അമ്പലങ്ങളില്‍നിന്ന് സുപ്രഭാതവും പള്ളിയില്‍ നിന്നുള്ള സുബ്ഹി ബാങ്കും പോലെ സുഭാഷിതവും ഉദയഗീതങ്ങളും നമ്മുക്കന്നൊരു അനുഷ്ഠാനമായിരുന്നു. കുട്ടിക്കാലത്ത് 6.45ന്‍െറ പ്രാദേശിക വാര്‍ത്തയാകുമ്പോഴാണ് കണ്ണുതുറക്കാറ്. പക്ഷേ, എഴുന്നേല്‍ക്കില്ല; കണ്ണ് ഒന്നുകൂടി മുറുക്കിപ്പൂട്ടി, കാതു തുറന്നുവെച്ച് പുതപ്പിനുള്ളില്‍ പറ്റിക്കൂടും. വാര്‍ത്ത അറിയാനുള്ള കമ്പം കൊണ്ടൊന്നുമല്ലത്-ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു എന്നൊരു വരി എവിടെയെങ്കിലും പറയുന്നുണ്ടോ എന്നു ശ്രദ്ധിച്ച് പ്രാര്‍ഥനാ പൂര്‍വം...
വാര്‍ത്തയുടെ ഓരോ വരിയും... ഇല്ല, അടുത്ത വരി...അങ്ങനെ പ്രധാനവാര്‍ത്തകള്‍ ഒരിക്കല്‍ക്കൂടി എന്നു കേള്‍ക്കുന്നതുവരെ പ്രതീക്ഷയോടെ കിടക്കും. നിരാശനിറഞ്ഞ ദുര്‍മുഖത്തോടെ എഴുന്നേല്‍ക്കുമ്പോള്‍ ബലദേവാനന്ദ സാഗര സംസ്കൃത വാര്‍ത്ത വായിച്ചു തുടങ്ങിയിട്ടുണ്ടാവും. അവധി കിട്ടാത്തതിന്‍െറ ഈര്‍ഷ്യ അവധി പ്രഖ്യാപിക്കാത്ത കലക്ടറോടോ അവധി വായിക്കാതിരുന്ന പ്രാദേശിക വാര്‍ത്തക്കാരനോടോ അല്ല -അവധി ഉണ്ടെന്ന് പറയാന്‍ സമയം പോലും കൊടുക്കാതെ തിരക്കിട്ടു വന്ന് വായന തുടങ്ങിയ ഈ വയസ്സനോടാണ് പലപ്പോഴും തോന്നിയിരുന്നത്. ഓത്തു പള്ളിയില്‍ പോയിത്തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നിറങ്ങാനുള്ള അലാറവും ഏയം ആകാശവാണി എന്ന ശബ്ദമായിരുന്നു. വഴിനീളെ വീടുകളിലും കടകളിലുമിരുന്ന് ബലദേവാനന്ദ വിശേഷങ്ങള്‍ പറയുന്നുണ്ടാവും. അലിയാര്‍ ഉസ്താദിന്‍െറ മേശപ്പുറത്തെ ചെറിയ കറുപ്പു റേഡിയോ ഇദി വാര്‍ത്താ ഹ എന്നു പറയുന്നതോടെ ഓത്തുപള്ളിയിലും മുഴങ്ങും ബെല്ല്. പത്രമിടാനും പാലു കൊടുക്കാനും പോകുന്ന ചങ്ങാതിമാരോട് വഴിയില്‍ വര്‍ത്തമാനം പറഞ്ഞുനിന്നും പാതിരാവില്‍ ആരെങ്കിലുമൊട്ടിച്ചുപോയ പോസ്റ്ററുകള്‍ വള്ളിപുള്ളി വിടാതെ വായിച്ചും അതു ചര്‍ച്ചചെയ്യുന്ന വയസ്സന്മാരുടെ വായിനോക്കിയും ഓത്തുപള്ളിയിലെത്തുമ്പോഴേക്കും മിക്ക ദിവസവും ബലദേവാനന്ദ സാഗര പാട്ടിനു പോയിട്ടുണ്ടാവും.
വൈകുന്നേരം കളിയും കറക്കവും നിര്‍ത്തി കൈയും കാലും കഴുകി വീട്ടില്‍ കയറേണ്ട സമയവും ഈ അപ്പാപ്പന്‍െറ ശബ്ദം കേള്‍ക്കുമ്പോഴാണ്.
സംഗതി ഇതൊക്കെയാണെങ്കിലും ഒരു വരി പോലും തിരിഞ്ഞില്ളെങ്കിലും റേഡിയോ ഉള്ള ഒരു വീട്ടിലും ബലദേവാനന്ദ സാഗരക്ക് പ്രവേശം നിഷേധിച്ചിരുന്നില്ല. കൗതുകവാര്‍ത്തയേക്കാള്‍ കൗതുകത്തോടെ നമ്മളാ ശബ്ദത്തിന് കാതോര്‍ത്തു.യേശുദാസ് കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും പരിചിതമായ ശബ്ദം. സാമൂഹിക-രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സംസ്കൃതത്തെ എതിര്‍ക്കുന്നവര്‍ക്കുപോലും അപ്രിയമുണ്ടാവാന്‍ വഴിയില്ല ഈ മനുഷ്യനോട്. പദ്യങ്ങളും ചോദ്യോത്തരങ്ങളും ഒരിക്കല്‍ പോലും കാണാപ്പാഠം പഠിക്കാതെ വരുന്നവര്‍ക്കും സംസ്കൃത വാര്‍ത്തയുടെ തുടക്കം മനഃപാഠമായിരുന്നു. ജീവിതത്തിലിന്നേ വരെ സംസ്കൃതത്തില്‍ ഒരു വരിപോലും കണ്ടിട്ടില്ലാത്ത ഞങ്ങളുടെ കൂട്ടത്തിലൊരുവന്‍ മഹാരാജാസില്‍ പ്രീഡിഗ്രിക്ക് രണ്ടാം ഭാഷയായി എടുത്തത് സംസ്കൃതം- നിനക്ക് സംസ്കൃതം വല്ലതും അറിയുമോ എന്ന് ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു-എനിക്ക് ബലദേവാനന്ദ സാഗര അറിയാം!
പതുക്കെ പതുക്കെ സുഭാഷിതങ്ങളും ഉദയഗീതങ്ങളും നമുക്ക് വേണ്ടാതെയായി, വാര്‍ത്ത അറിയാന്‍ റേഡിയോ വേണമെന്നില്ലാതെയായി, ബലദേവാനന്ദ സാഗരയെ കേള്‍ക്കാതെയായി.
ഒരു കൊല്ലം മുമ്പ് പഴയ റേഡിയോ ശീലങ്ങളെക്കുറിച്ച് സംസാരിക്കുന്നതിടെ സഹപ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ ആണു പറഞ്ഞത്-എടാ അങ്ങോര് ഇപ്പോഴും വായിക്കുന്നുണ്ടെന്ന്. അദ്ഭുതം തോന്നി. പണ്ടു കേള്‍ക്കുമ്പോള്‍ തന്നെ വെണ്‍മണി വിഷ്ണുവിനേക്കാള്‍ വയസ്സനാണ്. എന്നിട്ടിപ്പോഴും വായിക്കുന്നുണ്ട്! ദല്‍ഹിയില്‍ പോകുമ്പോള്‍ ഒന്നു കാണാന്‍ നോക്കണമെന്ന് അന്നേ കരുതി.
നമ്പര്‍ സംഘടിപ്പിക്കാന്‍ ഗൂഗ്ളില്‍ പരതവെ അറിഞ്ഞു-ഡോ. ബലദേവാനന്ദ സാഗര്‍ ഒരു പടുവൃദ്ധനല്ല! കാലങ്ങള്‍ പഴക്കമുള്ള അറിവിന്‍െറയും കഴിവിന്‍െറയും സാഗരമാണുതാനും.
സിന്ധി എഴുത്തുകാരിയും ആകാശവാണി സിന്ധി വിഭാഗം പ്രോഗ്രാം മേധാവിയുമായ ഭാര്യ ശാലിനി സാഗറുമൊന്നിച്ച് കാറിലേക്കുവിളിച്ചു കയറ്റിയ ശബ്ദം പക്ഷേ, വര്‍ഷങ്ങളായി കേട്ടുപഴകിയ ആ അപ്പാപ്പന്‍േറതു തന്നെ.
താങ്കളുടെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കിഴവന്‍ സംസ്കൃത പണ്ഡിറ്റോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയത് എന്ന് ആദ്യമാത്രയില്‍ തന്നെ പറയാതിരിക്കാനായില്ല. അതുകേട്ട് ചിരിയടക്കാന്‍ പണിപ്പെടുന്നതിനിടെ ഡോ. സാഗര്‍ മറ്റൊരു സംഭവം പറഞ്ഞു. ഈയിടെ ഒരു സെമിനാറില്‍ വെച്ച് ഇദ്ദേഹത്തെ ആദ്യമായി കണ്ട മൈഥിലി കവി മനീഷ് ജാ ബഉവാ ഭായ് ഇതേ പോലെ അദ്ഭുതം കൂറി, അദ്ഭുതം അടക്കാന്‍ വയ്യാതെ മനീഷ് അച്ഛനു ഫോണ്‍ ചെയ്തു- ''അച്ഛാ ഞാന്‍ ബലദേവാനന്ദ സാഗരയെ കണ്ടു, അദ്ദേഹത്തിന്‍െറ തൊട്ടുമുന്നില്‍ നിന്നാണ് ഞാന്‍ ഫോണ്‍ ചെയ്യുന്നത്.എന്‍െറ ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ശബ്ദത്തിന്‍െറ ഉടമയെ ആദ്യമായി കാണുന്നു-വിശ്വസിക്കാന്‍ പറ്റുന്നില്ല.
അച്ഛന്‍: എടാ നീ ഫോണ്‍ ചെയ്തു സമയം കളയാതെ ആ മനുഷ്യന്‍െറ ആശിര്‍വാദം വാങ്ങ്. നിന്‍െറ മാത്രമല്ല, എന്‍െറ ചെറുപ്പത്തിലേ അദ്ദേഹം വാര്‍ത്ത വായിക്കുന്നുണ്ട്!
വരുന്ന ജൂണില്‍ അറുപതു തികയുന്ന ഈ മനുഷ്യന്‍ 38 വര്‍ഷമായി ആകാശവാണിയിലുണ്ട്- എന്നുവെച്ചാല്‍ സംസ്കൃത വാര്‍ത്താ വിഭാഗം തുടങ്ങിയ ആദ്യ ദിവസം മുതല്‍.
ഗുജറാത്തിലെ വേദ് രഹസ്യ മാസികയുടെ പത്രാധിപരായിരുന്ന അര്‍ജുന്‍ ഭായിയുടെയും ദുഗ്ദേശ്വരി ദേവിയുടെയും മകന്‍ ബലദേവാനന്ദ് കുടുംബ ഗുരു ശിവോഹം സാഗറിന്‍െറ സത്സംഗുകളില്‍ നിന്ന് പ്രചോദിതനായാണ് സംസ്കൃതം പഠിക്കാനിറങ്ങിയത്. പേരിനൊപ്പമുള്ള സാഗര്‍ ഗുരുവില്‍നിന്ന് കടമെടുത്തതു തന്നെ. ഗുരുകുല സമ്പ്രദായത്തില്‍ ബനാറസില്‍നിന്ന് സംസ്കൃത ശാസ്ത്രിയായി. ദല്‍ഹി ഹിന്ദു കോളജില്‍ നിന്ന് പി.ജിയും ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം.ഫിലും നേടി. കുറച്ചുകാലം കാണ്‍പൂരിലെ കൈലാശ് വിദ്യാലോകില്‍ നിര്‍ധന വിദ്യാര്‍ഥികളെ എഴുത്തും വായനയും പഠിപ്പിച്ചു. ദല്‍ഹിയില്‍ പഠിക്കവെയാണ് ആകാശവാണി സംസ്കൃത വാര്‍ത്താ വിഭാഗത്തിലേക്ക് ആളെ ക്ഷണിക്കുന്നതറിഞ്ഞത്. പഠിക്കും കാലത്തെങ്ങും ഒരു ജേണലിസ്റ്റ് ആകുമെന്ന്, അതും ഇഷ്ടഭാഷയായ സംസ്കൃതത്തില്‍ പ്രതീക്ഷിച്ചിട്ടേ ഇല്ളെന്ന് അദ്ദേഹം. വായന പരിശീലനത്തിന്‍െറ ഭാഗമായി ലഭിച്ച തിയറ്റര്‍ ട്രെയിനിങ് വാര്‍ത്തയില്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും പല ദേഹവിയോഗ വാര്‍ത്തകളും ദുരന്തങ്ങളും ജനങ്ങളെ അറിയിക്കുന്നതിനിടെ കരച്ചിലിന്‍െറ വക്കുവരെ എത്തിയതായും സാഗര ഓര്‍ക്കുന്നു. 94ല്‍ ദൂരദര്‍ശനില്‍ സംസ്കൃത വാര്‍ത്ത തുടങ്ങിയപ്പോള്‍ അതിലും ആദ്യ വായനക്കാരന്‍. പക്ഷേ, ആകാശവാണി വാര്‍ത്തക്കു ലഭിച്ച ജനപ്രീതിയുടെ ഒരംശം പോലും ടി.വി വാര്‍ത്തക്കില്ലായിരുന്നു. റേഡിയോയുടെ പ്രതാപകാലം മങ്ങിയെങ്കിലും സംസ്കൃതം വാര്‍ത്തയുടെ കേള്‍വിക്കാര്‍ക്ക് കുറവില്ല. പോരെങ്കില്‍ ആകാശവാണി വെബ്സൈറ്റിലെ വാര്‍ത്തകളില്‍നിന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതും ബലദേവാനന്ദയുടെ വായന തന്നെ.
സംസ്കൃത ഭാഷയുടെ രാജ്യത്തെ 'അപ്രഖ്യാപിത അംബാസഡര്‍' ആയ സാഗര, സംസ്കൃതം ലോകത്തെ സകല വിജ്ഞാനങ്ങളിലേക്കും വിജയത്തിലേക്കുമുള്ള ഗോവണിയാണെന്ന് വിശ്വസിക്കുന്നു. വാര്‍ത്താ മുറിക്കു പുറത്തിറങ്ങിയാലുടന്‍ ഭാഷ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മുഴുകുന്നു. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും ജേണലിസം കോളജുകളിലും ക്ളാസെടുക്കുന്നുണ്ട്, സംസ്കൃത പത്രപ്രവര്‍ത്തനത്തെക്കുറിച്ച് പുസ്തകവുമെഴുതിയിട്ടുണ്ട്. ഭാഷയിലേക്ക് ഒരുപാട് പദങ്ങള്‍ സംഭാവന ചെയ്ത ഇദ്ദേഹം വിവിധ ഭാഷകളില്‍ നിന്നുള്ള കവിതകളും സംസ്കൃതത്തിലേക്ക് തര്‍ജമ ചെയ്തിരിക്കുന്നു.സംസ്കൃതം വരേണ്യ ഭാഷയാണെന്ന ആരോപണത്തെയും സംസ്കൃതം ഉന്നത ജാതിക്കാര്‍ മാത്രമേ പഠിക്കാവൂ എന്ന ശാഠ്യത്തെയും ഇദ്ദേഹം എതിര്‍ക്കുന്നു. ഭാരതീയമായ എല്ലാ നന്മകളെയും എതിര്‍ത്ത ബ്രിട്ടീഷ് ഭരണകൂടം സംസ്കൃതത്തിന്‍െറ പുരോഗതിക്ക് തുരങ്കംവെക്കാന്‍ ശ്രമിച്ചുവെങ്കില്‍ തങ്ങളുടെ അധീശത്വം നിലനിര്‍ത്തണം എന്ന് വ്യാമോഹിച്ച ചില കുടുസ്സു ചിന്താഗതിക്കാര്‍ സമൂഹത്തിന്‍െറ താഴേക്കിടയിലുള്ള ജനങ്ങളെ വിദ്യാസമ്പാദനത്തില്‍നിന്നും മനുഷ്യരായി ജീവിക്കുന്നതില്‍ നിന്നും തടയുകയായിരുന്നുവെന്നുമാണ് സാഗരയുടെ പക്ഷം.
'ഭാഷക്ക് ജാതിയും മതവുമില്ല. അറബിയില്‍ ഒരു വരിപോലും വായിക്കാന്‍ അറിയാതെ അറബിയിലുള്ള വേദം മോശമാണെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്, അതുതന്നെ മറ്റു ഭാഷകളുടെ കാര്യത്തിലും സംഭവിക്കുന്നു. എന്നാല്‍, പരസ്പരം അറിയുന്നതിനും പങ്കുവെക്കുന്നതിനും മുമ്പെങ്ങുമില്ലാത്ത ആവേശവും ഉത്സാഹവും പ്രകടമാണിന്ന്. ബനാറസില്‍ നിന്നിറങ്ങുന്ന സംസ്കൃത ത്രൈമാസിക വിശ്വഭാഷയുടെ പത്രാധിപര്‍ പണ്ഡിറ്റ് ഗുലാം ദസ്തഖീര്‍ മുതല്‍ കേരളത്തിലെ സംസ്കൃത പണ്ഡിത ഡോ. ഫാത്തിമാ ബീവി വരെ ഈ യജ്ഞത്തില്‍ പങ്കാളികളാണ്. ഖുര്‍ആന്‍ സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ദൗത്യത്തിലാണ് എഴുപത്തഞ്ചുകാരനായ പണ്ഡിത് ദസ്തഖീര്‍. അറിവ് സമൂഹത്തിലെ ഏറ്റവും പതിതരായ ജനങ്ങള്‍ക്കു വരെ എത്തുമ്പോള്‍ മാത്രമേ ഏതൊരു ഭാഷയും സംസ്കാരവും പ്രത്യയശാസ്ത്രവും അതുകൊണ്ട് അര്‍ഥമാക്കുന്ന ആശയത്തെ വിനിമയം ചെയ്യുകയുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു'. കാവാലം നാരായണപ്പണിക്കരുടെ കടുത്ത ആരാധകനായ സാഗര കേരളത്തെയും ഇഷ്ടപ്പെടുന്നു സംസ്കൃതത്തോളം തന്നെ!
ഇതൊക്കെത്തന്നെയാണ് മലയാളിയുടെ അദൃശ്യ സുഹൃത്തിന്‍െറ വിശേഷങ്ങള്‍,
ഇതി വാര്‍ത്താ ഹ!
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment