Sunday, 24 August 2014

[www.keralites.net] പിറക്കാന്‍ അനുവാദമ ില്ലാത്തവള്‍..

 

ഓരോ മിനിറ്റിലും ഓരോ പെണ്‍ഭ്രൂണഹത്യ നടക്കുന്ന നാടാണ് നമ്മുടേത്. പെണ്‍കുട്ടികള്‍ക്ക് പിറക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കപ്പെടുന്നു
 


 
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 68 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരങ്ങളെ കുറിച്ചോ രാഷ്ട്രീയഭാവിയെ കുറിച്ചോ ഉളള വിശകലനമല്ല ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. മറിച്ച് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വച്ച് നടത്തിയ സുദീര്‍ഘമായ പ്രസംഗത്തെക്കുറിച്ചാണ്. അതിന്റെ കാലിക പ്രസക്തിയെ കുറിച്ചാണ്.

ഇന്ത്യ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ആശങ്കപ്പെടുന്ന പ്രധാനമന്ത്രി, വര്‍ദ്ധിച്ചു വരുന്ന പെണ്‍ഭ്രൂണഹത്യകളെ കുറിച്ച് പറയുമ്പോള്‍ വികാരഭരിതനാകുന്നത് നാം കണ്ടു. പെണ്‍ഭ്രൂണഹത്യക്ക് കൂട്ടുനില്‍ക്കരുതെന്ന് ഡോക്ടര്‍മാരോട് അദ്ദേഹം അപേക്ഷിച്ചു. പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തുന്ന നിങ്ങളെന്താണ് ആണ്‍കുട്ടികളെ നിയന്ത്രിക്കാന്‍ ശ്രമിക്കാത്തത് എന്ന് രക്ഷിതാക്കളോട് ഒരു മുതിര്‍ന്ന കുടുബാംഗത്തെപോലെ ചോദിച്ചു.

സ്ത്രീക്ക് സമൂഹത്തില്‍ തുല്യമായ പദവി നല്‍കാന്‍ മടിക്കുന്നു എന്നുമാത്രമല്ല ജനിക്കുന്നതില്‍ നിന്നുപോലും അവളെ വിലക്കുകയാണ് സമൂഹം. തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ പഠനപ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും അധികം നടക്കുന്ന രാജ്യങ്ങളില്‍ നാലാംസ്ഥാനമാണ് ഇന്ത്യക്ക്. അതില്‍ പെണ്‍ഭ്രൂണഹത്യയും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഓരോ മിനിട്ടിലും ഒരു പെണ്‍ഭ്രൂണഹത്യ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ദശകങ്ങളിലായി ഏകദേശം ഒരു കോടി പെണ്‍ഭ്രൂണഹത്യകള്‍ ഇന്ത്യയില്‍ നടന്നു.

120 കോടിക്കുമേല്‍ ജനസംഖ്യ വരുന്ന ഇന്ത്യാമഹാരാജ്യത്തില്‍ സ്ത്രീ-പുരുഷ അനുപാതത്തിലെ ഏറ്റക്കുറച്ചില്‍ ഭയാനകമായ തോതിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 1000 പുരുഷന്മാര്‍ക്ക്് 940 സ്ത്രീകളാണ് ഇന്നുളളത്. ഇതിനുളള പ്രധാനകാരണം ഭ്രൂണഹത്യയെന്ന കൊടുംപാപമാണ്. സാമൂഹികമായും സാമ്പത്തികമായും സാംസ്‌ക്കാരികമായും ഇന്ന് നിലില്‍ക്കുന്ന ചില അലിഖിത സാഹചര്യങ്ങളാണ് പെണ്‍ഭ്രൂണഹത്യക്കുളള പ്രധാനകാരണം.

സാമൂഹികമായി ആണ്‍വര്‍ഗത്തിനുളള മേല്‍ക്കോയ്മയും പെണ്ണായാല്‍ അവള്‍ക്കുവേണ്ടി ഉണ്ടാക്കേണ്ടി വരുന്ന സ്ത്രീധനമെന്ന എടുത്താല്‍ പൊങ്ങാത്ത തലച്ചുമടുമാണ് പെണ്‍മക്കളെ സ്‌നേഹിക്കാന്‍ പലരേയും അനുവദിക്കാത്തത്. കുടുബത്തിന്റെ യശസ്സുയര്‍ത്താന്‍ ആണ്‍മക്കള്‍തന്നെ വേണമെന്ന് കരുതുന്നവര്‍, മരണാനന്തരക്രിയകള്‍ നടത്താന്‍ മകന്‍ തന്നെ വേണമെന്ന് ശഠിക്കുന്നവര്‍. ഇത്തരം കാഴ്ചപ്പാടുകളില്‍ പൊലിയുന്നത് പെണ്‍ജീവന്റെ തുടിപ്പുകളാണ്.

രാജ്യപുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണെന്നും സമൂഹത്തിന് കളങ്കമായ പെണ്‍ഭ്രൂണഹത്യ എത്രയു വേഗം ഇല്ലാതാക്കണമെന്നും മുന്‍പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗും 63-ാം സ്വാതന്ത്ര്യദിനത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു. ഇന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയിലെ സ്ഥിതി അതുപോലെ തന്നെ തുടരുന്നത് ആശങ്കാജനകമാണ്.

ഇന്ത്യയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് നിരോധിച്ചുകൊണ്ടുളള പ്രീ കണ്‍സെപ്ഷ്ന്‍ ആന്‍ഡ് പ്രിനേറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്‌നിക്‌സ് ആക്ട് ഗര്‍ഭസംബന്ധമായ പരിശോധനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗപരിശോധന നടത്തുന്നതും ലിംഗനിര്‍ണ്ണയം നടത്തുന്നതും നിരോധിച്ചു. ചികിത്സയുടെ ഭാഗമായി സ്‌കാനിംഗ് നടത്തുന്ന വ്യക്തി യാതൊരു കാരണവശാലും ഗര്‍ഭിണിക്കോ ബന്ധുക്കള്‍ക്കോ ലിംഗപരിശോധനയെ കുറിച്ച് യാതൊരു സൂചനയും നല്‍കാന്‍ പാടുളളതല്ല. ലിംഗനിര്‍ണ്ണയ പരിശോധന സംവിധാനങ്ങളെക്കുറിച്ചുളള പരസ്യവും നിരോധനവും നിയമം അനുശാസിക്കുന്നു. ഉത്തമവിശ്വാസത്തോടെ ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിക്കാനല്ലാതെ നടത്തുന്ന അബോര്‍ഷനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 312-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്.

ഇത്രയേറെ നിയമങ്ങളുണ്ടായിട്ടും പെണ്‍ഭ്രൂണഹത്യക്കും ശിശുഹത്യക്കും യാതൊരു കുറവുമുണ്ടായിട്ടില്ല. ഭ്രൂണഹത്യയെന്ന പത്മവ്യൂഹത്തില്‍ നിന്നും ജയിച്ച് ജനനം വരെ എത്തുന്ന പെണ്‍കുഞ്ഞുങ്ങളില്‍ പലരും തങ്ങളുടെ ആദ്യ ജന്മദിനമെത്തുന്നതിനു മുമ്പുതന്നെ വീടിനു പിറകിലെ കുറ്റിക്കാട്ടിലോ, ചതുപ്പുനിലങ്ങളിലോ കക്കൂസ് ടാങ്കുകളിലോ കുഴിച്ചുമൂടപ്പെടുന്നു. ഇത്തരം ഹത്യകളെല്ലാം വിദ്യാഭ്യാസമോ പുരോഗമനമോ എത്താത്ത ഗ്രാമപ്രദേശങ്ങളില്‍ മാത്രമാണ് നടക്കുന്നതെന്ന് കരുതരുത്. പഠിച്ചവരെന്നും പുരോഗമനചിന്തക്കാരെന്നും ഊറ്റംകൊളളുന്ന നാഗരികരും ഇത്തരം ക്രൂരകൃത്യങ്ങളില്‍ പങ്കാളികളാണ്.

കേന്ദ്രമാനവ വിഭവക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനി ഒരിക്കല്‍ പെണ്‍കുഞ്ഞായി പിറന്നതിന്റെ അനുഭവം സൂചിപ്പിച്ചിരുന്നു. പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്നും അതുകൊണ്ട് കൊന്നുകളയുന്നതാണ് നല്ലതെന്നും അവര്‍ ജനിച്ചപ്പോള്‍ അമ്മയെ ഒരാള്‍ ഉപദേശിച്ചുവത്രേ. പക്ഷേ ബുദ്ധിമതിയായ അമ്മ ഉപദേശം ചെവികൊള്ളാന്‍ തയ്യാറായില്ല.അമ്മയുടെ ആ നല്ല തീരുമാനത്തെ നന്ദിയോടെ സ്മരിച്ച അവര്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും പറയാന്‍ മറന്നില്ല.

ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍ തന്നെ സ്ത്രീയുടെ അതിജീവനത്തിനായുളള ചെറുത്തു നില്‍പ്പുകള്‍ ആരംഭിക്കുകയായി. ഭ്രൂണഹത്യയെന്ന വിപത്തിനെ മറികടന്ന് പുറത്തെത്തിക്കഴിഞ്ഞാലും വളര്‍ച്ചയുടെ ഓരോ പടവിലും ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല. പെണ്ണെന്ന പേരില്‍ പലപ്പോഴും മാറ്റി നിര്‍ത്തപ്പെടുന്നു. അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നവളെ അനുസരണയില്ലാത്തവളായും അതു ചോദ്യം ചെയ്യുന്നവളെ അഴിഞ്ഞാട്ടക്കാരിയുമായും ചിത്രീകരിക്കുന്നു. അതുമാത്രമോ തനിക്കുനേരെ നീളുന്ന കണ്ണുകളും കൈകളും വകഞ്ഞുമാറ്റി വേണം അവള്‍ക്ക് യാത്ര തുടരാന്‍.

ഇന്ത്യയില്‍ ഒരു പെണ്‍കുട്ടി അതിജീവിക്കുന്നുണ്ടെങ്കില്‍ അത് ഒരു അത്ഭുതമാണെന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രേഖപ്പെടുത്തുന്ന maps4aid.com എന്ന വെബ്‌സൈറ്റ് നടത്തുന്ന ഷെമീര്‍ പടിഞ്ഞാറേതില്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് എത്ര ശരിയാണ്.

ഏതായാലും പെണ്‍ഭ്രൂണഹത്യ നിരോധനത്തിന് നടപടികളെടുക്കുമെന്നുളള കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം പെണ്‍കുട്ടികളെ അംഗീകരിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
 
 

 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Yahoo Groups
Did you Know?
Learn about creating and deleting Groups Tables

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment