Sunday 16 October 2011

[www.keralites.net] പുലിവേട്ട

 

Fun & Info @ Keralites.net

അന്ന് ഞങ്ങളുടെ നാട്ടില്‍ പുലിയിറങ്ങിയതിനുശേഷം പിന്നീടങ്ങോട്ട് രണ്ടാഴ്ചത്തേക്ക് നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. രാത്രിയില്‍ നാട്ടിലെ പുരുഷന്മാര്‍ അഞ്ചും ആറും പേരുടെ സംഘങ്ങളായി വെട്ടുകത്തി, വടി, ഉലക്ക മുതലായ ആയുധങ്ങളുമായി അവിടവിടെ കാവലിരുന്നു. നേരംപോക്കാന്‍ ചീട്ടുകളിക്കുകയും ഉറക്കം വരാതിരിക്കാന്‍ കട്ടന്‍ചായയും നാടന്‍ചാരായവും മാറി മാറി അടിക്കുകയും ചെയ്തു. ചിലര്‍ രണ്ടുംകൂടി കലര്‍ത്തി കൃത്രിമബ്രാണ്ടി ഉണ്ടാക്കി അടിച്ചു. സ്ത്രീകള്‍ വീട്ടിലിരുന്നു ചായയുണ്ടാക്കി കാവലിരിക്കുന്ന പുരുഷന്മാര്‍ക്ക് എത്തിച്ചു കൊടുത്തു. ചുരുക്കത്തില്‍ രാത്രിയില്‍ ആരും ഉറങ്ങാതായി. പകല്‍ പണിക്കൊന്നും പോകാതെ വീട്ടില്‍ കിടന്നുറങ്ങും. കള്ളന്മാര്‍ രാത്രിയിലെ ജോലി പകലേക്ക് മാറ്റി. അങ്ങനെ ആ പുലി നാട്ടുകാരുടെ ചര്യകള്‍ തന്നെ മാറ്റിമറിച്ചു.


Fun & Info @ Keralites.netതന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ വേണ്ടി പുലി ഇടക്കൊക്കെ അവിടവിടെ പ്രത്യക്ഷപ്പെട്ടു. ആട്, പട്ടി, പശുക്കുട്ടികള്‍ മുതലായ വളര്‍ത്തുമൃഗങ്ങള്‍ സ്ഥിരമായി വീടുകളില്‍ നിന്നു അപ്രത്യക്ഷമാകാന്‍ തുടങ്ങി. പുലിയെ കണ്ടവര്‍ പുലിയുടെ മുന്‍പില്‍നിന്ന് രക്ഷപ്പെട്ട വീരകഥകള്‍ നാട്ടുകാരെ പൊടിപ്പും തൊങ്ങലും വച്ച് വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. ചിലര്‍ പുലിയെ ചവുട്ടി വീഴ്ത്തിയിട്ട് ഓടിയെന്നൊക്കെയായിരുന്നു വീരവാദം. സത്യാവസ്ഥ പുലിക്കും ഓടിയവര്‍ക്കും മാത്രമേ അറിയൂ. ചിലരുടെ പുറകെ ഓടിയ പുലി മലമൂത്രങ്ങളില്‍ തെന്നി വീണെന്നും നാറ്റം സഹിക്കാന്‍ വയ്യാതെ പുലി തിരിച്ചോടിയെന്നും ചില എതിര്‍ കക്ഷികള്‍ പറഞ്ഞുപരത്തി. മൂന്നാമതൊരു കൂട്ടര്‍ ജീവിതത്തിലിന്നുവരെ പുലിയെ കണ്ടിട്ടില്ലെങ്കിലും ആനയോളം വലിപ്പമുള്ള പുലിയെ കണ്ട കഥകള്‍ വര്‍ണ്ണിച്ചു നടന്നു. പുലിയിറങ്ങിയതുകൊണ്ട് സന്തോഷിച്ചത്‌ ഞങ്ങള്‍ കുട്ടികളായിരുന്നു. കാരണം പള്ളിക്കൂടങ്ങള്‍ പുലിയുടെ സന്ദര്‍ശനം പ്രമാണിച്ചു അനിശ്ചിതകാലത്തേക്ക് പൂട്ടിയതായി നോട്ടീസിട്ടു.


അയല്‍വാസിയുടെ റബ്ബര്‍തോട്ടത്തില്‍ അതിരാവിലെ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ പോയ ഗോപാലനാണ് ആദ്യം പുലിയെ കണ്ടത്. അതിനുശേഷം ഗോപാലന്‍ കാര്യപരിപാടി വീട്ടിലെ കക്കൂസില്‍ തന്നെയാക്കി. എന്നാലും വല്ലവന്റെയും പറമ്പില്‍ സാധിക്കുന്ന ആ സുഖം നഷ്ടമായതില്‍ ഗോപാലന് അതിയായ വിഷമമുണ്ടായിരുന്നു . പിന്നീട് ഒന്നുരണ്ടു പേര്‍ക്ക് കൂടി പുലി ദിവ്യദര്‍ശനം നല്‍കിയതോടെ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപികരിച്ചു. പഞ്ചായത്തില്‍ പരാതി നല്‍കി. പക്ഷെ പഞ്ചായത്തിരാജ് ആക്ടില്‍ പുലികളെപ്പറ്റി ഒന്നും പ്രതിപാദിക്കുന്നില്ല എന്നായിരുന്നു പ്രസിഡന്റിന്റെ നിലപാട്. പോലീസിനെ സമീപിച്ചു. പുലിയെ പിടിച്ചു കൊടുത്താല്‍ പല്ലും നഖവും അവര്‍ പറിച്ചോളാമത്രേ.. ഒത്തുകിട്ടിയാല്‍ പുലിയെ തല്ലിക്കൊന്നോളാന്‍ അനുവാദവും കൊടുത്തു. എങ്ങനെയുണ്ട് പോലീസ് .... അങ്ങനെ ജനങ്ങള്‍ തന്നെ പുലിയെ നേരിടാന്‍ തയ്യാറായി.വികാരിയച്ചന്റെ നേതൃത്വത്തില്‍ നാടുകാര്‍ യോഗം കൂടി. കൂലംകക്ഷമായ ചര്‍ച്ചകള്‍ക്കുശേഷം ഒരു തീരുമാനമെടുത്തു. പണ്ട് നാട്ടില്‍നിന്നു കുരങ്ങുകളെ തുരത്തിയ രീതിയില്‍ തന്നെ പുലിയേയും നേരിടുക.


മുന്‍പൊരു കാലത്ത് ഞങ്ങളുടെ നാട്ടില്‍ കുരങ്ങുശല്യം വളരെ രൂക്ഷമായിരുന്നു. യാതൊരുവക കൃഷിയും വച്ച് വാഴിക്കില്ല. വീടുകളില്‍ കയറി ഉറിയില്‍ സൂക്ഷിച്ച ഭക്ഷണംവരെ എടുത്തുകൊണ്ടു പോകും. ഉണക്കാനിട്ട തുണികള്‍ വലിച്ചു കീറി നശിപ്പിക്കും. ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ വിടാത്ത സ്ഥിതി. ഒടുവില്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ഒരു കുരങ്ങിനെ കൂട്ടത്തില്‍നിന്നു ഒറ്റപ്പെടുത്തി തല്ലിക്കൊന്നു. മറ്റു കുരങ്ങുകള്‍ അന്ന് ഞങ്ങളുടെ നാട്ടില്‍നിന്നു പലായനം ചെയ്തു. പിന്നീടിന്നുവരെ കുരങ്ങന്മാര്‍ വഴി തെറ്റിപ്പോലും ഞങ്ങളുടെ നാട്ടില്‍ വന്നിട്ടില്ല.


പുലിയെപ്പിടിക്കാന്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഒരു കര്‍മ്മസമിതിയുണ്ടാക്കി. ആരെങ്കിലും പുലിയെ കണ്ടാല്‍ കര്‍മ്മസമിതിയിലുള്ളവരെ അറിയിക്കണമെന്ന് നാടാകെ നിര്‍ദേശം നല്‍കി. രണ്ടുദിവസം കഴിഞ്ഞു അതിരാവിലെ പതിവുപോലെ പുഴവക്കത്തെ ഇല്ലിച്ചുവട്ടില്‍ പ്രാഥമിക കാര്യങ്ങളില്‍ വ്യാപൃതനായിരുന്ന കുമാരന്‍ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. പുലി ഒരു ആടിനെയും കടിച്ചു തൂക്കിക്കൊണ്ട്‌ പുഴവക്കത്തേക്കു ചാഞ്ഞു നില്‍ക്കുന്ന മരത്തിന്റെ വേരുകള്‍ക്കിടയിലേക്ക് കയറുന്നു. വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ പുക പുറത്തേക്കു വിടുന്നതിനു പകരം അകത്തേക്ക് വിഴുങ്ങിപ്പോയി. പെട്ടെന്ന് കുമാരന്‌ സ്ഥലകാലബോധമുണ്ടായി. അയാള്‍ കാര്യപരിപാടി പകുതിക്ക് നിര്‍ത്തി നേരെ പള്ളിമുക്കിലെ ചായക്കടയിലെക്കോടി. അവിടെ പതിവുപോലെ ചിലര്‍ പുലിമാഹാത്മ്യം ആട്ടക്കഥ തുടങ്ങിയിരുന്നു. ചായക്കടയിലേക്ക് ഓടിക്കയറിയ കുമാരന്‍ ഒന്നും മിണ്ടാന്‍ വയ്യാതെ കണ്ണും തള്ളി കുറച്ചു നേരം നിന്നു. പണ്ടേ ബലഹീനന്‍ പോരെങ്കില്‍ വലിവും. കുമാരന്റെ പരവേശം കണ്ടപ്പോള്‍തന്നെ എന്തോ പന്തികേടുണ്ടെന്നു ചായക്കടക്കാരന്‍ തോമ്മാച്ചന് മനസ്സിലായി.

"എന്താടാ കുമാരാ..നിനക്കെന്തു പറ്റി..''

കുമാരന്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആന്ഗ്യം കാണിച്ചു. തോമ്മാച്ചന്‍ ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കുമാരന്‌ കൊടുത്തു.

"ഇതെന്നാടാ നിന്നെ ഒരു നാറ്റം... നീ എവിടുന്നാ ഓടിവരുന്നെ..."

"ഞാന്‍.... അവിടെ.. പുലിയെ.... " കുമാരന്‍ വിക്കി വിക്കി പറയാന്‍ തുടങ്ങി.

" അത് ശരി... അപ്പൊ അതാ കാര്യം.... വെറുതെയല്ല നാറുന്നത്.... അങ്ങോട്ട്‌ പുറത്തേക്കിറങ്ങി നില്ല്.. കഴുകിയിട്ട് അകത്തു കയറിയാ മതി..."

"സത്യമായിട്ടും ഞാന്‍ കണ്ടു... പുഴവക്കത്തെ ആറ്റുവഞ്ചി മരത്തിന്റെ ചുവട്ടിലുണ്ട്..."

സംഗതി സത്യമാണെന്ന് എല്ലാവര്ക്കും മനസ്സിലായി. അവര്‍ വിവരം കര്‍മ്മസമിതിയെ അറിയിക്കാനായി പുറപ്പെട്ടു. തോമ്മാച്ചന്‍ ചായക്കടക്കു തല്ക്കാലത്തേക്ക് അവധി പ്രഖാപിച്ചു.


കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പുഴക്കരയിലേക്ക് നീങ്ങി. കയറുകളും വോളിബോള്‍ നെറ്റുകളും നാടന്‍ വലകളുമൊക്കെയായി കര്‍മ്മസമിതി പുഴക്കരയിലെത്തി. വികാരിയച്ചന്‍ കുരിശുവരച്ചു അവരെ അനുഗ്രഹിച്ചു. കേട്ടവര്‍ കേട്ടവര്‍ പുഴക്കരയിലെക്കോടി. ഒരു മണിക്കൂറുകൊണ്ട് പുഴയുടെ രണ്ടു കരയും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാന്‍ ചില വളണ്ടിയര്‍മാര്‍ സ്വമേധയാ കര്‍മ്മനിരതരായി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. മരത്തിനു ചുറ്റുമുള്ള കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് കര്‍മ്മസമിതി പുലിയെ പുറത്തു ചാടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.


Fun & Info @ Keralites.netരാവിലെ അല്പം കട്ടിയായ ബ്രേക്ക്ഫാസ്റ്റിന് ശേഷം സുഖനിദ്രയിലായിരുന്ന പുലിയച്ചന്‍ പുറത്തെ കോലാഹലങ്ങള്‍ കേട്ട് പതുക്കെ കണ്ണ് തുറന്നു. കിടന്ന കിടപ്പില്‍ തന്നെ രംഗം ഒന്ന് വീക്ഷിച്ച അദ്ദേഹം ഞെട്ടിപ്പോയി. നാട്ടുകാര്‍ തന്നെ വളഞ്ഞുകഴിഞ്ഞു. പരവേശം കൊണ്ട് തൊണ്ട വരണ്ട പുലി ആടിന്റെ അവശിഷ്ടങ്ങളില്‍ തങ്ങിനിന്ന ചോര കുടിച്ചു ദാഹം തീര്‍ത്തു. എങ്ങനെ രക്ഷപെടുമെന്നാലോചിക്കുമ്പോഴാണ് ഏതോ ഒരുത്തന്‍ നീളമുള്ള വടികൊണ്ട് പുലി ഇരിക്കുന്ന മാളത്തിലേക്ക് ഒരു കുത്ത് കുത്തിയത്. നല്ല ഉന്നം... വാലിന്റെ അറ്റത്താണ് കൊണ്ടത്‌. പെട്ടെന്ന് അടുത്ത കുത്തും വന്നു. പിന്നെ തുരുതുരെ വാരിക്കുന്തങ്ങള്‍ അകത്തേക്ക് നീണ്ടു. പുലിക്കു ഒഴിഞ്ഞു മാറാന്‍ പറ്റുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ പുലി പുറത്തേക്കു ചാടി. പുറത്തേക്കു ചാടിയതേ ഉലക്കകൊണ്ടുള്ള ആദ്യത്തെ സമ്മാനം മുന്നിരയിലുണ്ടായിരുന്ന പപ്പന്റെ വക.. പിന്നെ പലരുടെ വക. അതില്‍ ചിലതു പപ്പന്റെ മുതുകിലും വീണു. ആദ്യ അടിക്കു തന്നെ പുലിയുടെ ബോധം പോയി. പപ്പന് അഞ്ചാറടി കിട്ടിയതിനു ശേഷമാണ് ബോധം പോയത്. ബോധം പോയ പുലിയുടെമേല്‍ നാട്ടുകാര്‍ കയറി നിരങ്ങി. ചതഞ്ഞരഞ്ഞ പുലിയ ജനങ്ങള്‍ ഒരു ഉലക്കയില്‍ കെട്ടിത്തൂക്കി പള്ളിമുക്കിലെ കവലയിലേക്കു കൊണ്ടുവന്നു. വായനശാലയുടെ മുമ്പില്‍ പുലിയുടെ മൃതശരീരം പൊതുദര്‍ശനത്തിനു വച്ചു.


Fun & Info @ Keralites.net

ഇതിനിടെ പുലിയുടെ ജഡം പോസ്റ്റ്‌ മോര്‍ട്ടം ചെയ്യണമെന്നു ആരോ ആവശ്യപ്പെട്ടു. അത് ന്യായമാണെന്ന് നേതാക്കള്‍ക്കും തോന്നി. അങ്ങനെ ടൗണില്‍നിന്നു പോസ്റ്റ്‌ മോര്‍ട്ടം നടത്താന്‍ ഡോക്ടറെ വരുത്തി. ഡോക്ടര്‍ എത്തുന്നതുവരെ പൊതുജനങ്ങള്‍ക്കു മൃതശരീരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൌകര്യമുണ്ടായിരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട്‌ അനൌണ്സ് ചെയ്തു. അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ പാടുപെട്ടു. പുലിയുടെ രക്തം കൊണ്ട് കുറി തൊട്ടാല്‍ ഭയം മാറി ധൈര്യം വരുമെന്നുള്ള കേട്ടുകേഴ്വിയനുസരിച്ച്. ഭക്തജനങ്ങള്‍ പുലിയുടെ രക്തം കൊണ്ട് മുലകുടി മറാത്ത കുട്ടികളെ വരെ കുറി തൊടുവിച്ചു. ചില മിടുക്കന്മാര്‍ പുലിയുടെ പല്ലുകളും നഖങ്ങളും പറിച്ചെടുത്തു. ഉച്ച കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തു. ചില ആന്തരികാവയവങ്ങള്‍ വിശദപരിശോധനക്ക് ടൌണിലെ ലാബിലേക്ക് കൊണ്ടുപോയി. ബാക്കി വന്ന മൃതദേഹം പോലീസ് ബഹുമതികളോടെ സംസ്ക്കരിച്ചു. പുലിയുടെ സ്മരണാര്‍ത്ഥം പുലി ഒളിച്ചിരുന്ന പുഴക്കരക്ക് പുലിക്കടവെന്നും പള്ളിമുക്കിനു പുലിമുക്കെന്നും പേര് വീണു.


നാലഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍ ഞങ്ങളുടെ നാടിനെയാകെ പിടിച്ചു കുലുക്കി. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുലിക്കു പേവിഷബാധയുണ്ടായിരുന്നതായി തെളിഞ്ഞത്രേ. തിലകം ചാര്‍ത്തിയവരും നഖം പറിച്ചവരുമൊക്കെ അസ്തപ്രജ്ഞരായി തളര്‍ന്നിരുന്നുപോയി. അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാതായി. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൂടെ കിടത്താതായി. പുലിയെ തൊട്ടവര്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ മറ്റു കുടുംബാങ്ങള്‍ ഉപയോഗിക്കാതെയായി. നാട്ടില്‍ ആര്‍ക്കും മിണ്ടാട്ടമില്ലാതായി. താമസിയാതെ ആരോഗ്യ വകുപ്പിന്റെ ഒരു ജീപ്പില്‍ മൈക്ക് വച്ച് നാടാകെ ഒരു വിളംബരം നടന്നു.


"പ്രിയപ്പെട്ട നാട്ടുകാരെ, ഈ വരുന്ന ഞായറാഴ്ച മുതല്‍ പത്തു ദിവസത്തേക്ക് വെണ്ണിയോട് അങ്ങാടിയില്‍ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടക്കുന്നതായിരിക്കും. എല്ലാ നാട്ടുകാരും ഈ സംരംഭത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു."


അനൌണ്‍സ് മെന്റ് കേട്ടപാതി കേള്‍ക്കാത്തപാതി ചാക്കോനമ്പൂതിരി കവലയിലേക്കോടി. ചായക്കടയിലിരുന്ന ചെല്ലപ്പനെ വിളിച്ചു.

"ചെല്ലപ്പാ ഒരു സ്വകാര്യം ചോദിക്കാനുണ്ട്."

" എന്താ തിരുമേനീ..."

തിരുമേനി ചെല്ലപ്പന്റെ ചെവിയില്‍ ചോദിച്ചു.

" പുലിയെ തൊട്ട ഒരു എഭ്യന്റെ ഭാര്യയെ നോം സ്പര്ശിക്യണ്ടായി.. നമ്മള്‍ക്കും കുത്തിവപ്പു വേണ്ടി വര്വോ....?

ചെല്ലപ്പന്റെ മനസ്സില്‍ പെട്ടെന്നൊരു 'വൈല്‍ഡ് തോട്ട്.... "ഈശ്വരാ... ആ ഏഭ്യന്‍ ഞാനോ മറ്റോ ആണോ....?..."


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment