Thursday 3 November 2011

[www.keralites.net] ഹാപ്പി ബര്‍ത്ത്‌ഡേ ടു ഷെവര്‍ലെ

 

ഹാപ്പി ബര്‍ത്ത്‌ഡേ ടു ഷെവര്‍ലെ
 
ലോകമെങ്ങുമുള്ള പണക്കാരുടെ മക്കള്‍ ഇംപാല കാറില്‍ സ്‌കൂളില്‍ വന്നിറങ്ങിയ ഒരുകാലമുണ്ടായിരുന്നു. കൊച്ചുവിമാനങ്ങളെ ഓര്‍മിപ്പിക്കുന്ന അത്തരം കാറുകളില്‍ ഇരുന്നും കിടന്നും നമ്മുടെ ബോളിവുഡ് നായികമാര്‍ ആടിപ്പാടി. കാളവണ്ടിയിലോ സൈക്കിളിലോ നായകന്‍മാര്‍ കിതച്ചുകൊണ്ട് അനുഗമിച്ചു. ഇംപാല കാറുകളിലൂടെ ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ഷെവര്‍ലെ കാര്‍ കമ്പനി നവംബര്‍ മൂന്നിന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്നു. ഇംപാലയും എല്‍ കാമിനോയും കോര്‍വെറ്റും മാലിബുവും മാത്രം കണ്ടുശീലിച്ച പഴമക്കാര്‍ക്കു മുന്നിലൂടെയിപ്പോള്‍ കുതിച്ചുനീങ്ങുന്നത് ക്രൂസും സ്പാര്‍ക്കും എവിയോയും ബീറ്റുമടങ്ങുന്ന ഷെവര്‍ലെയുടെ പുതുനിര മോഡലുകളാണ്. നൂറാം പിറന്നാള്‍ ദിനത്തില്‍ ഷെവര്‍ലെയുടെ ഐതിഹാസജീവിതവഴികളിലേക്ക് ഒരു തിരിഞ്ഞുനടത്തമാകാം.

ഷെവര്‍ലെ കാറുകളുടെ ചരിത്രം തുടങ്ങുന്നത് സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ലൂയി ഷെവര്‍ലെ എന്ന കാറോട്ടക്കാരനില്‍ നിന്നാണ്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ പേരുകേട്ട റേസിങ് കാര്‍ െ്രെഡവര്‍. അക്കാലത്തെ മൈക്കിള്‍ ഷൂമാക്കര്‍. കാറോട്ടരംഗത്ത് അവസരങ്ങള്‍ തേടി ആദ്യം ഫ്രാന്‍സില്‍ കുറേക്കാലം കഴിഞ്ഞശേഷം ഷെവര്‍ലെ അമേരിക്കയിലെത്തി. തുടര്‍ന്ന് 1905ല്‍ ഫിയറ്റ് ടീം ഡ്രൈവറായി. 1909ല്‍ ബ്യൂക്ക് റേസിങ് ടീമിലേക്ക് ഷെവര്‍ലെയ്ക്ക് പ്രവേശനം ലഭിച്ചു. ജനറല്‍ മോട്ടോഴ്‌സിന്റെ സ്ഥാപകന്‍ വില്യം സി. ഡ്യുറന്റിതോയിരുന്ന ബ്യൂക്ക് കമ്പനി. സംസാരപ്രിയനും ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയുമായ ഷെവര്‍ലെ വളരെപ്പെട്ടെന്നു തന്നെ ഡ്യുറന്റുമായി സൗഹൃദത്തിലായി.

ഇത്തരമൊരു വ്യക്തിയെ മുന്നില്‍നിര്‍ത്തി കാര്‍നിര്‍മാണക്കമ്പനി തുടങ്ങിയാല്‍ വിജയിക്കുമെന്ന് കച്ചവടത്തില്‍ കൂര്‍മബുദ്ധിക്കാരനായ ജനറല്‍ മോട്ടോഴ്‌സ് മുതലാളിക്ക് തോന്നി. അങ്ങനെ ഡ്യുറന്റും ലൂയി ഷെവര്‍ലെയും ചേര്‍ന്ന് 1911 നവംബര്‍ മൂന്നിന് 'ഷെവര്‍ലെ' എന്നപേരില്‍ കാര്‍ നിര്‍മാണവ്യവസായമാരംഭിച്ചു.

ആറുസിലിണ്ടറുള്ള വലിപ്പമേറിയ ഒരു കാറാണ് ഷെവര്‍ലെ ബ്രാന്‍ഡ് നാമവുമായി ആദ്യം നിരത്തിലിറങ്ങിയത്്. മോഡല്‍ സി എന്നു പേരിട്ട ആ കാര്‍ പക്ഷേ ജനങ്ങള്‍ക്കിഷ്ടപ്പെട്ടില്ല. അക്കാലത്ത് ഏറെ വിറ്റുപോന്നിരുന്ന ഫോര്‍ഡിന്റെ മോഡല്‍ ടി എന്ന കാറിനോട് സാദൃശ്യമുള്ള ഒരു കാര്‍ അവതരിപ്പിക്കണമെന്ന് ഡ്യുറന്റിന് ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ റേസിങ് കാറുകളില്‍ മാത്രം താത്പര്യമുള്ള ഷെവര്‍ലെയ്ക്ക് ഡ്യുറന്റിന്റെ 'സാദാകാര്‍' നിര്‍മാണരീതികളോടു പൊരുത്തപ്പെടാനായില്ല.

രണ്ടുവര്‍ഷത്തിനുള്ളില്‍ ഡ്യുറന്റുമായി തെറ്റിപ്പിരിഞ്ഞ് ഷെവര്‍ലെ കമ്പനിയില്‍ നിന്ന് രാജിവെച്ചു. ഡ്യൂറന്റാകട്ടെ ഷെവര്‍ലെ കാര്‍നിര്‍മാണക്കമ്പനിയുമായി ഒറ്റയ്ക്കു മുന്നോട്ടുപോയി. അഞ്ചുവര്‍ഷത്തിനുള്ളില്‍ കമ്പനി വന്‍ലാഭത്തിലായി. ഷെവര്‍ലെയില്‍നിന്നുള്ള ലാഭമെടുത്താണ് ഡ്യുറന്റ് ജനറല്‍ മോട്ടോഴ്‌സിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കുന്നതും കമ്പനിയുടെ പ്രസിഡന്റാകുന്നതും. 1917ല്‍ ജനറല്‍ മോട്ടോഴ്‌സ് കമ്പനിയുടെ പ്രസിഡന്റ് സ്ഥാനത്ത് ചുമതലയേറ്റ ശേഷം ഡ്യുറന്റ് ആദ്യം ചെയ്തത് ഷെവര്‍ലെ കമ്പനിയെ ജി.എമ്മില്‍ ലയിപ്പിക്കുകയായിരുന്നു. അന്നുതൊട്ടിന്നുവരെ ജി.എമ്മിന് ഏറ്റവും വരുമാനമുണ്ടാക്കികൊടുത്ത ബ്രാന്‍ഡുകളിലൊന്നായി 'ഷെവി' തിളങ്ങിനില്‍ക്കുകയാണ്.

ഇനി സ്വന്തം പേരുള്ള കമ്പനിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുപോയ ലൂയി ഷെവര്‍ലെയുടെ ഗതിയെന്തായെന്നു നോക്കാം. പിരിയുമ്പോള്‍ കിട്ടിയ തുകയത്രയും ഓഹരിവിപണിയില്‍ നിക്ഷേപിച്ച് കാര്‍ റേസിങുമായി കറങ്ങിനടക്കുകയാണ് ഷെവര്‍ലെ ചെയ്തത്. ഇടയ്ക്ക് കോര്‍ണല്യന്‍, ഫ്രണ്ടോനാക്ക് എന്നീ കാര്‍ കമ്പനികള്‍ സ്ഥാപിച്ചെങ്കിലും രണ്ടും ഗതിപിടിച്ചില്ല. ഇതിനിടയില്‍ സഹോദരന്‍ ആര്‍തറുമായി ചേര്‍ന്ന് ഒരു വിമാനക്കമ്പനിക്കും രൂപം നല്‍കി. 'ഷെവര്‍ലെയര്‍' എന്ന പേരില്‍ വിമാനഎഞ്ചിനുകള്‍ നിര്‍മിച്ച ആ കമ്പനി കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ പൂട്ടിപ്പോയി. വ്യോമയാനരംഗത്തെ കുലപതികളിലൊരാളായ ഗ്ലെന്‍ എല്‍. മാര്‍ട്ടിന്‍ ആ കമ്പനി ഏറ്റെടുക്കുകയും ഇന്ന് ലോകത്തെ മുന്‍നിര കമ്പനിയായ ലോക്ക് ഹീഡ് മാര്‍ട്ടിനായി അതുമാറുകയും ചെയ്തുവെന്നത് പില്‍ക്കാല ചരിത്രം.

1930കളില്‍െ അമേരിക്കന്‍ സാമ്പത്തികമാന്ദ്യത്തില്‍ ഓഹരിവിപണി തകര്‍ന്നതോടെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായ ലൂയി ഷെവര്‍ലെയ്ക്കാകട്ടെ ജനറല്‍ മോട്ടോഴ്‌സിന്റെ ഷെവര്‍ലെ കാര്‍ഫാക്ടറിയില്‍ കണ്‍സള്‍ട്ടന്റായി ജോലിനോക്കേണ്ട ദുര്‍വിധിയും അനുഭവിക്കേണ്ടിവന്നു. 1941 ജൂണ്‍ ആറിന് മരിക്കുമ്പോള്‍ ലൂയി ഷെവര്‍ലെയുടെ പക്കല്‍ ഒരു 'നയാപ്പൈസ' പോലുമില്ലായിരുന്നുവെന്നത് വേദനിപ്പിക്കുന്ന ചരിത്രം. സ്വന്തം പേരിലുളള കാര്‍ഫാക്ടറിയില്‍ ജോലിക്കാരനായി പണിയെടുക്കേണ്ടിവന്ന ആദ്യ കാര്‍മുതലാളി എന്ന പേരില്‍ അറിയപ്പെടാനായിരുന്നു ആ റേസിങ് കാര്‍ ഡ്രൈവറുടെ യോഗം.

എന്നാല്‍ നിര്‍ഭാഗ്യവാനായ ആ മനുഷ്യന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ഷെവര്‍ലെ കാറുകള്‍ക്ക് ഏറെ ഭാഗ്യമുണ്ടായിരുന്നു. 1920 മുതല്‍ അമേരിക്കന്‍ കാര്‍ വിപണിയില്‍ നിര്‍ണായകസ്ഥാനം നിലനിര്‍ത്താന്‍ ഷെവര്‍ലെയ്ക്കായി. 1960 ആകുമ്പോഴേക്കും മുപ്പതുലക്ഷം വാഹനങ്ങള്‍ കമ്പനി നിരത്തിലിറക്കിയിരുന്നു. അമേരിക്കന്‍ ദേശീയതയുടെ ഭാഗമായി കാറിനെ അവതരിപ്പിച്ചുകൊണ്ടുള്ള പരസ്യതന്ത്രങ്ങളാണ് ഷെവര്‍ലെയ്ക്ക് തുണയായത്. ആദ്യകാലങ്ങളില്‍ അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ പരിപാടികളെല്ലാം സ്‌പോണ്‍സര്‍ ചെയ്തിരുന്നത് ഷെവര്‍ലെ കമ്പനിയായിരുന്നു. റേഡിയോപരിപാടികള്‍ക്കും സംഗീത ട്രുപ്പുകള്‍ക്കും കമ്പനി ലക്ഷക്കണക്കിനു ഡോളര്‍ വാരിയെറിഞ്ഞു. അങ്ങനെ 'ഷെവര്‍ലെ' എന്ന പേര് അമേരിക്കന്‍ പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി. ഷെവര്‍ലെ എന്ന പദമുളള ഇരുനൂറിലേറെ സിനിമാ,പോപ്പ് ഗാനങ്ങള്‍ അമേരിക്കയില്‍ ഇതുവരെയുണ്ടായിട്ടുണ്ട്. അതില്‍ അഭിമാനിച്ചുകൊണ്ട് ഡെട്രോയിറ്റിലെ ഷെവര്‍ലെ ഷോറുമിനുമുന്നില്‍ 'ആരും വോള്‍വോകളെക്കുറിച്ച് പാട്ടെഴുതാറില്ല' എന്ന കുസൃതിനിറഞ്ഞ ഹോര്‍ഡിങും കമ്പനി സ്ഥാപിച്ചു. കാലിഫോര്‍ണിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ബീച്ച് ബോയ്‌സ് തയ്യാറാക്കിയ 'നത്തിങ് കാന്‍ ടച്ച് മൈ 409' എന്ന ഗാനം അക്കാലത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു. ഷെവര്‍ലെ 409നെക്കുറിച്ചായിരുന്നു ആ ഗാനം. ഷെവര്‍ലെയുടെ സ്‌പോര്‍ട്‌സ് കാറായ കോര്‍വറ്റ് ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

'സീ ദ യു.എസ്്.എ. ഇന്‍ യുവര്‍ ഷെവര്‍ലെ', 'അമേരിക്ക ഈ ആസ്‌ക്കിങ് യൂ ടു കോള്‍' എന്നീ ഷെവര്‍ലെ പരസ്യഗാനങ്ങളും ഏറെ ഹിറ്റായി. ഇതിന്റെയൊക്കെ ഫലമായി യഥാര്‍ഥ അമേരിക്കക്കാരന്റെ കാര്‍ എന്ന ബ്രാന്‍ഡ് പ്രതിച്ഛായ ഷെവര്‍ലെയ്ക്ക് ലഭിച്ചു. 'സീ ദ യു.എസ്്.എ. ഇന്‍ യുവര്‍ ഷെവര്‍ലെ' എന്ന പരസ്യഗാനം ഷെവര്‍ലെ കമ്പനി ഈയിടെ പുനരവതരിപ്പിച്ചിരുന്നു.

ഇന്ത്യന്‍വാഹനചരിത്രത്തിലും ഷെവര്‍ലെയ്ക്ക് നിര്‍ണായകപങ്കുണ്ട്. 1928 മുതല്‍ ഷെവര്‍ലെ കാറുകള്‍ രാജ്യത്തെിത്തുടങ്ങി. ആ വര്‍ഷം തന്നെ മുംബൈയിലെ സെവ്‌രിയില്‍ കാര്‍ നിര്‍മാണപ്ലാന്റും ആരംഭിക്കപ്പെട്ടു. ഇന്ത്യയില്‍ ആരംഭിക്കുന്ന ആദ്യവിദേശകാര്‍ നിര്‍മാണ പ്ലാന്റായിരുന്നു അത്. നാഷണല്‍ സീരീസ് എ.ബി. ടൂറിങ് എന്ന മോഡല്‍ കാറായിരുന്നു ഇവിടെ ആദ്യം ഉല്‍പാദിപ്പിക്കപ്പെട്ടത്. പെട്ടെന്ന് തന്നെ ഈ കാറുകള്‍ക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയമേറി. അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നന്‍മാരിലൊരാളായി കണക്കാക്കപ്പെട്ട ഹൈദരബാദ് നവാബ് പോലും ഷെവര്‍ലെ കാറായിരുന്നു ഉപയോഗിച്ചിരുന്നത്. 1954ല്‍ ഇറങ്ങിയ ടാക്‌സി ഡ്രൈവര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ദേവ് ആനന്ദ് ഓടിച്ചത് ഷെവര്‍ലെ കാറായിരുന്നു. ചൈനാ ടൗണില്‍ ഷമ്മികപ്പൂര്‍, ആരാധനയില്‍ രാജേഷ് ഖന്ന.... ബോളിവുഡിലെ എത്രയോ നായകന്‍മാര്‍ അഭിമാനപൂര്‍വം ഓടിച്ച കാറായിരുന്നു ഷെവര്‍ലെ. ഗൈഡ് എന്ന സിനിമയില്‍ വഹീദ റഹ്മാന്‍ 'ആജ് ഫിര്‍ ജീനേ കീ തമന്നാ ഹേ' എന്ന പാട്ട് പാടിയഭിനയിച്ചത് ഒരു ഷെവര്‍ലെ ട്രക്കിനു മുകളില്‍ കിടന്നായിരുന്നു. 'ഹാത്തി മേരേ സാത്തി'യില്‍ തനുജ ഓടിച്ചുവരുന്ന ഷെവര്‍ലെ കാറിനെ വഴിമുടക്കി രാജേഷ് ഖന്ന പാടുന്ന 'ചല്‍ ചല്‍ മേരേ സാത്തി' എന്ന പാട്ട് ഏക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായി. അങ്ങനെ അമേരിക്കന്‍ പോപ്പുലര്‍ കര്‍ച്ചറിലേതുപോലെ ഇന്ത്യന്‍ ജനപ്രിയസംസ്‌കാരത്തിലും ഷെവര്‍ലെ സ്ഥാനം നേടി.

1952ലെ ജനതാസര്‍ക്കാര്‍ രാജ്യത്തെ വിേദശകാറുകളുടെ വില്‍പന നിരോധിച്ചതോടെ ജനറല്‍ മോട്ടോഴ്‌സിനും ഷെവര്‍ലെയ്ക്കും യാത്ര പറയേണ്ടിവന്നു. അരനൂറ്റാണ്ടിനുശേഷം 2003ലാണ് ഷെവര്‍ലെ കമ്പനി വീണ്ടും ഇന്ത്യയിലെത്തുന്നത്. ഇന്നിപ്പോള്‍ മൂന്ന് നിര്‍മാണപ്ലാന്റുകളിലായി നിര്‍മിക്കുന്ന 385,000 ഷെവര്‍ലെ വാഹനങ്ങള്‍ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നുണ്ട്.



ഷെവര്‍ലെ, ഫോര്‍ഡ്, ടൊയോട്ടോ എന്നീ മൂന്ന് കമ്പനികളാണ് അമേരിക്കയിലെ ഏറ്റവും വില്‍പനയുള്ള മൂന്ന് കാര്‍ ബ്രാന്‍ഡുകള്‍. 2005ല്‍ ആദ്യ സ്ഥാനം നേടാനും ഷെവര്‍ലെയ്ക്കായി. ചെറുകാറുകള്‍ തൊട്ട് ട്രക്കുകള്‍ വരെ നിര്‍മിക്കുന്ന സമ്പൂര്‍ണവാഹനക്കമ്പനി എന്ന പേരും ഷെവി നിലനിര്‍ത്തുന്നു. നൂറാം പിറന്നാളാഘോഷവേളയില്‍ 'സോണിക്' എന്ന സബ് കോംപാക്റ്റ് സെഡാന്‍ കാര്‍ ഷെവര്‍ലെ അവതരിപ്പിച്ചുകഴിഞ്ഞു. ഏവിയോയ്ക്ക് പകരക്കാനായി ഇറങ്ങുന്ന ഈ മോഡല്‍ പാരിസ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സെല്‍ഫോണുപയോഗിച്ച് കാര്‍ഡോറുകള്‍ ലോക്ക് ചെയ്ാവുന്ന ഓണ്‍സ്റ്റാര്‍ സാങ്കേതികവിദ്യയും ബ്ലൂടൂത്തുമൊക്കെയുള്ള 'സോണിക്' ആകും നൂറുവര്‍ഷം പഴക്കമുള്ള ഈ കമ്പനിയെ ഭാവിയിലേക്ക് നയിക്കുക.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment