ഛായാഗ്രഹണകലയുടെ 175ാം പിറന്നാളായിരുന്നു ആഗസ്ത് 19ന് കടന്നുപോയത്. പുലിറ്റ്‌സര്‍ പുരസ്‌കാരജേതാവായ കെവിന്‍ കാര്‍ട്ടറുടെ ആത്മബലിയാണ് ആ കലയുടെ ചരിത്രത്തിലെ ഏറ്റവും പൊള്ളിക്കുന്ന മുഹൂര്‍ത്തം. അദ്ദേഹത്തെയും ആ സംഭവത്തെയുംകുറിച്ച്...
കെവിന് കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതമാകെ മാറ്റിമറിച്ച നിമിഷമായിരുന്നു അത്. പ്രശസ്തിയുടെ മാത്രമല്ല, അയാളുടെ ജീവിതത്തിന്റെയും നേര്‍ക്കുള്ള ഒരു കറുത്ത ഫ്‌ളാഷ്! 1993 മാര്‍ച്ച് 23ന് തെക്കന്‍ സുഡാനിലെ അയോദ് എന്ന ഗ്രാമത്തില്‍ക്കണ്ട ഒരു ദൃശ്യത്തിനുനേരേ താന്‍ ക്യാമറ ചൂണ്ടിയത് ശപിക്കപ്പെട്ട ഒരു നിമിഷത്തിലായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തിരിക്കില്ല. ആ
ദൃശ്യത്തിലെ ശവംതീനിക്കഴുകന്‍ പിന്നീട് പറന്നിറങ്ങിയത് 33കാരനായ ആ ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫറുടെ ജീവിതത്തിലേക്കായിരുന്നു.
പുലിറ്റ്‌സര്‍ സമ്മാനജേതാവായ അദ്ദേഹം 1994 ജൂലായ് 27ന് ആത്മഹത്യചെയ്തതിന് ആ കഴുകന്‍ചിത്രമായിരുന്നു കാരണം. ഫോട്ടോഗ്രാഫിയുടെ ചരിത്രത്തില്‍ പട്ടിണിയെന്ന വിപത്തിനെ അതിന്റെ ഏറ്റവും തീവ്രഭാവത്തില്‍ കാട്ടിത്തന്ന എണ്ണപ്പെട്ട ചിത്രമായിരുന്നു അത്. കാലത്തെ അതിജീവിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള തീവ്രമായ ഒരു കാഴ്ചാനുഭവമായി ചരിത്രത്തില്‍ ആ ചിത്രം ഇടംപിടിച്ചുകഴിഞ്ഞു.ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളും കറുത്തവന്റെ സഹനവും ക്യാമറയിലാക്കിയ, 'ബാങ് ബാങ് ക്ലബ്ബ്' എന്ന നാല്‍വര്‍ സംഘത്തിലെ അംഗമായിരുന്നു
കെവിന്‍ കാര്‍ട്ടര്‍. ഗ്രെഗ് മരിനോവിച്ച്, കെന്‍ ഓസ്റ്റര്‍ ബ്രൂക്ക്, ജോവോ സില്‍വ എന്നിവരായിരുന്നു മറ്റ് മൂന്നുപേര്‍. അന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കെവിനോടൊപ്പംപോയ ജോവോ സില്‍വ ആ കഴുകന്‍ സംഭവം പില്‍ക്കാലത്ത് വിവരിച്ചത് ഇങ്ങനെ:
ആഭ്യന്തരകലാപവും പട്ടിണിയുംകൊണ്ട് മൃതപ്രായമായ സുഡാനിലേക്ക് ദക്ഷിണാഫ്രിക്കയില്‍നിന്ന് ഭക്ഷണപ്പൊതികളുമായി പറന്ന വിമാനത്തില്‍ കെവിനും സില്‍വയും ഉണ്ടായിരുന്നു. 1993 മാര്‍ച്ച് 23ന് അയോദ് എന്ന ഗ്രാമത്തിലെ താത്കാലിക വിമാനത്താവളത്തില്‍ അവര്‍ വിമാനമിറങ്ങി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിരുന്ന സുഡാനില്‍, കൊണ്ടുവന്ന ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്യാന്‍ 30 മിനിട്ട് മാത്രമേ തങ്ങുകയുള്ളൂവെന്ന് യു.എന്‍. അധികൃതര്‍ കാര്‍ട്ടറെയും സില്‍വയെയും അറിയിച്ചിരുന്നു.
ഗറില്ലാ പോരാളികളുടെ ഫോട്ടോയെടുക്കാന്‍ അവരുടെ തമ്പുകളന്വേഷിച്ച് സില്‍വ പോയപ്പോള്‍ കെവിന്‍ കുറച്ചുദൂരം ലക്ഷ്യമില്ലാതെ നടന്നു. അപ്പോഴാണ് ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യുന്ന വിമാനമിറങ്ങിയതറിഞ്ഞ് സുഡാനി സ്ത്രീകള്‍ അവരുടെ കുട്ടികളെയുംകൊണ്ട് വിമാനത്തിനരികിലേക്ക് ഓടിവരുന്ന കാഴ്ച അദ്ദേഹം കണ്ടത്. എല്ലും തോലുമായ കുട്ടികള്‍... അസ്ഥിമാത്ര ശരീരികളായ സ്ത്രീകള്‍... കെവിന്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. അവര്‍ കടന്നുപോയശേഷം തിരികെ നടക്കാനൊരുങ്ങുമ്പോഴാണ് ദയനീയമായ ഒരു നേര്‍ത്ത കരച്ചില്‍ കെവിന്‍ കേള്‍ക്കുന്നത്. കരച്ചിലിന്റെ ഉറവിടം ആ യുവാവ് കണ്ടെത്തി തറയില്‍ കമഴ്ന്നുകിടക്കുന്ന ഒരു പെണ്‍കുഞ്ഞ്! വിശപ്പുകൊണ്ട് ഭക്ഷണത്തിനായി ഓടുമ്പോള്‍ ഏതോ അമ്മ കൈവിട്ടുപോയ കുട്ടി.
ആ കുഞ്ഞ് മുന്നോട്ടിഴയുകയായിരുന്നു. നോക്കിനില്‍ക്കേ അവളുടെ കരച്ചില്‍ നേര്‍ത്തുനേര്‍ത്തു വന്നു. അയാള്‍ അവളുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. പൊടുന്നനെ കെവിനെ ഞെട്ടിച്ചുകൊണ്ട് ഒരു കഴുകന്‍ കുഞ്ഞിന്റെ അരികില്‍ പറന്നിറങ്ങി. അന്നേരം കെവിന്‍ കാര്‍ട്ടറിലെ ഫോട്ടോഗ്രാഫര്‍ ഉണര്‍ന്നു. വിശപ്പിന്റെയും മരണത്തിന്റെയും രണ്ട് പ്രതീകങ്ങള്‍ ഒരൊറ്റ ഫ്രെയിമില്‍! തന്റെ മുന്നിലുള്ള
ജീവന്റെ പിടച്ചില്‍ അവസാനിക്കാനായി ഉറ്റുനോക്കുന്ന കഴുകന്‍; ജീവനുവേണ്ടി ഞരങ്ങുന്ന കുഞ്ഞ്. ആ കഴുകന്‍ ഒന്ന് ചിറകുവിടര്‍ത്തിയാല്‍ ഫോട്ടോ അസ്സലാകും. അതിനായി അയാള്‍ പത്തുമീറ്റര്‍ അകലെ കഴുകനെ ശല്യംചെയ്യാതെ കാത്തുനിന്നു. അങ്ങനെ 20 മിനിറ്റുകള്‍... നിരാശയായിരുന്നു ഫലം. കഴുകന്‍ ചിറകുവിടര്‍ത്തിയില്ല.
ഒടുവില്‍ ആ ദൃശ്യം അമ്മട്ടില്‍ത്തന്നെ പകര്‍ത്തി കഴുകനെ ആട്ടിപ്പായിച്ചശേഷം കെവിന്‍ അവിടെനിന്ന് നടന്നു.
കൂട്ടുകാരനെ കാത്ത് അടുത്തകണ്ട ഒരു മരത്തണലില്‍ ചെന്നിരുന്ന അയാളെ ഒരു അപരാധബോധം വേട്ടയാടിത്തുടങ്ങി. താന്‍ ആ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല! ആ പെണ്‍കുഞ്ഞിന് എന്തുപറ്റിയിട്ടുണ്ടാകും? പക്ഷേ, വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റുകളേ അവശേഷിച്ചിരുന്നുള്ളൂ. അപ്പോഴേക്കും മടങ്ങിയെത്തിയ ചങ്ങാതിയുമൊത്ത് കെവിന് വിമാനത്തിനടുത്തേക്ക് ഓടേണ്ടിവന്നു.
വൈകാതെ ആ ചിത്രം കെവിന്‍ ന്യൂയോര്‍ക്ക് ടൈംസിന് അയച്ചുകൊടുത്തു. പത്രം പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തിയ ആ ചിത്രം വായനക്കാരില്‍ നടുക്കവും വലിയതോതിലുള്ള പ്രതികരണവുമുണ്ടാക്കി. ലോകമെമ്പാടും അത് പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഓഫീസിലേക്ക് ആ കുഞ്ഞ് രക്ഷപ്പെട്ടോയെന്ന് അന്വേഷിച്ചുകൊണ്ട് ഫോണ്‍േകാളുകളും കത്തുകളും പ്രവഹിക്കാന്‍ തുടങ്ങി. ഒടുവില്‍ പത്രത്തിന് ഇങ്ങനെ ഒരു കുറിപ്പ് നല്‍കേണ്ടിവന്നു: 'കഴുകനില്‍നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യം
|
കെവിന്‍ കാര്‍ട്ടര്‍ |
ആ കുഞ്ഞിനുണ്ടായിരുന്നു. പക്ഷേ, കുഞ്ഞിന് എന്തുസംഭവിെച്ചന്ന് ഞങ്ങള്‍ക്കറിയില്ല.' സുഡാനിലെ അത്യന്തം ഭീതിദവും ദയനീയവുമായ മനുഷ്യാവസ്ഥയെ ലോകത്തിനുമുന്നില്‍ കൊണ്ടുവരാനും ലോകമനസ്സാക്ഷിയെ ഉണര്‍ത്താനും കെവിന്‍ കാര്‍ട്ടര്‍ക്ക് ആ ചിത്രത്തിലൂടെ കഴിഞ്ഞു എന്നത് ശരി. എന്നാല്‍, കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാഞ്ഞ കെവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. 'ചിത്രത്തില്‍ രണ്ടാമതൊരു കഴുകന്‍ അദൃശ്യനായി ഉണ്ടെന്നും അത് കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറാണെ'ന്നുംവരെ ചിലര്‍ എഴുതി. കുറ്റബോധത്തിന്റെ ഘോരമായ ഗര്‍ത്തത്തിലേക്ക് കെവിനെ പിടിച്ചുതള്ളാന്‍ അത് ധാരാളം മതിയായിരുന്നു. ആ കുഞ്ഞിനെക്കുറിച്ചുള്ള ഓര്‍മയില്‍ നീറിപ്പുകഞ്ഞ അയാള്‍ വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിവീണു. ഉറ്റ ചങ്ങാതിമാരില്‍നിന്നുപോലും അയാള്‍ അകന്നു.
1994 ഏപ്രില്‍ 12ന് ന്യൂയോര്‍ക്ക് ടൈംസിന്റെ ഫോട്ടോ എഡിറ്റര്‍, കെവിനെ ഫോണില്‍വിളിച്ച് ആ സന്തോഷവാര്‍ത്ത അറിയിച്ചു: 'താങ്കള്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹനായിരിക്കുന്നു.' ഏതൊരു പത്രപ്രവര്‍ത്തകനും ആഗ്രഹിക്കുന്ന പരമോന്നത അമേരിക്കന്‍ പുരസ്‌കാരം! പക്ഷേ, കെവിന്‍ സന്തോഷിച്ചില്ല. പുരസ്‌കൃതനായതോടെ അദ്ദേഹം അന്തര്‍ദേശീയ പ്രശസ്തിയിലേക്കുയര്‍ന്നു. അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു
പിന്നീട്. പക്ഷേ, അതൊന്നും കെവിനെ സ്പര്‍ശിച്ചതേയില്ല. പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച് മൂന്നുമാസത്തിനുശേഷം 1994 ജൂലായ് 27ന് മൃത്യുവിനെ സ്വയംവരിച്ച് ഐന്നന്നേക്കുമായി കെവിന് കുറ്റബോധത്തില്‍നിന്ന് മുക്തനായി. കെവിന്‍ കാര്‍ട്ടറുടെ ജീവിതം അവലംബമാക്കി നിര്‍മിച്ച ഡോക്യുമെന്ററി ഫിലിം 'ഡെത്ത് ഓഫ് കെവിന്‍ കാര്‍ട്ടര്‍: കാഷ്വാലിറ്റി ഓഫ് ദ ബാങ് ബാങ് ക്ലബ്ബ്' 2006ല്‍
അക്കാദമി അവാര്‍ഡിന് നോമിനേറ്റുചെയ്യപ്പെട്ടു. ആ ഡോക്യുമെന്ററി ഒരു നൈതികപ്രശ്‌നം മുന്നോട്ടുെവച്ചു. കെവിന്‍ ക്യാമറ
താഴെ വെച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നോ അതോ ആ യാഥാര്‍ഥ്യം പകര്‍ത്തുകയായിരുന്നോ വേണ്ടിയിരുന്നത്? സംഭവങ്ങള്‍ ചിത്രീകരിക്കേണ്ടതും റിപ്പോര്‍ട്ടുചെയ്യേണ്ടതും പത്രപ്രവര്‍ത്തകരുടെ കടമയാണെങ്കിലും മാനുഷികവും നൈതികവുമായ ഉത്തരവാദിത്വങ്ങളില്‍നിന്ന് അവര്‍ അകന്നുനില്‍ക്കാമോ? 2010ല്‍ പുറത്തിറങ്ങിയ 'ദ ബാങ് ബാങ് ക്ലബ്ബ്' എന്ന ഫീച്ചര്‍ ചിത്രത്തില്‍
കെവിന്‍ കാര്‍ട്ടറായി ടെയ്‌ലര്‍ കിത്ഷ് വേഷമിട്ടു. കെവിന്റെ പോരാട്ടങ്ങളുടെ തീവ്രാനുഭങ്ങളായിരുന്നു സിനിമയുടെ
ഇതിവൃത്തം. ജോവോ സില്‍വയും ഗ്രെഗ് മരിനോവിച്ചും ചേര്‍ന്നെഴുതിയ ആത്മകഥാപരമായ ദ ബാങ് ബാങ് ക്ലബ്ബ് എന്ന പുസ്തകത്തെ അവലംബമാക്കിയാണ് കനേഡിയന്‍ സംവിധായകനായ സ്റ്റീവന്‍ വില്‍ബര്‍ ഈ ചിത്രം നിര്‍മിച്ചത്.
1960 സപ്തംബര്‍ 13ന് ജൊഹാനസ്ബര്‍ഗില്‍ വെള്ളക്കാരനായാണ് ജനിച്ചതെങ്കിലും ആ മനസ്സ് ബാല്യംമുതലേ വര്‍ണവിവേചനത്തിന്റെ ക്രൂരതകള്‍ക്കിരയായിരുന്ന കറുത്തവരോടൊപ്പമായിരുന്നു. എയര്‍ഫോഴ്‌സില്‍ ചേര്‍ന്നെങ്കിലും നാലുവര്‍ഷത്തെ സേവനത്തിനുശേഷം കെവിന്‍ സൈനികജീവിതം ഉപേക്ഷിച്ച് റേഡിയോ ജോക്കിയായി. 1983ല്‍ പ്രിട്ടോറിയയിലെ ചര്‍ച്ച് സ്ട്രീറ്റ് ബോംബിങ്ങിന് സാക്ഷിയായ ആ യുവാവ് 1984ല്‍ 'ജൊഹാനസ്ബര്‍ഗ് സ്റ്റാറി'ല്‍ ന്യൂസ് ഫോട്ടോഗ്രാഫറായി ചേര്‍ന്നതോടെ വെളുത്തവന്റെ ഭരണകൂടം
കറുത്തവനോട് കാട്ടുന്ന ക്രൂരത ലോകം കണ്ടുതുടങ്ങി; കെവിന്‍ വെള്ളക്കാരുടെ കണ്ണിലെ കരടായി.
1990ല്‍ കെവിനും ജോവൊ സില്‍വയും ഓസ്റ്റര്‍ ബ്രൂക്കും ഗ്രെഗ് മരിയോവിച്ചും അടങ്ങിയ ബാങ് ബാങ് ക്ലബ്ബ് വര്‍ണവിവേചനത്തിനെതിരെ ക്യാമറകൊണ്ട് യുദ്ധം പ്രഖ്യാപിച്ചു. അവരുടെ ഈ സംഘത്തിലെ രണ്ടുപേര്‍ പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹരായി കെവിന്‍ കാര്‍ട്ടറും ഗ്രെഗ് മരിനോവിച്ചും (1999ല്‍ ഓസ്റ്റര്‍ ബ്രൂക്ക് വെടിയേറ്റുമരിച്ചു. 2010 ഒക്ടോബറില്‍ അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ കുഴിബോംബ് പൊട്ടി സില്‍വയുടെ ഇരുകാലും നഷ്ടപ്പെട്ടു).
രണ്ടുദശകങ്ങള്‍ കഴിഞ്ഞു. ഉണ്ണാനും ഉടുക്കാനുമില്ലാതെ കുടിവെള്ളം കിട്ടാതെ നരകയാതന അനുഭവിക്കുന്ന പതിനായിരങ്ങള്‍ ഈ ഭൂമുഖത്ത് ഇപ്പോഴുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ 2014ലെ മനുഷ്യവികസന റിപ്പോര്‍ട്ട്, ലോകത്ത് 220
കോടി ദരിദ്രര്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തുന്നത്. അവര്‍ക്ക് പ്രാഥമികമായ സാമൂഹിക സുരക്ഷാസംവിധാനങ്ങളൊരുക്കാന്‍ ലോകത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ടുശതമാനം മാത്രം മതിയത്രേ!
കെവിന്റെ ചിത്രം പ്രസക്തമാകുന്നത് ഇവിടെയാണ്. ചിത്രത്തിലെ കഴുകന്‍ ഒരു പ്രതീകമാണ്. അത് ആരുടെ എന്ന ചോദ്യവും ആ ചിത്രം ലോകത്തിനുമുന്നില്‍ ഉയര്‍ത്തുന്നു. ആഗസ്ത് 19ന് വീണ്ടും ഒരു ലോക ഫോട്ടോഗ്രാഫിദിനം കടന്നുപോയി ഫോട്ടോഗ്രാഫിയുടെ 175ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിനം. ഈ ആഘോഷവേളയില്‍ സ്വന്തം ചിത്രംകൊണ്ട് മുറിവേറ്റുമരിച്ച കെവിന്‍ കാര്‍ട്ടറെയും അദ്ദേഹത്തിന്റെ ഉള്ളുപൊള്ളിക്കുന്ന ചിത്രത്തെയും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?
No comments:
Post a Comment