Thursday 9 October 2014

[www.keralites.net] മെഹക്-സാന്ത്വനത്തി ന്റെ സൗരഭ്യം

 

മെഹക്-സാന്ത്വനത്തിന്റെ സൗരഭ്യം
കെ.എ.ബീന

 


ഓരോ നാടും ഓരോ കാലവും ഓരോ ഭ്രാന്തന്മാരെ കാത്തുവെച്ചിരുന്നു, നാട്ടു മിത്ത് ആയി, കുട്ടികള്‍ക്ക് പേടിസ്വപ്നമായി, നാട്ടുകാര്‍ക്ക് തമാശയ്ക്കും പരിഹാസക്കഥകള്‍ക്കുമായി. ഭ്രാന്തന്റെ മനസ്സ് ആരും കണ്ടില്ല. രോഗം ബാധിച്ച മനസ്സ് ആര്‍ക്ക് വേണം?
വൈക്കം മുഹമ്മദ് ബഷീറാണ് പറഞ്ഞുതന്നത്:

ഭ്രാന്ത് സുന്ദരമാണെന്ന് -
സുരഭിലമാണെന്ന് -
സൗരഭ്യമുള്ളതാണെന്ന് -

''എനിക്ക് ലേശം കിറുക്കുണ്ട് '' എന്നു പറയാനും എഴുതാനും മടിക്കേണ്ട കാര്യമില്ലെന്ന്..
ഭ്രാന്ത് ആര്‍ക്കും വരാമെന്ന തിരിച്ചറിവ് മലയാളികള്‍ക്ക് ഉണ്ടാക്കിയതും ബഷീറാണ്, ചികിത്സിച്ചാല്‍ മാറുന്നതാണ് ഭ്രാന്ത് എന്നും പറയാനും ബഷീര്‍ മറന്നില്ല - അനുഭവത്തിലൂടെ, ജീവിതത്തിലൂടെ.

എം.ടി.വാസുദേവന്‍നായര്‍ 'ഇരുട്ടിന്റെ ആത്മാവ്' എന്ന കഥയിലൂടെ ഭ്രാന്തനും ഹൃദയമുണ്ടെന്ന്, സ്‌നേഹമുണ്ടെന്ന്, പ്രണയമുണ്ടെന്ന്, പ്രണയനഷ്ടമുണ്ടെന്ന് കാട്ടിത്തന്നു. ഭ്രാന്തന്‍ വേലായുധന്റെ ചങ്ങലക്കിലുക്കം ബോധധാരകളില്‍ പുതിയ സന്ദേശങ്ങള്‍ നല്‍കി. അമ്മുക്കുട്ടി കൂടി തള്ളിപ്പറഞ്ഞപ്പോള്‍ ഭ്രാന്തന്‍ വേലായുധന്‍ ''എന്നെ ചങ്ങലക്കിടൂ' എന്നു പറയുന്നത് കണ്ണിലും നെഞ്ചിലും ചോര പൊടിഞ്ഞാണ് മലയാളി വായിച്ചുതീര്‍ത്തത്, സിനിമയില്‍ കണ്ടിരുന്നത്. ക്രിയാത്മകതയുടെ വെളിപാടുകള്‍ ലോകമെങ്ങും മാനസികാവസ്ഥകളെ തകിടം മറിച്ച കഥകള്‍, കാര്യങ്ങള്‍. അതൊന്നും ഭ്രാന്തിന്, മനോരോഗത്തിന് അംഗീകാരം നല്‍കിയില്ല. അഭിശപ്തമായ ദുരന്തംപോലെ ഇന്നും മനോരോഗം നമ്മുടെ സമൂഹത്തില്‍ ചികിത്സിച്ചാലും, പരിചരിച്ചാലും മാറാത്ത അവസ്ഥയെന്ന പേരുദോഷവുമായി നിലനില്‍ക്കുന്നു.

മനചാഞ്ചല്യമുള്ളവര്‍ നാട്ടുവഴികളിലും നഗരപാതകളിലും എപ്പോഴും കടന്നുവരാവുന്ന ഒരു പേടിസ്വപ്നം തന്നെ ഇന്നും. വീട്ടകങ്ങളില്‍ ചിതറിപ്പോയ ചിന്തകളും ഉടഞ്ഞുവീണ ജീവിതങ്ങളും പേറി, മനസ്സിടറിയവര്‍ ദൈന്യതയുടെ ചങ്ങലക്കെട്ടുകളില്‍ ചുരുണ്ടുകൂടി നിസ്സഹായമായ തേങ്ങലുകളായി ജീവിക്കുന്നു.

മാറിമാറി കടന്നുവന്ന രോഗങ്ങള്‍ക്കെല്ലാം ചികിത്സയുണ്ടെന്ന് കാലം തെളിയിക്കുമ്പോഴും മാനസികരോഗം വിമുക്തിക്കതീതമാണെന്ന് പണ്ടേ പറഞ്ഞുവച്ചത് തിരുത്താന്‍ ഇനിയും മടിക്കുന്നു സമൂഹം. ലോകം മുഴുവന്‍ ഇതിനെതിരെ ചിന്തിക്കുന്നു, പറയുന്നു. ഓരോ ഒക്ടോബര്‍ പത്തും ലോകമാനസികാരോഗ്യ ദിനാചരണങ്ങള്‍ നടത്തി കടന്നുപോകുന്നു. ഏതു നിമിഷവും ആര്‍ക്കും നഷ്ടപ്പെടാവുന്ന സമനില മാത്രമാണ് മനസ്സിനുള്ളതെന്നറിയാതെ നമ്മള്‍ ഇപ്പോഴും പറയുന്നു:

''രക്ഷയില്ലാത്തൊരു രോഗം, കഷ്ടം''.

 


മെഹക്കിനെക്കുറിച്ച് അറിയുന്നതുവരെ, ചിത്രാവെങ്കടേശ്വരനെ പരിചയപ്പെടുന്നതുവരെ കുതിരവട്ടവും, ഊളമ്പാറയുമെന്ന അഭിശപ്ത മിത്തുകളില്‍ മാനസികരോഗ ചികിത്സ കുടുങ്ങിക്കിടക്കുകയായിരുന്നു. മാനസികരോഗപരിചരണം ഇങ്ങനെയുമാവാം, അല്ലെങ്കില്‍ എങ്ങനെയാണ് മനസ്സിന്റെ വഴികളില്‍ ഇടര്‍ച്ചകളുണ്ടാവുന്നവരോട് മറ്റുള്ളവര്‍ പെരുമാറേണ്ടത് എന്ന് മെഹകിലൂടെയാണ് അറിഞ്ഞത്.

2008-ല്‍ ന്യൂഡല്‍ഹിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്ത് ആരംഭിച്ച മെഹക് എന്ന മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (Mental health care and research foundation) സാന്ത്വനത്തിന്റെയും പരിചരണത്തിന്റെയും വഴിയിലൂടെ മാനസികരോഗ ചികിത്സ സാദ്ധ്യമാക്കാനാവുമോ എന്ന ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ പരീക്ഷണമാണ്.

സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ, തദ്ദേശഭരണസ്ഥാപനങ്ങളുടെ ആത്മാര്‍ത്ഥമായ പദ്ധതികളിലൂടെ, പ്രാദേശിക സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തെവിടെയും നടപ്പിലാക്കാവുന്ന മികച്ചൊരു മോഡല്‍ തന്നെ സൃഷ്ടിച്ചെടുക്കാന്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ട് മെഹകിന് കഴിഞ്ഞിരിക്കുന്നു. മാനസികാരോഗ്യ പരിചരണത്തെക്കുറിച്ച് മാറ്റി ചിന്തിക്കാന്‍ മെഹക് മുന്നോട്ട്‌വെയ്ക്കുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്ത്വബോധം ഉണര്‍ത്തുന്നതിലൂടെയാണ്.

മെഹകിന്റെ കഥ ഡോ. ചിത്രയുടെയും കഥയാണ്. സുഹൃത്തുക്കളും കുടുംബവും കഥയില്‍ മികവോടെ ഒപ്പമുണ്ട്. ആത്മാര്‍ത്ഥതയുടെയും മാനവികബോധത്തിന്റെയും വറ്റാത്ത കനിവിന്റെയും ഉറപ്പ് നല്‍കുന്ന ഒരനുഭവം കൂടിയാണത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പാസ്സായി, ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അനസ്തസേ്യാളജിയില്‍ പോസ്റ്റ് ഗ്രാജേ്വഷന് പഠിക്കുമ്പോള്‍ ചിത്ര സന്ദേഹത്തിലായി:

''ഇതാണോ ഞാന്‍ ശരിക്കും ചെയ്യേണ്ടത്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്റെ ജീവിതം എന്തായിരിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ നിറഞ്ഞു. മെഹക് ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു... നിസ്സഹായരും, നിരാലംബരും, സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരുമായ മാനസികരോഗികള്‍ക്കിടയിലാണ് ഡോക്ടര്‍ എന്ന നിലയിലുള്ള എന്റെ ജീവിതത്തിന് പ്രസക്തി എന്ന് എനിക്ക് ഉറപ്പായി.'' ആ ഉറപ്പിലാണ് ചിത്ര ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പഠനം നിര്‍ത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൈക്കിയാട്രിയില്‍ പോസ്റ്റ്ഗ്രാജേ്വഷന് ചേര്‍ന്നത്.

''കോഴിക്കോട് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ഉടലെടുത്ത നാളുകള്‍ കൂടിയായിരുന്നു അത്. ശരീരത്തിന്റെ വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കുമാണ് പാലിയേറ്റീവ് കെയര്‍ പ്രാധാന്യം നല്‍കിയിരുന്നത്. മാറാരോഗങ്ങള്‍ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥകള്‍ക്കും പരിചരണം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി. പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എന്റെ ചിന്തകള്‍ ഗൗരവമായെടുത്തു. പാലിയേറ്റീവ് കെയറിലേക്ക് സൈക്കിയാട്രി കടന്നുവന്നത് അങ്ങനെയാണ്. ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ക്കാണ് അതുവരെ പാലിയേറ്റീവ് കെയര്‍ സാന്ത്വനപരിചരണം നല്‍കിയിരുന്നത്. അവരുടെ മാനസികപരിപാലനം ഏറ്റെടുത്ത് നടത്തുന്നതിനിടയിലാണ് മാനസികരോഗികള്‍ കടന്നുപോകുന്നത് ഇതിനൊപ്പമോ അതിലേറെയോ ദയനീയമായ സാഹചര്യങ്ങളിലൂടെയാണെന്ന് തിരിച്ചറിഞ്ഞത്. ''

 


മാനസിക രോഗചികിത്സ ഇനിയും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലാത്ത മേഖലയാണ്. മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മാനസികരോഗങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ശരിയായ ചികിത്സയും പരിചരണവും രോഗവിമുക്തിയും ലഭിക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നു. ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗാവസ്ഥയാണ് ഇതുമെന്ന് ഒരുപാട്‌പേര്‍ക്ക് അറിയില്ല. രോഗി മാത്രമല്ല കുടുംബവും സാമൂഹികമായ ഒറ്റപ്പെടല്‍ നേരിടേണ്ടി വരുന്നത് സാധാരണമാണ്. ശാരീരിക രോഗങ്ങള്‍ ഉള്ളവരോട് കാട്ടുന്ന കരുണയോ,സഹതാപമോ മാനസിക രോഗികള്‍ക്ക് കിട്ടാറില്ല.

ഇത്തരം രോഗങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ മറ്റൊരു കടമ്പയാണ്. മന്ത്രവാദത്തിലൂടെയും പൂജകളിലൂടെയുമൊക്കെ രോഗം മാറ്റിയെടുക്കാമെന്ന് കരുതുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്.

മാനസികരോഗം ബാധിച്ചവര്‍ ആശുപത്രികളിലേക്ക് വരാനും, ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടാനും മരുന്നുകള്‍ വാങ്ങി കഴിക്കാനും തയ്യാറാകാത്തതിന് കാരണങ്ങള്‍ ഏറെയാണ്. സമൂഹം ''ഭ്രാന്തനെ'' ന്ന് മുദ്രകുത്തുമെന്ന ഭയം, എവിടെ ചികിത്സ കിട്ടുമെന്ന് അറിയാത്തത് മറ്റൊന്ന്, എല്ലാത്തിനുപരി സാമ്പത്തിക പരാധീനകള്‍.

''ചികിത്സയുമായി രോഗികളിലേക്ക് ചെല്ലുകയാണ് ശരിയായ മാര്‍ഗ്ഗമെന്ന് എനിക്ക് ഉറപ്പായി. പാലിയേറ്റീവ് കെയറിലെ അനുഭവങ്ങളാണ് ആ ഉറപ്പ് തന്നത്. തുടക്കത്തില്‍ മലപ്പുറത്തും വയനാട്ടിലും പാലിയേറ്റീവ് കെയറിനൊപ്പം മാനസികരോഗികള്‍ക്കും സാന്ത്വനമെത്തിക്കാനുള്ള പരിപാടികള്‍ നടത്തി. മാനസികരോഗത്തെക്കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്ക് ഗുണഫലങ്ങള്‍ ഉണ്ടായി. ഇത് നല്‍കിയ ആത്മവിശ്വാസമാണ് ''മെഹകി'' ന് പ്രേരണയും ധൈര്യവും നല്‍കിയത്.''

''മെഹക്'' എന്ന വാക്കിന് ഉറുദുവില്‍ ''സൗരഭ്യം'' എന്നാണര്‍ത്ഥം. ഇരുളടഞ്ഞ ജീവിതങ്ങളില്‍ പ്രകാശവും സൗരഭ്യവും പരത്തുന്നതിനുള്ള ശ്രമങ്ങള്‍ മെഹക് ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നു.

ഡോക്ടറും സംവിധാനങ്ങളും രോഗിക്ക് വേണ്ടി ചെല്ലുക എന്ന മെഹക്കിന്റെ രീതി വിജയം കണ്ടു. സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഒ.പികള്‍ (out patient വിഭാഗങ്ങള്‍) ഓരോ പ്രദേശത്തും തുടങ്ങി. കൃത്യമായി ചികിത്സ നല്‍കി. ഡോക്ടറും പരിചാരകരും മാത്രം വിചാരിച്ചാല്‍ വിജയിക്കുന്ന ഏര്‍പ്പാടല്ല ഇത്, സമൂഹം കൂടെയുണ്ടാവണം. ഓരോ പ്രദേശത്തെയും പഞ്ചായത്തിന്റെയും സന്നദ്ധസംഘടനകളുടെയും തല്‍പ്പരരായ മനുഷ്യരുടെയും സഹകരണത്തോടെ ചികിത്സാപരിപാടികള്‍ നടപ്പിലാക്കുകയാണ് മെഹക് ചെയ്യുന്നത്.

ആലപ്പുഴ,പാലക്കാട്, എറണാകുളം,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇപ്പോള്‍ മെഹക് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ ജില്ലയിലെ മുഹമ്മഗ്രാമപഞ്ചായത്തില്‍ മെഹകിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാനസികരോഗ സാന്ത്വന ചികിത്സ രാജ്യത്ത് മറ്റെവിടെയും സ്വീകരിച്ച് നടപ്പാക്കാവുന്ന ഒരു മാതൃകയായി മാറിയിരിക്കുന്നു. ഡോക്ടറും കൗണ്‍സിലറും രോഗികളെ തേടി ക്ലിനിക്കുകളിലും ആവശ്യമുള്ള രോഗികളുടെ വീടുകളിലും കൃത്യമായെത്തുകയും സൗജന്യമായി മരുന്നുകള്‍ നല്‍കുകയും ചെയ്യുമ്പോള്‍ മരുന്നുകളിലൂടെ രോഗവിമുക്തി ഉണ്ടാക്കുന്നതിനൊപ്പം രോഗിയിലും കുടുംബാംഗങ്ങളിലും നിരന്തരമായ സാന്നിദ്ധ്യം കൊണ്ട് സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു. മെഹക് രീതിയുടെ പ്രതേ്യകതയും പ്രാധാന്യവും ഇതാണെന്ന് പറയാം. ഇക്കാലം വരെ മാനസികാസ്വാസ്ഥ്യമുള്ളതുകൊണ്ട് സമൂഹത്തില്‍ നിന്ന് ബഹിഷ്‌ക്കരണം നേരിട്ടിരുന്നവര്‍ക്ക് പ്രതേ്യകപരിചരണവും പരിഗണനയും ലഭിക്കുമ്പോള്‍ ഉണ്ടാവുന്ന മാറ്റം ചെറുതല്ല. ജീവിതം തിരിച്ചെടുക്കാന്‍ പലര്‍ക്കും ഈ സാന്നിദ്ധ്യം പ്രാപ്തി നല്‍കുന്നു.

 


ഒറ്റത്തവണ ചികിത്സകൊണ്ട് ഭേദമാക്കാവുന്നതല്ല മാനസിക രോഗം. നിരന്തരമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കാനാവുന്നത് അവിടെയാണ്. രോഗവിമുക്തി നേടിയവര്‍ക്ക് ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ തൊഴില്‍ പരിശീലനം (കയര്‍, മെഴുകുതിരി, പേപ്പര്‍ ബാഗുകള്‍, പൂക്കള്‍ എന്നിവ ഉണ്ടാക്കല്‍, കൃഷി )നല്‍കുന്നതിനും അതിലൂടെ ആത്മവിശ്വാസവും വരുമാനവും ഉണ്ടാക്കാനും ശദ്ധിക്കുന്നു. മാനസികരോഗചികിത്സയില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനാണ് മെഹക് ശ്രമിക്കുന്നത്.

സുമനസ്സുകളുടെ സ്‌നേഹപൂര്‍ണ്ണമായ സഹകരണം- മെഹക്കിനെ നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ്. ജീവിതത്തിലേക്ക് മടങ്ങിവന്നവരാണ് മെഹകിന്റെ ബാക്കിപത്രമെന്ന് ഡോ. ചിത്ര പറയുന്നു.

''ഇന്നലെ അമ്മ ഒരുവട്ടം ചിരിച്ചു'', ''മകന്‍ കളിച്ചു'', ''രണ്ട് വാക്ക് മിണ്ടി'' എന്നൊക്കെ രോഗികളുടെ ബന്ധുക്കള്‍ പറയുന്നത് എത്രമാത്രം സന്തോഷത്തോടെയാണെന്നോ. അവരെ സംബന്ധിച്ച് അത് ഏറെ വലുതാണ്. രോഗം മാറി ജീവിതത്തിലേക്ക് മടങ്ങിവന്ന നിരവധി നിരവധി പേരുണ്ട്.

''ആദ്യം ഞങ്ങള്‍ ചെല്ലുമ്പോള്‍ ശശി ചങ്ങലയിലായിരുന്നു. ഇരുട്ട് നിറഞ്ഞ മുറിയില്‍ ..ഒരു അലുമിനിയം പാത്രം വെള്ളവും ഭക്ഷണവും കൊടുക്കാന്‍ വച്ചിട്ടുണ്ട്.ഭാര്യയും മക്കളും വിട്ടുപോയി. അനിയനും കുടുംബവുമാണ് നോക്കുന്നത്. അനിയന്റെ ഭാര്യയ്ക്കും മാനസിക അസ്വസ്ഥതകളുണ്ട്. എന്നും വൈകിട്ട് അനിയന്‍ (മത്സ്യത്തൊഴിലാളിയാണ്) കുറച്ചുനേരം ചങ്ങലയില്‍ നിന്ന് അഴിച്ചുവിടും. ഞങ്ങള്‍ ശശിയെ മുഹമ്മയിലുള്ള ബ്രദര്‍ സജിയുടെ മരിയ സദനത്തിലാക്കി, മരുന്നും ചികിത്സയും നല്‍കി. ഇപ്പോള്‍ ശശി ചങ്ങലയിലല്ല. പഴയമട്ടൊക്കെ മാറിയപ്പോള്‍ ഭാര്യയും മക്കളും മടങ്ങിവന്നു. മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും ശശി സമാധാനത്തോടെ ജീവിക്കുന്നുണ്ട്.
മറ്റൊന്ന് പാലക്കാട്ടുകാരി സുശീലയാണ്. തെരുവില്‍ കഴിഞ്ഞിരുന്ന സുശീലയെ എലപ്പുള്ളിയിലെ സ്‌നേഹതീരം ട്രസ്റ്റുകാരാണ് മെഹകിന്റെ ശ്രദ്ധയിലെത്തിച്ചത്. ഞങ്ങള്‍ സ്‌നേഹഭവനിലേക്ക് മാറ്റി. ചികിത്സയ്ക്കിടയില്‍ ചാടിപ്പോയപ്പോള്‍ സുശീലയെ കണ്ടുപിടിച്ച് വീണ്ടും സ്‌നേഹഭവനത്തിലെത്തിച്ചു. ഇപ്പോള്‍ സുശീല പാലക്കാട്ട് വീട്ടിലാണ്, ജോലിക്ക് പോകുന്നുണ്ട്.

സ്ഥിരമായി കായലില്‍ ചാടുമായിരുന്നു രാമചന്ദ്രന്‍. ചികിത്സ ആ സ്വഭാവം മാറ്റിയെടുത്തു. ഇപ്പോള്‍ പുല്ല് പറിച്ചുവിറ്റ് ജീവിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു. ''

സാമ്പത്തികശേഷിയില്ലാത്ത നിരവധി രോഗികളുടെ ജീവിതം മെച്ചപ്പെടുത്തിയെടുക്കുമ്പോള്‍ ചിത്രയ്ക്ക് തീര്‍ച്ചയാകുന്നു:
''എനിക്ക് ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇങ്ങനെയല്ലാതെ ജീവിക്കാനാവില്ല.''

മെഹക് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചിത്രയ്ക്ക് ഉല്‍ക്കണ്ഠയുണ്ട്:

''പാവപ്പെട്ട രോഗികളെ ചികിത്സിക്കാനും പരിപാലിക്കാനും സ്വമേധയാ തയ്യാറാവുന്ന സൈക്കിയാട്രിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളെയുമാണ് ഇന്നാവശ്യം. അവരിലൂടെ മാത്രമേ മെഹകിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും വ്യാപിപ്പിക്കാനും കഴിയൂ. കൂടുതല്‍ പേരിലേക്ക് എത്തിച്ചേരണമെന്ന് ആഗ്രഹിക്കുമ്പോഴും പരിപാടികള്‍ ആവിഷ്‌കരിക്കുമ്പോഴും മെഹക്കിനെ പിന്നോട്ടു വലിക്കുന്നത് ഡോക്ടര്‍മാരുടെ കുറവാണ്.''

അമിതമായ മദ്യപാനാസക്തിയും ആത്മഹത്യപ്രവണതകളും മറ്റും മറ്റും ആയി അനുദിനം താഴുന്ന മാനസികാരോഗ്യ ഗ്രാഫ് ആണ് കേരളത്തിന്റേത്. നമ്മുടെ മാനസിക ചികിത്സാ മേഖല (സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ) ഈ വെല്ലുവിളി നേരിടാന്‍ ഇനിയും പര്യാപ്തമായിട്ടില്ല.ദീര്‍ഘവീക്ഷണത്തോടെ, ആത്മാര്‍ത്ഥതയോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പരിപാടികളിലൂടെ മാത്രമേ ഈ രംഗത്ത് മാറ്റം സാദ്ധ്യമാവൂ..മെഹകിനെ പോലെയുള്ള സന്നദ്ധ സംഘടനകളുടെ പ്രസക്തി ഇവിടെയാണ്.

 


പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന മാനസികാരോഗ്യ ചികിത്സാ രംഗത്ത് മെഹക് പോലെയുള്ള സംരംഭങ്ങള്‍ ധാരാളമായി ഉണ്ടാകേണ്ടിയിരിക്കുന്നു. മാനസിക രോഗചികിത്സാകേന്ദ്രത്തിലെ അപര്യാപ്തതകള്‍ നേരിട്ടനുഭവിച്ച വൈക്കം മുഹമ്മദ് ബഷീര്‍ എഴുതി.
''എന്റെ ജീവിതത്തിലെ ഏറ്റവും ഭയന്കരങ്ങളായ ദിവസങ്ങളാണ് അവിടെ കഴിച്ചു കൂട്ടിയത്.എന്റെ ആത്മാവ് കരഞ്ഞു പോയി. ''

ഇനി ഒരാത്മാവും അങ്ങനെ കരയരുത് എന്നു ആഗ്രഹിക്കുന്ന കുറച്ചു പേരുടെ ചിന്തയും വിയര്‍പ്പും ചോരയുമാണ് മെഹക്. മരുഭൂമിയിലാണവര്‍ പച്ചപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്.ആ പച്ചപ്പിനെ നട്ടു നനയ്ക്കുവാന്‍ കൂടെ ചേരുമ്പോള്‍ ദീനരായ ഒട്ടേറെ ആത്മാക്കളുടെ കരച്ചിലാണ് ചിരിയായി മാറ്റുന്നത്..

(മെഹകിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍:
http://www.mehacfoundation.org

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment