തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികൾ കൈവെക്കാത്ത തൊഴിൽ മേഖല കേരളത്തിൽ എവിടെയെന്ന് ചോദിച്ചാൽ കുറവാണ്. നിർമ്മാണ രംഗത്തും ഹോട്ടൽ തൊഴിൽ രംഗത്തു തുടങ്ങി ഒട്ടുമിക്ക തൊഴിൽ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഒരു പരമ്പരാഗത തൊഴിൽ മേഖലയിലും അന്യസംസ്ഥാന അധിനിവേശം. ക്ഷേത്ര പൂജാരികളായി അന്യസംസ്ഥാനങ്ങളിൽ നിന്നും ബ്രാഹ്മണ പൂജാരികൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നു എന്നതാണ് വാർത്ത.
ജോലി ചെയ്യാൻ മലയാളികളെ കിട്ടാത്ത സാഹചര്യത്തിലാണ് നിർമ്മാണ മേഖലയിലും ഹോട്ടൽ മേഖലയിലുമൊക്കെ അന്യസംസ്ഥാനക്കാരുടെ കടന്നുകയറിയതെങ്കിൽ സമാനമായ അവസ്ഥയാണ് ശാന്തിപ്പണിയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായി ശാന്തിപ്പണിയിൽ ഏർപ്പെട്ടിരുന്ന നമ്പൂതിരി യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാത്ത സാഹചര്യത്തിൽ മറ്റ് തൊഴിൽ മേഖലയിലേക്ക് ഇവർ ചുവടുമാറ്റി. ഇതോടെയാണ് അന്യസംസ്ഥാനക്കാർ പൂജക്കായി എത്തുന്നത്.
ജീവിതപങ്കാളിയെ ലഭിക്കില്ലെന്ന ഉത്കണ്ഠയിൽ ശാന്തിവിട്ട് പലരും മറ്റ് തൊഴിലുകളിൽ ചേക്കേറിയപ്പോൾ ഉത്തരേന്ത്യയിൽ നിന്നുള്ള ബ്രാഹ്മണപൂജാരിമാർക്ക് ആവശ്യക്കാരേറുകയാണ്. പാലക്കാട് ജില്ലയിൽ മാത്രം അരഡസൻ ക്ഷേത്രങ്ങളിൽ ഉത്തരേന്ത്യൻ ശാന്തിക്കാരാണ് പൂജ ചെയ്യുന്നത്. രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങൾക്ക് പുറമേ കർണാടകയിൽ നിന്നും ശാന്തിക്കാരെത്തുന്നു.
മദ്ധ്യവയസ് പിന്നിട്ടിട്ടും അവിവാഹിതരായി തുടരേണ്ട അവസ്ഥയിലാണ് കേരളത്തിലെ ശാന്തിക്കാരിലേറെയും. ശാന്തിക്കാരനെ വിവാഹം കഴിക്കാൻ ബ്രാഹ്മണയുവതികൾ തയ്യാറാകുന്നില്ലത്രെ. ജോലിസ്ഥിരതയില്ലായ്മ, വരുമാനക്കുറവ്, ജോലിസമയം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്നിവയാണ് കാരണം. അവധിയില്ലാത്ത ജോലിയായതിനാൽ ബന്ധുക്കളുടെ വിവാഹത്തിനോ മരണവീടുകളിലോ സാന്നിദ്ധ്യമറിയിക്കാൻ പോലും ഇവർക്കു കഴിയുന്നില്ല.
പുലർച്ചെ മൂന്നിന് തുടങ്ങി രാവിലെ പത്തുവരെയും വൈകിട്ട് നാലുമുതൽ ഒമ്പതുവരെയുമാണ് സാധാരണ ശാന്തിക്കാരുടെ ഒരു ദിവസത്തെ പ്രവൃത്തിസമയം. അവധിയില്ലാത്തതിനാൽ ഒരു നേരത്തെ അവധിക്കുപകരം ആളെ കിട്ടണമെങ്കിൽ ഇരട്ടി ശമ്പളം കൊടുക്കണം. സമുദായത്തിലെ പെൺകുട്ടികളിലധികവും ഉന്നതവിദ്യാഭ്യാസമുള്ളവരാണ്. ഐ.ടി, ബാങ്ക്, ബിസിനസ് മേഖലകളിൽ നിന്നുള്ളവരെയാണ് ഇവർക്ക് താത്പര്യം.
വിവാഹബ്യൂറോകളിലെ അറിയിപ്പ് ബോർഡുകളും ശാന്തിക്കാരെ അപമാനിക്കുന്നതാണെന്ന് ഓൾ കേരള ക്ഷേത്രപൂജാരി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കുളപ്പുള്ളി വിഷ്ണു നമ്പൂതിരി പറയുന്നു. ജില്ലയിൽ എഴുപത്തഞ്ചിലധികം ബ്രാഹ്മണ പൂജാരിമാർ മംഗല്യസ്വപ്നം കാണുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
ശാന്തിക്കാരെ സഹായിക്കാനും സംരക്ഷിക്കാനും സർക്കാരിന് കഴിയുമെങ്കിലും അതിന് മനസ് കാണിക്കുന്നില്ലെന്ന് യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് താമരക്കുളം വാസുദേവൻ നമ്പൂതിരി പറഞ്ഞു. കൊട്ടാരക്കരയിൽ ഒരു കുടുംബസംഗമം സംഘടന വിളിച്ചുചേർത്തിരുന്നു. സമുദായത്തിലെ പെൺകുട്ടികളും അവിവാഹിതരായ ശാന്തിക്കാരും ഇതിൽ പങ്കെടുത്ത് പരസ്പരം സംസാരിച്ചെങ്കിലും വൈമനസ്യം ചൂണ്ടിക്കാട്ടി പിരിയുകയായിരുന്നു. ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടികൾ കൂടുതലായി വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഇതോടെ പൂജാരിമാരെ വിവാഹം ചെയ്യാൻ ഇവർ വൈമനസ്യം പ്രകടിപ്പിക്കുകയാണ്.
No comments:
Post a Comment