Saturday 27 August 2011

[www.keralites.net] ഹസാരെ സംഘാംഗങ്ങള്‍ ഉപവാസം ബഹിഷ്‌കരിച്ചു

 

ഹസാരെ സംഘാംഗങ്ങള്‍ ഉപവാസം ബഹിഷ്‌കരിച്ചു

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ രാംലീല ഉപവാസം അന്ത്യത്തോടടുക്കുമ്പോള്‍ ദലിത് സംഘടനകളും ക്രിസ്ത്യന്‍ നേതൃത്വവും സമരത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് ശക്തമാക്കി. ഹസാരെയോടൊപ്പം അഴിമതിവിരുദ്ധ കാമ്പയിന്‍ പ്രസ്ഥാനത്തിന് തുടക്കമിട്ട ന്യൂനപക്ഷ നേതാക്കള്‍ രാംലീലയിലെ ഉപവാസം ബഹിഷ്‌കരിച്ചു.
'അഴിമതിക്കെതിരെ ഇന്ത്യ' കാമ്പയിന്റെ സ്ഥാപക അംഗമായിരുന്ന ദല്‍ഹി ആര്‍ച്ച് ബിഷപ് വിന്‍സെന്റ് കോണ്‍സെസാവോ ഉപവാസസമരത്തെ എതിര്‍ത്ത് രാംലീലയില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ഹസാരെയുടെ മരണം വരെയുള്ള നിരാഹാരവും സമ്മര്‍ദവും ആത്മഹത്യാപരമാണെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ മറികടക്കാനുള്ള നീക്കം ക്രിസ്ത്യന്‍ സമുദായം അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നയിച്ച വിഷയത്തോടൊപ്പം തങ്ങളുമുണ്ട്. എന്നാല്‍, അതിന് ഹസാരെ തെരഞ്ഞെടുത്ത മാര്‍ഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. ഒരു പ്രത്യേക കാഴ്ചപ്പാടിലുള്ള ബില്‍ മാത്രം എല്ലാവരും പിന്തുടരണം എന്ന് ഹസാരെ സംഘത്തിന് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്ന് ഫാദര്‍ വിന്‍സെന്റ് ചോദിച്ചു. 'അഴിമതിക്കെതിരെ ഇന്ത്യ' കാമ്പയിന്റെ 20 സ്ഥാപക അംഗങ്ങളിലെ ഏക മുസ്‌ലിം നേതാവും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷനുമായ മഹ്മൂദ് മദനിയും രാംലീല സമരം ബഹിഷ്‌കരിച്ചു. സഹാറന്‍പൂരിലുള്ള മദനി ഉപവാസം കൊടുമ്പിരികൊണ്ടിട്ടും ദല്‍ഹിയിലേക്ക് വരാന്‍ തയാറായില്ല.
ഹസാരെയുടെ ഉപവാസത്തിനെതിരായ നിലപാട് മാറ്റാന്‍ തയാറല്ലെന്ന് ദല്‍ഹിയില്‍ റാലി നടത്തിയ ദലിത് നേതാക്കള്‍ പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന സമരരീതികളോട് യോജിക്കാനാവില്ലെന്ന് ദലിത് സംഘടനകളുടെ ദേശീയ കോണ്‍ഫെഡറേഷന്‍ നേതാവ് ഉദിത് രാജ് പറഞ്ഞു. മറാത്തവാദികള്‍ അന്യസംസ്ഥാനക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന മറാത്തദേശീയവാദിയാണ് ഹസാരെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ ദലിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ ഉദിത് രാജ്, കാഞ്ച ഇളയ്യ, ജോണ്‍ ദയാല്‍, ജോസഫ് ഡിസൂസ എന്നിവര്‍ ഹസാരെ മുന്നോട്ടുവെച്ച തരത്തില്‍ ലോക്പാല്‍ അംഗീകരിക്കാന്‍ ദലിതുകള്‍ക്ക് സാധ്യമല്ലെന്ന് പ്രഖ്യാപിച്ചു.
പിന്നാക്ക വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും അനീതി നേരിടേണ്ടി വരില്ലെന്ന് ഉറപ്പുവരുത്താന്‍ ഹസാരെയുടെ ജന്‍ ലോക്പാല്‍ ബില്ലിനായിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ലോക്പാല്‍ സംവിധാനത്തില്‍ സംവരണം അനിവാര്യമാണെന്ന് ദലിത് നേതാക്കള്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, തന്‍സീം ഉലമായെ ഹിന്ദ്, ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍, ദാറുല്‍ ഉലൂം ദയൂബന്ദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മുസ്‌ലിം സംഘടനകളും ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ചുള്ള ഹസാരെയുടെ ഉപവാസത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി.
ഹസാരെയുടെ ഈ സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ നേതാവ് മൗലാന ഉമര്‍ ഇല്യാസി കുറ്റപ്പെടുത്തി.
രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്‍ ഭരണഘടനക്കും പാര്‍ലമെന്റിനും മുകളിലാണ് താനെന്ന് പറയുന്ന സാഹചര്യം ഉണ്ടാകരുതായിരുന്നു. അതിനാല്‍തന്നെ മുസ്‌ലിംകള്‍ ഇതിന്റെ ഭാഗമാകുന്ന ചോദ്യം ഉദ്ഭവിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ പ്രസ്ഥാനം സംശയാസ്‌പദമാണെന്ന് ദയൂബന്ദ് ദാറുല്‍ ഉലൂം വൈസ് ചാന്‍സലര്‍ മൗലാന അബുല്‍ ഖാസിം നുഅ്മാനി പറഞ്ഞു.
രാജ്യത്തെ പാര്‍ലമെന്ററി സംവിധാനവും ജനാധിപത്യവും ദുര്‍ബലപ്പെടുത്തുകയെന്ന ആശയമാണ് ഹസാരെയുടെ നീക്കത്തിന് പിന്നിലെന്നും മതേതര ഇന്ത്യക്കുമേലുള്ള കളങ്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഹസാരെയുടെ സമരരീതിയെ കടന്നാക്രമിച്ച് ഉര്‍ദു മാധ്യമങ്ങളും എതിര്‍ കാമ്പയിനുമായി രംഗത്തുണ്ട്. ശക്തമായ ലോക്പാല്‍ വേണമെന്നും എന്നാല്‍, അതിന് ഹസാരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധ മാര്‍ഗം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്ന വിവിധ മുസ്‌ലിം നേതാക്കളുടെ വിശദമായ അഭിമുഖങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ് ഉര്‍ദു ദിനപത്രങ്ങള്‍.

--
Thanks & Regards
Anish Philip

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 579. A good idea is checking yours at freecreditscore.com.
.

__,_._,___

No comments:

Post a Comment