1959-ല്‍ കമ്യൂണിസത്തിന്റെ പ്രഖ്യാപിത ശത്രുവായ അമേരിക്കന്‍ ഐക്യനാടുകളുടെ മൂക്കിനു താഴെ, കൊച്ചു ദ്വീപായ ക്യൂബയില്‍ ഒരു വിപ്ലവം നടന്നു. തുടക്കത്തില്‍ അത് കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നില്ലെങ്കിലും അതൊരു കമ്യൂണിസ്റ്റ് വിപ്ലവം തന്നെ ആയിരുന്നു. അതിവേഗത്തില്‍ തന്നെ ആ വിപ്ലവശക്തികളെല്ലാം കമ്യൂണിസ്റ്റുകാരായി, ക്യൂബ ഒരു കമ്യൂണിസ്റ്റ് രാജ്യമായി. ഇവിടെ കമ്യൂണിസ്റ്റ് രാജ്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന രാജ്യം എന്ന അര്‍ഥത്തിലാണ്. അല്ലാതെ കമ്യൂണിസ്റ്റ് സമൂഹം നിലനില്‍ക്കുന്ന ഒരു രാജ്യം എന്ന അര്‍ഥത്തിലല്ല. അത്തരം ഒരു സമൂഹം സൃഷ്ടിക്കാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവരും. ഒരു രാജ്യത്തുമാത്രമായി അത് സൃഷ്ടിക്കാനും ആകില്ല. സോവിയറ്റ് യൂണിയനിലെ സമൂഹം പോലും കമ്യൂണിസ്റ്റ് സമൂഹം ആയിരുന്നില്ല.
എന്നാല്‍ ഇരുധ്രുവശീതയുദ്ധത്തിന്റെ ഒരു ധ്രുവം അതായിരുന്നു. മറ്റേ ധ്രുവം അമേരിക്കയും. ആ അമേരിക്കയുടെ മൂക്കിനു താഴെയാണ് മറ്റേ ധ്രുവത്തിന്റെ, കമ്യൂണിസ്റ്റ് ധ്രുവത്തിന്റെ ആവിര്‍ഭാവം ഉണ്ടാകുന്നത്. മുളയില്‍ത്തന്നെ നുള്ളിക്കളയാന്‍ അമേരിക്ക ശ്രമം തുടങ്ങി. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍, ക്യൂബയെ വക വരുത്താനായി അവര്‍ നടത്തിയ അക്രമങ്ങള്‍ക്ക് അതിരില്ല. ഓരോ പരാജയത്തിലും കൂടുതല്‍ അരിശം പൂണ്ട് അവര്‍ നടത്തിയ ആക്രമണങ്ങള്‍ ഓരോന്നും കൂടുതല്‍ കൂടുതല്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. മാത്രമല്ല, ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും കുത്തൊഴുക്കില്‍ സോവിയറ്റ് യൂണിയനും യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളും ചൈനയും അടക്കം എല്ലാവരും മറിഞ്ഞുവീഴുകയും നിയോ ലിബറല്‍ മുതലാളിത്തപാത സ്വീകരിക്കുകയും ചെയ്തപ്പോള്‍, കമ്യൂണിസ്റ്റ് ആദര്‍ശങ്ങളിലും രാഷ്ട്രീയത്തിലും അടിപതറാതെ ഉറച്ചുനിന്ന ഒരേ ഒരു രാജ്യം ക്യൂബയാണ്. പോരാ ലാറ്റിന്‍ അമേരിക്കന്‍ വന്‍കരയിലെ ബ്രസീല്‍, അര്‍ജന്റീന, ബൊളീവിയ, വെനിസ്വേല മുതലായ പ്രമുഖ രാജ്യങ്ങളില്‍ ഒരു പുത്തന്‍ ഇടതുപക്ഷ രാഷ്ട്രീയം വളര്‍ന്നുവരുന്നതിന് താങ്ങായി അത് വര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ ക്യൂബ ഒരു രാഷ്ട്രീയ പ്രഹേളികയായി തുടര്‍ന്നു.
മാറ്റങ്ങള്‍ സോഷ്യലിസത്തെ ശക്തിപ്പെടുത്താന്‍
എന്നാല്‍ നിയോ ലിബറലിസത്തിന്റെ കൊടുങ്കാറ്റില്‍ അതും ആടാന്‍ തുടങ്ങിയോ? കഴിഞ്ഞ മൂന്നു നാലു കൊല്ലമായി സാമ്പത്തിക മേഖലയില്‍ അവിടെ വരുത്തിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ ഒരു ചൈനീസ് മോഡല്‍ നിയോ ലിബറലിസത്തിലേക്കുള്ള ദിശാമാറ്റത്തെയാണോ സൂചിപ്പിക്കുന്നത്? അങ്ങനെയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ 2011 ഏപ്രില്‍ 16 മുതല്‍ 19 വരെ നടന്ന ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാം കോണ്‍ഗ്രസ്സിലെ രേഖകള്‍ കാണിക്കുന്നത് മുതലാളിത്തത്തിലേക്കുള്ള മാറ്റമല്ല, സോഷ്യലിസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മാറ്റങ്ങളാണ്. ശരിയാണ്, പ്രഥമദൃഷ്ടിയില്‍ മുതലാളിത്തത്തിലേക്കു നീങ്ങുകയാണോ എന്നു സംശയിച്ചേക്കാം. എന്നാല്‍ തെറ്റായ ചില ധാരണകളുടെ അടിസ്ഥാനത്തിലാണ് ഈ ഭയം രൂപം കൊള്ളുന്നത്.
വിപണി എന്നാല്‍ മുതലാളിത്തം എന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. നാടുവാഴിത്തത്തിന്‍ കീഴിലും അടിമവ്യവസ്ഥയില്‍പോലും വിപണികള്‍ ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലും വിപണി ഉണ്ട്. വിപണിയുടെ സ്വഭാവത്തിലാണ് വ്യത്യാസമുള്ളത്. മുതലാളിത്തത്തില്‍ വിപണി സര്‍വതന്ത്രസ്വതന്ത്രമാണ്. പരമാധികാരം ഉള്ളതാണ്. സോഷ്യലിസത്തില്‍ വിപണി മനുഷ്യര്‍ക്ക്, സമൂഹത്തിന് കീഴ്‌പ്പെട്ടാണ് പ്രവര്‍ത്തിക്കുക. അതിന്റെ മേല്‍ സാമൂഹികനിയന്ത്രണമുണ്ട്.
അതേപോലെ സ്വകാര്യവ്യക്തിഗത-സ്വത്തിന്റെ കാര്യത്തിലും തെറ്റായ ധാരണകള്‍ ഉണ്ട്. മുതലാളിത്തത്തില്‍ മാത്രമല്ല അടിമവ്യവസ്ഥയിലും നാടുവാഴിവ്യവസ്ഥയിലും സ്വകാര്യസ്വത്തുണ്ടായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലും സ്വകാര്യസ്വത്ത് ഉണ്ടായിരിക്കും. മുതലാളിത്തവ്യവസ്ഥയില്‍ ഈ സ്വകാര്യസ്വത്ത് മൂലധനം ആയി മാറുന്നു, ഉത്പാദനഉപാധിയായി മാറുന്നു, ചൂഷണഉപാധിയായി മാറുന്നു എന്നതാണ് വ്യത്യാസം. മാത്രമല്ല, ഈ മൂലധനത്തിന്റെ അളവ് തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടല്ലാതെ മുതലാളിത്തവ്യവസ്ഥയ്ക്ക് നിലനില്‍ക്കാന്‍ പറ്റുകയുമില്ല. ഇത് അസമത്വങ്ങള്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നതിനു കാരണമായിത്തീരുന്നു.
അങ്ങനെ, ക്യൂബ മുതലാളിത്തത്തിലേക്ക് നീങ്ങുകയാണോ, അല്ലയോ എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ മൂന്നു കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
1. വിപണി സര്‍വതന്ത്രസ്വതന്ത്രമായിത്തീരുകയാണോ? അതിന്റെമേല്‍ സമൂഹത്തിന് ഉള്ള നിയന്ത്രണം ഇല്ലാതാവുകയാണോ?
2. സ്വകാര്യസ്വത്ത് മൂലധനം ആയി, പരിധിയില്ലാത്ത ചൂഷണഉപാധിയായി മാറുകയാണോ?
3. സമൂഹത്തിനുള്ളില്‍ അസമത്വം തുടര്‍ച്ചയായി വളരുന്നതിന് ഇത് കാരണമാകുമോ?
മുന്‍ സോവിയറ്റ് യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലും മുന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ചൈനയിലും ഒക്കെ നമുക്ക് കാണാന്‍ കഴിയുന്നത് സ്വകാര്യസ്വത്തിന്റെ വമ്പിച്ചതോതിലുള്ള മൂലധനവത്കരണവും വര്‍ധിച്ചുവരുന്ന ചൂഷണവും ഭീതിദമായി വളരുന്ന അസമത്വവും ആണ്. ചൈനയില്‍ മാത്രം വിപണിയുടെ മേല്‍ ചില നിയന്ത്രണങ്ങളുണ്ട്. പക്ഷേ, അത് സമൂഹത്തിന്റെ നിയന്ത്രണമല്ല; സര്‍ക്കാറിന്റെ നിയന്ത്രണമാണ്, മൂലധനത്തെ ശക്തിപ്പെടുത്തുന്ന നിയന്ത്രണങ്ങളാണ്. ക്യൂബയില്‍ വിഭാവനം ചെയ്തിട്ടുള്ള മാറ്റങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ളത് എന്താണ്? ആത്യന്തികമായി അവ മൂലധന കേന്ദ്രീകരണത്തിലേക്കും അസമത്വവര്‍ധനയിലേക്കും നയിക്കുമോ?
ഇനിയും മറ്റൊരു സെറ്റ് ചോദ്യങ്ങളുണ്ട്. അധികാരകേന്ദ്രീകരണവും അതാര്യതയും ജനപങ്കാളിത്തത്തെ ദോഷകരമായി ബാധിക്കുന്നതാണ്. എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളിലുമെന്നപോലെ ക്യൂബയിലും ഈ പോരായ്മ ഉണ്ടായിരുന്നു. മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളിലെന്നപോലെ ക്യൂബയിലും അനേകം ദുഷ്പ്രവണതകള്‍ ശക്തിപ്പെടുന്നതിന് ഇത് കാരണമായി. അഴിമതി, അധികാരമോഹം, അലസത, അസ്വാതന്ത്ര്യം എന്നിവയാണിവ.
പൗരന്മാരുടെ മേല്‍ നിയന്ത്രണങ്ങള്‍
പൗരന്മാര്‍ക്ക് ഒട്ടേറെ അസ്വാതന്ത്ര്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനോ വീട്ടില്‍ കമ്പ്യൂട്ടര്‍ വെക്കാനോ വിദേശയാത്ര പോകാനോ ഒന്നിനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അടുത്തകാലം വരെ ഈ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു എന്നത് സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അപ്രിയകരമായ ഒരു സത്യമാണ്. നേതൃത്വത്തിന് ജനങ്ങളിലുള്ള വിശ്വാസരാഹിത്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും കാര്യത്തില്‍ മാത്രമല്ല, മറ്റൊട്ടേറെ കാര്യങ്ങളിലും പൗരന്മാരുടെ മേല്‍ വിവേചനാത്മകമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക്, വിശിഷ്യ നേതൃത്വത്തിലുള്ളവര്‍ക്ക്, സാധാരണക്കാര്‍ക്കില്ലാത്ത ഒട്ടേറെ ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും ഉണ്ടായിരുന്നത് പൗരന്മാരെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതിന് കാരണമായി. സോവിയറ്റ് യൂണിയനിലും യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്തതിന് ഇത് ഒരു കാരണമായിരുന്നു.
അധികാരത്തില്‍വന്ന എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും അഴിമതിയാരോപണത്തിന് വിധേയമായിട്ടുണ്ട്. ക്യൂബയും വ്യത്യസ്തമായിരുന്നില്ല. പാര്‍ട്ടിയുടെ ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന ദുരാരോപണങ്ങളായിരുന്നില്ല ഇവ. പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇതിനെപ്പറ്റി ഏറെ വേവലാതിപ്പെട്ടിരുന്നു. പാര്‍ട്ടി പ്രമാണിമാരുടെ ഇടയിലും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഇടയിലും അഴിമതി വ്യാപകമായിരുന്നു.
മറ്റൊരു പ്രധാന ദൗര്‍ബല്യം, വ്യാപകമായി വളര്‍ന്ന അലസത ആയിരുന്നു. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെ നിര്‍ണയിക്കുന്ന സൂത്രവാക്യം ഓരോരുത്തനില്‍ നിന്നും അവന്റെ കഴിവിനനുസരിച്ച്, ഓരോരുത്തനും അവന്റെ അധ്വാനത്തിനനുസരിച്ച്എന്നാണല്ലോ. എന്നാല്‍ എല്ലാവരും ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിന്‍ കീഴില്‍ വരികയും എല്ലാവരും സ്ഥിരം സര്‍ക്കാര്‍ ജോലിക്കാര്‍ ആവുകയും ചെയ്തപ്പോള്‍ ഒരാളും അവന്റെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാതെ ആയി. അധ്വാനിച്ചാലും ഇല്ലെങ്കിലും അയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ വ്യത്യാസം ഇല്ലെന്നുവന്നു. അവരുടെ അധ്വാനമനുസരിച്ച് അര്‍ഹതപ്പെട്ടതിനേക്കാള്‍ എത്രയോ കൂടുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന പ്രതിഫലം. സോഷ്യലിസ്റ്റ് തത്ത്വങ്ങള്‍ക്ക് നിരക്കാത്തതാണിത്. (ഇന്ത്യയിലെയും കേരളത്തിലെയും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാരെപ്പറ്റിയും ഇതു തന്നെ പറയാം). ക്യൂബയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ നയങ്ങളില്‍ ഒന്ന് ഈ തെറ്റ് തിരുത്തുന്നതിനാണ്.
ഔദ്യോഗികസ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് അനര്‍ഹമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു ദൗര്‍ബല്യമാണ്, അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള മോഹം. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാം കോണ്‍ഗ്രസ് അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്ന്, ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് കാലപരിധി നിര്‍ണയിക്കുക എന്നതാണ്.
ആറാം കോണ്‍ഗ്രസ് അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങളെപ്പറ്റി, അവയുടെ യഥാര്‍ഥ സ്വഭാവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും ധാരണകളും ഉണ്ട്. റൗള്‍ കാസ്‌ട്രോവിനെപ്പോലുള്ള നേതാക്കള്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്ന പ്രസ്താവനകളും അഭിപ്രായങ്ങളുമുണ്ട്. ചിലര്‍ ക്യൂബയില്‍ നിലനിന്നുപോരുന്ന സ്വേച്ഛാധിപത്യത്തില്‍ വന്ന അയവായി ഇതിനെ കാണുന്നു. മറ്റു ചിലര്‍ മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ആദ്യത്തെ ചുവട് ആയി ഇതിനെ കാണുന്നു, വിപ്ലവത്തിന്റെ വഞ്ചനയായി കാണുന്നു. ഇനിയും ചിലര്‍, അഭിലഷണീയവും നേരത്തേതന്നെ വേണ്ടിയിരുന്നതുമായ പരിഷ്‌കാരങ്ങള്‍ ആയി - വാസ്തവത്തില്‍ തെറ്റുതിരുത്തല്‍ നടപടിയായി - ഇതിനെ കാണുന്നു. പക്ഷേ, അത്യന്തം അപകടം പിടിച്ച ഒരു കളിയാണിതെന്ന് അവര്‍ കരുതുന്നു. ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ നിയന്ത്രണം കൈവിട്ടുപോയേക്കാമെന്നും മുതലാളിത്തത്തിന്റെ പുനഃസ്ഥാപനത്തിലേക്ക് അതു നയിച്ചേക്കാമെന്നും ഭയപ്പെടുന്നു.
സോവിയറ്റ് യൂണിയന്റെ പതനം
സോവിയറ്റ് യൂണിയന്റെ പതനം ഊഹിക്കാനാകാത്ത ആഘാതമാണ് ക്യൂബയുടെ സാമ്പത്തികവ്യവസ്ഥയിന്മേല്‍ ഏല്‍പിച്ചത്. മുഖ്യഉത്പന്നമായ പഞ്ചസാരയുടെ ആകര്‍ഷകമായിരുന്ന വിപണിയാണ് അതോടെ അവര്‍ക്ക് നഷ്ടപ്പെട്ടത്. തക്കംനോക്കി അമേരിക്ക അതിന്റെ പിടിമുറുക്കുകയും ചെയ്തു. ഈ പ്രതിസന്ധി നേരിടാനായി ഒട്ടേറെ കടുത്ത നടപടികള്‍ അവര്‍ക്കു സ്വീകരിക്കേണ്ടിവന്നു. എന്നാല്‍ ചൈന കൈവരിച്ചുകൊണ്ടിരുന്ന അദ്ഭുതകരമായ വികസനം, ക്യൂബയിലെ പല സാമ്പത്തികശാസ്ത്രവിദഗ്ധരെയും ഭ്രമിപ്പിച്ചു. ക്യൂബയും ഉദാരീകരിക്കണമെന്നും ചൈനയുടെ പാത പിന്തുടരണമെന്നും അവര്‍ ചിന്തിക്കാന്‍ തുടങ്ങി. 1996ല്‍ ഫിദെല്‍ കാസ്‌ട്രോവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചൈന സന്ദര്‍ശിക്കുകയുണ്ടായി. തിരിച്ചുവന്ന ഫിദെല്‍ പ്രഖ്യാപിച്ചു: ''ചൈനയുടെ മാര്‍ഗം നമ്മുടെ മാര്‍ഗമല്ല.'' എന്നാല്‍ പ്രബലരായ പല സാമ്പത്തികശാസ്ത്രവിദഗ്ധര്‍ക്കും അത് ബോധ്യമായിരുന്നില്ല. സോവിയറ്റ് മോഡല്‍ സോഷ്യലിസം നിരാകരിച്ച് ചൈനീസ് മോഡല്‍ 'മാര്‍ക്കറ്റ് സോഷ്യലിസം' കൈവരിക്കുകയേ മോചനമാര്‍ഗമുള്ളൂ എന്നു മാത്രമല്ല അത് അഭിലഷണീയം കൂടി ആണെന്നും അവര്‍ തുടര്‍ന്നു വാദിച്ചുകൊണ്ടിരുന്നു. ഈ 'തുറന്നുകൊടുക്കല്‍' വാദികള്‍ ഇപ്പോഴും ശക്തരാണ്. ഇന്നത്തെ പരിഷ്‌കരണങ്ങളുടെ നിയന്ത്രണം അവരുടെ കൈയിലാണോ? റൗള്‍ കാസ്‌ട്രോവും അദ്ദേഹത്തിന്റെ പ്രധാന സഹപ്രവര്‍ത്തകരും ആ വാദഗതി അംഗീകരിക്കുന്നവരാണോ? ക്യൂബയെ മലര്‍ക്കെ തുറക്കുന്നതിലേക്കുള്ള ആദ്യത്തെ ചുവടുകളാണോ ഇന്നത്തെ പരിഷ്‌കരണങ്ങള്‍? അങ്ങനെ ആണെന്നു വിശ്വസിക്കുന്നവരുണ്ട്. അമേരിക്കയിലെ ക്യൂബാനോക്കികളില്‍ പലരും അങ്ങനെയാണെന്നു വിശ്വസിക്കുന്നു. ആകണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ കഴിഞ്ഞ ഏതാനും വര്‍ഷക്കാലത്തെ ഗതിവിഗതികള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്, സ്റ്റാലിനിസ്റ്റ് സോഷ്യലിസത്തില്‍നിന്ന് ശാസ്ത്രീയസോഷ്യലിസത്തിലേക്കുള്ള ഒരു പരിവര്‍ത്തനമാണ്. ആറാം കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന രാജ്യവ്യാപകമായ ചര്‍ച്ചയും ആറാം കോണ്‍ഗ്രസ്സില്‍ അംഗീകരിച്ച മാര്‍ഗനിര്‍ദേശക തത്ത്വങ്ങളും വിശദമായി പരിശോധിച്ചുകൊണ്ടേ ഇതിനെപ്പറ്റി നമുക്ക് എന്തെങ്കിലും ഒരു ധാരണയില്‍ എത്താന്‍ കഴിയൂ. ഇവിടെ നമ്മള്‍ എന്നു പറയുന്നത് സോഷ്യലിസത്തെ അന്ധമായി ഭയപ്പെടുന്നവരും അന്ധമായി ആരാധിക്കുന്നവരും വര്‍ഗപരമായി എതിര്‍ക്കുന്നവരും വര്‍ഗപരമായി അനുകൂലിക്കുന്നവരും ഒക്കെ ഉള്‍പ്പെടുന്ന ഒരു സമൂഹമാണ്. വസ്തുതകളുടെ സഹായത്തോടെ മാത്രമേ വിഭ്രമങ്ങളെ അതിജീവിക്കാന്‍ കഴിയൂ.
No comments:
Post a Comment