പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ നീതിയുടെ കഴുത്തറുക്കുന്നു
നിരാലംബയായ പെണ്‍കുട്ടിയെ കീറിമുറിച്ച് പരിശോധിച്ചപ്പോള്‍ അവളുടെ അന്ത്യനിമിഷങ്ങളില്‍ അവളെത്ര ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നു നേരിട്ടു മനസ്സിലാക്കിയ ഒരു ഡോക്ടര്‍ക്ക് കൊലപാതകിയോടൊപ്പം നില്‍ക്കാന്‍ സാധിക്കുന്നെങ്കില്‍ അത് വിചിത്രം എന്നതിനെക്കാള്‍ അപകടകരമാണ്.തികച്ചും സാങ്കേതികമായ കാര്യങ്ങളില്‍ മുറുകെപ്പിടിച്ച് ഒരാത്മാവിനോടും വേദനിക്കുന്ന കുറെ മനസ്സുകളോടും ഡോ.ഉന്മേഷ് ചെയ്യുന്നത് ഗോവിന്ദച്ചാമി ചെയ്തതിനു തുല്യമായ ക്രൂരതയാണ്. സാങ്കേതികമായെങ്കിലും ഡോ.ഉന്മേഷ് ഗോവിന്ദച്ചാമിയോടൊപ്പമാണ്.കൊച്ചു പെണ്‍കുട്ടികളുടെ തല തല്ലിപ്പിളര്‍ത്തി മരിക്കുന്നതുവരെ അവളുടെ നിലവിളി ആസ്വദിച്ചു പീഡിപ്പിക്കുന്നത് ഹരം പിടിപ്പിക്കുന്ന അനുഭവമാണെന്ന് അദ്ദേഹത്തിനു തോന്നാതിരിക്കട്ടെ.
ഈ നാട്ടില്‍ ഒരു നിയമം ഉള്ളപ്പോള്‍, അവിടെ തെളിവുകള്‍ക്ക് ഏറെ പ്രസക്തിയുള്ളപ്പോള്‍ തികച്ചും വൈകാരികമായി കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു കേസില്‍ പ്രതിക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമാണ് ഡോ.ഷേര്‍ലി വാസു നടത്തിയതെന്നു സ്ഥാപിക്കാന്‍ ഇനി എളുപ്പമാണ്. സൗമ്യ വധക്കേസിന്റെ വിചാരണവേളയില്‍ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നതിനുള്ള അനേകം തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.സൗമ്യ ട്രെയിനില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥാപിക്കാന്‍ ആ കൊലപാതകത്തെ അനുകൂലിക്കുന്നവരും പരിശ്രമിച്ചിട്ടുണ്ട്.
വിചാരണവേളയില്‍ ഏറ്റവും ശക്തമായി മൊഴി നല്‍കിയ ഡോ.ഷേര്‍ലി വാസു സൗമ്യയുടെ മേല്‍ ഗോവിന്ദച്ചാമി ഏല്‍പിച്ച ആഘാതങ്ങളും മുറിവുകളും അതുമൂലം സൗമ്യ അനുഭവിച്ചിരിക്കാവുന്ന വേദനകളും വ്യക്തമായി വിവരിക്കുന്നതായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി എന്ന നിലയ്‍ക്ക് കേസില്‍ ഗോവിന്ദച്ചാമിക്ക് വലിയ ശിക്ഷ തന്നെ ഉറപ്പാക്കാന്‍ ശക്തമായിരുന്നു ആ മൊഴി.ഗോവിന്ദച്ചാമിക്ക് സ്വതന്ത്രമായി പുറത്തിറങ്ങി ഇനിയും പെണ്‍കുട്ടികളെ പിച്ചിച്ചീന്തണമെങ്കില്‍ പ്രധാനമായും അട്ടിമറിക്കേണ്ടത് ആ മൊഴി തന്നെയാണ് എന്നത് ഉറപ്പായിരുന്നു.സിനിമയെ അതിശയിക്കുന്ന രീതിയില്‍ അവര്‍ അത് സാധിച്ചുകൊണ്ടിരിക്കുന്നു.സൗമ്യ്‍ക്ക് നീതി ലഭിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ ചോദ്യമായി.പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഡോ.ഷേര്‍ലി വാസുവോ ഡോ.ഉന്മേഷോ എന്നതാണ് പ്രധാന ചോദ്യം ?
ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരിക്കുന്നത് ഡോ.ഷേര്‍ലി വാസു അല്ല.റിപ്പോര്‍ട്ടില്‍ ഡോ.ഷേര്‍ലി വാസുവിന്റെ ഒപ്പുമില്ല.റിപ്പോര്‍ട്ട് തയ്യാറാക്കിയത് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ.ഉന്മേഷും ഡോ.രാജേന്ദ്രപ്രസാദും ചേര്‍ന്നാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ഹൗസ് സര്‍ജന്‍ ഡോ.ഷാഹിദ, ഡോ.സഞ്ജയ് എന്നിവരും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ചതായി കാണുന്നു.അപ്പോള്‍ കോടതിയില്‍ ഡോ.ഷേര്‍ലി വാസു നല്‍കിയ മൊഴി കളവാണ് എന്നു സ്ഥാപിക്കാനുള്ള അധ്വാനം ഇല്ലാതായി.ഇനി ഉന്മേഷിന്റെയും ഡോ.രാജേന്ദ്രപ്രസാദിന്റെയും മൊഴികള്‍ക്കാണ് പ്രസക്തി.ഡോ.ഷേര്‍ലി വാസു കള്ളിയുമായി.
നിയമത്തിന് തെളിവുകളാണ് ആവശ്യം.ഡോ.ഷേര്‍ലി വാസുവിന്റെ വിശ്വാസ്യത ഈ കേസില്‍ നഷ്ടമായി. എന്നാല്‍,ഡോ.ഉന്മേഷും സംഘവും പ്രൊഫഷനല്‍ ഈഗോയും അപകര്‍ഷതാബോധവും പ്രതികാരവുമൊക്കെ തീര്‍ക്കാന്‍ തിരഞ്ഞെടുത്ത അവസരം ശരിയായില്ല എന്നാണ് എനിക്കു തോന്നുന്നത്.പോസ്റ്റ്മോര്‍ട്ടം നടന്ന ദിവസം ഡോ.ഷേര്‍ലി വാസു ഗ്ലൗസ് പോലും ധരിച്ചിട്ടില്ല എന്നാണ് ഡോ.ഉന്മേഷ് പറയുന്നത്.റിപ്പോര്‍ട്ടില്‍ ഡോ.ഷേര്‍ലി വാസുവിന്റെ ഒപ്പുമില്ല.ഡോ.ഉന്മേഷും സംഘവും തയ്യാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വകുപ്പ് മേധാവിയായ ഡോ.ഷേര്‍ലി വാസു കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്നും ആരോപണമുണ്ട്. ഈ മൂന്നു കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഡോ.ഷേര്‍ലി വാസു ചെയ്തത് തെറ്റാണ്.
എന്നാല്‍,ഡോ.ഉന്മേഷ് മുറുകെപ്പിടിക്കുന്ന സാങ്കേതികത്വം മാറ്റി വച്ചാല്‍ ഡോ.ഷേര്‍ലി വാസു ചെയ്തത് ശരിയുമായിരുന്നു.7.10ന് പോസ്റ്റ്മോര്‍ട്ടം ആരംഭിക്കുകയും 7.30ന് ഡോ.ഷേര്‍ലി വാസു പോസ്റ്റ്മോര്‍ട്ടം ടേബിളിനരികില്‍ എത്തുകയും ചെയ്തു.ഡോ.ഉന്മേഷ് പറയുന്നതുപോലെ ഡോ.ഷേര്‍ലി വാസു ഗ്ലൗസ് ധരിച്ച് പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കാളിയായില്ലായിരിക്കാം,പക്ഷേ ആദ്യത്തെ 20 മിനിറ്റ് ഒഴികെയുള്ള സമയമത്രയും ഡോ.ഷേര്‍ലി വാസു അവിടെയുണ്ടായിരുന്നു. ഡോ.ഉന്മേഷിനും റിപ്പോര്‍ട്ടില്‍ ഒപ്പു വച്ചിട്ടുള്ള മറ്റ് ഡോക്ടര്‍മാര്‍ക്കും മനസ്സിലായതുപോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്കും സാധിച്ചിട്ടുണ്ട്.കൂടുതല്‍ പരിചയസമ്പന്നയെന്ന നിലയില്‍,സര്‍വോപരി ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ റിപ്പോര്‍ട്ടില്‍ ഏതാനും കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു എന്നത് മറ്റേതു പ്രൊഫഷനിലും ഉള്ളതുപോലെ ഒരു സംഗതിയാവാനേ തരമുള്ളൂ.
പോസ്റ്റ്മോര്‍ട്ടത്തില്‍ കാണാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടിലെഴുതിച്ചേര്‍ത്തു എന്ന് ഡോ.ഉന്മേഷ് പറയുന്നില്ല.അപ്പോള്‍ ഡോ.ഷേര്‍ലി വാസുവിനെതിരെ ഇത്തരത്തില്‍ നിലാപടെടുക്കാന്‍ ഡോ.ഉന്മേഷിനെ പ്രേരിപ്പിച്ചത് സത്യം ജയിക്കണം എന്ന അദമ്യമായ ആഗ്രഹമോ,ഹെഡിനിട്ടൊരു പണി പണിയാനുള്ള അവസരം ഉപയോഗിച്ചതോ അതോ ഗോവിന്ദച്ചാമിക്കു വേണ്ടി ആരെങ്കിലും ഡോക്ടര്‍മാരെ വിലയ്ക്കെടുത്തതോ ?
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തില്‍ വിധി കല്‍പിക്കാന്‍ നമ്മള്‍ ആരുമല്ല.ഡോ.ഷേര്‍ലി വാസുവോ ഡോ.ഉന്മേഷോ അല്ല, സത്യം ജയിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.കേരളമനസാക്ഷിയെ നടുക്കിയ ഭീകരകൊലപാതകത്തിലെ പ്രതിക്ക് മാതൃകാപരമായ ശിക്ഷ തന്നെ നല്‍കി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ അതിന്റെ കരുത്തു തെളിയിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net