Saturday 27 August 2011

[www.keralites.net] peoples victory - anna's ...

 

'അണ്ണാ നയിച്ചു; ജനഹിതം ജയിച്ചു

Fun & Info @ Keralites.netന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്‍ സംബന്ധിച്ച്‌ അണ്ണാ ഹസാരെ മുന്നോട്ടുവച്ച മൂന്ന്‌ ആവശ്യങ്ങളും തത്വത്തില്‍ അംഗീകരിച്ചു പാര്‍ലമെന്റ്‌ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയതോടെ അദ്ദേഹം 12 ദിവസമായി തുടരുന്ന നിരാഹാരസമരം ഇന്നു 10-ന്‌ അവസാനിപ്പിക്കും. കേന്ദ്രമന്ത്രിയും മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയുമായ വിലാസ്‌റാവു ദേശ്‌മുഖ്‌ രാത്രി വൈകി സര്‍ക്കാരിന്റെ ഉറപ്പ്‌ ഹസാരെയെ രേഖാമൂലം അറിയിച്ചു.

ആശങ്കകളും മലക്കംമറിച്ചിലുകളും നിറഞ്ഞ പകലിനൊടുവിലാണു ജനകീയസമരം നിര്‍ണായകനേട്ടം കൊയ്‌തത്‌. ശക്‌തമായ ലോക്‌പാല്‍ ബില്‍ കൊണ്ടുവരുന്നതു സംബന്ധിച്ചു ഹസാരെ മുന്നോട്ടുവച്ച മൂന്നാവശ്യങ്ങളും പാര്‍ലമെന്റ്‌ തത്വത്തില്‍ അംഗീകരിച്ചു. സംസ്‌ഥാനങ്ങളില്‍ ലോക്‌പാലിന്റെ അധികാരത്തോടെ ലോകായുക്‌തയെ നിയമിക്കുക, മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും ലോക്‌പാല്‍ പരിധിയില്‍ കൊണ്ടുവരുക, സര്‍ക്കാര്‍സേവനം സംബന്ധിച്ച പൗരാവകാശരേഖ കൊണ്ടുവരുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഹസാരെ ആവശ്യപ്പെട്ടതുപ്രകാരം വോട്ടെടുപ്പിനു പാര്‍ലമെന്റ്‌ തയാറായില്ല. ഇരുസഭയിലും അംഗങ്ങള്‍ ഡെസ്‌ക്കിലടിച്ചു പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.

ഇതു ശബ്‌ദവോട്ടായി കണക്കാക്കുന്നുവെന്നു സഭാധ്യക്ഷന്‍മാര്‍ അറിയിച്ചു. പ്രമേയം അംഗീകരിച്ചശേഷം ഇരുസഭയും തിങ്കളാഴ്‌ചവരെ പിരിഞ്ഞു. പ്രമേയം സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റിക്കു വിട്ടു.

ഹസാരെയുടെ ആവശ്യങ്ങളിന്മേല്‍ ഇന്നലെ രാവിലെമുതല്‍ ഇരുസഭകളും ചര്‍ച്ചനടത്തി. ചട്ടം 184 പ്രകാരം വോട്ടെടുപ്പോടെ ചര്‍ച്ചവേണമെന്നു ബി.ജെ.പി. നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും രാത്രി സര്‍ക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം വോട്ടെടുപ്പ്‌ വേണ്ടെന്നുവച്ചു. ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്നും ഭരണഘടനാവിധേയമായി ശക്‌തമായ ലോക്‌പാല്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ഇരുസഭയിലും പ്രസ്‌താവന നടത്തി. രാത്രി ഏഴരയോടെ ലോക്‌സഭയും രാജ്യസഭയും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ഇന്നലെ ഉച്ചയോടെ പ്രശ്‌നങ്ങള്‍ തലപൊക്കിയിരുന്നു. വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയെന്നാണു സര്‍ക്കാര്‍ അറിയിച്ചിരുന്നതെന്നും കേവലം പ്രസ്‌താവനയുടെ പുറത്തുള്ള ചര്‍ച്ച സ്വീകാര്യമല്ലെന്നും ഹസാരെപക്ഷം അറിയിച്ചു. സര്‍ക്കാര്‍ തുടര്‍ച്ചയായി തങ്ങളെ വഞ്ചിക്കുകയാണെന്നും അരവിന്ദ്‌ കെജ്രിവാള്‍ പറഞ്ഞു. ബി.ജെ.പി. വോട്ടെടുപ്പിനു തയാറല്ലെന്നു ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന സല്‍മാന്‍ ഖുര്‍ഷിദ്‌ ഹസാരെപക്ഷത്തെ അറിയിച്ചതു വീണ്ടും പ്രശ്‌നമായി.

ഇതു തിരുത്തി പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജ്‌ രംഗത്തെത്തി. വോട്ടെടുപ്പ്‌ ആവശ്യമെങ്കില്‍ അതിനു തയാറാണെന്നും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌, ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനി, സുഷമാ സ്വരാജ്‌, അരുണ്‍ ജയ്‌റ്റ്ലി എന്നിവരുമായി ചര്‍ച്ചനടത്തി.

ശബ്‌ദവോട്ടോടെ പ്രമേയം പാസാക്കാമെന്ന ധാരണ ഉരുത്തിരിഞ്ഞു. ഈ നിലപാട്‌ ഹസാരെപക്ഷവും അംഗീകരിച്ചു. വോട്ടെടുപ്പു വേണമെന്നും ഓരോ രാഷ്‌ട്രീയകക്ഷിയും എന്തു നിലപാടാണെടുക്കുന്നതെന്ന്‌ അറിയണമെന്നുമുളള നിലപാടില്‍നിന്നു ഹസാരെപക്ഷം പിന്‍വാങ്ങി.

ഹസാരെ നിരാഹാരം പിന്‍വലിക്കണമെന്നും അദ്ദേഹത്തിന്റെ മൂന്നാവശ്യങ്ങളും അംഗീകരിക്കണമെന്നുമുള്ള നിലപാടാണു ചര്‍ച്ചയില്‍ ഭൂരിഭാഗം കക്ഷികളും പ്രകടിപ്പിച്ചത്‌. രാത്രി എട്ടിന്‌ ഇരുസഭയിലും ശബ്‌ദവോട്ടോടെ പ്രമേയം പാസാക്കുമെന്ന്‌ അഭ്യൂഹം പരന്നെങ്കിലും അപ്രതീക്ഷിതനീക്കമാണു പ്രണബ്‌ മുഖര്‍ജി നടത്തിയത്‌.

ഹസാരെയുടെ ആവശ്യം അംഗീകരിക്കുന്നുവെന്നു വ്യക്‌തമാക്കിയ അദ്ദേഹം ഹസാരെപക്ഷത്തെ വിമര്‍ശിക്കാനും മറന്നില്ല. ജനാധിപത്യം വെറും ആള്‍ക്കൂട്ടം മാത്രമാണെന്ന്‌ ആരും കരുതരുതെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെടുന്നതും ബില്‍ പരസ്യമായി കത്തിക്കുന്നതും ജനാധിപത്യമല്ല. ഹസാരെ ഉന്നയിച്ച മൂന്നാവശ്യങ്ങളും സഭ തത്വത്തില്‍ അംഗീകരിക്കുകയാണെന്ന്‌ അദ്ദേഹം അറിയിച്ചു.

വോട്ടെടുപ്പു നടത്തുമെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദുമായുണ്ടാക്കിയിരുന്ന ധാരണയെന്നു സഭാനടപടികള്‍ അവസാനിച്ചശേഷം ഹസാരെപക്ഷാം ഗമായ മേധാപട്‌കര്‍ അറിയിച്ചു. സര്‍ക്കാര്‍ തങ്ങളെ ഭാഗികമായി വഞ്ചിക്കുകയായിരുന്നു. സൂര്യന്‍ അസ്‌തമിച്ചശേഷം ഹസാരെ സത്യഗ്രഹം അവസാനിപ്പിക്കാറില്ലെന്നും അതിനാല്‍ ഇന്നു സത്യഗ്രഹം അവസാനിപ്പിക്കുമെന്നാണു കിരണ്‍ ബേദി അറിയിച്ചത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment