Sunday 20 November 2011

[www.keralites.net] പുരുഷ സൗന്ദര്യത്തിന്റെ അനശ്വരനടനം

 

പുരുഷ സൗന്ദര്യത്തിന്റെ അനശ്വരനടനം- ജയന്‍

അനശ്വരനായ ജയന്റെ ഓര്‍മ്മയുടെ ഹൃദയതാളം സൂക്ഷിക്കുന്ന മലയാളത്തിന് കൂട്ടിരിക്കാന്‍ സ്പന്ദനം നിലയ്ക്കാത്ത ഒരു സിറ്റിസന്‍ വാച്ച് കൂടിയുണ്ട്. ഷോളാവാരത്ത് മുപ്പത്തൊന്നു കൊല്ലം മുമ്പ് ഹെലികോപ്റ്ററിനടിയില്‍ തകര്‍ന്നടിയുമ്പോള്‍ ജയന്റെ കൈയ്യില്‍ നിന്നും തെറിച്ച് പോയ ആ വാച്ച് ഓര്‍മ്മതെറ്റില്ലാതെ മിടിച്ചുകൊണ്ടിരിക്കുന്നത് കൊല്ലത്ത് ജയന്റെ സഹോദരന്റെ മകന്‍ ആദിത്യന്റെ ശേഖരത്തിലാണ്.

മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ഉജ്ജ്വലമായ ഉദിച്ചുയര്‍ന്ന മറ്റൊരു താരമില്ല. ജയന്റെ ശവസംസ്‌ക്കാരം പോലെ ജനപങ്കാളിത്തം കൊണ്ടും ഹൃദയവേദനയുടെ സമര്‍പ്പണം കൊണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ച മറ്റൊരു താരഅസ്തമയവുമില്ല. എന്നിട്ടും അഭിനയിച്ചു ജയിച്ച നൂറില്‍പരം ചിത്രങ്ങളല്ലാതെ ജയന് ഒരു സ്മാരകമൊരുക്കാത്ത
, ജയന്റെ പേരില്‍ ഒരു പുരസ്‌ക്കാരം ഏര്‍പ്പെടുത്താത്ത സര്‍ക്കാരും സിനിമ ഇന്‍ഡസ്ട്രിയും കൊടിയ അവഗണനയുടെ സഹകാരികളാണ്.

ഈ നവംബര്‍ 16ന് മുപ്പത്തിയൊന്നാണ്ടുകള്‍ പിന്നിടുകയാണ് മലയാളത്തിലെ എക്കാലത്തേയും ആക്ഷന്‍ ഹീറോയുടെ വേര്‍പാടിന്. സിനിമയോടും തൊഴിലിനോടുമുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധത തട്ടിയെടുത്ത ജീവിതം.

മരണം സംഭവിക്കുമ്പോള്‍ മുപ്പത്തേഴ് സിനിമകളുടെ കരാറുകള്‍ അവശേഷിക്കുന്നുണ്ടായിരുന്നു ജയന്. ഇന്നുവരെ മലയാളത്തില്‍ ഒരു താരത്തിനും ഇത്രയും തിരക്കുണ്ടായിട്ടില്ല. ആക്ഷന്‍ ചിത്രങ്ങള്‍ ഒന്നൊന്നായി ഹിറ്റുകള്‍ തീര്‍ക്കുമ്പോള്‍ ജയന് പകരം വെയ്ക്കാന്‍ മറ്റൊരു താരമില്ല വഴിവിട്ടു ചിന്തിക്കാന്‍ പ്രമേയവുമില്ല എന്ന അവസ്ഥ.

കൊല്ലം ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നിന്ന് പത്താം ക്‌ളാസ് കഴിഞ്ഞ ജയന്‍ നേവിയില്‍ ജോയിന്‍ ചെയ്തു. പതിനാറുകൊല്ലത്തെ നേവി ഓഫീസറുടെ ജോലിക്കുശേഷം അടക്കാനാവാത്ത അഭിനയമോഹം സിനിമയിലേക്ക് വഴിനടത്തുകയായിരുന്നു.

എറണാകുളത്തെ സൗഹൃദ കൂട്ടങ്ങളില്‍ ജയന്റെ അഭിനയവിഷയം സജീവമായിരുന്നു. ജോസ്പ്രകാശിന്റെ മകന്‍ രാജന്‍ മാത്യുവിലൂടെ ശാപമോക്ഷം എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കുന്നു. ഇതിനുമുമ്പ് പോസറ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിലൊരു ചെറിയവേഷം
, വിധുബാല നായികയായ പേരിടാത്ത ചിത്രത്തില്‍ സ്വഭാവനടന്റെ വേഷം ഇതുപക്ഷേ റിലീസ് ചെയ്തില്ല.

എന്നാല്‍ 1974ലെ ശാപമോക്ഷമായിരുന്നു ജയനും ശാപമോക്ഷം നല്കിയത്. തുടര്‍ന്ന് ഹരിഹരന്റെ പഞ്ചമിയിലെ വില്ലനായ ഫോറസ്‌റ് റെയ്ഞ്ചര്‍
, നവോദയായുടെ തച്ചോളിഅമ്പു, ശ്രീകുമാരന്‍ തമ്പിയുടെ ഏതോ ഒരു സ്വപ്നത്തിലെ വേറിട്ട സന്യാസിയുടെ കഥാപാത്രം വീണ്ടും ഹരിഹരന്റെ ശരപജ്ഞരം. ശരപജ്ഞരത്തിന് ശേഷം ജയന്‍ തിരക്കുകളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.

രണ്ട് വര്‍ഷം കൊണ്ട് നിലത്തുനില്ക്കാന്‍ അനുവദിക്കാത്ത വിധം സിനിമകള്‍.മലയാളത്തിലെ പ്രഗല്ഭരായ സംവവിധായകരും നിര്‍മ്മാതാക്കളും ജയനുവേണ്ടി ക്യൂ നില്‍ക്കുന്ന അവസ്ഥ. രണ്ടുവര്‍ഷത്തിനുള്ളില്‍ നാല്‍പ്പത്തെട്ടോളം സിനിമകള്‍
, മരണം സംഭവിച്ചപ്പോള്‍ അഭിനയിച്ചു പൂര്‍ത്തീകരിക്കാത്ത പത്തോളം ചിത്രങ്ങള്‍ ഇതായിരുന്നു ജയന്റെ തിരക്കുകളുടെ യഥാര്‍ത്ഥ ചിത്രം.

സര്‍പ്പം
, ഇരുമ്പഴികള്‍, ആവേശം, ചന്ദ്രഹാസം, നായാട്ട്, മൂര്‍ഖന്‍, ചാകര, കരിമ്പന, മനുഷ്യമൃഗം, അങ്ങാടി, കാന്തവലയം പൗരുഷത്തിന്റെ ശരീരഭാഷ അടക്കിവാണ സിനിമകള്‍ ഇങ്ങിനെയെത്രയെത്ര. മരണശേഷം റിലീസ് ചെയ്ത ചിത്രങ്ങളാണ് അഗ്‌നിശരം, ആക്രമണം, അഭിനയം, തടവറ, സഞ്ചാരി, കോളിളക്കം, അറിയപ്പെടാത്ത രഹസ്യം, എന്റെ ശത്രുക്കള്‍ തുടങ്ങിയവ. ചിലസീനുകള്‍ കൂട്ടിചേര്‍ത്തും അപൂര്‍ണ്ണമായവ ഒഴിവാക്കിയും ആലപ്പി അഷ്‌റഫ് എന്ന സിനിമ പ്രവര്‍ത്തകന്റെ ജയനെ അനുകരിക്കുന്ന ശബ്ദവും ഒക്കെ കൊണ്ടാണ് ഈ സിനിമകള്‍ പൂര്‍ത്തിയാക്കിയത്.

പഞ്ചപാണ്ഡവര്‍ എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടുമില്ല. മറ്റ് നിര്‍മ്മാതാക്കളില്‍ പലരും ജയന്റെ അഭാവത്തില്‍ സിനിമകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ജയന് വൈവിധ്യങ്ങളുള്ള കഥാപാത്രങ്ങള്‍ വളരെ കുറച്ചേ ലഭിച്ചിട്ടുള്ളു. ഏതോ ഒരു സ്വപ്നം
, ശരപഞ്ചരം,
അങ്ങാടി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ജയന്‍-സീമ കൂട്ടുകെട്ടും, പാട്ടുകളും സിനിമയുടെ ഒരു ട്രെന്റ് തന്നെയായ് മാറുകയായിരുന്നു. ഡ്യൂപ്പുകളില്ലാത്ത ആക്ഷന്‍ രംഗങ്ങളും സ്‌റണ്ടും ജയന്‍ രസകരമായ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. അന്ന് മലയാളസിനിമ അടക്കി വാണിരുന്നത് ഒരുകൂട്ടം താരങ്ങളായിരുന്നു. പ്രേംനസീര്‍, മധു, സോമന്‍, സുകുമാരന്‍, എന്നിങ്ങനെ ....കരുത്തിന്റെയും പുരുഷ സൗന്ദര്യത്തിന്റെയും പൂര്‍ണ്ണതയുമായെത്തിയ ജയന്റെ ആക്ഷന്‍ ഹീറോയിസം മറ്റുള്ളവരെ ഏറെ പിന്‍തള്ളി.

ജയനെ കേന്ദ്രീകരിച്ചുകൊണ്ട് മുഖ്യധാര സിനിമ നീങ്ങാന്‍ തുടങ്ങിയപ്പോഴും നിഷ്‌കളങ്കമായ് നിറഞ്ഞുചിരിക്കുന്ന ജയന്റെ ഉള്ളില്‍ അഹങ്കാരത്തിന്റെ കണിക പോലുമുണ്ടായിരുന്നില്ല. അദ്ദേഹത്തെ വിനയത്തിന്റെ പ്രതിരൂപമായിരുന്നെന്നും അടയാളപ്പെടുത്തിയത് ജയന്റെ വരവില്‍ അവസരം കുറഞ്ഞ സഹപ്രവര്‍ത്തകര്‍ തന്നെയാണ്.

തന്റെ സ്വന്തം ഫിയറ്റ് കാറില്‍ സ്വന്തം ഡ്രസ്സുകള്‍ നിറച്ച സ്യൂട്ട്‌കേസുമായെത്തുന്ന ജയന് പ്രൊഡക്ഷന്‍ ബോയ് മുതല്‍ സംവിധായകന്‍ വരെയുള്ള സൗഹൃദങ്ങള്‍ക്ക് ഏറ്റകുറിച്ചിലുണ്ടായിരുന്നില്ല. ഷൂട്ടിംഗ് വൈകുന്ന വേളകളില്‍ മദ്യപിച്ച് അല്പസ്വല്പം ബോറായ് തുടങ്ങുന്ന സഹപ്രവര്‍ത്തകരെ മദ്യപിക്കാത്ത ജയന്‍ സ്വന്തം കാറോടിച്ച് വീട്ടിലെത്തിച്ച് (മുറിയിലെത്തിച്ച് ) പോയിരുന്നതായുംപില്ക്കാലത്ത് ഓര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.

സിനിമയ്ക്ക് കച്ചവട സാദ്ധ്യതകള്‍ക്കപ്പുറം വൈവിധ്യങ്ങള്‍ ഒരുക്കാന്‍ സമയം കിട്ടാതെ പോയ തിരക്കുകാലത്ത് തിളങ്ങി നിന്ന ജയന് അതുകൊണ്ട് തന്നെ ബുദ്ധി ജീവികള്‍ക്കു ചര്‍ച്ച ചെയ്യാന്‍ പാകത്തിലുള്ള വേഷങ്ങള്‍ ലഭിച്ചില്ല.

ജയന്റെ ഒഴിവിലെത്തിയത് മമ്മൂട്ടിയും ലാലും

ജയനുള്ളിലെ നടന്‍ ചൂഷണം ചെയ്യപ്പെടാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, മറിച്ച് സിനിമയുടെ, വ്യവസ്ഥിതിയുടെ പ്രശ്‌നമായിരുന്നു. ജയനുശേഷം 1980 കളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയമായ വഴിത്തിരുവുകള്‍ ഉണ്ടായി.

നടന്റെ ആകസ്മികമായ നിര്യാണത്തിന് ശേഷം വന്ന രതീഷ്
, മമ്മൂട്ടി, മോഹന്‍ലാല്‍,
ഇവരില്‍ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ലാലും സിനിമയുടെ വസന്തകാലത്ത് മുളച്ചുപൊന്തി സുഗന്ധം പടര്‍ത്തി വിരാജിച്ച് നില്ക്കുന്നു.

ഇന്നും അവര്‍ സൂപ്പര്‍താരങ്ങളായ് നിലനില്‍ക്കുന്നതും വൈവിധ്യങ്ങളിലൂടെ ഉടച്ചു വാര്‍ത്തെടുക്കപ്പെട്ട അഭിനയ തികവു തന്നെയാണ്. മലയാള സിനിമയ്ക്ക് ഏറ്റവും സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത ജയനോട് സിനിമ അനാദരവ് കാട്ടരുതായിരുന്നു.

പുതിയ കാലത്തെ യുവതാരങ്ങള്‍ ജയന്റെ അഭിനയവഴി തേടണമെന്ന് പറയുന്നില്ലെങ്കിലും ഇടപെടലുകള്‍ മറിച്ചുനോക്കുന്നത് നന്നാവും. കോമഡിക്കാര്‍ പരിഹാസരൂപമായ് ജയനെ ആഘോഷിച്ച് ഏറെഗുണമുണ്ടാക്കിയതല്ലേ. ഓര്‍മ്മിക്കാന്‍ നിങ്ങളെങ്കിലും തയ്യാറാവുക.ഒരു നല്ല മനുഷ്യനെ വെറും കോമാളിയാക്കി പുതിയ തലമുറയെ കാണിക്കുന്നതിന്റെ പാപം തീരാനായെങ്കിലും അത് ഉപകരിക്കും


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment