Wednesday 26 October 2011

Re: [www.keralites.net] മാലാഖകൂട്ടങ്ങളുടെ തീരാസങ്കടങ്ങള്‍ !!

 

ഇത്രയും കേട്ടപ്പോള്‍ ഇതും പറയണമെന്ന് തോന്നി,

നമ്മുടെ കേരളത്തിലെയും അവസ്ഥയും ഒട്ടും മെച്ചമല്ല ഏതാണ്ട് എല്ലാ ഹോസ്പിടലുകളും ശരാശരി 12 മണിക്കൂര്‍ നുര്സേമാരെകൊണ്ട് ജോലി ചെയ്യികുന്നുണ്ട്. കല്ലൂരിനു അടുത്തുള്ള ഒരു പ്രമുഖ ഹോസ്പിറ്റലില്‍ രണ്ടു ശിഫ്റ്റെ ഉള്ളൂ. ഡെയിലി 12 മണിക്കൂര്‍ കൂടാതെ ഒരു വര്‍ഷമെങ്ങിലും ജോലി ചെയ്യാതെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ല, എല്ലാവരും കംപ്ലീടു മെഡിക്കല്‍ ചെച്കുപ് സ്വന്തം ചിലവില്‍ ആ സ്ഥാപനത്തില്‍ ചെയ്യണം, ഒരു മാസത്തെ ശമ്പളം ഹോള്‍ഡ്‌ ചെയ്യും എന്നെല്ലാമുള്ള കിരാത വ്യവസ്ഥ കളാണ് മുന്നോട്ട് വയ്കുന്നത്. ഇനിയെങ്കിലും മലയാളി നഴ്സിംഗ് എന്ന പ്രോഫെഷനോടുള്ള അമിത പ്രതിപത്തി ഉപേക്ഷിക്കെണ്ടിയിരിക്കുന്നു. ഇപ്പോളത്തെ അവസ്ഥയില്‍ രണ്ടു വര്ഷം ജോലി ചെയ്താല്‍ മനസ്സ് മടുത്തു വെറും യാന്ത്രികമായി താല്‍പര്യമില്ലാതെ ചെയ്യുന്ന ഒരു വ്യായാമമായി മാത്രം ഈ പ്രോഫെഷനല്സ് മാരും എന്നതില്‍ തര്‍ക്കമില്ല.
നമ്മുടെ ആരോഗ്യ രംഗം ആതുര ശുശ്രൂഷയില്‍ നിന്ന്  ന്യായീകരിക്കാവുന്ന വേതനമോ മറ്റു ആനുകൂല്യങ്ങളോ നല്‍കാതെ നടത്തുന്ന ഒരു കഴുത്തറപ്പന്‍ വ്യവസായമായി അധപതിചിരിക്കുന്നു.
ജാതി വേര്‍തിരിവുകളില്ലാതെ എല്ലാവരും പൂര്‍ണമായും വ്യവസായവല്‍കരിചിരിക്കുന്ന ഒരു വെറും വ്യവസായമായി ആരോഗ്യ രംഗത്തെ മാറ്റിയതില്‍ ക്രിസ്ത്യന്‍ ഹോസ്പിറ്റലുകള്‍ നല്‍കിയ സംഭാവനകള്‍ ചില്ലറയല്ല.

സമയക്കുറവു മൂലം നിര്ത്തുന്നു.

അനീഷ്‌ 

2011/10/26 harshad njk00966507816907 <hharshadnjk@gmail.com>
 

മാലാഖക്കൂട്ടങ്ങളുടെ തീരാസങ്കടങ്ങള്‍

 

കുറച്ചുനാള്‍ മുമ്പ് ടെലിവിഷന്‍ വെച്ചാല്‍ ഉടന്‍ കാണുന്നത് ചില നഴ്സുമാര്‍ പ്ലാക്കാര്‍ഡും പിടിച്ച് കുത്തിയിരിക്കുന്നതായിരുന്നു. നാഴികക്ക് നാല്‍പത് വട്ടം സമരം നടക്കുന്ന നാടായതിനാല്‍ കേരളത്തിലെ പലര്‍ക്കും അതൊരു കാഴ്ചയേയായില്ല. സത്യത്തില്‍ ശിപായി ലഹളയ്ക്കും ക്വിറ്റ് ഇന്ത്യാ സമരത്തിനുമൊക്കെ ഒപ്പം വക്കേണ്ടതായിരുന്നു ഇത്. കാരണം പ്രതികരണശേഷി ഇല്ലെന്ന് എല്ലാവരും കരുതിയിരുന്ന നഴ്സുമാര്‍ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിച്ച് ദല്‍ഹിയില്‍ നടത്തിയ സമരമായിരുന്നു അത്. സിരകളില്‍ തിളക്കുന്ന വിപ്ലവമോ ചെഗുവേരയുടെ ഓര്‍മകളോ ഒന്നുമല്ല അവരെ തെരുവിലിറക്കിയത്. മറിച്ച് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ആശുപത്രികളില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകളാണ്.

സാധാരണ തൊഴിലാളികള്‍ സമരം ചെയ്യുന്നതുപോലെയല്ല നഴ്സുമാരുടെ സമരം. വ്യവസ്ഥാപിതമായ സംഘടനയോ രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണമോ ഇവര്‍ക്കില്ല. സമരം ചെയ്താല്‍ ജോലി പോകുമെന്നു മാത്രമല്ല പ്രതികാര ബുദ്ധിയോടെ മാനേജ്മെന്റ് പരത്തുന്ന അപവാദങ്ങളില്‍ പെട്ട് മാനം പോവുകയും ചെയ്യും.

മൂന്നും നാലും ലക്ഷം രൂപ മുടക്കി നഴ്സിംഗ് കോഴ്സ് പാസാകുന്നവരെ വന്‍തുക നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ദല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി ഏജന്റുമാര്‍ വലവീശിപിടിക്കുന്നത്. 8000 മുതല്‍ 10000 രൂപവരെ വാഗ്ദാനത്തില്‍ കാണും. പക്ഷേ കൈയില്‍ കിട്ടുന്നത് 5000 ആയിരിക്കും. ബാക്കി ഹോസ്റല്‍ ഫീസ്, പിഎഫ്, വെല്‍ഫെയര്‍ ഫണ്ട് എന്നൊക്കെ പറഞ്ഞ് മാനേജ്മെന്റ് വിഴുങ്ങും. ശമ്പളം നല്‍കുന്നതിന് ഒരു വ്യവസ്ഥയുമില്ലാത്തതുകൊണ്ട് അവര്‍ക്ക് ആരെയും പേടിക്കേണ്ട. ആറ് മണിക്കൂറാണ് നേഴ്സുമാരുടെ അംഗീകൃത ജോലിസമയമെങ്കിലും പന്ത്രണ്ടും പതിനാലും മണിക്കൂര്‍ കഴിഞ്ഞേ വിശ്രമിക്കാന്‍ പറ്റൂ. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവച്ചിരിക്കുന്നതിനാല്‍ കുറഞ്ഞ ശമ്പളത്തില്‍ വര്‍ഷങ്ങളോളം ജോലിചെയ്യേണ്ടിവരും. ഇതിനിടയില്‍ ശമ്പള വര്‍ധനയുമുണ്ടാകില്ല. എതിര്‍ത്താല്‍ ഗുണ്ടകളായിരിക്കും മറുപടി പറയുക. പി.എഫ് വിഹിതം മാനേജ്മെന്റ് അടക്കുന്നുണ്ടോയെന്ന് ദൈവത്തിനു മാത്രമെ അറിയൂ. പക്ഷേ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ജോലി നോക്കുന്നവര്‍ക്ക് അല്‍പംകൂടി കൂടുതല്‍ പരിഗണന കിട്ടും. കാരണം ഇവിടെ പ്രവേശിപ്പിക്കപ്പെടുന്ന രോഗി മരിച്ച് ഏതാനും ദിവസം കഴിഞ്ഞുമാത്രമെ ബന്ധുക്കളെ വിവരമറിയിക്കാറുള്ളൂ. ഈ ദിവസങ്ങളില്‍ കൂടി രോഗിയെ ശുശ്രൂഷിച്ചതിന്റെ ചാര്‍ജ് ഈടാക്കാനാണിത്. ഇതിന് കൂട്ടുനില്‍ക്കുന്ന നഴ്സുമാരെ പിണക്കാതിരിക്കേണ്ടത് ആശുപത്രിയുടെ ആവശ്യമാണല്ലോ.

മുറിവാടകയും മറ്റ് അത്യാവശ്യ ചിലവുകളും ലോണ്‍ തിരിച്ചടവും കഴിഞ്ഞാല്‍ പിന്നൊന്നും മിച്ചമില്ലാതായതോടെ ദല്‍ഹിയിലെ മിടുക്കികള്‍ ഒരു വഴി കണ്ടെത്തി. താമസസ്ഥലത്തിന് അടുത്തുള്ള വീടുകളിലെ അവശരായികിടക്കുന്ന രോഗികളെ പരിചരിക്കുക. രണ്ട് മണിക്കൂര്‍ ജോലിക്ക് 200 രൂപ വരെ നല്‍കാന്‍ വീട്ടുകാരും തയാര്‍. പക്ഷേ ഇതിന്റെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ ആശുപത്രികള്‍ ഇത്തരം വീടുകളുമായി നേരിട്ട് കരാറുണ്ടാക്കി. ഇപ്പോള്‍ ചില ആശുപത്രികളില്‍ നിന്നും ജോലിയുടെ ഭാഗമായി നഴ്സുമാര്‍ ഇത്തരം വീടുകളില്‍ കൂടി പോകേണ്ട ഗതികേടിലായി.

ആശുപത്രിയിലെ വിവിധ പീഡനങ്ങള്‍ക്ക് പുറമെ നാട്ടുകാരുടെ ചൂഷണം കൂടി കരുതിയിരിക്കേണ്ട സ്ഥിതിയിലായി പാവം 'സിസ്റ്റര്‍മാര്‍.' ഇങ്ങനെ വര്‍ഷങ്ങളോളം അനുഭവിച്ച നരകയാതനകള്‍ക്കൊടുവിലാണ് പല ആശുപത്രികളിലും പ്രതിഷേധമുയര്‍ന്നത്. മഹാരാജാ ആഗ്രസെന്‍, മെട്രോ, ബത്ര തുടങ്ങിയ ആശുപത്രി എന്നിവിടങ്ങളില്‍ സമരം വിജയം കണ്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും നേതാക്കള്‍ക്കെതിരെ ആരംഭിച്ച പ്രതികാര നടപടി ഇനിയും തീര്‍ന്നിട്ടില്ല. ബത്രയിലെ സമരം തീര്‍ക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനും കേരളത്തിലെ എംപിമാര്‍ക്കും ഇടപെടേണ്ടിവന്നു.

നഴ്സുമാര്‍ ഉന്നയിച്ച ആവശ്യം കേട്ടാല്‍ കണ്ണു നിറഞ്ഞുപോകും. മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, ചികില്‍സാ സൌകര്യം ലഭ്യമാക്കുക, വര്‍ഷത്തില്‍ കുറഞ്ഞത് ഒരു മാസം അവധി അനുവദിക്കുക ^ആവശ്യങ്ങള്‍ കഴിഞ്ഞു. നിലവില്‍ വര്‍ഷം 15 ദിവസത്തെ അവധി മാത്രമാണ് നല്‍കിയിരുന്നത്. മെഡിക്കല്‍ ലീവ് എന്നത് ആശുപത്രി അധികൃതര്‍ കേട്ടിട്ടുകൂടിയില്ല്ല. എത്ര ഗുരുതരാവസ്ഥയിലെത്തിയാലും നഴ്സുമാര്‍ക്ക് സ്വന്തം ആശുപത്രിയില്‍ ചികില്‍സ നിഷേധിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം.

ഇന്ത്യന്‍ സ്പൈനല്‍ ഇന്‍ജുറീസ് സെന്ററിലെ നഴ്സും തിരുവല്ല സ്വദേശിനിയുമായ ജീമോളുടെ മരണമാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ ജീമോളെ നാട്ടിലേക്ക് അയയ്ക്കാനായിരുന്നു ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. കേരളഎക്സ്പ്രസില്‍ കോട്ടയത്ത് എത്തിയപ്പോഴേക്കും തീരെ അവശയായിരുന്ന ജീമോള്‍ പിന്നീട് പുഷ്പഗിരി ആശുപത്രിയില്‍ മരിച്ചു. ജീമോള്‍ക്ക് മരിക്കും മുമ്പ് സ്വന്തം നാട്ടിലെത്താനായി എന്ന് ആശ്വസിക്കാം. മറ്റുപലര്‍ക്കും അതിനുള്ള ഭാഗ്യം പോലും കിട്ടാറില്ല.

പക്ഷേ ആന്ധ്രയിലെ ആശുപത്രി നടത്തിപ്പുകാര്‍ ഇനി അല്‍പം സൂക്ഷിക്കും. ഏതാനും മാസം മുമ്പ് വിശാഖപട്ടണത്തെ ഒരു പ്രമുഖ ആശുപത്രി കേരളത്തില്‍ നിന്ന് അമ്പത് നഴ്സുമാരെ തെരഞ്ഞെടുത്തു. തുടക്കത്തില്‍ 8000 രൂപ നല്‍കാമെന്നായിരുന്നു കരാര്‍. രണ്ട് വര്‍ഷം ജോലിചെയ്യണം. നാട്ടുനടപ്പ് അനുസരിച്ച് അതുവരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി മാനേജ്മെന്റ് വാങ്ങിവെക്കും. പ്രതീക്ഷയോടെ ചെന്ന കുട്ടികള്‍ക്ക് ആദ്യം നല്‍കിയത് തറ തുടക്കുന്ന പണി. പല ദിവസവും 16 മണിക്കൂര്‍ വരെ ജോലി നീണ്ടു. ഒരു മാസം തികയുന്നതിന് മുമ്പേ അവര്‍ ചിലര്‍ രാജിക്കത്ത് നല്‍കി. പിരിഞ്ഞുപോകുന്നതില്‍ മാനേജ്മെന്റിനും സന്തോഷമേയുള്ളൂ. പക്ഷേ, സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കണമെങ്കില്‍ 75000 രൂപ നല്‍കണം. ജീവനക്കാര്‍ പിരിഞ്ഞുപോകുമ്പോള്‍ ആശുപത്രിക്ക് കാശുകിട്ടുന്നത് സുഖമുള്ള കാര്യമല്ലേ. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെ കുടുംബത്തില്‍ ആസ്തിയുള്ള ചിലര്‍ പണം കൊടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നിര്‍ബന്ധിതരായി. ആത്മഹത്യമാത്രം മുന്നിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ അറ്റകൈ പ്രയോഗം തന്നെ നടത്തി. വേറൊന്നുമല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് അവര്‍ നക്സലൈറ്റുകളെ സമീപിച്ചു. 48 മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടി. അതും ഒരു രൂപ പോലും ചെലവാകാതെ. പക്ഷേ ഇവര്‍ക്കെതിരെ പൊട്ടിപുറപ്പെട്ട അപവാദ പ്രചാരണങ്ങള്‍ തടയാന്‍ നക്സലൈറ്റുകള്‍ക്കും കഴിഞ്ഞില്ല.

വിദേശജോലിയാണ് നഴ്സിങ് പഠിക്കുന്നവരുടെ സ്വപ്നം. അതിനുള്ള പ്രവര്‍ത്തിപരിചയത്തിനാണ് മിക്കവരും ഇവിടുത്തെ ആശുപത്രികളില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കുന്നത്. എന്നാല്‍ ഐ.ഇ.എല്‍.ടി.എസ് പാസായി വിദേശത്ത് ജോലി നേടാന്‍ വളരെ ചുരുക്കം പേര്‍ക്കേ സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അമേരിക്കയും യു.കെയുമടക്കം മിക്ക രാജ്യങ്ങളിലും നഴ്സിംഗ് രംഗത്തെ അവസരങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. ഗള്‍ഫില്‍ അന്യനാട്ടുകാരായ നഴ്സുമാരെ കാരണമൊന്നുമില്ലാതെ പറഞ്ഞുവിടാനും തുടങ്ങിയിരിക്കുന്നു. സൌദി ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തിയിട്ടുമുണ്ട്. വിദേശികളെ ആറുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കേണ്ടെന്നാണ് ശിപാര്‍ശ.

എങ്ങനെയും വിദേശത്തെത്താമെന്നല്ലാതെ നല്ല ആശുപത്രിയില്‍ മികച്ച ശമ്പളത്തിന് ജോലി ചെയ്യാമെന്നത്് വെറും സ്വപ്നം മാത്രമായിരിക്കുമെന്ന് ചുരുക്കം. സാധാരണ നഴ്സിംഗ് ഹോമുകളിലോ അല്ലെങ്കില്‍ ഹോംനഴ്സായോ കഴിയാനായിരിക്കും ഇനി മിക്ക മലയാളി നഴ്സുമാരുടെയും വിധി. അന്യനാടുകളില്‍ നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോഴാണ് പലരും നാട്ടില്‍ മടങ്ങിയെത്തി ജോലിക്ക് ശ്രമിക്കുന്നത്. ചീത്തവിളികേള്‍ക്കുന്നത് സ്വന്തം ഭാഷയിലായിരിക്കുമെന്നതൊഴിച്ചാല്‍ മറ്റ് മെച്ചമൊന്നും ഇവിടെയുമില്ല.

സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും ദല്‍ഹി സര്‍ക്കാരിനും ഇന്ദ്രപ്രസ്ഥ, അപ്പോളോ ആശുപത്രികള്‍ക്കും ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചത് രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നഴ്സുമാരെ അടിമകളായി കണക്കാക്കിയാണ് ജോലിചെയ്യിക്കുന്നതെന്ന നിരീക്ഷണമായിരുന്നു ഇതില്‍ പ്രധാനം. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെതന്നെ ഹൈക്കോടതി വിധിച്ചതാണ് പക്ഷേ പാലിക്കപ്പെട്ടില്ല. സ്വകാര്യ ആശുപത്രികള്‍ക്കുള്ള പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ എന്താണെന്ന് മറുപടിയില്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോളോയിലെ സ്റ്റാഫ് നഴ്സും മലയാളിയുമായ ആന്‍സിയാണ് പരാതി നല്‍കിയത്. ഈ വര്‍ഷം തുടക്കത്തില്‍ ജോലിക്ക് കയറിയ ആന്‍സി അമ്മയെ ചികില്‍സിക്കാനാണ് ജോലി രാജിവച്ചത്. പക്ഷേ, സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ ആശുപത്രി ചോദിച്ചത് 45000 രൂപയാണ്.

മുമ്പ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ജോലിനോക്കുന്ന നഴ്സുമാരുടെ രക്ഷകര്‍ത്താക്കള്‍ കോട്ടയം പ്രസ്ക്ലബില്‍ പത്രസമ്മേളനം നടത്തി. നമുക്ക് ചുറ്റുമുള്ള, സുപരിചിതമായ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ ചുരുക്കാം.

സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന നഴ്സുമാരുടെ സേവന വേതനവ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിദ്യാഭ്യാസവായ്പയുടെ പലിശ എഴുതിത്തള്ളുക, തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കുക, മെയില്‍ നഴ്സുമാരുടെ സേവനം നിര്‍ബന്ധമാക്കുക, ജോലിഭാരം ലഘൂകരിക്കുക, ജോലിസമയം നിജപ്പെടുത്തുക, മാന്യമായ ശമ്പളം അനുവദിക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെയ്ക്കുന്നത് അവസാനിപ്പിക്കുക, ആശുപത്രികളില്‍ ആവശ്യത്തിന് സ്റാഫിനെ നിയമിക്കുക, മതിയായ വാര്‍ഷിക ലീവും മെഡിക്കല്‍ ലീവുകളും അനുവദിക്കുക, രോഗപ്രതിരോധ വാക്സിനേഷനും ചികിത്സയും നഴ്സുമാര്‍ക്ക് സൌജന്യമായി നല്‍കുക. വെറുതെ പറയുക മാത്രമല്ല, അന്നത്തെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മറ്റ് രാഷ്ട്രീയ നേതാക്കള്‍, എം.എല്‍.എമാര്‍, എം.പി.മാര്‍ തുടങ്ങിയവര്‍ക്ക് നിവേദനങ്ങളും നല്‍കി. ഒപ്പം ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസോസിയേഷന്‍ എന്ന സംഘടനയും അവര്‍ ഉണ്ടാക്കി.

മറ്റ് മേഖലകളില്‍ തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതതത്വവും ഉറപ്പുവരുത്താന്‍ തൊഴിലാളികള്‍തന്നെയാണ് സമരം ചെയ്യുന്നതെങ്കില്‍ ആരോഗ്യമേഖലയിലുള്ളവര്‍ക്ക് വേണ്ടി മാതാപിതാക്കള്‍ സമരം നടത്തുന്നു എന്നു പറയുമ്പോള്‍ തന്നെ സ്ഥിതിഗതികള്‍ എത്ര രൂക്ഷമാണ് എന്ന് ഊഹിക്കാമല്ലോ. നഴ്സുമാരെ സംബന്ധിച്ചിടത്തോളം പഠനകാലം മുതല്‍ തുടങ്ങുന്ന വിവിധതരം ചൂഷണങ്ങളും പീഡനങ്ങളും സേവനകാലത്തും തുടരുന്നു എന്നതിനാലാണ് സംരക്ഷണം ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ക്ക് മുന്നോട്ടുവരേണ്ടിവന്നത്്. മെയില്‍ നഴ്സുമാരുടെ സേവനം നിര്‍ബന്ധമാക്കണമെന്ന അവരുടെ ആവശ്യം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ആശുപത്രികളില്‍ പുരുഷ നേഴ്സുമാരുടെ എണ്ണം കൂടിയതോടെ സ്ത്രീ നഴ്സുമാര്‍ക്കെതിരായ ചൂഷണത്തില്‍ വലിയ കുറവുണ്ടായി. ചിലയിടങ്ങളില്‍ ചെറുത്തുനില്‍പ്പുകള്‍ക്കും ആണ്‍കുട്ടികള്‍ മുന്നില്‍ നില്‍ക്കുന്നു. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളും മെയില്‍ നഴ്സുമാരെ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുക. ജോലി സ്ഥലത്തെ പീഡനങ്ങള്‍ സ്ത്രീകള്‍ സഹിക്കുന്നപോലെ പുരുഷന്മാര്‍ സഹിക്കില്ലല്ലോ. നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെയും ബോണ്ട് ചെയ്യുന്ന നഴ്സുമാരുടെയും എസ്. എസ്. എല്‍. സി മുതലുള്ള എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കേരളത്തിലെ ആശുപത്രി മാനേജ്മന്റുകള്‍ വാങ്ങി വെക്കുന്നുണ്ട്.

എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ 25,000 രൂപാ കെട്ടിവെച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ദിവസത്തേക്കെങ്കിലും തിരികെ വാങ്ങിക്കാന്‍ കഴിയൂ. തൊഴിലാളികളോട് അതിസ്നേഹമുള്ള നിരവധി തൊഴിലാളി യൂണിയനുകളുള്ള നാടാണെങ്കിലും നഴ്സുമാരെ സംഘടിപ്പിക്കാന്‍ മുന്‍നിര സംഘടനകളൊന്നും ഇതുവരെ ശ്രമിച്ചിട്ടില്ല. ഈ ദുരിതം നേരിട്ടറിഞ്ഞ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നഴ്സുമാരുടെ സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ചില ചട്ടങ്ങള്‍ തടസമായി. സ്ഥിരം ജീവനക്കാരാണെന്ന് ആശുപത്രി മാനേജ്മെന്റ് സാക്ഷ്യപത്രം നല്‍കുന്നവരെ ചേര്‍ത്ത് മാത്രമെ നഴ്സുമാരുടെ തനത് സംഘടനയുണ്ടാക്കാനാവൂ. ഇതോടെ നഴ്സുമാരില്‍ ഉള്ള വിപ്ലവ വീര്യവും കെട്ടടങ്ങി.

സ്വകാര്യാശുപത്രികളില്‍ നിയമപരമായ വേതനവും ആനുകൂല്യവും ഉറപ്പുവരുത്താനുള്ള സമഗ്ര നിയമമൊക്കെ ഇവിടെയുമുണ്ട്. കേരള സര്‍ക്കാര്‍ 2009 ഡിസംബര്‍ 16ന് തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് പ്രകാരം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്പന്‍സറികള്‍, ഫാര്‍മസികള്‍ ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2009 ജൂണ്‍ മാസം ഒന്നുമുതല്‍ ഇതിന് പ്രാബല്യവും കിട്ടി. ഇതനുസരിച്ച് നഴ്സിങ് സൂപ്രണ്ട്, ഫാര്‍മസി സൂപ്രണ്ട്, മൈക്രോ ബയോളജിസ്റ്റ്^ഗ്രേഡ് ഒന്ന് തുടങ്ങിയ തസ്തികയിലുള്ളവര്‍ക്ക് 5610^6810, സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, ട്യൂട്ടര്‍ നഴ്സ്, ഹെഡ് നഴ്സ് തുടങ്ങിയവര്‍ക്ക് 5310^6460, സ്റ്റാഫ് നഴ്സ് (ജനറല്‍ നഴ്സിങ്), സ്പെഷല്‍ ഗ്രേഡ് നഴ്സിങ് അസിസ്റ്റന്റ് തുടങ്ങിയവര്‍ക്ക് 5100^6200, നഴ്സിങ് അസിസ്റ്റന്റ്^ഗ്രേഡ് ഒന്ന് 5040^6140, രണ്ടാം ഗ്രേഡ് നഴ്സിങ് അസിസ്്റ്റന്റ് 4770^5795, മൂന്നാം ഗ്രേഡ് നഴ്സിങ് അസിസ്റ്റന്റ് 4630^5630 എന്നിങ്ങനെയാണ് വേതനം നല്‍കേണ്ടത്. 20 കിടക്കകള്‍ വരെയുള്ള പ്രൈമറി കെയര്‍ സെന്ററിലെ നഴ്സുമാര്‍ക്കാണ് ഈ വേതനം നല്‍കേണ്ടത്. സ്പെഷാലിറ്റി സെന്റര്‍, സൂപ്പര്‍ സ്പെഷാലിറ്റി സെന്റര്‍, സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് അതാത് കാലത്തെ അടിസ്ഥാന ശമ്പളത്തിന്റെ 10 മുതല്‍ 30 ശതമാനംവരെ അധിക അലവന്‍സ് നല്‍കണം. മാത്രമല്ല സംസ്ഥാന ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ അതത് ജില്ലാ കേന്ദ്രത്തിന്റെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സൂചികയില്‍ 130ന് മേല്‍ വര്‍ധിക്കുന്ന ഓരോപോയിന്റിനും പ്രതിമാസം 26.65 രൂപ നിരക്കില്‍ ക്ഷാമബത്ത നല്‍കണം.

ഒരു തൊഴിലുടമക്കുകീഴില്‍ പൂര്‍ത്തിയാക്കുന്ന ഓരോ അഞ്ചുവര്‍ഷത്തെ സര്‍വീസിനും പുതിയ വേതന സ്കെയിലില്‍ നിര്‍ണയിക്കപ്പെട്ട ശമ്പളത്തിന്റെ തൊട്ടടുത്ത നിരക്കിലുള്ള ഓരോ വാര്‍ഷിക ഇന്‍ക്രിമെന്റ് എന്ന രീതിയില്‍ സര്‍വീസ് വെയിറ്റേജ് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കുകയും വേണം. പക്ഷേ, ഇങ്ങനെയൊരു സംഭവമുള്ള കാര്യം നല്ലനിലയില്‍ നടക്കുന്ന ചില ആശുപത്രികള്‍ മാത്രമെ അറിഞ്ഞിട്ടുള്ളൂ. ആതുരസേവനം മുഖമുദ്രയാക്കിയ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി നല്‍കുന്ന വേതനം അറിഞ്ഞാല്‍ ഞെട്ടിപ്പോകും. 12 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന നഴ്സിന് കൈയില്‍ കിട്ടുന്നത് 6000 രൂപ. നാല് വര്‍ഷക്കാരിക്ക് 4000 രൂപ. പക്ഷേ ഇവര്‍ക്ക് സങ്കടമില്ല. കാരണം 31 വര്‍ഷം സര്‍വീസുള്ള ഇവിടുത്തെ ക്ലര്‍ക്കിന് 4250 രൂപയും 26 വര്‍ഷം പരിചയമുള്ള ഫാര്‍മസിസ്റ്റിന് 5700 രൂപയുമാണ് കിട്ടുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് മിക്കവരുടെയുമ നിയമനം നടന്നിരിക്കുന്നത്.ഓരോ വര്‍ഷവും ഇത് പുതുക്കും. ആരുടെയെങ്കിലും പുതുക്കിയില്ലെങ്കില്‍ മിണ്ടാതെ അടുത്തജോലി അന്വേഷിക്കുക മാത്രമാണ് പോംവഴി.

ബോംബെയിലെ ഏഷ്യന്‍ഹാര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ടിലെ മലയാളി നഴ്സും തൊടുപുഴ സ്വദേശിയുമായ ബീന ബേബി മരിക്കാനിടയായത് മാനേജ്മെന്റിന്റെ നിരന്തരമായ പീഢനത്തെ തുടര്‍ന്നാണെന്ന് നഴ്സുമാര്‍ ആരോപിക്കുന്നു. ഈ സ്ഥാപനത്തെക്കുറിച്ച് നിരവധി പരാതികള്‍ നേരത്തേ തന്നെ ഉള്ളതാണ്. ഇവിടെ മൂന്ന് ഷിഫ്റ്റ് വേണ്ടിടത്ത് രണ്ട് ഷിഫ്റ്റ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ 16 മണിക്കൂറും ചിലപ്പോള്‍ 24 മണിക്കൂറും ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നു. 40 കിലോമീറ്ററോളം യാത്ര ചെയ്താണ് നഴ്സുമാര്‍ ദിനം പ്രതി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റും അസ്സല്‍രേഖകളും തുടക്കത്തില്‍ തന്നെ ആശുപത്രി മാനേജ്മെന്റ് കൈക്കലാക്കുന്നതിനാല്‍ പ്രതികരിക്കാനോ, ജോലി ഉപേക്ഷിക്കുവാനോ കഴിയാറില്ല. 75,000 ള്‍ 1,00,000 രൂപ വരെ നല്‍കിയാല്‍ മാത്രമേ ഇവ വിട്ടു നല്‍കാറുള്ളൂ. ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് നഴ്സുമാര്‍ അവിടെ പണിയെടുത്തിരുന്നത്. ഏതാനും മാസങ്ങള്‍ മാത്രം പണിചെയ്ത് ജോലിഭാരം മൂലം പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതമായ 75 നഴ്സുമാരില്‍ നിന്നും 75,000 രൂപ വീതം ഈ ആശുപത്രി മാനേജ്മെന്റ് വാങ്ങിയിട്ട് മാസങ്ങള്‍ ആകുന്നതേയുള്ളൂ. മാനേജ്മെന്റിന്റെയോ ഡോക്ടറുടേയോ അനാസ്ഥമൂലം രോഗികള്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം നഴ്സിന്റെ തലയില്‍ കെട്ടിവയ്ക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് സ്ഥിരം സംഭവമാണ്.

ഇതിനൊക്കെയെതിരെ വെറും രണ്ട് മണിക്കൂര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ച ജീവനക്കാരെ നാലു ദിവസം നീണ്ട സമരത്തിലേക്ക് നയിച്ചത് ആശുപത്രി മാനേജ്മെന്റിന്റെ ദുര്‍വാശിയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുമാനിക്കാമെന്നിരിക്കെ അത് ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയി സ്ഥിതി ഈ അവസ്ഥയിലെത്തിച്ചത് ആശുപത്രി അധികാരികള്‍ തന്നെയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇനിയും പീഡനം സഹിച്ച് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആസ്പത്രിയിലെ 192 ജീവനക്കാര്‍ രാജിക്കത്ത് നല്‍കുകയും ചെയ്തു.

ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നൂറുകണക്കിന് മലയാളി നഴ്സുമാര്‍ രാജിക്കത്തു നല്‍കിയിരിക്കുകയാണ്. ദീനക്കിടക്കയില്‍ വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്ന ഈ മാലാഖക്കൂട്ടങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ മാത്രം ആരും മുന്നോട്ടുവരുന്നില്ല.


www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment