Tuesday 18 October 2011

[www.keralites.net] കരുതലോടെ ജീവിച്ചാല്‍ കാന്‍സര്‍ തടയാം

 

കരുതലോടെ ജീവിച്ചാല്‍ കാന്‍സര്‍ തടയാം

കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ അര്‍ബുദം ബാധിച്ച്‌ തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ 65,000 -ല്‍ പരം രോഗികള്‍ ചികിത്സ തേടിയെത്തിയതായി വിവരാവകാശ രേഖകള്‍ വ്യക്‌തമാക്കിയിരിക്കുന്നു. 2005 ല്‍ 8762 രോഗികള്‍ ചികിത്സയ്‌ക്കായി എത്തിയപ്പോള്‍ 2010 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 11504 ആയി ഉയര്‍ന്നു. പുകയില, പാന്‍മസാല തുടങ്ങിയവയുടെ ഉപയോഗത്തെത്തുടര്‍ന്ന്‌ 4221 സ്‌ത്രീകളും രോഗബാധിതരായിട്ടുണ്ട്‌. 4074 പേര്‍ 20 വയസിനു താഴെ പ്രായമുള്ള കുട്ടികളും ചെറുപ്പക്കാരുമാണ്‌. നമ്മുടെ നാട്ടില്‍ കാന്‍സര്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണെന്നാണ്‌ ഈ രേഖകള്‍ സൂചിപ്പിക്കുന്നത്‌.

ജനങ്ങള്‍ ഏറ്റവും ഭീതിയോടെ നോക്കിക്കാണുന്ന രോഗമാണ്‌ കാന്‍സര്‍. ഈ രോഗം ജീവിതത്തിന്റെ അവസാനമാണെന്നാണ്‌ പലരും കരുതിയിരിക്കുന്നത്‌. എന്നാല്‍ ഇന്നു കണ്ടുപിടിക്കപ്പെട്ടിട്ടുള്ള മുന്നൂറോളം അര്‍ബുദരോഗങ്ങളില്‍ 160 ല്‍ ഏറെയും ശരിയായ ചികിത്സയിലൂടെ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാവുന്നതാണ്‌. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതാണ്‌ ചികിത്സയുടെ വിജയത്തിന്‌ നിദാനം.

കേരളത്തില്‍ ഒരുലക്ഷം പേരില്‍ നൂറുപേര്‍ക്ക്‌ എന്ന തോതില്‍ കാന്‍സര്‍ വ്യാപകമാണ്‌. ആധുനിക ജീവിത ശൈലി, ഭക്ഷണത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, പുകയിലയുടെയും മദ്യത്തിന്റെയും വര്‍ധിച്ചുവരുന്ന ഉപയോഗം, മാനസിക സംഘര്‍ഷങ്ങള്‍, ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായിരിക്കുന്ന വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ എല്ലാം തന്നെ അര്‍ബുദ നിരക്ക്‌ വര്‍ധിക്കുവാനിടയാക്കുന്നു. സ്‌ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌ സ്‌തനാര്‍ബുദമാണ്‌. എന്നാല്‍ ഇന്ത്യയില്‍ ഗര്‍ഭാശയഗള കാന്‍സറിനാണ്‌ പ്രഥമസ്‌ഥാനം. പുരുഷന്മാരിലും സ്‌ത്രീകളിലും ഒരുമിച്ചുകാണുന്ന കാന്‍സറില്‍ ഏറ്റവും കൂടുതലുള്ളത്‌ വായിലെ കാന്‍സറാണ്‌.

കാന്‍സറുകളില്‍ 50 ശതമാനത്തിനും കാരണമാകുന്നത്‌, പുകയിലയുടെ ഉപയോഗമാണ്‌. പുകവലിക്കുമ്പോള്‍ വലിക്കുന്നയാള്‍ക്കുമാത്രമല്ല. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും പരോക്ഷപുകവലിയുടെ പ്രശ്‌നങ്ങള്‍ക്ക്‌ വിധേയരാകുന്നു. കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ 30 ശതമാനത്തിനും ഇടയാക്കുന്നത്‌ പുകയില ഉപയോഗമാണ്‌. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യഉപയോഗവും കാന്‍സര്‍ വ്യാപനത്തിനുള്ള മറ്റൊരു കാരണമാണ്‌.

ജീവിതശൈലിയുടെ പുനഃക്രമീകരണത്തിലൂടെ കാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കാമെന്നതാണ്‌ ആശ്വാസകരമായ വസ്‌തുത. ആരോഗ്യകരമായ ഭക്ഷണരീതികളും കൃത്യമായ വ്യായാമവും ലഹരിയോടുള്ള വിരക്‌തിയുമൊക്കെ കാന്‍സറിനെ ഒഴിവാക്കാന്‍ സഹായിക്കും. അതോടൊപ്പംതന്നെ മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമൊക്കെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. ഇവയില്‍ ധാരാളമായടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ജീവകങ്ങളുമൊക്കെ കാന്‍സര്‍ പ്രതിരോധശേഷിയുള്ളവയാണ്‌. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ഒഴിവാക്കണം. കൊഴുപ്പുകൂടിയ ഭക്ഷണം കാന്‍സറിനു കാരണമായേക്കാം. പോത്ത്‌, ആട്‌, ബീഫ്‌ തുടങ്ങിയവയുടെ മാംസം പതിവായി കഴിക്കുന്നത്‌ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനും പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ്‌, വന്‍കുടല്‍ തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറിനും കാരണമാകുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഫാസ്‌റ്റ്ഫുഡ്‌ വിഭവങ്ങളും ജംഗ്‌ഫുഡും ധാരാളമായി കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങളാണ്‌. ഇവയുടെ ഉപയോഗവും നിയന്ത്രിക്കണം.

ക്രമമായ വ്യായാമം കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. സൈക്കിള്‍ ചവിട്ടുക, ജോഗിംഗ്‌, നീന്തല്‍ തുടങ്ങിയവയൊക്കെ നല്ല വ്യായാമമുറകളാണ്‌. വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കാനായി പുകവലി, മദ്യപാനം, പാന്‍മസാല, മൂക്കുപ്പൊടി, ലഹരിമരുന്നുകള്‍ തുടങ്ങിയവ ഒഴിവാക്കണം.

ജീവിതത്തില്‍ എപ്പോഴും ശുഭാപ്‌തിവിശ്വാസം കാത്തുസൂക്ഷിക്കുന്നവരില്‍ കാന്‍സര്‍ബാധയ്‌ക്കുള്ള സാധ്യത കുറവാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌. മാനസികപിരിമുറുക്കം കുറയ്‌ക്കാനായി ഇഷ്‌ടമുള്ള ഹോബികളില്‍ കുറച്ചുസമയം ഏര്‍പ്പെടണം. പ്രശ്‌നങ്ങള്‍ ഉള്ളിലൊതുക്കാതെ മറ്റുള്ളവരോട്‌ തുറന്നുപറഞ്ഞു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. പ്രസാദാത്മകമായ ജീവിതം നയിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം ഉണ്ടാകണം.

കാന്‍സര്‍രോഗബാധയ്‌ക്കുള്ള സാധ്യതയേറിയവര്‍, രോഗം നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിംഗ്‌ പരിശോധനകള്‍ക്കു വിധേയമാകുന്നതും നന്നായിരിക്കും. സ്‌ത്രീകളില്‍ സ്വയം സ്‌തനപരിശോധന, മാമോഗ്രഫി, പാപ്‌സ്മിയര്‍ ടെസ്‌റ്റ്, പുരുഷന്മാരില്‍ കഫപരിശോധന, പ്രോസ്‌റ്റേറ്റ്‌ കാന്‍സറിനുള്ള പി.എസ്‌.എ. ടെസ്‌റ്റ്, മലം പരിശോധന തുടങ്ങിയവയും അര്‍ബുദം ഉണ്ടോ എന്നറിയാനുള്ള പ്രാഥമിക പരിശോധനകളില്‍പ്പെടുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment