Tuesday 11 November 2014

[www.keralites.net] ഹീ ഈസ് മൈ സ്‌പെഷ്യല ്‍

 


 

തിളച്ചുമറിയുന്ന പ്രസരിപ്പോടെ അവര്‍ സ്‌കൂള്‍ മുറ്റത്തെ മരച്ചുവട്ടില്‍ വന്നിരുന്നു. ബാഗില്‍ സ്വിച്ച്ഓഫായി കിടന്ന ഫോണുകള്‍ ഓണ്‍ ചെയ്ത് തൊട്ടുനോക്കി. തട്ടിയും മൂളിയും അങ്ങോട്ടുമിങ്ങോട്ടും കളിപറഞ്ഞശേഷം മുഖത്ത് ഇത്തിരി ഗൗരവം പൂശി. ഫ്രണ്ട്ഷിപ്പെന്ന് കേട്ടപ്പോഴേക്കും ചറപറാന്ന് വീണു കുറേ നിര്‍വചനങ്ങള്‍. ''സുഹൃത്തുക്കളുണ്ടോ എന്നാല്‍ പ്രശ്‌നങ്ങള്‍ നമ്മളെ തേടിയെത്തും''. പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി അനുവിന്റെ വാക്കുകളെ കൂട്ടുകാരെല്ലാം കൈയ്യടിച്ചു പാസാക്കി.

''സൗഹൃദത്തിന് പ്രായഭേദങ്ങള്‍ ഇല്ല.'' ആ അശരീരിയെ കൈയ്യോടെ പിടിച്ചു. ''ഇവരെല്ലാം എന്റെ ഫ്രണ്ട്‌സാണ്. എന്നാലും ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ആണ്‍സുഹൃത്ത് എനിക്കുണ്ട്. പുള്ളിക്കാരന് ഇത്തിരി പ്രായക്കൂടുതലുമുണ്ട്. എന്റെ ഈ ഫ്രണ്ടിനെ അച്ഛനും അമ്മയ്ക്കും അറിയാം.'' ടിനി പാത്തുംപതുങ്ങിയും ഒരുതരത്തില്‍ തന്റെ സൗഹൃദത്തെ കൂട്ടുകാരുടെ മുന്നില്‍ വെളിപ്പെടുത്തി. എന്തോ കള്ളത്തരം കണ്ടുപിടിച്ച മട്ടില്‍ 'അമ്പടീ' എന്ന് കൂട്ടുകാരികള്‍. ആരെങ്കിലും തുടക്കം കുറിക്കാന്‍ കാത്തു നിന്നപോലെ വഴിയെ ഓരോരുത്തരും മുതിര്‍ന്നവരുമായുള്ള സൗഹൃദ കഥകളുടെ കെട്ടഴിച്ചു.

15 വയസ്സുകാരിക്ക് 30 വയസ്സുകാരനുമായി സൗഹൃദം? നെറ്റി ചുളിക്കാന്‍ വരട്ടെ, കോട്ടയത്തെ പതിനേഴുകാരി മെറിന് പറയാനുള്ളതു കൂടി കേട്ടുനോക്കൂ. ''അച്ഛനും അമ്മയും എനിക്ക് ഒരു കുറവും വരുത്താറില്ല. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ എന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അവര്‍ക്ക് സമയം കിട്ടാതെ പോകുന്നു. അതിനെനിക്ക് പരിഭവമില്ല. കുറച്ചു നാളുകളായി എന്റെ അഡൈ്വസറായും ഫ്രണ്ടായും എന്നെ മനസ്സിലാക്കുന്ന ഒരു കൂട്ടുകാരന്‍ എനിക്കൊപ്പമുണ്ട്. വീട്ടിലെ വിരുന്നുകളില്‍ ആ സുഹൃത്തും പങ്കാളിയാവാറുണ്ട്.'' ഇത് അട്രാക്ഷനോ പ്രണയമോ?. ''ഞാനും മെറിനും തമ്മില്‍ സുഹൃത്തുക്കളായിട്ട് എട്ട് മാസങ്ങള്‍ കഴിഞ്ഞു.

അവളുടെ കളിതമാശയും പരിഭവവുമെല്ലാം കാണുമ്പോള്‍ എനിക്കൊരു അനിയത്തി ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നാറുണ്ട്.'' വളരെ പക്വതയോടെ മെറിന്റെ മുതിര്‍ന്ന സുഹൃത്തായ രാകേഷ് പറഞ്ഞു. സ്‌നേഹത്തോടെയുള്ള കരുതലും അംഗീകാരവുമാണ് മെറിന് ആ സൗഹൃദം നല്‍കുന്നത്.

തന്നെക്കാള്‍ പ്രായമേറിയ പുരുഷന്മാരുമായോ സ്ത്രീകളുമായോ കൗമാരക്കാര്‍ക്ക് സൗഹൃദമുണ്ടാകാം. അമ്മയോടും അച്ഛനോടും പറയാന്‍ പറ്റാത്തത്, സമപ്രായക്കാരില്‍ നിന്നും കിട്ടാത്തതുമായ ചിലത് ഈ മുതിര്‍ന്ന സൗഹൃദങ്ങള്‍ക്ക് നല്കാന്‍ കഴിയുന്നു. ഈ സ്‌പെഷ്യല്‍ സൗഹൃദങ്ങള്‍ ചിലപ്പോഴെങ്കിലും ചൂഷണങ്ങളിലേക്കും വഴിവിട്ട ബന്ധങ്ങളിലേക്കും ചെന്നുവീഴാറുമുണ്ട്.

സ്‌നേഹവും കരുതലും


സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ആണ്‍കുട്ടികളെ വെല്ലാന്‍ ആരുമില്ലെന്ന് കൊച്ചിയിലെ മച്ചാന്‍സ്. 'കട്ടന്‍സ്' എന്ന ഗ്യാങ്ങിന്റെ ലീഡര്‍ സാം തന്നെ ആദ്യം പറഞ്ഞു തുടങ്ങി. ''ഞങ്ങള്‍ക്ക് 'ഫ്രണ്ട്‌സ്' എന്നു പറഞ്ഞാല്‍ ഒന്നൊന്നര വീക്ക്‌നെസ്സാണ്. അത് ആണായാലും പെണ്ണായാലും പ്രായം കൂടിയതാണെങ്കിലും അല്ലെങ്കിലും... സ്ഥിരമായി ആലപ്പുഴയില്‍ നിന്ന് ട്രെയിനിലാണ് ഞാന്‍ വരാറ്. ട്രെയിനില്‍ നിന്നു പരിചയപ്പെട്ട ഒരു ചേച്ചിയുമായി ഞാന്‍ നല്ല സൗഹൃദത്തിലാണ്. ഇവിടെ എത്തുന്നതുവരെ ഓരോ കാര്യങ്ങള്‍ സംസാരിച്ചിരിക്കും. എന്റെ അഫെയര്‍ ചീറ്റിപ്പോയപ്പോള്‍ ചേച്ചി തന്ന സപ്പോര്‍ട്ടും കെയറും വളരെ വലുതാണ്. ഇടയ്ക്ക് എന്റെ അസൈന്‍മെന്റുകളൊക്കെ ചെയ്തുതരും.'' സാമിന്റെ വീമ്പുപറച്ചില്‍ കേട്ട് സഹികെട്ട ശരത് തൊടുത്തു ഒരമ്പ്. ''ഹാ വെറുതെയല്ല, ഇവന്‍ ആ ഫ്രണ്ട്ഷിപ്പ് വിടാത്തത്. ആ ചേച്ചി പോയാല്‍ പിന്നെ ആരെക്കൊണ്ട് അസൈന്‍മെന്റുകള്‍ ചെയ്യിക്കും.'' കൂകി വിളികളും അട്ടഹാസങ്ങളും ചേര്‍ന്ന് ലീഡറെ ഒറ്റപ്പെടുത്തി.

''പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഇങ്ങനെയുള്ള സൗഹൃദങ്ങള്‍. അന്നൊക്കെ 'പെന്‍ഫ്രണ്ടെ'ന്നാ പറഞ്ഞിരുന്നെ. കത്തുകളിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കും.'' ഇതൊന്നും ഇപ്പോള്‍ പൊട്ടിമുളച്ചതല്ലെന്ന ഭാവത്തില്‍ നാല്പതുകാരിയായ ലക്ഷ്മിയുടെ മുഖം കറുത്തു.
 

ഇത്തരം സൗഹൃദങ്ങള്‍ കുഴപ്പങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കാന്‍ അധികദൂരം പോകേണ്ടിവന്നില്ല. പത്തനംതിട്ടയിലെ വീട്ടില്‍, ജോലിക്കുപോയ മകളെയും കാത്തിരിക്കുന്ന അമ്മ ജോളിയുടെ വാക്കുകള്‍ ഇടറി. ''എന്റെ മോള് പ്ലസ്ടു പഠിക്കുന്ന സമയത്ത് എന്നും എന്നോട് വഴക്കിടും. അവളുടെ അച്ഛനും ഞാനും വിവാഹബന്ധം വേര്‍പ്പെടുത്തിയ നാളുകളായിരുന്നു. മോള് ദേഷ്യവും വാശിയും കാണിക്കുന്നത് പതിവായപ്പോള്‍ ഞാന്‍ മന:ശാസ്ത്രജ്ഞനെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാന്‍ തകര്‍ന്നുപോയി. ഞങ്ങള്‍ പിരിഞ്ഞശേഷം അവള്‍ക്ക് അച്ഛനില്‍ നിന്ന് കിട്ടിയിരുന്ന സ്‌നേഹവും കരുതലും നഷ്ടമായി. ഇവള്‍ അത് കണ്ടെത്തിയതാകട്ടെ, സ്‌കൂള്‍ ബസ് ഡ്രൈവറില്‍ നിന്നാണ്. അടുത്തിരുന്ന്, വിശേഷങ്ങള്‍ ചോദിച്ച് അവര്‍ തമ്മില്‍ വളരെ കൂട്ടായി. എന്നാല്‍ ഈ ബന്ധം എന്റെ മോളെ ലൈംഗിക ചൂഷണത്തിനുംഇരയാക്കുകയായിരുന്നു. ആ മാനസികാവസ്ഥയില്‍ നിന്ന് കരകയറാന്‍ അവള്‍ ഒരുപാട് സമയമെടുത്തു.'' കൃത്യസമയത്തുള്ള ആ അമ്മയുടെ ഇടപെടല്‍ കൊണ്ട് അവര്‍ക്ക് മകളെ തിരിച്ചുകിട്ടി. ഇതും നേരത്തെ പറഞ്ഞ മുതിര്‍ന്ന സൗഹൃദത്തിന്റെ മറ്റൊരു മുഖമാണ്. അച്ഛന്റെ പ്രായം, അമ്മയെപോലെ, അങ്കിളല്ലേ...എന്നൊക്കെ പറഞ്ഞ് മക്കള്‍ മറ്റുള്ളവരുമായി ഇടപെഴകുമ്പോള്‍ അല്പം ശ്രദ്ധ കൊടുക്കാം.

നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് വന്ന 'മമ്മിമി' സിനിമയില്‍ ജുവലിന്റെയും അജ്ഞാത സുഹൃത്തിന്റെയും സൗഹൃദം നമ്മളെ ഒരുപാട് രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതാണ്. അമ്മയോട് ഒരു വിധത്തിലും അടുക്കാത്ത ആ കഥാപാത്രത്തെ മാറ്റിയെടുക്കുന്നത് അജ്ഞാത സുഹൃത്തിന്റെ വാക്കുകളാണ്. ''കരുതലും സ്‌നേഹവും ഒരുപാട് ആഗ്രഹിക്കുന്ന പ്രായമാണ് കൗമാരം. ചെയ്യുന്ന തെറ്റിനെ നമുക്ക് ചൂണ്ടിക്കാണിക്കാം. എന്നാല്‍ അച്ഛനമ്മമാര്‍ അത് ചെയ്യുമ്പോള്‍ ശാസനയുടെയും അധികാരത്തിന്റെയും സ്വരമായി കരുതും. മുത്തശ്ശനോ മുത്തശ്ശിയോ പറയുമ്പോള്‍ അത് ജനറേഷന്‍ ഗ്യാപും. എന്നാല്‍ വീട്ടുകാര്‍ അറിഞ്ഞുകൊണ്ടുള്ള സൗഹൃദം അവിടെ സുരക്ഷിതമാണ്.'' കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ.മിനി.കെ.പോള്‍ പറയുന്നു.

അപൂര്‍വമായെങ്കിലും പല ബന്ധങ്ങളും ലൈംഗികതയിലേക്ക് വഴിമാറിപ്പോകുന്നതായും കാണുന്നുണ്ട്. കൊല്ലം ജില്ലയില്‍ നടന്ന ഒരു സംഭവം ഡോ.ഗിരീഷ് ഓര്‍ക്കുന്നു. ഒരു സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടര്‍ പ്രാക്ടീസ് നടത്തുന്ന വിദ്യാര്‍ത്ഥിനി. അവളുടെ സീനിയറും വിവാഹതനുമായ മുതിര്‍ന്ന ഡോക്ടറുമായി സൗഹൃദത്തിലാകുന്നു. എന്തും പരസ്പരം പങ്കുവെയ്ക്കാം എന്ന സ്ഥിതിയിലായി. അവര്‍ ഒന്നിച്ചിരുന്ന് നീലച്ചിത്രങ്ങള്‍ കാണുന്നു, ഒരു മുറിയില്‍ താമസിക്കുന്നു.. വളരെ പെട്ടെന്ന് അത് ലൈംഗികതയിലേക്കും എത്തുകയായിരുന്നു. മുതിര്‍ന്ന പുരുഷന്മാരിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥയെ 'ലോലിത കോംപ്ലെക്‌സ്'എന്നാണ് വിളിക്കുന്നത്. ലൈംഗികതയല്ല, അതിന്റെ അവസാനത്തെ വാക്ക്. മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും കരുതലുമാണ്. പക്ഷേ ഇതിന്റെ ഒടുക്കം ലൈംഗികതയിലേക്കാണ്. '' സംസ്ഥാന ആരോഗ്യവകുപ്പിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ഗിരീഷ് പറയുന്നു.

ചില ആണ്‍കുട്ടികള്‍ക്ക് മുതിര്‍ന്ന സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക ആസക്തി തോന്നാം. ഈ മാനസികാവസ്ഥയെയാണ് 'ജെറന്റോഫീലിയ' എന്ന് വിളിക്കുന്നത്. ഇവര്‍ക്ക് മുതിര്‍ന്ന സ്ത്രീകളോട് എളുപ്പത്തില്‍ മാനസിക അടുപ്പമുണ്ടാവും. പക്ഷേ അതില്‍ 95 ശതമാനവും ലൈംഗിക ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. സാധാരണ പെണ്‍കുട്ടികളുടെ മാനസിക വളര്‍ച്ചയും ആണ്‍കുട്ടികളുടെ മാനസിക വളര്‍ച്ചയും തമ്മില്‍ വ്യത്യാസമുണ്ട്. 18 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് 30 വയസ്സുള്ള പുരുഷന്മാരുമായി വേഗത്തില്‍ അടുക്കാന്‍ സാധിക്കുന്നു. ഒരുപക്ഷേ അതാവാം നമ്മുടെ അച്ഛനമ്മമാരടക്കം പ്രായവ്യത്യാസമുള്ള ദാമ്പത്യജീവിതത്തിന്റെ വിജയരഹസ്യം.

 

എന്നെയും സുഹൃത്താക്കാമോ

ആരാധന മൂത്ത് തന്റെ ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച 16 വയസ്സുകാരനെ ഓര്‍ക്കുകയാണ് കോഴിക്കോട്ടെ എഫ്.എം ജോക്കി സ്വാതി. ''തുടര്‍ച്ചയായ ഫ്രണ്ട് റിക്വസ്റ്റുകള്‍ അയച്ചുകൊണ്ടിരുന്ന അവന് എന്റെ ശബ്ദത്തോടുള്ള ഇഷ്ടമായിരുന്നു ആദ്യം. പിന്നീട് ഒരു ചേച്ചിയോടെന്നപോലെ എന്റെടുത്ത് സ്‌കൂളിലെയും വീട്ടിലെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും തുടങ്ങി. ഒരു വര്‍ഷമായി ഇന്നും മുടങ്ങാതെ അവന്‍ എനിക്ക് മെസേജ് ചെയ്യുന്നു.'' സാധാരണ കേള്‍വിക്കാരനോട് തോന്നുന്നതിലുപരി ഒരു അനുജനോടുള്ള വാത്സല്യവും സ്‌നേഹവുമാണ് സ്വാതിക്ക് ആ കുഞ്ഞുസുഹൃത്തിനോടുള്ളത്.

എഫ്ബി, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളില്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താത്ത ഐഡികളാണ് പലപ്പോഴും വില്ലന്‍മാരാവുന്നത്. ''നേരിട്ടുകണ്ടില്ലെങ്കിലും ചാറ്റിങ്ങിലൂടെ നമുക്ക് അവരെ ഏകദേശം മനസ്സിലാക്കാന്‍ സാധിക്കും. പിന്നെ, ഇത്തരം സൗഹൃദങ്ങള്‍ നമ്മുടെ ആവശ്യങ്ങള്‍ തുറന്നു പറയാനുള്ള ഒരു പ്ലാറ്റ്‌ഫോം ആയി മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു 30കഴിഞ്ഞ സ്ത്രീകളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ കാണാം ഒരുപാട് 18കഴിഞ്ഞ ആണ്‍സുഹൃത്തുക്കളെ.'' അജ്ഞാത സുഹൃത്തുക്കളെ കൈകാര്യം ചെയ്ത പരിചയത്തോടെ മലപ്പുറം പോളിടെക്‌നിക് വിദ്യാര്‍ത്ഥി അമല്‍.

വീട്ടുകാരോടോ സമപ്രായക്കാരോടോ അപകര്‍ഷതാബോധം കൊണ്ട് മറച്ചുവെക്കുന്ന കാര്യങ്ങള്‍ തന്റെ ആരുമല്ലാത്ത ഒരാളോട് പങ്കുവെയ്ക്കുമ്പോള്‍ ഒരു തരം ആത്മസംതൃപ്തി ഇവര്‍ക്ക് കിട്ടുന്നു. ഇത്തരം സൗഹൃദങ്ങള്‍ക്കിടയില്‍ സെക്‌സ്ടിങ് വളരെ വ്യാപകമായി നടക്കുന്നുവെന്ന് പറയുന്നു ഡോ. ഗിരീഷ്. ലൈംഗികമായി ബന്ധപ്പെട്ട വീഡിയോകളും മെസേജുകളും കൈമാറുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. സൗഹൃദത്തിന്റെ നിര്‍വചനങ്ങളോട് ഒട്ടും യോജിക്കാത്ത ബന്ധങ്ങളാണ് ഇവയെല്ലാം എന്നത് നിസ്സംശയം പറയാം. ഇതെല്ലാം നമ്മുടെ കേരളത്തില്‍ തന്നെ.
 
 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment