Monday 10 October 2011

[www.keralites.net] ഹൃദയം പാടിയ രാഗങ്ങള്‍...

 

ഹൃദയം പാടിയ രാഗങ്ങള്‍


ഗസല്‍ കാവ്യശാഖയെ തന്റെ സ്വരസ്പര്‍ശംകൊണ്ട് ജഗ്ജിത് സിങ് ഉദാത്തമാക്കി. പല പ്രമുഖ ഗായകരും ആധുനികതയുടെ താളമേളങ്ങള്‍ക്കും മറിമായങ്ങള്‍ക്കും വഴങ്ങിക്കൊടുത്തപ്പോഴും അദ്ദേഹം കുലുങ്ങിയില്ല. ഗസലും ഹിന്ദുസ്ഥാനി രാഗങ്ങളും ചേര്‍ന്നൊരുക്കിയ അകളങ്കിതമായ ശുദ്ധപാതകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. പലപ്പോഴും ആ യാത്ര ഒറ്റയ്ക്കായിരുന്നു. ഒരു തീര്‍ഥാടനംപോലെ പവിത്രമായ യാത്ര അപശ്രുതിയും അപസ്വരവും അവതാളവും നിറഞ്ഞ കാലത്ത് ജഗ്ജിത്തിനെപ്പോലുള്ളവര്‍ വലിയ ആശ്വാസവും സാന്ത്വനവുമായിരുന്നു.

ശുദ്ധ ക്ലാസിക്‌രാഗങ്ങള്‍ മുതല്‍ ലളിതസംഗീതത്തിന്റെ ജനപ്രിയരീതികള്‍ വരെ... ''നസ്‌റെ കറം ഫര്‍വാ...' മുതല്‍ ''യെ ദൗലത്ത് ഭീ ലേ ലൊ...'' വരെ എണ്ണിയാല്‍ തീരാത്ത ഗസല്‍ കാവ്യങ്ങള്‍. ഓരോന്നും ഒന്നിനൊന്ന് മെച്ചം. ഏത് അത്യുത്തമമെന്ന് പറയാനാവാത്തവിധം എല്ലാം അതുല്യം, അനര്‍ഘം. രചയിതാക്കളെല്ലാം പ്രശസ്തരായ കവിശ്രേഷ്ഠര്‍. ബശീര്‍ ബദ്ര്‍, നിദാ ഫാസ്‌ലി, അഹ്മദ് ഫറാസ്, ഹസ്‌റത്ത് മൊഹാനി, മിര്‍സാ ഗാലിബ്, അല്ലാമാ ഇഖ്ബാല്‍ വരെ. ഗാലിബ് എന്ന മഹാകവിയെ സ്വതന്ത്ര ഇന്ത്യയില്‍ തന്റെ സ്വരംകൊണ്ട് അദ്ദേഹം പുനരുജ്ജീവിപ്പിച്ചു.

ജഗ്ജിത്തിന്റെ സാധന വിസ്മയകരമായിരുന്നു. സ്വരശുദ്ധിയിലും വാക്കുകളുടെ ഉച്ചാരണത്തിലും അദ്ദേഹത്തെ കടത്തിവെട്ടാന്‍ ആരുമില്ല. ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. മനോഹരമായ ഉറുദു ഭാഷാപ്രപഞ്ചത്തിന്റെ മഹാനായ സന്താനമായിരുന്നു മഹിതാവായ ഈ ഭാരതീയന്‍. ഉറുദുവും ഹിന്ദിയും അദ്ദേഹത്തിന് ഒരുപോലെയായിരുന്നു; ഗാന്ധിജിക്കെന്ന പോലെ.

വലിയ ഗായകന്റെ ഭാവമില്ല. ഒട്ടും ആര്‍ഭാടമില്ല. കണ്ടാലൊരു സാധാരണക്കാരന്‍. വേഷമെല്ലാം തീര്‍ത്തും സാധാരണം. എന്നാല്‍, ആ ജന്മവും ജീവിതവും നമ്മുടെ ഏറ്റവും വിലപ്പെട്ട നിധികളായി. ജഗ്ജിത്‌സിങ്ങും ചിത്രാസിങ്ങും ചേര്‍ന്ന് മുഴക്കിയ യുഗ്മസ്വരം ഭാരതത്തിന്റെ ഹൃദയത്തില്‍ എന്നും മുഴങ്ങുകതന്നെ ചെയ്യും.

വിസ്മയകരമായിരുന്നു ജഗ്ജിത്തിന്റെ ജീവിതവും അതില്‍നിന്ന് പ്രവഹിച്ച സ്‌നേഹാമൃതവും. കല മനുഷ്യനും അവന്റെ ഹൃദയത്തിനും തൊട്ടടുത്താണ്. അല്ല, രണ്ടിന്റെയും അകത്തുതന്നെയാണെന്ന് ആ വിശ്വപ്രതിഭ തെളിയിച്ചു. ഒരിക്കല്‍ അദ്ദേഹം അതിവിപുലമായൊരു ഗസല്‍മേളയില്‍ പാടുകയായിരുന്നു. വൈകിയെത്തിയ സാധാരണ ശ്രോതാവായ ഒരു സര്‍ദാര്‍ജിയെ കണ്ടപ്പോള്‍ പാട്ട് നിര്‍ത്തിയിട്ട് പറഞ്ഞു: ''സര്‍ദാര്‍ജീ, വേഗം വന്നിരുന്നാലും. താങ്കളെത്താത്തതിനാല്‍ എനിക്ക് മൂഡില്ലായിരുന്നു.'' അപരിചിതനായ ആ ശ്രോതാവിന് വേണ്ടി, രാഗവിസ്താരമധ്യേ മുഴങ്ങിയ ഈ സ്‌നേഹസ്വരം ജനബാഹുല്യം നിറഞ്ഞ സദസ്സിലാകെ ആവേശത്തിമിര്‍പ്പിലാര്‍ന്ന നിലയ്ക്കാത്ത കൈയടി സൃഷ്ടിച്ചു.

നമ്മുടെ പരമ്പരാഗതമായ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അനവദ്യസുന്ദരമായ പ്രതീകമായിരുന്നു പ്രിയപ്പെട്ട ജഗ്ജിത്. ഗസലിനോടൊപ്പം ഹിന്ദു, മുസ്‌ലിം കീര്‍ത്തനങ്ങളും ഇടയ്ക്ക് അദ്ദേഹം പാടി. അദ്ദേഹത്തിന്റെ ഗസലുകളിലെല്ലാം 'ഗംഗാ യമുനാ സമ്മിശ്ര സംസ്‌കാരം' എന്ന് ഉത്തരേന്ത്യയില്‍ വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ദേശീയോദ്ഗ്രഥന സംസ്‌കൃതിയുടെ മഹിതനന്മകള്‍ ഹൃദയഹാരിയായ സ്വരപ്രവാഹങ്ങളായി പ്രതിധ്വനിച്ചു.

ഗസലിനുവേണ്ടി ജനിക്കുകയും ജീവിക്കുകയും ചെയ്ത ജഗ്ജിത് സിങ് 'ഗസല്‍ജീത് സിങ്' എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു. ശരിയാണ്, അദ്ദേഹം ഗസലിനെ ജയിച്ചു, തന്റെ സ്വരം കൊണ്ടും ഹൃദയം കൊണ്ടും. ഹൃദയം പാടുന്നുവെന്നു പറയാറുണ്ട്. ജഗ്ജിതിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment