Thursday 3 November 2011

[www.keralites.net] പ്രവാസികളേ സ്നേഹത്തെ പണം മാത്രമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.

 

പ്രവാസത്തിന്റെ തീച്ചൂളയില്‍ വെന്തു തിളച്ച യുവത്വം കൊണ്ട് പണിതീര്‍ത്ത സ്വപ്ന സൌധത്തിന്റെ ഉമ്മറത്ത് ജീവിതസായാഹ്നത്തിലൊരു ദിനം കാറ്റ് കൊള്ളാനിരിക്കവേ, ഒന്നുറക്കെ ചുമച്ചു പോയതിന്റെ പേരില്‍ സ്വന്തം മകനില്‍ നിന്നും 'ഛെ' എന്നു കേള്‍ക്കേണ്ടി വരുന്നയാളുടെ മാനസികാവസ്ഥയൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. 'അകത്തെവിടെയെങ്കിലും ഒതുങ്ങിയിരുന്നുകൂടെ'യെന്ന തീക്ഷ്ണമായ നോട്ടത്തില്‍ പതറിപ്പോവുന്ന ആ പിതാവിന്റെ സ്ഥാനത്ത് നിങ്ങള്‍ തന്നെയാണെന്ന് കൂടി കരുതി നോക്കൂ. ഹൊ! കരിമ്പ് ചണ്ടി പോലെ വലിച്ചെറിയപ്പെട്ടേക്കാവുന്ന ഒരു ഭാവികാലത്തെ കുറിച്ചുള്ള ഭാവന പോലും നമ്മിലെത്രമാത്രം അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്..!  
കണ്കുളിര്‍മ നല്‍കുന്ന മക്കളാണ് ഒരു മനുഷ്യന്റെ ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം. നമുക്ക് കൈത്താങ്ങാവുന്ന, കുടുംബത്തിനു ആശ്വാസമാവുന്ന മക്കളായി സ്വന്തം മക്കളെ മാറ്റിയെടുക്കാനായി പണിയെടുക്കേണ്ടത് നാം തന്നെയല്ലാതെ മറ്റാരാണ്‌? എന്നാല്‍, പലതുമെന്ന പോലെ പ്രവാസിക്ക് സാധ്യമാവാതെ വരുന്നതും ഇത് തന്നെയാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന അവധി ദിനങ്ങളില്‍ മക്കളെ ശരിക്കുമൊന്ന് പരിചയപ്പെടാന്‍ പോലും കഴിയാതെ തിരിച്ചു പോരേണ്ടി വരുന്ന ഹതഭാഗ്യവാന്മാരാണ് നമ്മില്‍ പലരും. നാല് - അഞ്ച് വയസ്സ് വരെയുള്ള കാലഘട്ടമാണ് ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും രസകരമായത്. മലര്‍ന്നും കമഴ്ന്നും മുട്ടില്‍ നിരങ്ങിയും പിച്ച വെച്ചും പാല്‍പ്പല്ല് കാട്ടി ചിരിച്ചും അവര്‍ നമ്മെ ആനന്ദിപ്പിക്കും. വാക്കുകള്‍ കൂട്ടിപറഞ്ഞും പാട്ടുകള്‍ക്ക് വരികള്‍ ചമയ്ചും നമ്മുടെ മനംകവരും. പക്ഷേ, ഇതൊക്കെയും മിക്ക പ്രവാസികളുടെയും നഷ്ടക്കണക്കുകളായി ജീവിത ഡയറിയില്‍ രേഖപ്പെട്ടുകിടക്കും. ടെലഫോണ്‍ സംഭാഷങ്ങളില്‍ അപൂര്‍വമായി കേള്‍ക്കുന്ന ബാപ്പാ  വിളികളെ പലവുരു മനനം ചെയ്ത് അവര്‍ ആശ്വാസം കണ്ടെത്തും. ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികളെ 'സഹബാച്ചി'കളില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കും. കുഞ്ഞുമക്കള്‍ക്കാവട്ടെ, പിതാവെന്നാല്‍ ടെലഫോണ്‍ റെസീവറാണെന്ന് പോലും തോന്നിപ്പോകും! 
ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്ന പിതാവിലേക്ക് ഒരു ഗള്‍ഫുകാരന്‍ മാറുന്നതിന്റെ ആദ്യ കാരണങ്ങളാണ് ഈ പറഞ്ഞതൊക്കെയും. കെട്ടിപ്പിടിച്ചും വാരിപ്പുണര്‍ന്നും മതിവരുവോളം സ്നേഹം പകരാന്‍ കഴിയാത്തതിലുള്ള നിരാശാ ബോധത്തെ മറികടക്കാന്‍ അവര്‍ കാണുന്ന എളുപ്പവഴി പണം മാത്രമാണ്. സ്നേഹത്തിനു പകരം പണമെന്നും പണത്തിനു പകരം സ്നേഹമെന്നുമുള്ള പുതുലോകത്തിന്റെ സൂത്രവാക്യത്തിനു പ്രവാസിയും അറിയാതെ അടിമപ്പെടുകയാണിവിടെ. ബൈക്കായും മൊബൈലായും ലാപ്ടോപ്പായും സ്നേഹം എക്സ്ചേഞ്ചുകളിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുന്നിടത്ത് തന്റെ 'രക്ഷാകര്‍തൃത്വം' അവസാനിച്ചു എന്നു മനസ്സിലാക്കുന്ന പ്രവാസിയില്‍ നിന്നു തുടങ്ങുന്നു പുതുതലമുറയുടെ സാംസ്കാരികാധപ്പതനം. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഒരു നാട്ടിലും അനുവദനീയമല്ലെന്ന് നമുക്കറിയാം. എന്നാലും പൊന്നുമോന്‍ എസ് എസ് എല്‍ സി പാസായാല്‍ നാം വാഗ്ദാനം ചെയ്യുന്ന ഉപഹാരം പാഷനും പള്‍സറുമാണ്. സ്കൂളുകളില്‍ നിരോധിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ എന്തിന്റെ പേരിലാണ് നമ്മുടെ കുട്ടിക്ക് നാം വകവെച്ചു കൊടുക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ത്രീജിയും വൈഫൈയും അടക്കം അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഒരു രക്ഷിതാവും വ്യാകുലപ്പെടുന്നുമില്ല. 'മാനസപുത്രി'യുടെ ദീനരോദനം തടസ്സപ്പെടാതിരിക്കാന്‍ മക്കളുടെ പഠനം അടച്ചിട്ട മുറികളിലേക്ക് ഒതുക്കപ്പെടുമ്പോള്‍, ആധുനിക പഠന സാമഗ്രികളില്‍ ഒന്നായ കമ്പ്യൂട്ടറില്‍ തെളിയുന്ന നീല വര്‍ണങ്ങളെ നമ്മുടെ പ്രിയപത്നിമാരും തിരിച്ചറിയുന്നില്ല! 
ദിനേനെ നാം നടത്തുന്ന ഇന്റര്‍നെറ്റ് ടെലെഫോണ്‍ സംഭാഷങ്ങങ്ങളില്‍ മക്കളെ കുറിച്ച് എന്തൊക്കെ തിരക്കാറുണ്ട്. ബൈക്കില്‍ എണ്ണയടിക്കാന്‍ കാശ് കൊടുക്കാത്തതിനു ചീത്ത പറഞ്ഞ മകനെ കുറിച്ചുള്ള പരിഭവംപറച്ചിലില്‍ ഒതുങ്ങിപ്പോവുന്ന മാതാവായി, പകരമായി മകനെയൊന്നു ശാസിച്ചു കടമ തീര്‍ക്കുന്ന പിതാവായി രക്ഷിതാക്കള്‍ മാറിപ്പോകുന്നുവെങ്കില്‍ ചിന്തിക്കാനേറെയുണ്ട്. അരമണിക്കൂറിനു അമ്പത് പൈസ കൊടുത്തു വാടക സൈക്കിളില്‍ നാല് റൌണ്ട് അങ്ങാടിയില്‍ കറങ്ങി സന്ധ്യക്ക് മുമ്പേ വീടണഞ്ഞ നമ്മുടെ ചെറുപ്പത്തെ ഇന്നത്തെ തലമുറയുമായി താരതമ്യം ചെയ്യരുത്. കാലം വല്ലാതെ മാറിപ്പോയിരിക്കുന്നു. ഒപ്പം മാറാന്‍, കാലത്തിനും മുന്നേ ഓടാന്‍ മത്സരിക്കുന്ന പുതു തലമുറയില്‍ നമ്മുടെ മക്കള്‍ മാത്രം സുരക്ഷിതരാണെന്ന മുന്‍ വിധിയാണ് നമുക്കുള്ളതെങ്കില്‍ നാം അത് തിരുത്തിയെ മതിയാവൂ. നമ്മുടെ നാട്ടില്‍ നടന്ന ഒരു പിടി പഠനങ്ങളില്‍ തെളിയുന്നത് ധാര്‍മിക ജീവിതം നയിക്കുന്ന വിദ്യാര്‍ഥി സമൂഹം തുലോം തുച്ഛമാണ് എന്നത്രേ! ലൈംഗിക അരാചകത്വവും മയക്കുമരുന്നിന്റെ ഉപയോഗവും ദൈവത്തിന്റെ സ്വന്തം നാടിനെ സാത്താന്റെ സ്വന്തം നാട്ടിലേക്ക് വഴിനടത്തിക്കൊണ്ടിരിക്കുകയാണ്. 
നമ്മള്‍ കടലിനിപ്പുറമായിപ്പോയത് കൊണ്ട് മാത്രം നമ്മുടെ മക്കള്‍ ധര്മച്യുതിയില്‍ പെട്ടുപോകാന്‍ പാടില്ല. മകനായാലും മകളായാലും അവരുമായി നല്ലൊരാത്മ ബന്ധം സ്ഥാപിച്ചെടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ചൂരല്‍ കാണിച്ചു പേടിപ്പിക്കുന്ന പഴയ രക്ഷിതാക്കളല്ല ഇന്നിനാവശ്യം. ഫോണെടുത്ത് റസീവര്‍ ചെവിയില്‍ നിന്നും മാറ്റിപ്പിടിച്ചു നമ്മുടെ ചീത്ത പറച്ചിലിനെ 'ആസ്വദിക്കുന്ന' മക്കളാക്കി അവരെ നാം മാറ്റരുത്. നല്ലൊരു സൗഹൃദം; ഏറ്റവുമടുത്തൊരു കൂട്ടുകാരനോടെന്ന പോലെ നന്നായി ഇടപഴകുന്നൊരു ബന്ധം. അതാണ്‌ പുതു തലമുറ രക്ഷിതാക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്. അങ്ങനെയൊരു ബന്ധം സ്ഥാപിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അവരുടെ ആവശ്യങ്ങളിലെ തെറ്റും ശരിയും സൌമ്യമായി അവരെ ബോധ്യപ്പെടുത്താന്‍ അതുവഴി സാധിക്കും. ആഗ്രഹങ്ങളിലെ തെരഞ്ഞെടുപ്പിന് അന്യരുടെ മക്കളെയോ സിനിമാ താരങ്ങളെയോ മാതൃകകളാക്കുന്നതിനു പകരം നമ്മുടെ അഭിപ്രായം തേടപ്പെടും. നെല്ലും പതിരും വേര്‍തിരിച്ചറിയിക്കാന്‍ നമുക്കും കഴിയും. പലപ്പോഴും കുട്ടികള്‍ക്കുണ്ടാവുന്ന ചീത്ത അനുഭവങ്ങള്‍ മാതാപിതാക്കള്‍ അറിയാതെ പോകുന്നത് ഇത്തരമൊരു കൊടുക്കലും വാങ്ങലും സാധ്യമാവുന്നൊരു ബന്ധം അവര്‍ക്കിടയില്‍ ഇല്ലാതെ പോവുന്നത് കൊണ്ടാണ്. ഞാനിത് പിതാവിനോട്‌ പറഞ്ഞാല്‍ എന്നെ ചീത്ത പറയും എന്നു വിശ്വസിക്കുന്നൊരു കുട്ടി നാമറിയേണ്ട പലതും ഉള്ളിലൊതുക്കും. പങ്കുവെച്ചു പരിഹാരം കാണേണ്ടവ അവിടെ കിടന്നു ചീഞ്ഞളിയും. ഒടുവില്‍ ദുര്‍ഗന്ധം നാടു മുഴുവന്‍ വ്യാപിച്ച ശേഷമാവും നാമറിയുക. പക്ഷേ അപ്പോഴേക്കും സമയം വല്ലാതെ വൈകിപ്പോയിരിക്കും. 
മക്കളുടെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഇടക്കൊന്നു പരിശോധിക്കാന്‍ നാം ആരെയെങ്കിലും ചട്ടം കെട്ടിയെ മതിയാവൂ. അനാവശ്യമെന്ന് നൂറു ശതമാനം ബോധ്യമുള്ള മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക തന്നെയാണ് ഉചിതം. കമ്പ്യൂട്ടറുകള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെങ്കില്‍ പരമാവധി സ്വകാര്യത ഇല്ലാത്ത മുറികളില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമെങ്കില്‍ മാത്രം അനുവദിക്കണം. ഓരോ അന്വേഷണങ്ങളിലും അവരുടെ പഠനവും ആരോഗ്യവും കൂട്ടുകെട്ടുകളും ചര്‍ച്ചയാവണം. നാം നല്‍കുന്ന പണം അനാവശ്യമായി ചെലവഴിക്കപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തണം. ധാര്‍മികകാര്യങ്ങളില്‍ ചെറിയൊരു അശ്രദ്ധ പോലും ഗുരുതരമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. പെണ്മക്കളുടെ വസ്ത്ര ധാരണ രീതികളില്‍ അധാര്‍മിക പ്രവണതകള്‍ കടന്നു വരാതെ ശ്രദ്ധിക്കണം. ആളുകളുമായുള്ള ഇടപെടലുകളില്‍ പാലിക്കപെടേണ്ട മര്യാദകളും നിയന്ത്രണങ്ങളും നിരന്തരം ഒര്മിപ്പിക്കപ്പെടണം. നാം കാണുന്നത് പോലെ മറ്റുള്ളവരും നമ്മുടെ മക്കളെ കാണണമെന്നില്ല. അവരെത്ര ചെറുതാണെങ്കിലും, ഇടപെടുന്നത് അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും കൃത്യമായ ശ്രദ്ധ അവരുടെ മേല്‍ ഉണ്ടാവണമെന്ന് ഭാര്യയോടും പറയണം. 
ഇങ്ങനെയൊരു റിമോട്ട് കണ്ട്രോള്‍ നമ്മുടെ കൈയില്‍ ഇല്ലാതെ പോയാല്‍ കുടുംബത്തിനും സമൂഹത്തിനും ശാപമായ ഒരു തലമുറയാവും നാളെ വളര്‍ന്നു വരിക. മുന്‍വിധികള്‍ മാറ്റിവെച്ച്, പകരം തിരിച്ചറിവിന്റെ കണ്ണട വെച്ച് ഉത്തരവാദിത്തമുള്ള രക്ഷിതാവായി മാറാന്‍ ശ്രമിക്കാതെ, സ്നേഹത്തെ പണമാക്കി പരിവര്‍ത്തിപ്പിക്കാന്‍ തന്നെയാണ് ഇനിയും നാം ശ്രമിക്കുന്നതെങ്കില്‍ സ്വസ്തമായൊരു ജീവിതസായാഹ്നം നമുക്കന്യം തന്നെയായിരിക്കും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment