ചലച്ചിത്രഗാനത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം എത്രയാണ്? ഏറിവന്നാല്‍ ഒരു മാസം എന്നു പറയും പുതുതലമുറ. മിന്നാമിന്നികള്‍പോലെ അല്പായുസ്സുകളായ ഗാനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹത്തിനിടയ്ക്ക് ചിലതെങ്കിലും വിസ്മൃതിയെ അതിജീവിക്കുന്നു; അപൂര്‍വം ചിലത്.
അത്തരമൊരു ഗാനം പാടാനായതിന്റെ ആവേശത്തിലാണ് കെ.എസ്. ചിത്ര. ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിലെ ആ ഗാനം - 'ഒവ്വൊരു പൂക്കളുമേ സൊല്‍കിറതേ' ചിത്രയ്ക്ക് ആറാം തവണയും ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.
'അവാര്‍ഡിനെക്കാളും എന്നെ ആഹ്ലാദിപ്പിച്ചത് ആ ഗാനം ശ്രോതാക്കളില്‍ ഉളവാക്കിയ പ്രതികരണങ്ങളാണ്,' ചിത്ര പറയുന്നു. 'സ്റ്റേജില്‍ അതു പാടുമ്പോള്‍ മുമ്പിലിരിക്കുന്നവര്‍ കണ്ണീരടക്കാന്‍ പാടുപെടുന്ന കാഴ്ച അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നു. ഒരു സിനിമാപ്പാട്ടിന് ആളുകളുടെ മനസ്സിനെ ഇത്രയേറെ സ്പര്‍ശിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയുക ഇത്തരം സന്ദര്‍ഭങ്ങളിലാണ്.' ചിത്ര പറയുന്നു.
അപൂര്‍വമായെങ്കിലും ഇതുപോലുള്ള അനുഭവങ്ങള്‍ ചിത്രയുടെ സംഗീതജീവിതത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്; ഗായികയും സദസ്സും ഗാനവുമെല്ലാം ഹൃദയംകൊണ്ട് ഒന്നായിത്തീരുന്ന അവസ്ഥ. ബോംബെയിലെ 'ഉയിരെ' നന്ദനത്തിലെ 'കാര്‍മുകില്‍വര്‍ണന്റെ ചുണ്ടില്‍' എന്നീ പാട്ടുകളും എനിക്ക് ഈ അനുഭവം തന്നിട്ടുണ്ട്. നമ്മള്‍ പാടുന്ന പാട്ട് ഏതൊക്കെയോ അപരിചിതരുടെ ഹൃദയത്തെ ചെന്നുതൊടുന്നു എന്നത് വലിയ കാര്യമല്ലേ? ഏത് അവാര്‍ഡിനെക്കാളും മഹത്തരമാണത്.'
ഓട്ടോഗ്രാഫില്‍ പി.വിജയ് എഴുതി ഭരദ്വാജ് ഈണം പകര്‍ന്ന ഗാനം ഒരു പടികൂടി മുന്നോട്ടുപോയി. തമിഴ്‌നാട്ടില്‍ ഒരു 'ദേശീയഗാന'ത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു ഈ ഗാനം. നാലഞ്ച് സ്‌കൂളുകളില്‍ പ്രാര്‍ഥനാഗാനമായി സ്വീകരിക്കപ്പെട്ട ഈ പാട്ട് ഒരു സര്‍വകലാശാലയുടെ സിലബസ്സിലും ഇടംനേടി. നൈരാശ്യത്തില്‍നിന്നും മാനസികമായ ഉണര്‍വിലേക്ക് ശ്രോതാവിനെ കൈപിടിച്ചുയര്‍ത്താന്‍പോന്ന വരികളാണ് ഗാനത്തെ ഇത്രയേറെ ജനപ്രിയമാക്കി മാറ്റിയത്.
ഗാനം ചലച്ചിത്രത്തില്‍ നിര്‍വഹിക്കുന്ന ധര്‍മവും ഇതുതന്നെ. നിരാശരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് ജീവിതത്തോടുള്ള സ്‌നേഹം വീണ്ടെടുത്തു കൊടുക്കുന്നു അത്. സ്റ്റേജില്‍ ഈ ഗാനം പാടി അഭിനയിക്കുന്ന ഗായികയ്ക്ക് അകമ്പടിസേവിക്കുന്നത് അന്ധകലാകാരന്മാരുടെ ഓര്‍ക്കസ്ട്രയാണെന്ന പ്രത്യേകതകൂടിയുണ്ട്.
'ലൈവ്' ആയിട്ടായിരുന്നു ഈ രംഗത്തിന്റെ ചിത്രീകരണമെന്ന് രാഗപ്രിയ ഓര്‍ക്കസ്ട്രയുടെ തലവന്‍ എം.സി. കോമഗന്‍ ഓര്‍ക്കുന്നു: 'തുടക്കത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ആദ്യമായിട്ടാണിങ്ങനെ സിനിമിയ്ക്കുവേണ്ടി സ്റ്റേജില്‍ ഓര്‍ക്കസ്ട്ര കണ്‍ഡക്ട് ചെയ്യുന്നത്. ഉപകരണങ്ങള്‍ സിംക്രണൈസ് ചെയ്യണമല്ലോ. ഭാഗ്യത്തിന് അധികം ടേക്കുകള്‍ ഒന്നും വേണ്ടിവന്നില്ല.
സാധാരണക്കാരില്‍നിന്ന് ഗാനത്തിനു ലഭിച്ച പ്രതികരണം തന്നെ കരച്ചിലിന്റെ വക്കുവരെ എത്തിച്ചുവെന്ന് പതിനെട്ടു വര്‍ഷംമുന്‍പ് തന്നെപ്പോലെ അന്ധരായ കലാകാരന്മാരെ വിളിച്ചുകൂട്ടി രാഗപ്രിയ ഓര്‍ക്കസ്ട്രയ്ക്ക് രൂപംകൊടുത്ത കോമഗന്‍ പറഞ്ഞു: 'ആത്മഹത്യയ്‌ക്കൊരുങ്ങിയ ഒരാള്‍ പാട്ടു കേട്ട് ആ സാഹസത്തില്‍നിന്നു പിന്തിരിഞ്ഞുവെന്നറിഞ്ഞപ്പോള്‍ മുന്‍പൊന്നുമില്ലാത്ത ആഹ്ലാദവും സംതൃപ്തിയും തോന്നി. പാട്ടിന്റെ പൂര്‍ണതയ്ക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെല്ലാം ഞങ്ങള്‍ മറന്നു.' ഇത്തരം അനുഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല.
ജീവിതം എന്ന ഗാനം
ഗാനങ്ങളിലെ വൈകാരികാംശം എളുപ്പം ഉള്‍ക്കൊള്ളാറുള്ളത് തമിഴ് ജനതയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പ്രശസ്ത ഗായകന്‍ ജയചന്ദ്രന്‍ പറയുന്നു. പല ഗാനങ്ങളും അവര്‍ എത്ര ആത്മാര്‍ഥമായാണ് നെഞ്ചോടു ചേര്‍ത്തുവെക്കാറുള്ളതെന്നോര്‍ത്ത് അദ്ഭുതപ്പെട്ടിട്ടുണ്ട്.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ടി. നഗറിലെ തന്റെ വീട്ടിലേക്കുള്ള ഒരു ഓട്ടോറിക്ഷായാത്ര ജയചന്ദ്രന്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. 'വീട്ടിനു മുന്നിലെത്തിയപ്പോള്‍ പോക്കറ്റിലുണ്ടായിരുന്ന നൂറു രൂപ നോട്ട് ഞാന്‍ ഡ്രൈവര്‍ക്കു നീട്ടി. ചില്ലറയില്ലായിരുന്നു. അദ്ഭുതത്തോടെ എന്റെ മുഖത്തു നോക്കി 'സാ...ര്‍' എന്നു പ്രതികരിക്കുകയാണ് അയാള്‍ ചെയ്തത്. പിന്നെ ഒരൊറ്റക്കരച്ചിലാണ്. കരച്ചിലിനിടെ അയാള്‍ എന്റെ കൈ മുറുകെപ്പിടിച്ചു.'
ജയചന്ദ്രന്‍ അമ്പരന്നുനില്‌ക്കേ വിതുമ്പിക്കൊണ്ട് ഡ്രൈവര്‍ പറയുന്നു: 'സാര്‍ പാടിയ ആ പാട്ടില്ലേ? വൈദേഹി കാത്തിരുന്താളിലെ കാത്തിരുന്ത് കാത്തിരുന്ത് കാലങ്കള്‍ പോവുതെടീ, പൂത്തിരുന്ത് പൂത്തിരുന്ത് പൂവിഴി നോവുതെടീ... അതിലെന്റെ ലൈഫുണ്ട് സാര്‍. വലിയൊരു കാത്തിരിപ്പാണ് എന്റെ ജീവിതം. ഇനിയൊരിക്കലും അവള്‍ തിരിച്ചുവരില്ല എന്നറിഞ്ഞുകൊണ്ടുതന്നെ...'
പ്രിയഗായകനെ റോഡരികില്‍ നിര്‍ത്തിക്കൊണ്ട് കണ്ണീരോടെ അയാള്‍ തന്റെ ജീവിതകഥ പറഞ്ഞു. പ്രേമനൈരാശ്യവും വഞ്ചനയുമെല്ലാം നിറഞ്ഞ കഥ. ഒടുവില്‍ കൈയിലുള്ള പത്തു രൂപ നോട്ടില്‍ തന്റെ ഓട്ടോഗ്രാഫും വാങ്ങിയാണ് അയാള്‍ തിരിച്ചുപോയതെന്ന് ജയചന്ദ്രന്‍ ഓര്‍ക്കുന്നു.
ചില ഗാനങ്ങള്‍ സ്വന്തം ജീവിതത്തിലെ അപൂര്‍വമായ ചില നിമിഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് നാം ഓര്‍മയില്‍ സൂക്ഷിക്കുക. അവയങ്ങനെ മനസ്സിന്റെ അടിത്തട്ടില്‍ കിടക്കും, ചിലപ്പോള്‍ മരണംവരെ.
തെക്കന്‍കേരളത്തില്‍ ഒരു ഗാനമേളയ്ക്കു പോയപ്പോഴുണ്ടായ അനുഭവവും ജയചന്ദ്രന്റെ ഓര്‍മയിലുണ്ട്. ഗാനമേള കഴിഞ്ഞ് രാത്രി റെയില്‍വേസ്റ്റേഷനില്‍ വണ്ടി കയറാന്‍ നില്ക്കുമ്പോള്‍ ഒരാള്‍ കിതച്ചു വിയര്‍ത്ത് മുന്നിലെത്തുന്നു. 'വന്നയുടന്‍ അയാള്‍ ചീത്തവിളി തുടങ്ങി. ക്ഷമയോടെ കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറയുകയാണ്. എടോ, തന്റെ 'കരിമുകില്‍ കാട്ടിലെ' എന്ന പാട്ടു കേള്‍ക്കാന്‍വേണ്ടി 40 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വന്നതാണു ഞാന്‍. ആ പാട്ടു പാടണമെന്ന് കുറിപ്പു കൊടുത്തയച്ചിട്ടുപോലും താന്‍ വഴങ്ങിയില്ല. താനെന്തു പാട്ടുകാരനാടോ?'
ആദ്യം നീരസം തോന്നിയെങ്കിലും പരാതിക്കാരന്റെ ഭാഗത്തുനിന്നു ചിന്തിച്ചപ്പോള്‍ അയാള്‍ പറഞ്ഞതില്‍ ന്യായമുണ്ടെന്നു തോന്നിയെന്ന് ജയചന്ദ്രന്‍. 'അയാളെ നിരാശനാക്കേണ്ടിവന്നതില്‍ ദുഃഖം തോന്നി. ക്ഷമ ചോദിച്ച് പാട്ടിന്റെ രണ്ടുവരി മൂളിക്കൊടുത്ത ശേഷമാണ് ഞാന്‍ ആ മനുഷ്യനെ പറഞ്ഞയച്ചത്.'
ഹൃദയസ്പര്‍ശിയായ മറ്റൊരനുഭവം ഇളയരാജ വിവരിച്ചുകേട്ടതും ജയചന്ദ്രന്റെ ഓര്‍മയിലുണ്ട്. കഥാപാത്രങ്ങള്‍ മനുഷ്യരായിരുന്നില്ല എന്നുമാത്രം. 'തേനിയില്‍ രാജാസാറിന്റെ ഒരു വീടുണ്ട്. അതിനടുത്താണ് ആ പ്രദേശത്തെ ഏക സിനിമാ കൊട്ടക. വനപ്രദേശമായതുകൊണ്ട് മൃഗങ്ങളും കുറവല്ല. കൊട്ടകയില്‍ വൈദേഹി കാത്തിരുന്താള്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു. പടത്തില്‍ 'രാസാത്തി ഉന്നൈ' എന്ന പാട്ടിന്റെ സന്ദര്‍ഭമെത്തുമ്പോള്‍ കാട്ടില്‍നിന്ന് ആനകള്‍ വരിവരിയായി ഇറങ്ങിവരും. പാട്ടു തീരുംവരെ കൊട്ടകയുടെ പരിസരത്ത് മേഞ്ഞശേഷം ആനക്കൂട്ടം തിരിച്ചു പോകുകയും ചെയ്യും.' തേനിയില്‍ വൈദേഹി കാത്തിരുന്താള്‍ പ്രദര്‍ശിപ്പിച്ച കാലം മുഴുവന്‍ ഈ പതിവ് ആവര്‍ത്തിച്ചിരുന്നുവെന്നും രാജാസാര്‍ പറഞ്ഞു. മൃഗങ്ങളെയും സംഗീതം സ്വാധീനിച്ചേക്കാം എന്നതിന് ഉദാഹരണമായാണ് അദ്ദേഹം ഈ അനുഭവം അയവിറക്കിയത്!
പ്രണയത്തിന്റെ ഈണം
സ്വയം അലിഞ്ഞു പാടുന്നതുകൊണ്ടാകാം തന്റെ പ്രണയഗാനങ്ങളോട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ മമതയെന്ന് ഗായിക സുജാത കരുതുന്നു.'എത്രയോ ജന്മമായ്' എന്ന പാട്ടു കേട്ട് പല ആളുകളും കത്തെഴുതിയിട്ടുണ്ട്. ജീവിതത്തില്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ പ്രണയം തിരിച്ചു കിട്ടി എന്നൊക്കെ. ഉന്നിടത്തില്‍ എന്നെ കൊടുത്തേന്‍ എന്ന ചിത്രത്തിലെ 'ഏതോ ഒരു പാട്ട്' സ്റ്റേജില്‍ പാടുമ്പോള്‍ സദസ്സില്‍ പലരും വികാരാധീനരാകുന്നതും കണ്ടിട്ടുണ്ട്. അര്‍ഥസമ്പുഷ്ടമായ വരികളാകാം കാരണം. പാട്ടിന്റെ ചരണത്തില്‍ അമ്മയുടെ സ്‌നേഹത്തെക്കുറിച്ചുള്ള ഒരു ഭാഗമുണ്ട്. ഈ ഭാഗമെത്തുമ്പോള്‍ എന്റെതന്നെ കണ്ണു നിറഞ്ഞുപോകാറുണ്ടെന്നതാണ് സത്യം.'
'മറ്റൊരു ഓര്‍മ പ്രിയമാന തോഴി എന്ന ചിത്രത്തിലെ 'മാന്‍കുട്ടിയേ' എന്ന ഗാനത്തെക്കുറിച്ചാണ്. ദക്ഷിണാഫ്രിക്കയില്‍ ഒരു ഗാനമേളയ്ക്കിടെ ആറു പ്രാവശ്യമാണ് ഈ പാട്ട് സദസ്സ് എന്നെക്കൊണ്ട് പാടിച്ചത്. പലരും പാട്ടു കേട്ട് ഒരുതരം ആത്മവിസ്മൃതിയുടെ തലത്തിലായിരുന്നു.'
ഏതു വ്യക്തിയുടെ ഉള്ളിലും ഒരു കാമുകനോ കാമുകിയോ ഉണ്ടാവുമെന്നു സുജാത പറയുന്നു: 'പ്രായം ഇക്കാര്യത്തില്‍ ഒരു ഘടകമാണെന്നു തോന്നുന്നില്ല. പ്രണയഗാനങ്ങള്‍ പ്രായഭേദമെന്യേ ആസ്വദിക്കപ്പെടുന്നത് ഈ കാമുകഹൃദയമുള്ളതുകൊണ്ടാണ്.'
നഷ്ടപ്പെട്ടുവെന്നു കരുതിയ പ്രണയം, 'ചന്ദനമണിവാതില്‍ പാതി ചാരി' എന്ന ഗാനത്തിലൂടെ വീണ്ടെടുക്കുകയും ഒടുവില്‍ വിവാഹിതരാകുകയും ചെയ്ത യുവമിഥുനങ്ങളെക്കുറിച്ചാണ് ജി. വേണുഗോപാലിന്റെ ഓര്‍മ. 'രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഈ ഗാനം ഫോണിലൂടെ പ്രണയിനിയെ കേള്‍പ്പിക്കുകയായിരുന്നു കാമുകന്‍. പാട്ടു തീര്‍ന്നപ്പോഴേക്കും ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നുവത്രേ. രണ്ടുപേരും ചേര്‍ന്ന് എനിക്ക് എഴുതിയ കത്തില്‍ ഗായകനു മാത്രമല്ല, വരികള്‍ എഴുതിയ ഏഴാച്ചേരി രാമചന്ദ്രനും സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്കുമെല്ലാമുണ്ട് നന്ദി.'
പൈങ്കിളി എന്നു പറഞ്ഞ് ഇത്തരം അനുഭവങ്ങളെ നിര്‍ദയം എഴുതിത്തള്ളാനായേക്കും നമുക്ക്. ഒന്നുമാത്രം ഓര്‍ക്കുക, ആരുടെയുള്ളിലാണ് ഒരിക്കലെങ്കിലും ഒരു കൊച്ചു പൈങ്കിളി ചിറകടിച്ചിട്ടില്ലാത്തത്?
(ഹൃദയഗീതങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment