Saturday 19 November 2011

[www.keralites.net] മൃഗസംരക്ഷണം - സാധ്യതയേറുന്നു....

 

Fun & Info @ Keralites.netഭക്ഷ്യസുരക്ഷാബില്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള മേഖലകളിലൊന്നായിരിക്കും മൃഗസംരക്ഷണം. കൃഷി ആണ്ടില്‍ 120 തൊഴില്‍ ദിനങ്ങള്‍ മാത്രം പ്രദാനം ചെയ്യുമ്പോള്‍ മൃഗസംരക്ഷണ മേഖലയില്‍ നിന്നും 365 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നു എന്നത് ഈ മേഖലയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞ സ്ഥലത്ത് എളുപ്പത്തില്‍ ലാഭം കൊയ്യാനുതകുന്ന ഘടകങ്ങളാണ് മൃഗസംരക്ഷണമേഖലയിലുള്ളത്.

ജന്തുജന്യ ഉല്പന്നങ്ങളായ പാല്‍, മുട്ട, ഇറച്ചി, ഇവയുടെ ഉത്പന്നങ്ങള്‍, തുകല്‍, തുകലുത്്പന്നങ്ങള്‍, എല്ലുപൊടി, ജലാറ്റിന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ ഉറവിടം മൃഗസംരക്ഷണമേഖല തന്നെയാണ്. ആഗോളതലത്തില്‍ പ്രോട്ടീന്‍ ന്യൂനതമൂലമുള്ള രോഗങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ കൂടുതലായി കണ്ടു വരുന്നു. സസ്യപ്രോട്ടീനിനെ അപേക്ഷിച്ച് ഇവയ്ക്ക് ഏറ്റവും നല്ല പ്രതിവിധി ജന്തജന്യ പ്രോട്ടീനിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ജന്തുജന്യപ്രോട്ടീന്‍ സ്രോതസ്സുകളായ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം ആഗോള, ദേശീയ, സംസ്ഥാന തലങ്ങളില്‍ ഏറെ വലുതാണ്. ഉപഭോഗം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (Indian Council of Medical Research -ICMR), ദേശീയ പോഷണ ഇന്‍സ്റ്റിറ്റിയൂട്ട് (National Institute of Nutrition -NIN) എന്നിവയുടെ ശുപാര്‍ശയെക്കാളും തീരെ കുറവാണ് NIN ശുപാര്‍ശകള്‍ ICMR ശുപാര്‍ശ ചെയ്യുന്ന അളവിനേക്കാളും കുറവാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച് ഒരാള്‍ക്ക് ഒരു ദിവസം 30 ഗ്രാം മുട്ട, 30 ഗ്രാം ഇറച്ചി, 250 ഗ്രാം പാല്‍ എന്നിവ ആവശ്യമാണ്. എന്നാല്‍ പ്രതിശീര്‍ഷ ലഭ്യതയാകട്ടെ തുലോം കുറവും. NIN ശുപാര്‍ശകളനുസരിച്ചെങ്കിലും പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. കാര്‍ഷികോത്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തുള്ള ഉത്പന്നക്കമ്മി 200 ശതമാനത്തിലധികമാണ്. ഇത് മൃഗസംരക്ഷണ മേഖലയിലുള്ള അനന്തസാധ്യതകള്‍ക്കു തെളിവാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ മുഖ്യ ഉപതൊഴില്‍, സ്വയംതൊഴില്‍ മേഖല കൂടിയാണിത്. അടുത്തകാലത്തായി ഈ മേഖല ഉപജീവനമാര്‍ഗമായും മാറിക്കൊണ്ടിരിക്കുകയാണ്.

മൃഗസംരക്ഷണമേഖല എന്നു കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ വരുന്നത് കന്നുകാലിവളര്‍ത്തലും കോഴിവളര്‍ത്തലുമാണ്. വൈവിധ്യമാര്‍ന്ന നിരവധി ഉപവിഭാഗങ്ങളുള്ള ഈ മേഖലയില്‍ 80 ശതമാനത്തിലധികം വനിതാ പങ്കാളിത്തവുമുണ്ട്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള ഇന്ത്യ പാലുല്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഇവിടെ 460 ദശലക്ഷം കന്നുകാലികളും, 360 ദശലക്ഷം കോഴികളുമുണ്ട്. ഈ രംഗത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4-5% ആണ്. മുട്ടയുത്പാദനം, കോഴിയിറച്ചി ഉത്പാദനം എന്നിവയില്‍ ഇന്ത്യക്ക് യഥാക്രമം രണ്ടും നാലും സ്ഥാനമാണുള്ളത്. പോത്തിറച്ചി കയറ്റുമതിയില്‍ ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നു.

ഇന്ത്യയിലെ വാര്‍ഷിക പാലുല്പാദനം 104 ദശലക്ഷം ടണ്ണിലധികമാണ്. മൊത്തം വരുമാനത്തിന്റെ 42.5% ഭക്ഷണത്തിനുവേണ്ടി ചെലവഴിക്കുന്നു. ഇതില്‍ 24.5% പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങള്‍ക്ക് വേണ്ടിയാണ്. (പാല്‍, പാലുല്പന്നങ്ങള്‍ - 18.2%, ഇറച്ചി, മുട്ട, മത്സ്യം -6.3%). പട്ടണങ്ങളിലിത് 28% ത്തിലധികമാണ്. ധാന്യങ്ങള്‍ക്കു വേണ്ടി 23.4% മാത്രമേ ചെലവിടുന്നുള്ളൂ!

ലോകത്തില്‍ ഓരോ മിനുട്ടിലും 251 പേര്‍ ജനിക്കുന്നതായും 106 പേര്‍ മരിക്കുന്നതായും കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷവും 76 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്. 2020-ഓടു കൂടി ലോക ജനസംഖ്യ 7.8-9.2 ബില്ല്യന്‍ ആകാനാണ് സാധ്യത. ഈ കാലയളവിലെ വര്‍ധിച്ച പ്രോട്ടീന്‍ ആവശ്യകതയ്ക്ക് ആശ്രയിക്കാവുന്നത് പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങളെയാണ്. ആയതിനാല്‍ ഈ ലക്ഷ്യമിട്ടുള്ള ഉത്പാദന തന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. Production, Population, Policies എന്നിവയടങ്ങിയ 3P Strategies ഇതിനാവശ്യമാണ്.

ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രമുള്ള കേരളത്തില്‍ മൃഗസംരക്ഷണമേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായാണ് കേന്ദ്രകാര്‍ഷികോത്പന്ന വില നിര്‍ണ്ണയക്കമ്മയറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ശരാശരി ആളോഹരി സ്ഥലലഭ്യത 0.27 ഹെക്ടറാണ്. ദേശീയതലത്തിലിത് 1.41 ഹെക്ടറും. 92% സങ്കരയിനം കറവമാടുകള്‍, പഞ്ചായത്ത് തല മൃഗാശുപത്രികള്‍, ചിട്ടയോടെയുള്ള രോഗനിയന്ത്രണ പദ്ധതികള്‍ എന്നിവ കേരളത്തിന്റെ മാത്രം പ്രത്യേകതകളാണ്.കേരളത്തില്‍ കാര്‍ഷികമേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റുവരവ് മൃഗസംരംക്ഷണ മേഖലയെക്കാള്‍ കൂടുതലാണ്. എന്നാല്‍ മൃഗസംരംക്ഷണമേഖലയിലിത് 3.6 ശതമാനമാണ്. വാര്‍ഷിക വളര്‍ച്ചാനിരക്ക് മൃഗസംരംക്ഷണമേഖലയില്‍ 3.8%വും കാര്‍ഷികമേഖലയില്‍ 0.9% വുമാണ്. മൃഗസംരംക്ഷണ മേഖലയിലേക്കുള്ള ദിശാവ്യതിയാനത്തിന്റെ സൂചനയാണിത്. 18-മത് കന്നുകാലി സെന്‍സസ്സില്‍ കേരളത്തില്‍ ആടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ജന്തുജന്യ ഉത്പന്നങ്ങളുടെ വ്യാപാരത്തിന് അനന്ത സാധ്യതകളാണുള്ളത്. എന്നാല്‍ ലോക വ്യാപാരക്കരാറിന്റെ നിബന്ധനകള്‍ പാലിക്കാനുള്ള പരിമിതികളും വികസിത രാജ്യങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന സബ്‌സിഡി നിയന്ത്രണവും ഈ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഇറക്കുമതി തീരുവ ഉയര്‍ത്തി ഈ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.ജന്തുജന്യ ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ടവയാണ് പാല്‍, ഇറച്ചി, മുട്ട, തുകല്‍ കമ്പിളി ഉത്പന്നങ്ങള്‍ തുടങ്ങിയവ. ആഗോളവ്യാപാരക്കരാറിന്റെ അടിസ്ഥാനത്തില്‍ വികസിത രാജ്യങ്ങളില്‍ നിന്നുള്ള മൃഗോത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ യഥേഷ്ടം വിപണനം നടത്തപ്പെടുന്നു. ഉത്പാദനച്ചെലവ് കുറവായ, സബ്‌സിഡി വെട്ടിക്കുറച്ച വികസ്വര രാജ്യങ്ങളിലെ ഉത്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വികസിത രാജ്യങ്ങളില്‍ നിന്നും ഇവ അന്താരാഷ്ട്ര വിപണിയിലെത്തുന്നു. വികസിത രാജ്യങ്ങളില്‍ സംരക്ഷണം എന്ന പേരില്‍ കര്‍ഷകര്‍ക്ക് അദൃശ്യ സബ്‌സിഡി നല്‍കിവരുന്നതിനാല്‍ ഉത്പാദനച്ചെലവ് തുലോം കുറവാണ്. പശുവളര്‍ത്തലിന് 200% വരെ സബ്‌സിഡി നല്‍കി വരുന്ന രാജ്യങ്ങളുണ്ട്. അവിടെ നിന്നുള്ള ഉത്പന്നങ്ങളെത്തുന്ന വികസ്വര രാജ്യങ്ങളില്‍ ഇറക്കുമതി തീരുവ തീരെ കുറഞ്ഞ നിരക്കിലുമാണ്.

ക്ഷീരോല്പന്നങ്ങള്‍ 5-6% മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം നടത്തപ്പെടുന്നുള്ളൂ. യൂറോപ്പ്, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് 66% പാല്‍പ്പൊടി (Whole milk powder) 75% വെണ്ണ, ചീസ് എന്നിവ കയറ്റുമതി ചെയ്യുന്നത്. യൂറോപ്പിലും, അമേരിക്കയിലും ചീസിന്റെ ഇറക്കുമതി യഥാക്രമം 2%-വും 5%-വും മാത്രമാണ്.അന്താരാഷ്ട്ര വിപണിയേക്കാളും ഉയര്‍ന്ന താങ്ങുവില നല്‍കിയാണ് യൂറോപ്പ്, അമേരിക്ക, ജപ്പാന്‍, കാനഡ മുതലായ രാജ്യങ്ങളില്‍ ക്ഷീരോല്പാദന, ഇറച്ചി സംസ്‌കരണ മേഖല നിലനിര്‍ത്തുന്നത്. യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളില്‍ വെണ്ണയ്ക്കുള്ള ഇറക്കുമതി തീരുവ യഥാക്രമം 100%-വും 500%-വുമാണ്. എന്നാല്‍ ഇന്ത്യയിലിത് 40-60%-ത്തില്‍ താഴെ മാത്രമാണ് കഴിഞ്ഞ പതിറ്റാണ്ടു കാലയളവില്‍ ഇറച്ചി ഉല്പന്നങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ യഥാക്രമം 253%, 549% വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുകല്‍, കമ്പിളി എന്നിവയിലിത് 77% വും 33-%വുമാണ്.

ആഗോളവ്യാപാരക്കരാറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ജൈവസാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും വേണം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് പന്നിയിറച്ചിയാണ്. എന്നാല്‍, ഇന്ത്യയില്‍ കോഴിയിറച്ചിയാണ്. ആഗോളതല്ത്തില്‍ തന്നെ പന്നിയിറച്ചിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് കോഴിയിറച്ചിയുടെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്നു. ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചി കയറ്റുമതിക്ക് ഉയര്‍ന്ന സാധ്യതകളുണ്ട്. കൊഴുപ്പ് കുറവും ഭ്രാന്തിപ്പശുരോഗമില്ലായ്മയും പോത്തിറച്ചിയുടെ കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആട്ടിറച്ചിക്ക് ഇന്ന് നല്ല വിപണനസാധ്യതയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരവില്ലാത്തതും വര്‍ധിച്ച ആവശ്യകതയും ഭാവിയില്‍ കേരളത്തില്‍ ഈ മേഖലയ്ക്കുള്ള അനന്ത സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ ആട്ടിറച്ചിക്കും (Chevon) ചെമ്മരിയാടിറച്ചിയ്ക്കും (mutton) അന്താരാഷ്ട്ര വിപണിയിലേക്ക് വന്‍ കയറ്റുമതി സാധ്യതകളിന്നുണ്ട്.ഭക്ഷ്യസുരക്ഷിതത്വം (Food safety) അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്തു വരുന്നു. ജന്തുജന്യ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഉത്പാദനം മുതല്‍ ഉപഭോഗം വരെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അന്താരാഷ്ട്ര വിപണി വിരല്‍ ചൂണ്ടുന്നത്.കീടനാശിനികള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ തോത് നിയന്ത്രിത പരിധിയിലും കുറയ്ക്കുന്നതോടൊപ്പം കാലിത്തീറ്റയില്‍ ജന്തുജന്യ പ്രോട്ടീന്‍ ചേര്‍ക്കാത്ത, മൃഗസംരക്ഷണ രീതിയാണാവശ്യം. ഭക്ഷ്യസുരക്ഷാമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചെറുകിട, നാമ മാത്ര കര്‍ഷകര്‍ക്ക് ഉത്പാദനം മുതല്‍ വിപണനംവരെ അവലംബിക്കാവുന്ന പരിപാലന തന്ത്രങ്ങള്‍ ആവശ്യമാണ്.

ജന്തുജന്യ ഉത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്താന്‍ അന്താരാഷ്ട്ര തലത്തിലുള്ള മൂന്ന് ഏജന്‍സികളാണ് WTO, Codex, OIE എന്നിവ. ഉത്പാദനം മുതല്‍ വിപണനം വരെയുള്ള ആധുനികവത്കരണം ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കും. ഇതിനായി GMP (Good Manufacturing Practices), HACCP (Hazard Analysis and Critical Control Points), SOP, GRP (Good Retail Practices) എന്നിവ അനുവര്‍ത്തിക്കണം. ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കണം.ഗുണമേന്മ വിലയിരുത്താന്‍ Residue Monotoring, self Monitoring System, Customer Satisfaction Needs എന്നിവ ആവശ്യമാണ്. Agricultural Products Export Development Authority (APEDA) GOI, ISO 9001, ISO 2001, HACCP, BIS, PFA നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.വികസിതരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കൂടിയ ഇറക്കുമതി തീരുവ ചുമത്തുന്നതോടൊപ്പം കയറ്റുമതിയ്ക്ക് ഉയര്‍ന്ന സബ്‌സിഡിയും ഇന്ത്യ നല്‍കേണ്ടതുണ്ട്. SPS (Sanitory and physto Sanitary) നിബന്ധനകള്‍ പാലിക്കുന്നതോടൊപ്പം ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കും. 2020-ഓടുകൂടി ഇന്ത്യക്ക് ലോക ഭക്ഷ്യശൃംഖലയില്‍ ഏറെ മുന്നേറാന്‍ ഇത് സഹായകമാകും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment