Monday 10 October 2011

[www.keralites.net] ഒരു വെടിയും കുഞ്ഞുമക്കളും

 

ഇത് നിങ്ങളുദ്ദേശിക്കുന്ന വെടിയല്ല (അത് ഉദ്ദേശിക്കുന്നവരെയാണ് ഉദ്ദേശിച്ചത്).കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള വിവാദങ്ങളുടെ ആകാശത്തേക്ക് ഇന്നുച്ചയ്‍ക്ക് ഉതിര്‍ത്ത നാലു റൗണ്ട് വെടിയെപ്പറ്റിയാണ്. പിള്ള വെടിവച്ചത് ആകാശത്തേക്കാണെന്നും അങ്ങേര് അത് പൊട്ടിച്ചതുകൊണ്ടാണ് സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന കുഞ്ഞുമക്കള്‍ പിരിഞ്ഞുപോയതെന്നും പറഞ്ഞ് സ്‍പെഷല്‍ ബ്രാഞ്ചും തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് പിള്ളയുടെ അടുത്ത വെടി വന്നിരിക്കുന്നത്.
താന്‍ വെടിവച്ചത് ആകാശത്തേക്കൊന്നുമല്ല സമരക്കാരുടെ നെഞ്ചത്തേക്കു തന്നെയാണെന്നാണ് വൈകുന്നേരം പിള്ള പറഞ്ഞിരിക്കുന്നത്.സര്‍ക്കാര്‍ ഉണ്ട തന്നിരിക്കുന്നത് ഊ..നല്ല എന്നാണ് പുള്ളിയുടെ വാദം. പിള്ളയെ വെള്ളപൂശിയെടുക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പള്ളയ്‍ക്കാണ് ഈ വെടി കൊള്ളാന്‍ പോകുന്നത് (രാവിലെ പിള്ള മൊഴിമാറ്റാതിരിക്കട്ടെ). പിള്ള കുട്ടികളുടെ നേരെയാണ് വെടിവച്ചത് എന്ന് രാവിലെ മുതല്‍ എക്സ്ക്ലൂസിവായി ആരോപിച്ചുകൊണ്ടിരുന്ന പിണറായി ഇനി എന്തു പറയുമെന്നാണ്.
പിള്ള വെടിവച്ചത് എങ്ങോട്ടായാലും ശരി വെടികൊണ്ട് ഒരീച്ച പോലും നിലത്തു വീണിട്ടില്ല. താഴെനിന്ന് ആരും തെറിച്ച് ആകാശത്തേക്കു പോയതായും റിപ്പോര്‍ട്ടില്ല. കൊട്ടാരക്കരയിലൊരുപിള്ള ഫോണ്‍ വിളിച്ചോ കട്ട് ചെയ്തോ എന്ന വിഷയത്തില്‍ സൂക്ഷ്മനിരീക്ഷണം നടക്കുന്നതിനിടയിലാണ് അടുത്ത പിള്ള രംഗപ്രവേശം ചെയ്തിരിക്കുന്നത്.ഇനിയിപ്പോ മറ്റേ പിള്ളയെ രക്ഷിക്കാന്‍ വേണ്ടി പിള്ള ആന്‍ഡ് പിള്ള കമ്പനി ആസൂത്രിതമായി നടത്തിയതാണോ ഈ വെടിവയ്‍പ് എന്നും അറിയില്ല.
സമാധാനപരമായി സമരം ചെയ്ത എസ്എഫ്ഐയിലെ നിരായുധരായ കുരുന്നുകളുടെ കൃപാവരത്താല്‍ 35 പോലീസുകാര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ് എന്നും ഒരു ബസും ഒരു പോലീസ് ജീപ്പും ഏതാനും പത്രഫോട്ടോഗ്രാഫര്‍മാരുടെ തലയും (അവന്മാര്‍ക്ക് തന്നെ വേണം എന്ന കോറസ് പ്രതീക്ഷിക്കുന്നു) തകര്‍ന്നു എന്നുമുള്ള വിവരം അതിനിടയിലൂടെ തിരുകിക്കോട്ടെ.ഇതൊക്കെ എസ്എഫ്ഐക്കാരും അവരോടൊപ്പം വന്ന ഘടാഘടിയന്മാരായ കുരുന്നുകളും ചെയ്തതാവണം എന്നില്ല. കുരുട്ടുബുദ്ധിക്കാരായ പൊലീസുകാര്‍ സ്വയം കല്ലെടുത്ത് തലയിലിടിച്ചും ആണി തറച്ച പട്ടിക കാലിലടിച്ചു കയറ്റിയും കൈ ഭിത്തിയിലിടിച്ച് രണ്ടായൊടിച്ചുമൊക്കെ എസ്എഫ്ഐയെ കരിവാരി തേക്കാന്‍ ചെയ്തതുമാവാം (എസ്എഫ്ഐ അതിനെതിരേ മാനനഷ്ടക്കേസ് കൊടുക്കേണ്ടതാണ്).
ബൈ ദ ബൈ നമ്മുടെ വിഷയം പിള്ളയുടെ വെടിയാണ്. പിള്ള വെടി വച്ചത് തെറ്റോ ശരിയോ എന്നു വിധിക്കാന്‍ എനിക്കു കേരളാ പൊലീസ് ചട്ടം അറിയില്ല.എന്റെ വ്യക്തിപരമായ അഭിപ്രായം ഇവിടെ പ്രസക്തവുമല്ല. കുട്ടികളെ വെടിവയ്‍ക്കാനും വെടിയേല്‍ക്കുന്നവന്‍ വിധിയനുസരിച്ച് പരുക്കേല്‍ക്കാനോ മരിക്കാനോ ആണ് വെടിയുതിര്‍ക്കുന്ന സമയത്ത് പിള്ള ഉദ്ദേശിച്ചിരുന്നതെങ്കില്‍ അത് ഗുരുതരമായ അപരാധമാണ്. നാളെയുടെ വാഗാദാനങ്ങളായ കുരുന്നുകള്‍ക്കു നേരെയാണ് പിള്ള തോക്കെടുത്തതെന്ന് ഓര്‍ക്കണം.
അവര്‍ സമരം ചെയ്തത് ചെറിയ കാര്യത്തിനു വേണ്ടിയൊന്നുമല്ല, സാമൂഹികനീതി നടപ്പാക്കാനാണ്. പിള്ള തോക്കെടുത്തില്ലായിരുന്നെങ്കില്‍ ഇന്നതു നടന്നുപോയെനെ. നാളെ രാവിലെ നിര്‍മല്‍ മാധവിനെ സാമൂഹികനീതിപാലകന്‍ ക്യാപസിലിട്ട് തല്ലിക്കൊന്നു എന്ന വാര്‍ത്ത വായിച്ച് സാമൂഹിനീതി നടപ്പായതോര്‍ത്ത് നമുക്കെല്ലാം പുളകം കൊള്ളുകയും ലാല്‍സലാം എന്നു ട്വീറ്റ് ചെയ്ത ശേഷം എസിയുടെ തണുപ്പു കുറച്ച് തിരിഞ്ഞു കിടന്നുറങ്ങുകയും ചെയ്യാമായിരുന്നു. പിള്ള അത് മിസ്സാക്കി. ഇനി സാമൂഹിതനീതി നടപ്പാവണമെങ്കില്‍ പിള്ളയെ വെട്ടിനിരത്തണം. എന്നിട്ട് നിര്‍മല് മാധവന്‍.
നിര്‍മല്‍ മാധവ് എന്ന സാമൂഹികദ്രോഹി കേരളത്തിലെ വിവിധ ക്യാംപസുകളില്‍ കയറിയിറങ്ങി വിദ്യാര്‍ഥികളെ കൊന്നൊടുക്കിയ ശേഷം എകെജി ഓഫിസില്‍ ബോംബും വച്ചിട്ട് കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളെ മുഴുവന്‍ ബന്ദികളാക്കിയ ശേഷം അതിനുള്ളില്‍ ഒളിച്ചിരിക്കുന്നു എന്നതാണ് പ്രശ്നം എന്ന മട്ടിലാണ് പലരും പ്രതികരിക്കുന്നത്. നിര്‍മല്‍ മാധവ് പ്രശ്നം എന്നലറിവിളിക്കുന്നവര്‍ക്കു പോലും എന്താണ് പ്രശ്നം എന്നറിയില്ല എന്നതാണ് യഥാര്‍ഥപ്രശ്നം.
സംഗതി സിംപിളാണ്. ആലപ്പുഴക്കാരന്‍ നിര്‍മല്‍ മാധവിന് എന്‍ജിനീയറിങ്ങിന് അഡ്‍മിഷന്‍ കിട്ടിയത് കോഴിക്കോട്ടെ ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളജിലാണ്. ആലപ്പുഴയിലെ ഏതെങ്കിലും കോളജിലേക്കു കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാഗ്രഹിച്ച നിര്‍മലിനെ ആലപ്പുഴയിലെ ഒരു കോളജില്‍ എടുക്കാന്‍ തയ്യാറായെങ്കിലും പല പല പ്രശ്നങ്ങളാല്‍ പഠനം അവതാളത്തിലാവുകയും ഒടുവില്‍ സര്‍ക്കാരിടപെട്ട് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ മൂന്നാം സെമസ്റ്ററില്‍ ഒഴിഞ്ഞു കിടക്കുന്ന മറ്റാര്‍ക്കും പ്രയോജനപ്പെടില്ലാത്ത രണ്ടു സീറ്റുകളിലൊന്നില്‍ ഈ ചെറുപ്പക്കാരനെ പിഠിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.അന്നു തുടങ്ങിയതാണ് എസ്എഫ്ഐ കുരുന്നുകളുടെ സമരം. മൂന്നു മാസമായി ആ കോളജ് പൂട്ടിക്കിടക്കുന്നു.നിര്‍മല്‍ മാധവ് മാത്രമല്ല, ഒരുത്തനും പഠിക്കേണ്ട അവിടെ.
അല്ല, സ്വാശ്രയ അഡ്‍മിഷന്‍ നേടിയവനെ ഗവ.കോളജില്‍ പഠിപ്പിക്കുന്നത് പോക്രിത്തരമല്ലേ എന്നു ചോദിച്ചാല്‍ ശുദ്ധ പോക്രിത്തരമാണെന്നേ പറയാന്‍ പറ്റൂ. യോഗ്യത വച്ചു നോക്കിയാല്‍ ഏതെങ്കിലും ഗവ. എന്‍ജിനീയറിങ് കോളജിന്റെ 100 മീറ്റര്‍ പരിസരത്തു പോലും അടുപ്പിക്കാവുന്ന മെറിറ്റ് ആ ചെക്കനില്ല. സര്‍ക്കാരിന്റെ തീരുമാനത്തില്‍ സാങ്കേതികപിഴവുണ്ട് എന്ന് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. എസ്എഫ്ഐ കൊടുത്ത കേസ് കോടതിയുടെ പരിഗണനയിലുമാണ്. കോടതി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കേസില്‍ താലിബാന്‍കാരെ ലജ്ജിപ്പിക്കുന്ന രീതിയില്‍ സ്വന്തം നിലയ്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ ശ്രമിക്കുന്ന എസ്എഫ്ഐ കുരുന്നുകള്‍ ഉദ്ദേശിക്കുന്ന സാമൂഹികനീതിയില്‍ മനുഷ്യത്വം ഉണ്ടോ ഇല്ലയോ എന്നറിയണമെങ്കില്‍ നിര്‍മല്‍ മാധവിന്റെ പശ്ചാത്തലം കൂടി അറിയണം( അവന്റെ പശ്ചാത്തലമൊന്നും ഞങ്ങള്‍ക്കറിയേണ്ട,അവന്റെ പഠിപ്പ് സാങ്കേതികമായി തെറ്റാണ്,അതുകൊണ്ട് അവനെ പുറത്താക്കണം എന്നു വാദിക്കുന്നവര്‍്ക്ക് വായന ഇവിടെ അവസാനിപ്പിക്കാം).
ആലപ്പുഴക്കാരനായ നിര്‍മല്‍ മാധവ് കോഴിക്കോട്ടെ സ്വാശ്രയ കോളജിലാണ് അഡ്‍മിഷന്‍ ലഭിച്ചത് എന്നു പറഞ്ഞു. ആലപ്പുഴയ്‍ക്ക് ട്രാന്‍സ്‍ഫര്‍ വാങ്ങിത്തരാം എന്നു പറഞ്ഞ് ചില എസ്എഫ്ഐ നേതാക്കള്‍ പയ്യന്റെ കയ്യില്‍ നിന്ന് പണമായും കാഴ്ചകളായും പലതും വാങ്ങി എന്നും സംഗതി നടക്കുന്ന മട്ടില്ലാതായപ്പോള്‍ പയ്യന്‍ പണം തിരികെ ചോദിച്ചു എന്നും പറയുന്നു. അവിടെ തുടങ്ങി സാമൂഹിതനീതിയുടെ തിരയിളക്കം. അതിനു പുറമേ എസ്എഫ്ഐ നടത്തിയ പഠിപ്പുമുടക്കില്‍ പയ്യന്‍ ക്ലാസില്‍ കയറുകയും ചെയ്തു. അന്നു മുതല്‍ കോളജില്‍ ചെക്കനു ക്രൂരപീഡനമായിരുന്നത്രേ. കാന്റീനില്‍ വച്ച് ചൂടുചായ മുഖത്തൊഴിക്കുക,ഓടുന്ന ബസിലിട്ട് സംഘം ചേര്‍ന്നു മര്‍ദ്ദിക്കുക,റോഡിലൂടെ ഓടിച്ച് ഇടിച്ച് ചോര ഛര്‍ദ്ദിപ്പിക്കുക, അങ്ങനെ നിര്‍മല്‍ മാധവിനെ എവിടെ കണ്ടാലും കുരുന്നു സഖാക്കള്‍ ഇടിക്കും എന്ന അവസ്ഥയായി.
ഇന്റേണല്‍ പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും എഴുതാന്‍ വന്ന നിര്‍മലിനെ എസ്എഫ്ഐ കുരുന്നുകള്‍ അടിച്ചും കല്ലെറിഞ്ഞുമൊക്കെ ഓടിച്ചതോടെ ജീവിക്കാന്‍ പറ്റാതായ നിര്‍മല്‍ 2010 ഒക്ടോബറില്‍, താന്‍ മരിക്കാന്‍ കാരണക്കാരായവരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തു. പക്ഷെ,മരിച്ചില്ല… സിനിമയില്‍ കാണുന്നതുപോലെ സഹപാഠികള്‍ തക്കസമയത്തു കണ്ടതുകൊണ്ട് അവന്‍ ജീവിച്ചു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു ഒരുപാട് നാളുകള്‍ക്കു ശേഷം ചിലരെ അറസ്റ്റ് ചെയ്തു.
ജീവന്‍ തിരിച്ചുകിട്ടിയല്ലോ മതി എന്നാശ്വസിച്ച് വീട്ടുകാരെത്തി. നിര്‍മല്‍ പഠനം അവസാനിപ്പിച്ച് നാട്ടിലേക്കു പോയി. കഥയെല്ലാം അറിഞ്ഞ ആലപ്പുഴയിലെ ഒരു സ്വാശ്രയ കോളജ് അഡ്‍മിഷന്‍ കൊടുക്കാമെന്നു പറഞ്ഞു. അപ്പോള്‍ സര്‍വകലാശാലയില്‍ നിന്ന് അതിനുള്ള രേഖകള്‍ കിട്ടാന്‍ താമസം. പോരെങ്കില്‍,ക്ലാസില്‍ കയറാന്‍ പറ്റാത്തതിനാലും പരീക്ഷ എഴുതാത്തതിനാലും (മിക്കവാറും ആശുപത്രിയിലായിരുന്നു)സര്‍ട്ടിഫിക്കറ്റുകളൊന്നും ശരിയായില്ല.
തുടര്‍ന്ന് നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കി. ഇക്കാര്യത്തില്‍ മാനുഷിക പരിഗണന ഉണ്ടാകണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി വിഎസ് ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. ആ അപേക്ഷയില്‍ പിന്നീടു വന്ന കൊടുംക്രൂരനായ ഉമ്മന്‍ ചാണ്ടി തീരുമാനമെടുക്കുകയും മേല്‍പ്പറഞ്ഞ മാനുഷികപരിഗണനയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ.എന്‍ജിനീയറിങ് കോളജിലെ മൂന്നാം സമസ്റ്ററിലെ ആര്‍ക്കും പ്രയോജനപ്പെടില്ലാത്ത ഒഴിഞ്ഞ സീറ്റിലേക്ക് നിര്‍മല്‍ മാധവിനെ മാറ്റുകയും ചെയ്തു.
ഭരണം മാറിയതോടെ മാനുഷികപരിഗണന സാമൂഹിനീതിക്കു വഴിമാറി.ചെക്കന്‍ തല്‍ക്കാലം അവിടെ പഠിക്കട്ടെ എന്നു കോടതിയും പറഞ്ഞു.പക്ഷെ,സാമൂഹികനീതിയില്‍ ഉറച്ചു വിശ്വസിക്കുന്ന എസ്എഫ്ഐ കുരുന്നുകളുടെ നീതിബോധം കൊണ്ട് കോളജ് മൂന്നു മാസമായി അടഞ്ഞു കിടപ്പാണ്.ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ കോളജ് തുറക്കുകയും പൊലീസ് അകമ്പടിയോടെ നിര്‍മല്‍ മാധവ് ക്യാംപസില്‍ കയറുകയും ചെയ്തതിന്റെ ബാക്കിയാണ് അടിയും വെടിയും അനുബന്ധസംഭവങ്ങളും.
ഗവ.കോളജില്‍ പഠിക്കാന്‍ യോഗ്യതയില്ലാത്ത നിര്‍മലിനെ അങ്ങോട്ടയച്ചത് ശരിയായില്ല എന്ന കാര്യത്തില്‍ സംശയമില്ല (വിവിധ സ്വാശ്രയ കോളജുകളില്‍ അടിപിടി കുത്തു കേസുകളില്‍ പ്രതിയായിട്ടുള്ള എസ്എഫ്ഐ നേതാക്കന്മാരെ മാനുഷികപരിഗണനയുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ഗവ.കോളജുകളിലേക്ക് മാറ്റിയതിനെപ്പറ്റി എസ്എഫ്ഐ നേതാക്കള്‍ പറയുന്നത് ഇത് അതൊന്നും ചര്‍ച്ച ചെയ്യാനുള്ള സമയമല്ല എന്നാണ്).മൂന്നു മാസത്തോളം ആ കോളജ് അടഞ്ഞു കിടക്കുന്ന സാഹചര്യത്തെ അധികൃതര്‍ ഇത്ര ലാഘവത്തോടെ കണ്ടത് തീര്‍ച്ചയായും നാണംകെട്ട സംഭവമാണ്.നിര്‍മല്‍ മാധവിന്റെ പശ്ചാത്തലം മുഴുവന്‍ പച്ചക്കള്ളവും ചെക്കന്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ആളാണെന്നുമിരിക്കട്ടെ.കോടതി ഈ കേസില്‍ ഒരു വിധി പറയുന്നതുവരെ ചെക്കന്‍ കോളജില്‍ വന്നു പോകട്ടെ എന്നു വയ്‍ക്കാതെ അവനെ പീഡിപ്പിക്കുന്നതിലൂടെ എന്തു സാമൂഹികനീതിയാണ് നടപ്പാവുന്നത് ?
മനോരമ സംസ്‍കാരം, കോണ്‍ഗ്രസ് കുഴലൂത്ത് തുടങ്ങിയ സ്ഥിരം ഡയലോഗുകളുമായി എന്നെ തെറിവിളിക്കാനിരിക്കുന്നവരോട് രണ്ടേ രണ്ടു വാക്ക്.കോടതി വിധി നിര്‍മല്‍ മാധവിനെ അനുകൂലിക്കാന്‍ സാധ്യതയില്ല എന്നിരിക്കെ,ആ ചെക്കന്റെ പേരില്‍ ഇങ്ങനെ അക്രമം കാണിക്കുന്നതിനെ,ഒരു കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പഠിപ്പ് മുടക്കുന്നതിനെ നിങ്ങള്‍ക്ക് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും ? കൊടുംഭീകരനായ കസബിനെപ്പോലും കോടതി തല്‍ക്കാലം കൊല്ലേണ്ടെന്നു പറഞ്ഞ് അവനെ തീറ്റികൊടുത്ത് വളര്‍ത്തുകയാണ്.അവിടെങ്ങും ആരും ഒരു സാമൂഹിനീതിയും നടപ്പാക്കണമെന്നു പറഞ്ഞു പോകുന്നില്ല.ഈ ചെക്കനോട് മാനുഷികപരിഗണന കാണിക്കേണ്ട,അവന്റെ പശ്ചാത്തലവും പരിഗണിക്കേണ്ട.കോടതി വിധി വരും വരെയെങ്കിലും അവനെ കൊല്ലാക്കൊല ചെയ്യാതിരുന്നു കൂടെ ?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment