കേരള മോഡല്‍ സാമൂഹിക-സാംസ്‍കാരി-സാമ്പത്തിക ശൈലിയില്‍ മുല്ലപെരിയാര്‍ ഒരു ഭീഷണിയല്ല , ഒരാഘോഷമാണ്. ഫേസ്‍ബുക്കിലെ സേവ് മുല്ലപ്പെരിയാര്‍,സേവ് കേരള ഗ്രൂപ്പുകളിലെ അംഗസംഖ്യപോലും 30 ലക്ഷം മനുഷ്യരുടെ ജീവനാശത്തിന് നമ്മള്‍ എത്ര പ്രാധാന്യം നല്‍കിയിട്ടുണ്ട് എന്നതിനു തെളിവാണ്.തമിഴ്‍നാട് ഇങ്ങനെ ഉറപ്പിച്ചു പറയുമ്പോള്‍ നമുക്കുപോലും തോന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്‍ട്രോങ് ആണെന്ന്.മനുഷ്യജീവന്റെ കാര്യത്തില്‍ തമിഴ്‍നാടിന് അമേരിക്കയുടെ ശൈലിയല്ല.മലയാളി മരിക്കുന്നത് കൊണ്ട് അവര്‍ സന്തോഷിക്കുകയും മരിക്കുന്നത് തമിഴനാണെങ്കില്‍ അവര്‍ ദുഖിക്കുകയും ചെയ്യുമെന്നല്ല.മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആദ്യം നിലംപരിശാവുന്ന വണ്ടിപ്പെരിയാര്‍ പട്ടണത്തില്‍ മാത്രം മുപ്പതിനായിരത്തിലേറെ തമിഴ‍്‍നാട്ടുകാര്‍ ജീവിക്കുന്നുണ്ട്.മനുഷ്യജീവന് കേരളത്തിലും തമിഴ്‍നാട്ടിലും ഇത്രയൊക്കേയെ വിലയുള്ളൂ.
ഇനിയങ്ങോട്ട് ദേശീയദുരന്തങ്ങളെ സംബന്ധിച്ച നമ്മുടെ നിലപാടുകളില്‍ മാറ്റമുണ്ടാകാന്‍ കേന്ദ്രമന്ത്രിസഭയുടെ ഒളിച്ചുകളിയും തമിഴ്‍നാറിന്റെ കൊലവെറിയും കേരളത്തിന്റെ ഉറപ്പില്ലാത്ത നിലപാടുകളും ധാരാളമാണ്.ദുരന്തം ഏതായാലും മരിച്ചത് തനിക്കു വ്യക്തിപരമായി അടുപ്പമോ താല്‍പര്യമോ ഉള്ളവരല്ലെങ്കില്‍ വളരെ നന്നായി, കുറെയെണ്ണം കൂടി ചാകണമായിരുന്നു എന്നു പരസ്യമായി പറയുന്ന ഒരു സ്ഥിതിയിലേക്ക് നമ്മുടെ മനസാക്ഷി മാറുന്നുണ്ട്.ഈജിപ്തിലെയും തുര്‍ക്കിയിലെയും ഭൂകമ്പങ്ങളെ ജനസംഖ്യാനിയന്ത്രണത്തിനുള്ള പ്രകൃതിയുടെ പ്രായോഗികവഴികളായി വിലയിരുത്തിയിട്ടുള്ളവര്‍ നമുക്കിടയിലുണ്ട്. പ്രകൃതിക്ക് ഈജിപ്തിന്റെ കാര്യത്തിലും ഇടുക്കിയുടെ കാര്യത്തിലും രണ്ടു നിലപാടില്ല.എല്ലാം പോസിറ്റീവായി കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ പ്രക്ഷോഭങ്ങളില്‍ നിന്നും സംഘടിതരായി നിലത്തിറങ്ങേണ്ട സമയമായി.
ഫേസ്‍ബുക്ക് ഗ്രൂപ്പിലെ അംഗസംഖ്യയും ഓണ്‍ലൈന്‍ പെറ്റീഷനുകളുടെ എണ്ണവും കൊണ്ട് ലക്‍ഷ്യം സാധിക്കാനാവില്ല.മുഖ്യധാരയില്‍ സമൂഹത്തെ ഉണര്‍ത്താനും ബോധവല്‍കരിക്കാനും കഴിയുന്നില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നുള്ള ആരവങ്ങള്‍ എവിടെയും എത്താന്‍ പോകുന്നില്ല.ഇന്ന് അത്തരത്തിലൊരു മാറ്റത്തിനു തുടക്കമാണ്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളസമൂഹം ഉണരേണ്ടതിന്റെ, ദുരന്തഭീഷണിയില്‍ നില്‍ക്കുന്ന സമൂഹം ഭരണകൂടത്തിന്റെ വ്യര്‍ഥവാഗ്ദാനങ്ങളില്‍ നിന്ന് മോചിതരാവേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം പകര്‍ന്നുകൊണ്ട് ഇന്ന് വൈകിട്ട് കൊച്ചിയില്‍ ഒത്തുചേരുകയാണ് ഒരു സമൂഹം. അവര്‍ എത്ര പേരുണ്ടാവും എന്നതു തന്നെയാണ് ഇവിടെ നമ്മളുയര്‍ത്തുന്ന പ്രതിഷേധസ്വരങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ പോകുന്നത്.
ഇത്ര ഗുരുതരമായ ഒരു ഭീഷണിക്കെതിരേ കേരളത്തില്‍ ഒരു ജനകീയപ്രക്ഷോഭവും ഉണര്‍ന്നു വന്നിട്ടില്ല എന്നത് കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയോ കേന്ദ്രമന്ത്രിസഭയോ വിസ്മരിക്കേണ്ട കാര്യമില്ല.അണ്ണാ ഹസാരെയുടെ സമരമാതൃക ലക്ഷ്യം നേടിയത് പിന്നിലണിനിരന്ന ജനങ്ങളുടെ ശക്തികൊണ്ടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അത്തരത്തിലൊരു ജനശക്തി ഉണരുന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്കു പോലും ആശങ്കയില്ലാത്ത ഒരു കാര്യത്തില്‍ കള്ളക്കഥകളുമായി രാഷ്ട്രീയനേതൃത്വം രംഗത്തിറങ്ങിയിരിക്കുകയാണെന്ന തമിഴ്‍നാടിന്റെ വാദം നീതികരിക്കപ്പെടുകയാണ്.
സുകുമാര്‍ അഴീക്കോടോ എംടിയോ മമ്മൂട്ടിയോ മോഹന്‍ലാലോ യേശുദാസോ മാതാ അമൃതാനന്ദമയിയോ തുടങ്ങി ആരും തന്നെ ഈ പ്രശ്തത്തില്‍ ഒരു നിലപാടെടുക്കുകയോ ജനപക്ഷത്ത് നിലയുറപ്പിക്കുകയോ ചെയ്തിട്ടില്ല.അവരില്‍ പലര്‍ക്കും തമിഴ്‍നാട്ടില്‍ വീടുകളുണ്ട്, സ്ഥാപനങ്ങളുണ്ട്. കേരളത്തിലെ 30 ലക്ഷം ജനങ്ങള്‍ക്കു വേണ്ടി ഒരഭിപ്രായം പറഞ്ഞ് തമിഴ്‍നാട്ടിലെ വീടിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ അവരാഗ്രഹിക്കുന്നില്ല.
ഹൊഗെനക്കല്‍ പദ്ധതിയുടെ പേരില്‍ തമിഴ്‍നാടിനു വേണ്ടി നയന്‍താര ഉപവാസമിരുന്നപ്പോള്‍.
തമിഴ്‍നാടിന്റെ താല്‍പര്യമായ ഹൊഗെനക്കല്‍ പദ്ധതിക്കു വേണ്ടി ടൈറ്റ് ജീന്സും കൂളിങ് ഗ്ലാസും വച്ച് നെഞ്ചുവിരിച്ച് സമരമുഖത്തിരങ്ങിയ നയന്‍താര ഉള്‍പ്പെടെയുള്ള നടിമാര്‍ പോലും ജന്മനാടിനുവേണ്ടി നിലപാടെടുക്കുന്നില്ല.കാരണം,എല്ലാ നടിമാരുടെയും ചോറും കൂറും തമിഴ്‍നാട്ടിലാണ്.തമിഴന്റെ നെഞ്ചത്തു കയറും മുമ്പ് ഇരട്ടത്താപ്പുമായി നടക്കുന്ന ഇത്തരം കള്ളനാണയങ്ങളെ പരസ്യവിചാരണ ചെയ്യുകയാണ് വേണ്ടത്. തലയ്‍ക്കു മുകളില്‍ ഒരു ജില്ലയുടെ പകുതിയോളം ജലസാഗരം ചുണ്ടുതുടച്ച് കിടക്കുകയാണ്.താഴെ ജനം ബിവറേജസ് കോര്‍പറേഷനു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോലും ചര്‍ച്ചകള്‍ പ്രാദേശിക-രാഷ്ട്രീയച്ചുവയിലേക്കു മാറുമ്പോള്‍ നമ്മള്‍ രക്ഷപെടാനുള്ള സാധ്യത കുറവാണെന്നോ ഈ സമൂഹം അര്‍ഹിക്കുന്ന വിധി മറ്റൊന്നല്ലെന്നോ ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല.നമ്മുടെ ഭരണാധികാരികള്‍ക്ക് എത്ര ഇച്ഛാശക്തി കുറവാണോ അതിന്റെ പതിനായിരം മടങ്ങെങ്കിലും ഇച്ഛാശക്തി കുറവുള്ളവരാണ് നമ്മളോരോരുത്തരും.മോട്ടിവേഷനല്‍,മാനേജ്മെന്റ് മികവുകൊണ്ട് നേടിയെടുക്കാവുന്ന വിജയമല്ല ഇത്.മനുഷ്യജീവിയുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈഗോയ്‍ക്കും രാഷ്ട്രീയചിന്തകള്‍ക്കും പ്രസക്തിയില്ല.
ഇതിപ്പോള്‍ നാലു ജില്ലകളുടെ പ്രശ്നമല്ലേ,അവന്മാര്‍ പ്രതിഷേധിക്കട്ടെ എന്നാണ് ചിലര്‍ പറയുന്നത്.നാലു ജില്ലകളിയെ 30 ലക്ഷം മനുഷ്യര്‍ ഒഴുകിപ്പോകുന്നതോടെ ജനസംഖ്യകുറയുകയും എപിഎല്‍,ബിപിഎല്‍ കാര്‍ഡുകള്‍ മുതല്‍ മൊത്തത്തിലുള്ള വിഭവങ്ങളുടെ വിനിയോഗത്തില്‍ അവശേഷിക്കുന്നവരുടെ ഓഹരിയില്‍ വര്‍ധനയുണ്ടാകുമെന്നും ചിലരെങ്കിലും കരുതുന്നുണ്ട്.അത്തരക്കാരോട് വേദമോതിയിട്ട് കാര്യമില്ല. എന്നാല്‍,ഈ ജില്ലകളില്‍ ചാകാതെ അവശേഷിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളായി നിങ്ങളുടെ പുരയിടങ്ങളിലേക്ക് വലിഞ്ഞുകയറി വരുന്ന സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കാന്‍,തിരുവനന്തപുരം വരെ പോകാന് തൃശൂര്‍ ചെന്നിറങ്ങി രണ്ടു മണിക്കൂര്‍ ജങ്കാര്‍ കാത്തു നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍,കൊച്ചി മുങ്ങുന്നതോടെ തൊഴിലില്ലാതാകുന്ന,നിക്ഷേപങ്ങളില്ലാതാകുന്ന,ടൂറിസം നിര്‍ജജീവമാകുന്ന ഒരു ദരിദ്രസംസ്ഥാനമായി കേരളം മാറാതിരിക്കാന്‍ ഒന്നിച്ച് ഒരു വലിയ ജനക്കൂട്ടമാകാന്‍ നമുക്ക് ശ്രമിക്കാം.
ഇന്ന് വൈകുന്നേരം 6 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലെ ഹെലിപ്പാഡ് പരിസരത്ത് നടക്കുന്ന പദയാത്ര ഈ പ്രശ്നത്തിലെ ജനകീയ ഇടപെടലിന്റെ ശക്തമായ തുടക്കമായിത്തീരണം.പ്ലക്കാർഡുകളും മെഴുകുതിരികളുമായി പങ്കെടുക്കുന്നവര്‍ വാക്ക് വേയിൽ നിരന്ന് നിൽക്കും.പതിനായിരങ്ങള്‍ അണിനിരക്കുന്ന രാഷ്ട്രീയ-വര്‍ഗീയ പരിപാടികള്‍ നടക്കുന്ന കേരളത്തില്‍, 30 ലക്ഷം ജനങ്ങളുടെ ഭീതിയുടെ പ്രതീകമായി 30000 പേരെങ്കിലും എത്തിയില്ലെങ്കില്‍ നമ്മള്‍ പരാജയമാണ് എന്നത് നമ്മള്‍ തന്നെ സാക്ഷ്യപ്പെടുത്തുകയായിരിക്കും.അംഗസംഖ്യ 3000 പേരില്‍ താഴെയാണെങ്കില്‍ നമ്മള്‍ തമിഴ്‍നാടിനൊപ്പമാണെന്നു ലോകത്തോട് വിളിച്ചു പറയുകയായിരിക്കും.ജസ്റ്റിസ് വി.ആര്‍.കൃഷ്മയ്യര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ഒരു വലിയ പ്രക്ഷോഭത്തിന്റെ തുടക്കമാവണം.ആശംസകളും പ്രാര്‍ഥനകളും വേണ്ട,പങ്കാളിത്തം മാത്രം മതി.
No comments:
Post a Comment