പാതിരപ്പള്ളിക്കു സമീപം കലവൂരിലേക്കായിരുന്നു കാണാത്തകേരളം ടീമിന്റെ ആദ്യയാത്ര. ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനില്‍ നിന്ന് അരക്കിലോമീറ്ററോളം അകത്തേക്ക്‌പോയാല്‍ ബിസ്മില്ലാഹ് സ്വലാത്ത് മജ്‌ലിസ് ആയി. കൊട്ടാരസദൃശ്യമായ വീടിനോടു ചേര്‍ന്നുള്ള ആരാധനാകേന്ദ്രത്തിലാണ് സിദ്ധന്‍ വിശ്വാസികളെ കാണുന്നത്. ഈ വീട് ഉദ്ദിഷ്ടകാര്യം നടന്നതിന് ഉപകാരസ്മരണയായി അന്യസംസ്ഥാനക്കാരനായ ഡോക്ടര്‍ പണിതുനല്‍കിയതാണെന്ന് വിശ്വാസികള്‍ പറയുന്നു.
വെറും 21 വയസുള്ള യുവാവാണ് കലവൂര്‍ ബാവയെന്നറിയപ്പെടുന്ന സിദ്ധന്‍. പിതാവ് ഖലീല്‍ ആണ് ആരാധനാകേന്ദ്രത്തില്‍ വിശ്വാസികളെ നിയന്ത്രിക്കുന്നത്. പ്രായം കുറവാണെങ്കിലും ബാവ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അമ്മാവന്റെ മകളെയാണ് ബാവ വിവാഹം കഴിച്ചത്. അമ്മാവനാണ് ഇവിടുത്തെ കാന്റീന്‍ നടത്തിപ്പുകാരന്‍. ഇവര്‍ക്കൊക്കെ ബാവയെ കുറിച്ചുപറയുമ്പോള്‍ നൂറുനാവാണ്. കാന്റീനില്‍ അച്ചാറുമായെത്തിയ സമീപവാസിയും ബാവയെക്കുറിച്ച് വാചാലനായി. മുന്‍പ് പലചരക്കുകട നടത്തിയിരുന്ന ഇയാള്‍ ബാവ നിര്‍ദ്ദേശിച്ചതനുസരിച്ചാണത്രെ സൈക്കിളില്‍ അച്ചാറുവില്‍പ്പനയാരംഭിച്ചത്.
മത്സ്യവില്‍പ്പനക്കാരനായ ഖലീലും കുടുംബവും നേരത്തെ സമീപത്തെ കോളനിയിലെ ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകന്‍ നിബാസിന് എട്ടാംവയസില്‍ അത്ഭുതസിദ്ധി ലഭിച്ചതോടെ ഖലീലിന് ശുക്രനുദിച്ചു. ശൈഖ് ഒലിയുള്ള എന്ന സിദ്ധന്റെ ആത്മാവ് ശരീരത്തുപ്രവേശിക്കുന്നതോടെയാണ് കലവൂര്‍ ബാവയ്ക്ക് അത്ഭുതസിദ്ധിയുണ്ടാകുന്നതെന്നാണ് പ്രചാരണം. ബാവയുടെ മുഖം വിശ്വാസികള്‍ക്ക് കാണാനാകില്ല. പ്രത്യേകം തയ്യാറാക്കിയ പച്ച വിരിപ്പിന്റെ മറവിലിരുന്നാണ്് ഇയാള്‍ പ്രവചനങ്ങള്‍ നടത്തുന്നതും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് ബാവ പുറത്തെത്തുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുമെങ്കിലും അന്നും മുഖം മറച്ചിരിക്കും. അവിടെ വില്‍പ്പനയ്ക്കുവച്ചിരിക്കുന്ന സി.ഡികളില്‍ ആണ്ടുനേര്‍ച്ചയുടെ വിശേഷങ്ങളുണ്ടായിരുന്നു.
രാവിലെ ഏഴുമണിയ്‌ക്കെത്തിയ ഞങ്ങള്‍ക്ക് തിരക്കുകാരണം വൈകിട്ട് മൂന്നുമണിയോടെയാണ് കലവൂര്‍ ബാവയുടെ അടുത്തെത്താന്‍ അവസരം ലഭിച്ചത്. ഉച്ചയ്ക്ക് സന്ദര്‍ശകര്‍ക്കെല്ലാം അവിടെ ഭക്ഷണം നല്‍കുന്നുണ്ട്. തൃശ്ശൂര്‍ സ്വദേശി വിജയകുമാര്‍ ആണെന്നും പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയശേഷം ഭയപ്പാടാണെന്നും ക്യാമറാമാന്‍ ഷെഹീറിനെ ചൂണ്ടി ഞാന്‍ ബാവയോട് കളവുപറഞ്ഞു. ഏതാനും മിനിറ്റു സമയംകൊണ്ട് ബാവ ദിവ്യദൃഷ്ടിയിലൂടെ കാര്യങ്ങള്‍ മനസിലാക്കി. കൈവിഷം ഉള്ളില്‍ ചെന്നതാണത്രെ പ്രധാന പ്രശ്‌നം. പിന്നെ കുളിക്കാനിറങ്ങിയപ്പോള്‍ പൈശാചികശക്തി ടച്ചുചെയ്തിട്ടുണ്ട്.
ക്ഷുദ്രക്കെട്ടും ജലപ്പിശാചിന്റെ ഉപദ്രവവും മാറ്റാന്‍ ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യണമെന്ന് ബാവ പറഞ്ഞു. പശുനെയ്യ്, മഞ്ഞള്‍പ്പൊടി, തേങ്ങ, വീടിന്റെ നടയിലെ മണ്ണ് എന്നിവയുമായാണ് വീണ്ടും വരേണ്ടത്. ഇല്ലാത്ത അനിയനെ കാണാനില്ലെന്ന കളവും ഞങ്ങള്‍ ബാവയോടു പറഞ്ഞു. ഒരു പ്രശ്‌നവുമില്ല, അനിയന്റെ ഒരു ഫോട്ടോ കൊണ്ടുവന്ന് കാണിച്ചാല്‍ ബാവ തിരിച്ചെത്തിക്കും. തത്കാലം ബാധയുടെ ഉപദ്രവമൊഴിവാക്കാന്‍ തലയണക്കീഴില്‍ വയ്ക്കാനെന്നുപറഞ്ഞ് ഒരു തകിടും ബാവ തന്നു.
ദക്ഷിണവെച്ച് തിരികെയിറങ്ങിയപ്പോള്‍ പിതാവ് കാര്യങ്ങള്‍ തിരക്കി. മേല്‍പ്പറഞ്ഞ സാധനങ്ങളുടെ കൂട്ടത്തില്‍ ആണിയും പറഞ്ഞുകാണുമെന്ന് അദ്ദേഹത്തിന് സംശയം. ബാധയൊഴിപ്പിക്കലിന് ആണി ഉപയോഗിച്ചുള്ള പ്രയോഗം ബാവ സ്ഥിരമായി ചെയ്യുന്നതാണത്രെ. ആണി പറഞ്ഞില്ലെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ മകനോട് ചോദിക്കാന്‍ അദ്ദേഹം തയ്യാറായി. ഇല്ല. ആണി പറഞ്ഞിട്ടില്ല.
സന്താനഭാഗ്യം ലഭിക്കാനാണ് കൂടുതല്‍ പേര്‍ ബാവയെ കാണാനെത്തുന്നത്. ആഴ്ചയില്‍ ഒന്നു രണ്ടു ദിവസം ഇവര്‍ക്കുമാത്രമായി നീക്കിവച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിന്ന് വിശ്വാസികള്‍ ബാവയെ കാണാനെത്തുന്നു. കോളനിയില്‍ നിന്നും മാളികയിലേക്കുള്ള ബാവയുടെ വളര്‍ച്ച നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കുമൊന്നും രസിച്ചിട്ടില്ല. സന്തോഷ്മാധവന്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഡി.വൈ.എഫ്.ഐക്കാര്‍ ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടാക്കിരുന്നെങ്കിലും ഇപ്പോള്‍ അവരും കീഴടങ്ങിയമട്ടാണ്. തിരികെ വരുമ്പോള്‍ ഞാന്‍ കാറിലിരുന്ന് തകിട് അഴിച്ചുനോക്കി. വെറുതെ എന്തൊക്കെയോ കുത്തിക്കുറിച്ചിരിക്കുന്നു. എങ്കിലും എന്റെ ബാവേ.. നേരെ ചൊവ്വേ പള്ളിക്കൂടത്തില്‍ പോലും പോയിട്ടില്ലാത്ത താന്‍ എങ്ങനെ പണമുണ്ടാക്കാം എന്നതിന് മാതൃകയാണെന്നതില്‍ സംശയമില്ല.
കൂടോത്രം റിട്ടേണ്‍ അടിക്കുന്ന മുസ്തഫാ ഉസ്താദ്