Thursday, 24 November 2011

[www.keralites.net] മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്!!!!!

 

തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് തിരിക്കുമ്പോള്‍ത്തന്നെ മഴ തുടങ്ങിയിരുന്നു. ചിന്നിത്തെറിക്കുന്ന മഴയും കാറ്റും. യാത്രയുടെ തുടക്കത്തില്‍ത്തന്നെ കണ്ടു, വലതുഭാഗത്തായി കരയിലേക്ക് വലിച്ചുകയറ്റിയ ജലകന്യകയെന്ന ബോട്ട്. 2009 സപ്തംബര്‍ 30-ന് തടാകത്തില്‍ 45 പേരുടെ ജീവനുമായി മുങ്ങിപ്പോയ ജലയാനം.

കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ അല്പമകലെ വെള്ളത്തിന് മീതെ ഒരു കൂറ്റന്‍ മതില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട്. മരക്കുറ്റികള്‍ സവിശേഷമായ ഭംഗിയൊരുക്കുന്ന ഈ ജലാശയത്തെ തടുത്തുനിര്‍ത്തുന്നത് 115 വര്‍ഷം പഴക്കമുള്ള ആ അണക്കെട്ടാണെന്നറിയുമ്പോള്‍, ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ടാണത് നിര്‍മിച്ചിട്ടുള്ളതെന്ന് മനസ്സിലാകുമ്പോള്‍ ഉള്ളൊന്ന് കിടുങ്ങും; ആര്‍ക്കും. തടാകത്തെയിളക്കി കാറ്റ് മുഴങ്ങുമ്പോള്‍ പോലും പേടിയാകും.

കിഴക്ക് ദൂരെയെവിടെയോ ആണ് സഹ്യനിലെ ശിവഗിരിക്കുന്നുകള്‍. അവിടെ, തണുപ്പിന്റെ കൂടാരത്തില്‍, കാണാത്തിടത്തുനിന്ന് രണ്ട് നീര്‍ച്ചാലുകള്‍ പിറവികൊള്ളുന്നു. വളര്‍ന്ന് വലുതായി വരുന്നു. ഒന്ന് മുല്ലയാര്‍, അടുത്തത് പെരിയാര്‍. രണ്ടും ചേര്‍ന്ന് മുല്ലപ്പെരിയാറായി. ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ അണക്കെട്ടുണ്ടായി. അതാദ്യം ഊഷരമായിക്കിടന്ന ദേശങ്ങളെ ഉര്‍വരമാക്കി, പച്ചപ്പട്ടണിയിച്ചു. പിന്നീടത് ജനങ്ങള്‍ക്ക് ഭീഷണിയായി. രണ്ടു സംസ്ഥാനങ്ങള്‍ അതിന്റെ പേരില്‍ നിയമയുദ്ധം തുടങ്ങി. ഒടുവില്‍ സുപ്രീംകോടതിയുടെ കേസുകെട്ടുകളിലൊന്നില്‍ ചുരുണ്ടുകിടക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു സൂചകമാണ്. ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുടെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദുര്‍ബലമായ ബന്ധത്തിന്റെ സൂചകം. ഒരു മഹാദുരന്തത്തെ നിസ്സംഗമായി കാണുന്ന പ്രബുദ്ധ ജനതയുടെ ചിത്രം കൂടി അത് കാട്ടിത്തരുന്നുണ്ട്.

1895 ഫിബ്രവരിയില്‍ പണിതീര്‍ത്തതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ചാണ് കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നടക്കുന്നത്. അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം. എത്രയോ സുരക്ഷിതമെന്ന് തമിഴ്‌നാട്.

തര്‍ക്കം മൂത്തപ്പോള്‍ കേന്ദ്രം ഇടപെട്ടു. കേന്ദ്രജലക്കമ്മീഷനെക്കൊണ്ട് പരിശോധിപ്പിച്ചു. തമിഴ്‌നാടിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന കമ്മീഷന്‍ സത്യങ്ങള്‍ പലതും കണ്ടില്ല. തീരുമാനം കേരളത്തിനെതിരായി. വിഷയം കേരള ഹൈക്കോടതി വഴി സുപ്രീംകോടതിയില്‍. ജലക്കമ്മീഷന്റെ അളവുകോല്‍ അവിടെയും കേരളത്തിനെതിരായി. കേസില്‍ കേരളം തോറ്റു. 2006 -ല്‍ ആയിരുന്നു ഇത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരുപക്ഷേ, തകര്‍ന്നാലും സാരമില്ല, അവിടത്തെ വെള്ളം കൂടി താഴെയുള്ള ഇടുക്കി അണക്കെട്ട് താങ്ങിക്കൊള്ളുമെന്ന അബദ്ധവാദം അംഗീകരിക്കപ്പെട്ട വിധിയായിരുന്നു അത്. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന സത്യം പോലും കണക്കാക്കാതെയുള്ള വാദം കേരള പ്രതിനിധികള്‍ പോലും എതിര്‍ത്തിരുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം.

കേസില്‍ തോറ്റെങ്കിലും ജനങ്ങളുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ട് കേരളം അണക്കെട്ട് സുരക്ഷാനിയമം പാസ്സാക്കിയത് പിന്നീടാണ്. അതിനെതിരെ തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയില്‍ പോയി. കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചു, കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍. സമിതിയുടെ പരിശോധനകളും തെളിവെടുപ്പും മറ്റും ഏറെക്കുറെ പൂര്‍ത്തിയായി. അടുത്ത മാസത്തോടെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങും.

ഈ കുലുക്കം മുന്നറിയിപ്പ്

ഭൂമികുലുക്കങ്ങള്‍ അത്ര നിസ്സാരമല്ലെന്ന് സമീപകാല കാഴ്ചകള്‍ കാട്ടിത്തരുന്നു. ചലനങ്ങളുടെ ഇടവേളകള്‍ കുറഞ്ഞും വരുന്നു. പേടിക്കണം. മുന്‍കരുതലെടുക്കണം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, പഴക്കം കൊണ്ട് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശമാണെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍, ജൂലായ് വരെ ഈ മേഖലയിലുണ്ടായത് 22 ഭൂചലനങ്ങള്‍! ഏറ്റവും ഒടുവിലത്തേത് നവംബര്‍ 18-ാം തീയതി. അണക്കെട്ടിന്റെ 50 കി.മീ. ചുറ്റളവിലാണ് ഭൂചലനങ്ങള്‍ ഉണ്ടായിട്ടുള്ളത്. കൂടെക്കൂടെയുണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍ പ്രകൃതി നല്‍കുന്ന മുന്നറിയിപ്പാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ 22 പ്രധാന ഭ്രംശമേഖലകള്‍ ഉള്ളതായി റൂര്‍ക്കി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ് ഈ ഭ്രംശമേഖലകള്‍. ഡോ. ഡി.കെ. പോളിന്റെ നേതൃത്വത്തിലുള്ള, ഐ.ഐ.ടി. എര്‍ത്ത്‌ക്വേക് ഡിപ്പാര്‍ട്ട്‌മെന്റിന്റേതായിരുന്നു പഠനം.

റിക്ടര്‍ സെ്കയിലില്‍ 6.5 വരെ ശക്തി രേഖപ്പെടുത്തുന്ന വന്‍ ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി -കോടൈവന്നല്ലൂര്‍ ഭ്രംശമേഖല, മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തുനിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഇടമലയാര്‍ വിള്ളലും പെരിയാര്‍ വിള്ളലും കൂടിച്ചേരുന്ന പ്രദേശമാണിത്. 22 ഭ്രംശമേഖലകളിലെയും ഭൂചലന സാധ്യതയും പരമാവധിയുണ്ടാകുന്ന തീവ്രതയും ഐ.ഐ.ടി. ഇതിനകം പഠനവിധേയമാക്കിയിട്ടുണ്ട്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ഡി.കെ. പോളും ഡോ. എം.എന്‍. ശര്‍മയും അടങ്ങുന്ന സംഘം മുല്ലപ്പെരിയാര്‍ പ്രദേശം, കേന്ദ്ര ജലക്കമ്മീഷന്റെ പഠനത്തില്‍ കണ്ടെത്തിയതിനേക്കാള്‍ വലിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

എല്ലാ ഭ്രംശമേഖലയിലും ഉള്ള വിള്ളലുകളുടെ നീളം, ആഴം എന്നിവ പരിഗണിച്ചാണ് ഭൂചലനത്തിന്റെ തീവ്രത കണക്കാക്കുക. മാത്രമല്ല, അവയുടെ സ്ഥാനവും അണക്കെട്ടുപ്രദേശവും തമ്മിലുള്ള ദൂരവും പ്രധാന ഘടകമാണ്. എത്രത്തോളം ദൂരം കുറയുമോ, അത്രയും അണക്കെട്ടിന്മേലുള്ള പ്രഹരശേഷി വര്‍ധിക്കും. അങ്ങനെ പരിശോധിച്ചപ്പോഴാണ്, തേക്കടി-കോടൈവന്നല്ലൂര്‍ മേഖലയിലുണ്ടാകുന്ന ഭൂചലനം, മുല്ലപ്പെരിയാറിന് ഏറ്റവും ഭീഷണിയാകുമെന്ന് കണ്ടെത്തിയത്. റിക്ടര്‍ സെ്കയിലില്‍ 6.5
- ഓ അതിലധികമോ ശക്തി രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന് ഐ.ഐ.ടി. ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടിലുണ്ട്.

ഭയപ്പെടുത്തുന്ന സാധ്യത

ഭൂചലനം കേരളത്തില്‍ ഭയപ്പെടുത്തുന്ന സാധ്യതയാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ്, സെന്റര്‍ ഓഫ് റിമോട്ട് സെന്‍സിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും കേരളത്തില്‍ ഒട്ടാകെ റിക്ടര്‍ സെ്കയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഭ്രംശമേഖലകളില്‍ പ്രധാനപ്പെട്ടവ ഇടമലയാര്‍, പെരിയാര്‍, അച്ചന്‍കോവില്‍, തെന്മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുന്‍സൂര്‍, മാട്ടുപ്പെട്ടി, കാവേരി, കണ്ണന്‍കുഴിത്തോട് എന്നിവയാണ്. ഇവയ്ക്കു പുറമെ നിരവധി ചെറു വിള്ളലുകളുമുണ്ട്. ഈ വിള്ളലുകള്‍ മിക്കവയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏതെങ്കിലും ഒന്നില്‍ താരതമ്യേന തീവ്രതയുള്ള ഒരു ചലനമുണ്ടായാല്‍ അതിന്റെ പ്രതിഫലനം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കും.

കൂടാതെ കുമളി, കമ്പം, ബോഡിനായ്ക്കന്നൂര്‍, തേനി വഴി കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കു വ്യാപിച്ചു കിടക്കുന്ന കമ്പം ഭ്രംശമേഖലയും മുല്ലപ്പെരിയാറിന് ഭീഷണി ഉയര്‍ത്തുന്നതാണ്. ഇപ്രകാരം, നിരവധി ഭ്രംശമേഖലകളുടെ സാമീപ്യവും അവയിലെ വിള്ളലുകളും റിക്ടര്‍ സെ്കയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വരാനുള്ള സാധ്യതയും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ നിലനില്പ് അപകടകരം തന്നെയാണ്.

അണക്കെട്ടിന്റെ ഒരേകദേശ ചിത്രം ഇതാണ്

സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് മുല്ലപ്പെരിയാര്‍. അണക്കെട്ടിന് 1200 അടി നീളവും 155 അടി ഉയരവും. നിര്‍മിച്ചിട്ട് 115 വര്‍ഷം ഈ ഫിബ്രവരിയില്‍ കഴിഞ്ഞു. അന്നത്തെ സാധനങ്ങളും അറിവും സാങ്കേതികവിദ്യയുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഇപ്പോഴത്തെ അണക്കെട്ടിന് ഏകഭാവമില്ല. പല കാലത്ത് പലതരം വസ്തുക്കള്‍ കൊണ്ടുള്ള ചേര്‍പ്പായി അത് മാറിയിരിക്കുന്നു. ഇന്നത്തെ അണക്കെട്ടുകള്‍ക്ക് കൊടുക്കുന്നപോലെ 'എക്‌സ്പാന്‍ഷന്‍ ജോയന്റു'കളൊന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിനില്ല. മുഴുവന്‍ ഒറ്റ ബ്ലോക്കാണ്. അണക്കെട്ടിന്റെ മുന്നില്‍, ജലാശയത്തെ തൊട്ടിരിക്കുന്ന ഭാഗത്ത് സുര്‍ക്കിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിള്‍ മേസണ്‍റി, (അക്കാലത്ത് നിര്‍മാണമേഖലയില്‍ സിമന്റ് പ്രചാരത്തിലായിരുന്നില്ല.) അതിന് തൊട്ടുപിന്നില്‍ ചുണ്ണാമ്പും സുര്‍ക്കിയും കല്ലും ചേര്‍ത്തുള്ള കോണ്‍ക്രീറ്റ്, പിന്നില്‍ വീണ്ടും സുര്‍ക്കിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ ചാന്ത് ഉപയോഗിച്ചുള്ള റബിള്‍ മേസണ്‍റി, അതിനുശേഷം ഗ്രൗട്ട് ചെയ്ത് അടയ്ക്കാത്ത നേരിയ വിടവ്, ഏറ്റവും ഒടുവില്‍ പഴയ അണക്കെട്ടിന്റെ പിന്‍ഭാഗത്ത് പുതിയ കോണ്‍ക്രീറ്റ്. ഇവ തമ്മില്‍ ഘടനാത്മകമായ ബന്ധമില്ലെന്നതാണ് വലിയ പ്രശ്‌നം. ചേരുംപടി ചേരാത്തതെന്ന് സാരം.

വെള്ളം നിറച്ച ആദ്യദിവസങ്ങളില്‍ തന്നെ അണക്കെട്ടിന്റെ പിന്‍ഭാഗത്ത് നനവും ഊറലും കണ്ടുതുടങ്ങിയെന്ന് രേഖകള്‍ പറയുന്നു. ഈ ഊറല്‍ ജലത്തിലൂടെ പ്രതിവര്‍ഷം ശരാശരി 30 ടണ്‍ ചുണ്ണാമ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞത് തമിഴ്‌നാട് തന്നെ.

ഡ്രെയിനേജ് ഗാലറി, ഉള്‍മര്‍ദം കുറയ്ക്കാനുള്ള കുഴല്‍ക്കിണറുകള്‍ എന്നിവയൊന്നും അണക്കെട്ടിലില്ല. രൂപകല്പനയില്‍ ഇന്നത്തേക്കാള്‍ എത്രയോ ശുഷ്‌കമായ മാനദണ്ഡങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. ഈ മാതൃകയിലുള്ള അണക്കെട്ടിന്റെ ഒരുഭാഗത്തും ജലം നിറഞ്ഞ നിലയിലോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള വലിവ് ഉണ്ടാകാന്‍ പാടില്ലെന്നാണ് കരുതുന്നത്. പക്ഷേ, മുല്ലപ്പെരിയാറില്‍ അങ്ങനെ സംഭവിക്കുന്നതായി ചില പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ജലം നിറഞ്ഞുനില്ക്കുമ്പോള്‍ അണക്കെട്ടിനുള്ളിലും താഴ്ഭാഗത്തും ഉണ്ടാകുന്ന 'മുകളിലേക്കുള്ള സമ്മര്‍ദം' കണക്കാക്കിയാണ് അണക്കെട്ടിന്റെ സ്ഥിരത നിശ്ചയിക്കുന്നത്.

എന്നാല്‍, മുല്ലപ്പെരിയാറില്‍ ഇത് നോക്കിയിട്ടില്ല. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ മാനദണ്ഡം അനുസരിച്ച് ഭൂചലനവും നൂറുശതമാനം മുകളിലേക്കുള്ള സമ്മര്‍ദവും പരിശോധിച്ചാല്‍ അണക്കെട്ടിന്റെ ചില ഭാഗങ്ങളില്‍ 2.80 ടണ്‍ വലിവുണ്ടാകുമെന്ന് ഒരു പഠനത്തില്‍ വെളിവായിട്ടുള്ളതാണ്. ഇത് അപകടകരമായ അവസ്ഥയാണ്.

ഇത്രയും വര്‍ഷത്തിനുള്ളില്‍ എത്രയോ വെള്ളപ്പൊക്കങ്ങളുടെയും ഭൂചലനങ്ങളുടെയും സമ്മര്‍ദം അണക്കെട്ടിനുണ്ടായി. ലോകത്ത് പല പഴയ അണക്കെട്ടുകളും ബലപ്പെടുത്താന്‍ വേണ്ടി ചെയ്ത പരീക്ഷണങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും പ്രയോഗിച്ച് നോക്കിയിട്ടുണ്ട്. കേബിള്‍ കൊണ്ടുള്ള ബലപ്പെടുത്തല്‍, മുകള്‍ഭാഗത്ത് കോണ്‍ക്രീറ്റ് കൊണ്ടുള്ള ക്യാപ്പിങ്, പിന്‍ഭാഗത്തുള്ള കോണ്‍ക്രീറ്റ് താങ്ങ്... ഇങ്ങനെ പലതരം ബലപ്പെടുത്തല്‍ പരീക്ഷണങ്ങള്‍കൊണ്ട് ആയുസ്സ് നീട്ടിക്കൊണ്ടുപോയി, 115 വയസ്സ് കഴിഞ്ഞു. 999 വര്‍ഷത്തേതാണ് മുല്ലപ്പെരിയാര്‍ കരാര്‍. അതുവരെ ഈ അണക്കെട്ടുണ്ടാവുമോ?

അണക്കെട്ട് വന്ന വഴി; പരിഗണിക്കാത്ത ആവശ്യം

മുല്ലയാറും പെരിയാറും ഒത്തുചേര്‍ന്ന് രൂപപ്പെട്ട്, പിന്നീട് 'പെരിയാര്‍' എന്ന പേരില്‍ ഒഴുകി അറബിക്കടലിലെത്തിച്ചേരുന്ന വെള്ളം തടഞ്ഞുനിര്‍ത്താനുള്ള യത്‌നങ്ങളൊന്നും പഴയ തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സഹ്യന്റെ പടിഞ്ഞാറ്- കേരളത്തിന്റെ ഭാഗത്ത്- നല്ല മഴയും വെള്ളവും. അയല്‍ സംസ്ഥാനമായ, ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് പ്രവിശ്യയിലെ മധുര, രാമനാട്, ദിണ്ടിക്കല്‍, രാമനാഥപുരം പ്രദേശങ്ങളില്‍ അന്ന് വരള്‍ച്ചയായിരുന്നു; കൃഷിനാശവും. സഹ്യന്റെ കിഴക്കാണത്.
മഴ ദുര്‍ലഭമായിരുന്നു, ഇവിടെ. ഇവിടത്തെ കൃഷിക്കാരെ സഹായിക്കാനായി തിരുവിതാംകൂറിലെ പെരിയാറ്റിലൂടെ പാഴായിപ്പോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി മദ്രാസ് പ്രദേശത്തേക്ക് ഒഴുക്കാമെന്ന ആശയം ആ പ്രവിശ്യയിലെ ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടായി, തിരുവിതാംകൂര്‍ അതിനോട് യോജിച്ചു.

തിരുവിതാംകൂറിന്റെ ഉപാധികള്‍

1.തിരുവിതാംകൂര്‍ നല്‍കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി റൊക്കം ഏഴു ലക്ഷം രൂപ നല്‍കുക.
2.ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന അഞ്ചുതെങ്ങ്, തങ്കശ്ശേരി എന്നീ പ്രദേശങ്ങളും ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ പാട്ടം നിലങ്ങള്‍ എന്നറിയപ്പെട്ടിരുന്ന 51 ഏക്കര്‍ സ്ഥലവും തിരുവിതാംകൂറിന് വിട്ടുകൊടുക്കുക.
3.8000 ഏക്കറില്‍ കൂടുതല്‍ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ ഏക്കറിനും 50 രൂപ പാട്ടമായി കൂടുതല്‍ നല്‍കുക.
4.ആവശ്യമെങ്കില്‍ മദ്രാസ് പ്രവിശ്യയിലെ കര്‍ഷകര്‍ക്ക് വെള്ളം നല്‍കുന്ന ഇതേ വ്യവസ്ഥകളിന്മേല്‍ തിരുവിതാംകൂറിലെ കര്‍ഷകര്‍ക്കും വെള്ളം നല്‍കുക.
ഉപാധികളിന്മേല്‍ ചര്‍ച്ച നടന്നു. അഞ്ചുതെങ്ങും തങ്കശ്ശേരിയും ചേര്‍ത്തലയിലെ പാട്ടം നിലങ്ങളും വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആദ്യമേ തന്നെ പറഞ്ഞു. മറ്റ് വ്യവസ്ഥകള്‍ ഭേദഗതികളോടെ അംഗീകരിച്ചു.
1886 ഒക്ടോബര്‍ 29-ന് ബ്രിട്ടീഷ് സര്‍ക്കാറും തിരുവിതാംകൂറും മുല്ലപ്പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവെച്ചു. തിരുവിതാംകൂര്‍ മഹാരാജാവിനു വേണ്ടി ദിവാന്‍ രാമയ്യങ്കാറും ഇന്ത്യാ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റിനു വേണ്ടി റസിഡന്റ് ഹാന്നിങ്ടണുമാണ്. തിരുവിതാംകൂര്‍ മരാമത്ത്‌വകുപ്പ് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ഐ.എച്ച്. പ്രിന്‍സും സാക്ഷികളായി ഒപ്പിട്ടു.

അംഗീകരിക്കപ്പെട്ട വ്യവസ്ഥകള്‍

1.പ്രതിവര്‍ഷം 40,000 രൂപ നഷ്ടപരിഹാരമായി തിരുവിതാംകൂറിന് നല്‍കും. അത് തിരുവിതാംകൂര്‍ വര്‍ഷംതോറും ബ്രിട്ടീഷ് സര്‍ക്കാറിന് കൊടുക്കുന്ന തുകയില്‍ നിന്ന് കുറവ് ചെയ്യും.
2.8000 ഏക്കറില്‍ കൂടുതല്‍ ഭൂമി അണക്കെട്ടിന് വേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ ഓരോ ഏക്കറിനും അഞ്ചു രൂപ പാട്ടമായി കൂടുതല്‍ നല്‍കും.
3.അണക്കെട്ട് നിര്‍മാണത്തിനാവശ്യമായ മരം, കല്ല്, മണ്ണ്, മുള തുടങ്ങിയവ പ്രതിഫലമൊന്നും നല്‍കാതെ തിരുവിതാംകൂര്‍ പ്രദേശത്ത് നിന്നെടുക്കാന്‍ പാട്ടക്കാരന് അവകാശമുണ്ടാകും.
4.കരാറിന്റെ കാലാവധി 999 കൊല്ലമായിരിക്കും.
5.കരാര്‍ നടപ്പാക്കുന്നതിനിടയില്‍ ഉയര്‍ന്നേക്കാവുന്ന തര്‍ക്കങ്ങള്‍ രണ്ട് സര്‍ക്കാറുകളും നിശ്ചയിക്കുന്ന മധ്യസ്ഥന്മാരുടെയോ അല്ലെങ്കില്‍ അവര്‍ നിശ്ചയിക്കുന്ന അമ്പയറുടെയോ അന്തിമതീരുമാനത്തിന് വിടും.
ആകെക്കൂടി നോക്കുമ്പോള്‍ കരാര്‍ തിരുവിതാംകൂറിന് നഷ്ടക്കച്ചവടം തന്നെയായിരുന്നു. ബ്രിട്ടന്റെ സമ്മര്‍ദം വ്യക്തം.

തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന വഴി

തേക്കടി ബോട്ട് ലാന്‍ഡിങ്ങിനടുത്തുനിന്ന് തടാകത്തിന്റെ അരികില്‍ക്കൂടി 5342 അടി നീളവും 21 അടി, അടിത്തട്ട് വീതിയുമുള്ള കനാലിലൂടെ വെള്ളം കുമളി ടൗണിനടുത്ത് എത്തിക്കുന്നു. തേക്കടി പാര്‍ക്കിന്റെ പ്രവേശന ഭാഗത്താണിത്. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റിനടുത്ത്. അവിടെ നിന്ന് മലതുരന്ന്, കമ്പം-തേനി റോഡിനടിയില്‍ക്കൂടി 5887 അടി നീളമുള്ള ടണലിലൂടെ പശ്ചിമഘട്ടത്തിന്റെ അപ്പുറത്തെത്തിക്കുന്നു. അവിടെ 3.2 ദശലക്ഷം ഘനയടി മാത്രം ശേഷിയുള്ള ഡാമിലാണ് വെള്ളമെത്തുക.
ഈ ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ 1600 ഘനയടി വെള്ളം കൊണ്ടുപോകാന്‍ ശേഷിയുള്ള, 3992 അടി നീളം വരുന്ന പവര്‍ ടണലിലൂടെ മലയുടെ മറ്റൊരു ഭാഗത്തെത്തിക്കുന്നു. അവിടെ നിന്ന് സെക്കന്‍ഡില്‍ 400 ഘനയടി വീതം വെള്ളം പ്രവഹിപ്പിക്കാന്‍ കഴിയുന്ന നാല് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ ലോവര്‍ക്യാമ്പ് വൈദ്യുത നിലയത്തിലാണ് വെള്ളമെത്തിക്കുക. ഈ വെള്ളമുപയോഗിച്ച് ഇവിടെ 140 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിനുശേഷം ഈ വെള്ളം വരൈവനാറിലൂടെ വൈഗൈ അണക്കെട്ടില്‍ എത്തിച്ചേരുന്നു. വൈഗൈ അണക്കെട്ടിന്റെ താഴെയാണ് ഈ വെള്ളം ഉപയോഗിച്ച് ജലസേചനം ചെയ്യുന്ന പ്രധാന ആയക്കെട്ട്. വൈഗൈയില്‍ എത്തുന്നതിനുമുമ്പ് പതിനായിരത്തിലധികം ഏക്കര്‍ സ്ഥലത്ത് ഈ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment