ക്കാന്‍ ഒരു പൊതി മിഠായിയും ഒരു സഞ്ചി നിറയെ കഥകളുമായി ആപ്പ കുട്ടിക്കൂട്ടത്തിനുള്ളിലേക്ക്...
കുട്ടികളുടെ കരച്ചിലടക്കുന്നതിനിടെ ആപ്പയുടെ സെല്‍ഫോണ്‍ വീണ്ടും കരഞ്ഞു; ബന്ധുക്കളാല്‍ കബളിപ്പിക്കപ്പെട്ട ഒരു യുവതിക്ക് ആപ്പയെ നേരില്‍ക്കണ്ട് സംസാരിക്കണം, നിയമസഹായം വേണം. രണ്ടുമണിക്കൂറിനകം കാണാന്‍ വരാമെന്നും വൈകുന്നേരത്തിനു മുമ്പ് വക്കീലിനെ ഏര്‍പ്പാടാക്കാമെന്നും സമാധാനിപ്പിച്ച് ഫോണ്‍ കട്ടുചെയ്തു.
ആപ്പയുടെ തിരക്കു മനസ്സിലാക്കി ചോദ്യപ്പെട്ടി അടച്ചുവെച്ച് ഞാന്‍ ഫോട്ടോ എടുത്തുതുടങ്ങി. നേരാംവണ്ണം പടമെടുക്കാന്‍ അറിയാത്ത എന്‍െറയും പോസു ചെയ്ത് ശീലമില്ലാത്ത ആപ്പയുടെയും ഇടക്കുപെട്ട പാവം കാമറ നന്നായി കഷ്ടപ്പെട്ടു. ഇത്രയേറെ ഭാവങ്ങള്‍നിറഞ്ഞ മുഖം നന്നായിപകര്‍ത്താന്‍ കഴിയാത്തതിലെ സങ്കടംപറഞ്ഞു, പോരാന്‍നേരം ഞാന്‍.
'സാരമില്ല, നിന്‍െറ ആപ്പക്ക് ഭംഗി ഇത്തിരി കുറവാണെന്ന് കരുതിക്കോട്ടെ കേരളക്കാര്‍, പക്ഷേ, അവരോടു പറയണം ആപ്പയുടെ ആവേശത്തിന് ഒട്ടും കുറവില്ളെന്ന്, സമരംചെയ്യാന്‍ ഇപ്പോഴും ആരോഗ്യവും ധൈര്യവുമുണ്ടെന്ന്'ഇതുപറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുകണ്ണീര്‍ നനവായിരുന്നില്ല, പോരാട്ടവീര്യത്തിന്‍െറ തീത്തിളക്കമായിരുന്നു കണ്ടത്, ആ വെളിച്ചം അണയാതിരിക്കട്ടെ...
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment