Thursday 25 August 2011

[www.keralites.net] നാറുന്ന ഉടലുകള്‍...very heart touching...

 

"അപരന്റെ അമേദ്യം പേറിപ്പേറി ഒടുവില്‍ സ്വന്തം ദേഹത്തിന്റെ മണമേന്തെന്നുപോലും മറന്നുപോയ മനുഷ്യരുടെ ചുട്ടുനീറ്റലുകളിലൂടെ ഒരുസഞ്ചാരം...."

നാറുന്ന ഉടലുകള്‍ @ !ncredible !ndia. !

ഇന്ത്യയില്‍ ആരെങ്കിലും തോട്ടിയാവുന്നത് അവരുടെ തൊഴില്‍കൊണ്ടല്ല, അവരുടെ ജന്മംകൊണ്ടാണ്; അവര്‍ ആ വേല ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും  -ഡോ. ബി.ആര്‍. അംബേദ്കര്‍.

തീട്ടം എന്നു കേട്ടാല്‍ ഓക്കാനം വരുന്നവര്‍ ഈ കുറിപ്പ് വായിക്കാതിരിക്കാന്‍ കനിവുകാണിക്കണം. ആ വാക്കുകേട്ടപ്പോഴേക്കും നിങ്ങള്‍ക്ക് അറച്ചുവെങ്കില്‍ ഞാനും നിങ്ങളും മൂക്കുമുട്ടെ വാരിവലിച്ച് തിന്ന് വെളുപ്പിനേ എഴുന്നേറ്റ് വെളിക്കിറങ്ങിക്കളയുന്ന, കുപ്പായത്തിലോ ദേഹത്തോ അല്‍പമൊന്ന് പറ്റിപ്പോയാല്‍ അപമാനം ഭയന്ന് മരണം കൊതിച്ചുപോകുന്ന, നമ്മുടെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും വെറും കൈയാലേ കോരിയെടുത്തും തലയില്‍ പേറിയും നാടുവൃത്തിയാക്കാന്‍ വിധിക്കപ്പെട്ടവരുടെ കാര്യമോ? അപരന്റെ അമേദ്യം പേറിപ്പേറി ഒടുവില്‍ സ്വന്തം ദേഹത്തിന്റെ മണമെന്തെന്നുപോലും മറന്നുപോയ മനുഷ്യരുടെ വേദനകളിലേക്കുള്ള  പാളിനോട്ടമാണിത്.

പരിഷ്കൃത സമൂഹങ്ങള്‍ക്ക് അപരിചിതവും അന്യവുമായ ഈ മനുഷ്യത്വഹീനത കണ്‍വെട്ടത്ത് നടമാടുമ്പോഴും സ്ഥിതിസമത്വത്തിലാറാടുന്നുവെന്നും ഒന്നാം നമ്പര്‍ ലോകശക്തിയാവാന്‍ ഗൃഹപാഠം ചെയ്യുകയാണെന്നും വീമ്പിളക്കുന്ന നമ്മുടെ മനഃസ്ഥിതിക്ക് നടേ പറഞ്ഞ വാക്കിനേക്കാള്‍ ഉചിതമായ വിശേഷ നാമമെന്തുണ്ട്?

ജനിച്ചുപോയ ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ നിര്‍ണയിക്കപ്പെടുക എന്ന വിചിത്ര ശീലമുള്ള നമ്മുടെ രാജ്യത്ത് പ്രാചീന കാലം മുതലേ പ്രചാരത്തിലുണ്ട് ഈ തൊഴില്‍.

മ്ലേച്ഛവൃത്തികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട ശൂദ്രരില്‍ ശൂദ്രരായ മനുഷ്യര്‍ക്കുമേലാണ് അപരന്റെ വിസര്‍ജ്യങ്ങള്‍ ചുമക്കുന്ന ജോലി അടിച്ചേല്‍പിക്കപ്പെട്ടിരുന്നത്.

നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും ആണ്ടുകള്‍ക്കിപ്പുറവും അവരാ വേലചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. സ്വാതന്ത്യ്രമെന്നാല്‍ ഉച്ചനീചത്വങ്ങളില്‍നിന്നുള്ള മോചനമാണ് എന്ന്  ചെങ്കോട്ടക്ക് മുകളിലും ജില്ലാ സ്റ്റേഡിയങ്ങളിലും കയറിനിന്ന് ആരെങ്കിലും വായ്പാട്ടുപാടുന്നുവെങ്കില്‍ അതൊരു മഹാ ഭാരത കള്ളമെന്ന്

(The Great Indian lie) ഈ നാറുന്ന ഉടലുകള്‍ സാക്ഷിപറയും.

നാട്ടുഭാഷയില്‍ നമ്മള്‍ തോട്ടികള്‍ എന്നുവിളിക്കുന്ന ഈ പതിതര്‍  സമത്വസുന്ദര ഇന്ത്യയുടെ ഏതാണ്ടെല്ലാ മുക്കുമൂലയിലുമുണ്ട്.

കേരളത്തില്‍ ചക്ലിയര്‍, തമിഴകത്ത് അരുന്ദതിയാര്‍, കുറവര്‍, ആന്ധ്രയിലും കര്‍ണാടകത്തിലും പഖികള്‍, ഗുജറാത്തിലും ഉത്തരേന്ത്യയിലും വല്‍മീകികള്‍, ഭാംഗികള്‍ എന്നിങ്ങനെ...

ആറര ലക്ഷം പേര്‍ ഈ തൊഴില്‍ ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, പന്ത്രണ്ടു ലക്ഷം പേരെങ്കിലുമുണ്ടെന്ന് സഫായി കര്‍മചാരി ആന്ദോളന്‍ എന്ന കൂട്ടായ്മ നടത്തിയ വിശദപഠനം വെളിപ്പെടുത്തുന്നു; അതില്‍ 90 ശതമാനവും സ്ത്രീകളാണെന്നും. 

അപ്പിത്തുണി കണക്കെ ഒരു നിയമം

കാര്‍ട്ട് ആര്‍ഡര്‍ ഇരിക്ക്താഡാ? എത്ക്ക് മൂട്ടില് കാര്‍ക്ക് പോടത്ക്കാ? പേന്ത് പോക വേണ്ടിയ താനേ?

സെപ്റ്റിക് ടാങ്കുകളും ശുചീകരണ സൌകര്യങ്ങളും ഇല്ലാത്ത കക്കൂസുകള്‍ നിരോധിച്ചിട്ടുണ്ടെന്നും അവയില്‍നിന്ന് മലം കോരിക്കളയാന്‍ ആളുകളെ നിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ബോധവത്കരിക്കാന്‍ ചെന്ന ദലിത് സംഘത്തിലെ ചെറുപ്പക്കാര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ സര്‍വീസിലെ  ഒരു ഉദ്യോഗസ്ഥനില്‍നിന്ന് ലഭിച്ച മറുചോദ്യമാണിത്. ടാങ്കില്ലാത്ത കക്കൂസില്‍ നിന്ന് കോരിക്കുന്നതേ നിയമപരിധിയില്‍ വരൂ എന്നും ബസ്സ്റ്റാന്‍ഡിലും ചന്തയിലും ഓടയിലും ടാങ്കിലും കിടക്കുന്ന മലം മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളി വാരണമെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.

 അതായത്,   തീനും കുടിയും ഭൂമിയില്‍ അവശേഷിക്കുവോളം കാലം ദലിതര്‍ സെപ്ടിക് ടാങ്കുകളില്‍ പുഴുക്കളെപ്പോലെ നുളക്കണമെന്ന്. 1993ലെ 'എംപ്ലോയ്മെന്റ് മാനുവല്‍ സ്കാവഞ്ചേഴ്സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഓഫ് ഡ്രൈ ലാട്രിന്‍ നിരോധ നിയമം'   വര്‍ഷമിത്ര കഴിഞ്ഞിട്ടും രാജ്യത്തൊരിടത്തും ശുഷ്കാന്തിയില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. അയിത്ത ജാതിക്കാരുടെ അഭിമാനം സംരക്ഷിക്കാനുള്ള നിയമത്തോടുപോലും ഈ ജാത്യാധിപത്യ റിപ്പബ്ലിക് പുലര്‍ത്തുന്ന തൊട്ടുകൂടായ്മ കാണുക.

ഗതാഗതത്തിന് തടസ്സമെന്ന് കോടതി പറഞ്ഞ് നാവെടുക്കുമ്പോഴേക്കും പാതയോരത്തെ  പെട്ടിക്കടകള്‍ക്കും തട്ടുകടകള്‍ക്കും മേല്‍ ബുള്‍ഡോസര്‍ പല്ലുകളായെത്തി നടപ്പാക്കപ്പെടുന്ന നിയമം തോട്ടിപ്പണി നിരോധത്തിന്റെ കാര്യത്തില്‍ തൊണ്ണുകാട്ടി ഇളിച്ചു നില്‍ക്കുന്നതെന്തേ?

രാജ്യത്തിന്റെ വികസന പ്രക്രിയക്കുമേലുള്ള കറുത്ത പാടാണ് തോട്ടിപ്പണിയെന്ന് സര്‍ദാര്‍ മന്‍മോഹന്‍ കുമ്പസാരിച്ചിട്ട് മാസം രണ്ടായി. സ്വാതന്ത്യ്രം കിട്ടി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും അവസാനിപ്പിക്കാനാവാത്ത ക്രൂരത  ആറുമാസത്തിനകം തുടച്ചുനീക്കുമെന്നും പറഞ്ഞിരുന്നു പ്രധാനമന്ത്രി. എന്നാല്‍, പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രമകലെ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന മലം കോരിക്കലിനുപോലും ഇനിയും അറുതിവരുത്തിക്കാനായിട്ടില്ല.

ഉദ്യോഗസ്ഥര്‍ ആര്‍ക്കെതിരെ നടപടിയെടുക്കാനാണ്? ഒരു താലൂക്കില്‍ മാനുവല്‍ സ്കാവഞ്ചിങ് നടക്കുന്നുവെങ്കില്‍ അവിടത്തെ തഹസില്‍ദാര്‍ തന്നെയല്ലേ ഉത്തരവാദി? ജില്ലയില്‍ നടക്കുന്നുവെങ്കില്‍ കലക്ടറും? ഏതെങ്കിലും ഐ.എ.എസുകാരന്‍ തനിക്കെതിരെ നടപടിയെടുക്കണമെന്ന് ശിപാര്‍ശ ചെയ്യുമോ? തമിഴ്നാട് അരുന്ദതിയാര്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം കണ്‍വീനറും ഈറോഡിലെ ദലിത് വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ആര്‍. കറുപ്പുസ്വാമി ചോദിക്കുന്നു.

ഈ നിയമം തികച്ചും ദുര്‍ബലമാണ്. തൊഴിലാളി പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റികളെ നിയോഗിക്കാതെ കുറ്റക്കാരെ പിടിക്കാനാവില്ല. തോട്ടിപ്പണിക്കെതിരെ നടപടി കൈക്കൊള്ളാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും 2500 രൂപ പിഴയെന്നത് രണ്ടരലക്ഷമാക്കാനും സര്‍ക്കാര്‍ ധൈര്യപ്പെട്ടാല്‍ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്ന് കറുപ്പുസ്വാമി കരുതുന്നു. 

മല്ലിക- മലംചുമട്ടുകാരന്റെ മകള്‍

നല്ല വടിവൊത്ത അക്ഷരത്തില്‍ മല്ലിക തമിഴ് ഉരുട്ടിയെഴുതുന്നതു കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. മനോഹരമായി ചിത്രം വരക്കുന്ന, സുട്ടും വിഴി സൂഡാറെ എന്ന് പാടി ഡാന്‍സ് കളിക്കുന്ന ഈ മിടുക്കിക്കുട്ടി എന്തിന് ഏഴാം ക്ലാസില്‍ പഠിത്തം നിര്‍ത്തി എന്നറിയുക.

കിടക്കപ്പായില്‍നിന്ന് എഴുന്നേല്‍ക്കാനാവാത്തവിധം അച്ഛന് മഞ്ഞപ്പിത്തം പിടിച്ചുപോയ ദിവസങ്ങളില്‍ അയാള്‍ നിത്യവും വൃത്തിയാക്കിപ്പോന്ന രാമനാഥപുരത്തെ കാനകളും കക്കൂസ് കുഴികളും തോണ്ടാന്‍ അമ്മക്കൊപ്പം അവളും പോവേണ്ടി വന്നു. അതാണല്ലോ നമ്മുടെ നാട്ടുനടപ്പ്- അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിക്കു പകരം അയാളുടെ പത്നി  മുഖ്യമന്ത്രിയാവുന്നതുപോലെ, ചികിത്സക്കുപോയ പാര്‍ട്ടി പ്രസിഡന്റിന്റെ ചുമതല മകനെ ഏല്‍പിക്കുന്നതുപോലെ നാട്ടിലെ തോട്ടിപ്പണിക്കാരന്‍ കിടപ്പിലായിപ്പോയാല്‍, മരിച്ചുപോയാല്‍ അയാളുടെ ഭാര്യയോ മകളോ കടമ നിറവേറ്റണം! ശരിക്കും 'incredible' അല്ലേ?

അച്ഛന് അസുഖം മാറി പണിക്കുപോവാന്‍ തുടങ്ങിയപ്പോള്‍ സ്കൂളിലേക്ക് ചെന്ന മല്ലികക്ക് ടീച്ചറുടെ പരിഹാസം, കൂടെയിരിക്കാന്‍ കൂട്ടുകാര്‍ക്ക് വിസമ്മതം- അതോടെ കരിഞ്ഞുണങ്ങുന്നു   മല്ലികയുടെ പഠനസ്വപ്നങ്ങള്‍. പരിഹാസവും അപമാനവുംകൊണ്ട് പൊറുതിമുട്ടി പഠനം പാതിവഴിയില്‍ നിര്‍ത്തിയ ദലിത് മക്കള്‍ ഏറെയുണ്ട് ഓരോ തമിഴ്ഗ്രാമത്തിലും.

ക്ലാസ് വൃത്തിയാക്കണമെന്ന ആജ്ഞ അനുസരിക്കാഞ്ഞതിന് മധുര മെഹബൂബ് പാളയം ഗവ. സ്കൂളില്‍ പ്രിയങ്ക എന്ന 12 വയസ്സുകാരിയെ (തോട്ടിപ്പണിക്കാരന്‍ കുറവന്‍ ധനപാലിന്റെ മകള്‍) മാലിന്യം തീറ്റിച്ചത് അടുത്ത ക്ലാസിലെ ടീച്ചര്‍. തന്നെപ്പോലെ ഗതികെട്ടുപോകരുതെന്ന് മോഹിച്ചാണ് മകളെ സ്കൂളിലയച്ചതെന്നും ആ സ്കൂള്‍ തന്നെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തിയെന്നും  കാണിച്ച് പ്രിയങ്കയുടെ അച്ഛന്‍  നല്‍കിയ ഹരജികളും അധികാരികളേതോ കക്കൂസ് കുഴിയില്‍ തള്ളിക്കാണണം.

 'കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ രൂപവത്കരിക്കുന്ന സ്കൂള്‍ പാര്‍ലമെന്റിലോ ലിറ്റററി അസോസിയേഷനിലോ ഒരു അരുന്ദതിയാര്‍ കുട്ടിപോലുമുണ്ടാവില്ല. എന്നാല്‍, ക്ലീനിങ് കമ്മിറ്റികളിലാവട്ടെ നൂറുശതമാനവും ഞങ്ങളുടെ കുട്ടികള്‍ മാത്രം- എട്ടുംപൊട്ടും തിരിയാത്ത മക്കളോടുപോലും വിവേചനം.

രണ്ടുതരം പൌരത്വമാണ് ഈ നാട്ടിലെന്നതിന് ഇതിനേക്കാള്‍ വലിയ ഉദാഹരണമെന്തുവേണം? -ദലിത് അവകാശ പ്രവര്‍ത്തകരായ മഹേശ്വരനും പ്രസന്നയും ഇത് ചോദിച്ചപ്പോള്‍ മറുത്ത് പറയാന്‍  എനിക്ക് നാവനങ്ങിയില്ല.

Fun & Info @ Keralites.net

എന്‍ ഒടമ്പ്ക്കുള്ളെ രത്തം അല്ലൈ.

എങ്ക ഊര് എന്ന ചോദ്യത്തിന് എറപ്പനാക്കയം പാളയത്തുകാരന്‍ കുമരന്‍ തൊട്ടടുത്ത അഴുക്കുചാലിലേക്ക് കൈചൂണ്ടിക്കാണിച്ചു

: 'നാന്‍ പിറന്തതേ ഇങ്കെതാന്‍, ചാക പോകിറതും ഇങ്കെത്താന്‍.' സത്യമംഗലം തൂപ്പൂരിലെ തോട്ടിക്കോളനിയില്‍ താമസിക്കുന്ന കുമരന്‍ സ്കൂളുകളില്‍ പോയിരിക്കുന്നത് കക്കൂസ് ടാങ്ക് വൃത്തിയാക്കാനും ഗ്രൌണ്ടുകളില്‍ ചത്തുകിടന്ന പട്ടികളെ എടുത്തുകളയാനും മാത്രം.

 ഓടിക്കളിച്ചു നടക്കുന്ന പ്രായത്തില്‍ തുടങ്ങിയതാണ് വേല ചെയ്യാന്‍. പതിനേഴാം വയസ്സില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനായി.

 ഇപ്പോള്‍ വയസ്സ് 50. ഇല്ലാത്ത രോഗങ്ങളില്ല. കുമരനെപ്പോലെ ഏതാണ്ടെല്ലാ ശുചീകരണത്തൊഴിലാളികളും ശ്വാസകോശ രോഗങ്ങളും കാഴ്ചക്കുറവും മഞ്ഞപ്പിത്തവും രക്തക്കുറവുംകൊണ്ട് ദുരിതപ്പെടുന്നുണ്ട്.  കക്കൂസില്‍ പോയ ശേഷം കൈ നന്നായി കഴുകിയില്ലെങ്കില്‍ മഞ്ഞപ്പിത്തം പിടിക്കുമെങ്കില്‍ മലത്തിലും മാലിന്യത്തിലും ഇറങ്ങി ജീവിക്കുന്നവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. തൊഴിലിന്റെ പ്രശ്നവും

ജീവിത പ്രാരബ്ധങ്ങളും മൂലം മിക്കപേരും ചാരായത്തിന് അടിമകളാകയാല്‍ കരളിന്റെയും ചങ്കിന്റെയും കാര്യവും കഷ്ടം തന്നെ.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി  മരിച്ചത് എണ്ണമറ്റ തൊഴിലാളികള്‍. ജീവന്‍ പണയം വെച്ചും നാട് വെടിപ്പാക്കിയിട്ടെന്തുകാര്യം?

 'തോട്ടിക്ക് തുള്ളി വെള്ളം പോലും കൊടുക്കാന്‍ മടിയാണ് പലര്‍ക്കും. ജോലിക്കിടെ അപകടത്തില്‍ പെടുകയോ അസുഖം മൂര്‍ച്ഛിച്ച് വീഴുകയോ

ചെയ്താല്‍ ആശുപത്രിയിലെത്തിക്കാന്‍പോലും ഒരാളും സഹായിക്കില്ല. തന്നെയും തന്റെ സമൂഹത്തെയും കാത്തിരിക്കുന്ന വിധിയെക്കുറിച്ച് നല്ല നിശ്ചയമുണ്ട് കുമരന്:

'എന്‍ ഒടമ്പ്ക്കുള്ളെ ഓട്ക്ര്‍ത് രക്തം അല്ലൈ, ഇന്ത കെട്ട തണ്ണിതാന്‍, ഞാന്‍ ഇങ്കെ സെത്ത് പുഴുത്തിനാലും യാരും തിരുമ്പി പാക്കമാട്ടെ.'

ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാവാന്‍ കരളും തിളക്കാന്‍ രക്തവും അവശേഷിച്ചിട്ടില്ലാത്ത ഒരു മനുഷ്യന്റെ വാക്കുകള്‍. 

ചുടലമുത്തുവിന്റെ പിന്മുറക്കാര്‍.

ഓ ഇതൊക്കെ അങ്ങ് തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെയല്ലേയെന്ന് എഴുതിത്തള്ളാന്‍ വരട്ടെ- എന്താണ് സാക്ഷര സുന്ദര കേരളത്തിന്റെ വര്‍ത്തമാനം?

മാലിന്യങ്ങള്‍ കവറില്‍ കെട്ടി അയല്‍ക്കാരന്റെ പറമ്പിലും പൊതുവഴികളിലും ജലാശയങ്ങളിലും തള്ളാന്‍ ശീലിച്ച നമുക്ക് മാലിന്യത്തേക്കാള്‍ അറപ്പാണല്ലോ

 അത് കോരാന്‍ വരുന്നവരോട്. തോട്ടിയുടെ ജീവിതം വരച്ചിട്ട തകഴിച്ചേട്ടന്റെ ആലപ്പുഴയിലേക്കൊന്ന് വരുക. ചുടലമുത്തുവിന്റെ കാലത്തേക്കാള്‍ ഏറെ വ്യത്യാസമൊന്നും

 ഇന്നും ഇവിടത്തെ ശുചീകരണത്തൊഴിലാളികളുടെ ദുരിതങ്ങള്‍ക്കില്ല. അന്ന് വീടുകളിലെ പാട്ടകളിലായിരുന്നു മലനിക്ഷേപമെങ്കില്‍ ഇന്ന് ഹൌസ്ബോട്ട് ടൂറിസം

വിപ്ലവത്തിന്റെ  ഫലമായി ജലാശയങ്ങളെല്ലാം തീട്ടപ്പാട്ടകളായിരിക്കുന്നു. മഹാവ്യാധികള്‍ പടരുന്ന കാലത്തും ഇവിടത്തെ കനാലുകളും മാലിന്യങ്ങളും വൃത്തിയാക്കുന്ന

 ജീവനക്കാര്‍ക്ക് സോപ്പോ ചെരിപ്പോ കൈയുറയോ പോലും അധികാരികള്‍ നല്‍കുന്നില്ല. ഇന്‍ഷുറന്‍സ് -പി.എഫ് വിഹിതവും അടക്കുന്നില്ല. പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും

 ഒരാളും വിലവെച്ചില്ല. കഴിഞ്ഞ ദിവസം നഗരസഭക്ക് മുന്നില്‍ സമരം ചെയ്തിട്ടും ഫലമുണ്ടായില്ല. സമരഭീഷണി മുഴക്കിയാലുടന്‍ പൈലറ്റുമാരുടെയും ഡോക്ടര്‍മാരുടെയും ബസുമുതലാളിമാരുടെയും

 മുന്നില്‍ മുട്ടുകുത്തി നിന്നുകൊടുക്കുന്ന  നാട്ടില്‍ തോട്ടികളുടെ സമരം  എന്നും തോല്‍ക്കാന്‍ മാത്രമുള്ളതാണല്ലോ.

 ഷൊര്‍ണൂരിലും എറണാകുളത്തും മറ്റേതെങ്കിലും  സ്റ്റേഷനുകളിലും മൂക്കുപൊത്തിയെങ്കിലും യാത്രചെയ്യാനാവുന്നതിന് ഇവിടത്തെ പാവപ്പെട്ട

 ശുചീകരണത്തൊഴിലാളികളോട് നൂറുവട്ടം നന്ദിപറയണം. കശ്മീര്‍ തൊട്ട് കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ തുറന്ന കക്കൂസാണല്ലോ

റെയില്‍വേ ട്രാക്കുകള്‍. 'പലപ്പോഴും ട്രെയിനുകള്‍ സ്റ്റേഷന്‍ വിടുമ്പോള്‍ ഒരു കുന്ന് മലം കിടപ്പുണ്ടാവും പാളത്തില്‍. വണ്ടി  നിര്‍ത്തിയിടുമ്പോള്‍ ടോയ്ലറ്റ് ഉപയോഗിക്കരുത് എന്ന് എത്ര പറഞ്ഞാലും യാത്രക്കാര് കേള്‍ക്കില്ല. ഞങ്ങള് അധ്വാനിച്ചിട്ടുവേണം വീട്ടില്‍ ഒരു പാട് വയറുകള്‍ പുലരാന്‍.എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഒരാളും വരില്ല ഈ പണിക്ക്' -വേണാടിനു പോകാന്‍ വന്ന യാത്രക്കാര്‍ വിസര്‍ജിച്ചുപോയ മലക്കൂന നീക്കുന്നതിനിടെ

 ഷൊര്‍ണൂര്‍ സ്റ്റേഷനിലെ ചേച്ചിമാര്‍ പറഞ്ഞു.  ആരും കാണാതെ ട്രെയിനിലെ ടോയ്ലറ്റ് കുഴലുവഴി നമ്മള്‍ തള്ളിയ മാലിന്യങ്ങള്‍ സകലരും കാണ്‍കേ പാളത്തില്‍നിന്ന്

കോരിമാറ്റേണ്ടി വരുന്ന ജീവിതങ്ങളെക്കുറിച്ച് അടുത്ത തവണ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴെങ്കിലും ഒന്നാലോചിച്ചു നോക്കുക.

(ഈ കുറിപ്പ് വമിപ്പിച്ച ദുര്‍ഗന്ധത്തിനും അറപ്പിനും മാന്യവായനക്കാരോട് ക്ഷമചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പുഴുത്ത് ചീഞ്ഞ മലമാലിന്യങ്ങള്‍ ഒരു കൈയുറപോലുമില്ലാതെ കോരിമാറ്റുമ്പോള്‍ ഓക്കാനിക്കാന്‍പോലും അവകാശമില്ലാത്ത ഈ മനുഷ്യരോട് നീതികേട് കാണിക്കാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ല.)

savadbai@gmail.com

തൂപ്പൂര്‍ തോട്ടി കോളനിയിലെ നാഗരാജന്‍, വയ്യാപതി, പട്ടമ്മാള്‍.
സത്യമംഗലം റീഡ്സിലെ പളനിസ്വാമി, ഷൊര്‍ണൂര്‍  റെയില്‍വേ സ്റ്റേഷന്‍ വൃത്തിയാക്കുന്ന ചേച്ചിമാര്‍,
തിന്നുന്നത് തീട്ടമായി മാറുക എന്നതൊരു ജൈവയാഥാര്‍ഥ്യമാണ് എന്നെഴുതിയ താഹ മാടായി,
സഫായി കര്‍മചാരി ആന്ദോളന്‍ പ്രവര്‍ത്തകര്‍ എന്നിവരോട് അളവറ്റ കടപ്പാട്.

(Published in Vaaradhyam madhyamam dated 14/aug/2011)

Sadique Ahammed Thottath
Al Khobar


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment