അണ്ണാച്ചീ, ഞങ്ങള്‍ വിട മാട്ടേന്
ഐശ്വര്യയുടെ കുട്ടിക്ക് എന്ത് പേരിട്ടു, സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത സിനിമ എന്ന് റിലീസ് ആകും തുടങ്ങി അതീവ പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ നമ്മുടെ തലയില്‍ കത്തുമ്പോള്‍ മുല്ലപ്പെരിയാര്‍ പോലൊരു ചേനക്കാര്യത്തില്‍ ബ്ലോഗ് എഴുതാന്‍ ഇച്ചിരി പേടിയുണ്ട്. ഇത് വായിക്കാനും പ്രതികരിക്കാനും ആളെക്കിട്ടില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ഞാനൊരു സാഹസത്തിനു മുതിരുകയാണ്. കുളിക്കുകയും പല്ല് തേക്കുകയും ചെയ്യുന്ന കാര്യത്തില്‍ തമിഴന്മാര്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക് പിന്നിലാണെങ്കിലും സ്വന്തം മണ്ണിനു വേണ്ടി പൊരുതുന്ന കാര്യത്തില്‍ അവര്‍ നമ്മുടെ നാല് കട്ടക്ക് മുന്നിലാണ്.
മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുന്നതിനെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു ഈര്‍ക്കിളി പാര്‍ട്ടി ആഹ്വാനം ചെയ്‌താല്‍ അണ്ണാച്ചിമാരില്‍ കുറെയെണ്ണം അതിനു തയ്യാറായി എന്ന് വരും. പാര്‍ട്ടിക്ക് വേണ്ടി ചാകാനും വെട്ടാനും കേരളത്തില്‍ ആളുകള്‍ ഏറെക്കാണുമെങ്കിലും നാട്ടിന്റെ പൊതുപ്രശ്നത്തിനു വേണ്ടി തൊണ്ടകീറി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും നമ്മള്‍ മലയാളികളെ കിട്ടാന്‍ പാടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നൂറു ശതമാനം നീതി കേരളത്തിന്റെ പക്ഷത്താണെങ്കിലും ഈ വിഷയത്തില്‍ തമിഴന്മാര്‍ ജയിക്കാനുള്ള സാധ്യത അതുകൊണ്ട് തന്നെ തള്ളിക്കളയാനാവില്ല. നമ്മുടെയും അവരുടെയും സ്വഭാവം വെച്ചു നോക്കിയാല്‍ അണ്ണാച്ചികളുമായി ഒരു ഏറ്റുമുട്ടല്‍ സമീപനം നമുക്ക് ഗുണം ചെയ്യില്ല എന്നതുറപ്പാണ്. കേരളത്തിനു സുരക്ഷ, തമിഴ്നാട്ടിന് വെള്ളം എന്ന ഉമ്മന്‍ ചാണ്ടിയുടെ ലൈനില്‍ ആഞ്ഞു പിടിക്കുക തന്നെയാണ് നമുക്ക് നല്ലത്. വിട്ടുവീഴ്ച്ചകള്‍ക്കില്ല എന്ന ഉറച്ച നിലപാടുമായി മുന്നോട്ട് പോകുന്ന ജലവിഭവ മന്ത്രി പി ജെ ജോസഫിനെയും ഈ വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്ത മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രനേയും അഭിനന്ദിക്കുന്നു. ജനവികാരം മനസ്സിലാക്കി മുന്നോട്ടു പോകുവാന്‍ ഭരണകൂടത്തിനു കഴിയേണ്ടതുണ്ട്.
തമിഴ്നാട്ടിലെ അമ്മായി പറഞ്ഞിരിക്കുന്നത് ഡാമിന് കുഴപ്പമൊന്നുമില്ല എന്നാണ്. മിനിമം ഇരുനൂറു കിലോ തൂക്കം കണ്ടേക്കാവുന്ന താന്‍ കുലുങ്ങി നടന്നിട്ട് പൊട്ടാത്ത ഡാമുകളൊന്നും ഭൂമി കുലുങ്ങിയാല്‍ പൊട്ടില്ല എന്നാണ് അമ്മായി വിശ്വസിക്കുന്നത്. പക്ഷെ ഡാമിന്റെ ഉറപ്പു പരിശോധിച്ച റൂര്‍ക്കി ഐ ഐ ടിയിലെ വിദഗ്ധര്‍ പറഞ്ഞത് ഡാം ഏതാണ്ട് പൊട്ടാറായിട്ടുണ്ട് എന്നാണ്. അമ്മായി പറഞ്ഞതാണോ അതോ വിദഗ്ദര്‍ പറഞ്ഞതാണോ ശരിയെന്നു തീര്‍പ്പാക്കുന്നതിന് വേണ്ടി മുപ്പതു ലക്ഷം പേരെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ നമുക്ക് കഴിയില്ല.
999 വര്‍ഷത്തേക്കുള്ള കരാര്‍ ആണത്രേ ഒപ്പിട്ടിരിക്കുന്നത്. കേരളത്തിന്റെ മണ്ണ്, കേരളത്തിന്റെ പുഴ, കേരളത്തിന്റെ ഡാം. പക്ഷെ അതിന്റെ മൊയലാളി തമിഴന്‍ അണ്ണാച്ചി. കേരളത്തിനു യാതൊരു നിയന്ത്രണവും ഇല്ലത്രെ. പല കരാറുകളും നമ്മള്‍ കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരു അടുപ്പിലെ കരാര്‍ ആദ്യമായിട്ടാണ് കാണുന്നത്.തിരുവിതാംകൂര്‍ ദിവാന്‍ വി രാം അയ്യങ്കാരും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ഹാനിംഗ്ടന്‍ സായിപ്പുമാണ് ഈ കരാറില്‍ ഒപ്പ് വെച്ചിരിക്കുന്ന കക്ഷികള്‍ . ബ്രിട്ടീഷുകാരന്‍ തിരുവിതാകൂര്‍ രാജാവിന്റെ മേല്‍ അധികാര സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ കരാറില്‍ ഒപ്പിടുവിച്ചത് എന്നാണ് പറയപ്പെടുന്നത്. നമ്മെ കൊള്ളയടിക്കാന്‍ വന്ന സായിപ്പ് ഒപ്പിട്ടു കൊണ്ടുപോയ കരാറിന് സ്വതന്ത്ര ഇന്ത്യയില്‍ നായിക്കാട്ടത്തിന്റെ വിലപോലും കൊടുക്കേണ്ടതില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇതിലും വലിയ കരാറൊക്കെ സായിപ്പ് ഒപ്പിടുവിച്ചിട്ടുണ്ട്. അതൊക്കെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞിട്ടാണ് നാം സായിപ്പിനെ വണ്ടി കയറ്റി വിട്ടത്. ഇനിയും അത്തരമൊരു കരാറിന്റെ മറവില്‍ മലയാളികളെ പറ്റിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു സുപ്രിം കോടതിക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് പുല്ലു വില കല്പിക്കാതെ സായിപ്പിന്റെ കരാറും കൊണ്ട് ഉമ്മാക്കി കളിച്ചാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ നമുക്ക് കഴിയില്ല. എഴുപതില്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാറിലെ വാടകത്തുക കൂട്ടി ഒപ്പിട്ടുകൊടുത്തിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ ജീവസുരക്ഷയെ കണക്കിലെടുത്ത് അതിലെ അബദ്ധങ്ങള്‍ തിരുത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് അവകാശമില്ലെങ്കില്‍ പിന്നെ എന്തോന്ന് ജനാധിപത്യം?. മുപ്പതു ലക്ഷം ജനങ്ങള്‍ വെള്ളം കുടിച്ചു മരിക്കുന്നതാണോ അതോ കോണോത്തിലെ സായിപ്പിന്റെ കരാറാണോ വലുതെന്നു സോണിയാജിയോടും സര്‍ദാര്‍ജിയോടും ചോദിക്കുവാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമില്ലെങ്കില്‍ പി സി ജോര്‍ജിനെക്കൊണ്ടെങ്കിലും അത് ചോദിപ്പിക്കണം.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇപ്പോഴുള്ള ഡാം പൊളിച്ചുനീക്കി പുതിയ ഡാം പണിയാന്‍ അനുമതി കിട്ടിയാല്‍ കൊന്നാലും ആ പണി നമ്മുടെ പി ഡബ്ലിയു ഡി ക്കാരെ എല്പിക്കരുത്. ഒത്താല്‍ പഴയ സായിപ്പിന്റെ കമ്പനിയെ തന്നെ ആ പണി ഏല്പിക്കണം. അമ്പതു കൊല്ലത്തേക്ക് പണിത ഡാമാണ് 116 കൊല്ലം കഴിഞ്ഞിട്ടും പൊളിയാതെ നില്‍ക്കുന്നത്. സുര്‍ക്കി മിശ്രിതത്തിന്റെയല്ല, സായിപ്പിന്റെ പണിയുടെ ഉറപ്പാണ് അതിനു കാരണം. അതുകൊണ്ടാണ് ഇത്രയേറെ ഭൂചലനങ്ങള്‍ ഉണ്ടായിട്ടും മുല്ലപ്പെരിയാര്‍ പൊട്ടാതെ നിന്നത്. അല്ലാതെ നമ്മള്‍ അവിടെയും ഇവിടെയും അല്പം സിമന്റ് വാരി പൊത്തി ഉറപ്പു കൂട്ടിയത് കൊണ്ടല്ല. കുതിരവട്ടം പപ്പു ബുള്‍ഡോസര്‍ നന്നാക്കിയത് പോലുള്ള റിപ്പയറുകളാണ് നമ്മള്‍ പൊതുവേ നടത്താറുള്ളത്. റോഡായാലും പാലമായാലും മുല്ലപ്പെരിയാറായാലും ആ ഒരു നിലവാരം നമ്മള്‍ പ്രതീക്ഷിച്ചാല്‍ മതി. അതുകൊണ്ട് പുതിയ ഡാമിന് അനുമതി കിട്ടിയാലുടനെ സായിപ്പിന് ഒരു ടെലെഗ്രാം അടിക്കണം. അത് മറക്കണ്ട.
അണ്ണാച്ചികളോട് പറയാന്‍ രണ്ടു ഡയലോഗ് (നല്ല പഞ്ചില്‍ പറയാന്‍ സുരേഷ് ഗോപിയെ കിട്ടുമോന്നു നോക്കട്ടെ).
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment