Monday 9 June 2014

[www.keralites.net] മോര്‍ച്ചറികളില്‍ ഉ റങ്ങുന്നവര്‍

 


കാണാതെപോയ സുഹൃത്തിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അജ്ഞാതശവത്തെക്കുറിച്ചറിഞ്ഞത്. അതുവരെ മോര്‍ച്ചറി, വായനയില്‍ മാത്രം അറിഞ്ഞ, പരേതാത്മാക്കളുടെ ഊരിയെറിഞ്ഞുകളഞ്ഞ ശരീരങ്ങളുടെ കലവറയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ശീതീകരിച്ച മുറിയുടെ സുഖം അനുഭവിക്കാത്തവര്‍ മരിച്ചാല്‍, മോര്‍ച്ചറിയില്‍ കിടക്കാന്‍ ഭാഗ്യം ലഭിച്ചാല്‍ അതനുഭവിക്കാനാവുന്നു. തിളച്ചുമറിയുന്ന ഒരു വറവുചട്ടി മരണത്തെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളിലും അറിയാതെ കടന്നുവരുന്നു. ആത്മാവതില്‍ കിടന്ന് 'എരിപൊരി' കൊള്ളുന്നത് തികഞ്ഞ നിര്‍മമതയോടെ ഇടയ്‌ക്കൊക്കെ ആലോചിക്കാറുണ്ട്. ജീവിതത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങേണ്ട ശരീരത്തിന് സുഖശീതളമായ ഇത്തരമൊരു വാസഗൃഹം ഉണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ശവമുറി കാവല്‍ക്കാരന്‍ ഓരോ ശവത്തിന്റെയും മുഖക്കച്ച മാറ്റി പരേതാത്മാവിനെ പരിചയപ്പെടുത്തി. അവരുടെ നീണ്ട ഉറക്കത്തിനെ അലോസരപ്പെടുത്തുന്നതില്‍ എനിക്ക് കുണ്ഠിതമുണ്ടായിരുന്നു. എന്റെ സുഹൃത്തിനെ എനിക്ക് കണ്ടെത്താനായില്ല. അന്നല്ല, ഒരിക്കലും അവനെവിടെപ്പോയി മറഞ്ഞെന്ന് ഇടയ്‌ക്കൊക്കെ അതിശയിക്കാന്‍ വേണ്ടിമാത്രം ആ ശവമുറിയുടെ ഓര്‍മ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ശവമുറിയിലെ ശവങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന തട്ടുകള്‍ ഇടയ്ക്കിടെ എന്റെ ഓര്‍മയെ അലോസരപ്പെടുത്താറുണ്ട്.

എന്റെ മക്കള്‍ ചെറുപ്പത്തില്‍ മൂന്നു തട്ടുകളുള്ള ഒരു കട്ടിലിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഏതോ സിനിമയില്‍നിന്ന് അവര്‍ക്ക് വീണുകിട്ടിയ ഒരു ആശയമായിരുന്നു ഇത്. തീവണ്ടിയിലെ സ്ലീപ്പര്‍ ക്ലാസ്സില്‍ കുട്ടികള്‍ക്കൊപ്പം ഒരു യാത്ര നടത്തേണ്ടിവന്നപ്പോള്‍ ഈ ആഗ്രഹം ശക്തമായി. പക്ഷേ, എന്തുകൊണ്ടോ അതവര്‍ക്ക് സാധിച്ചുകൊടുക്കാന്‍ ആയില്ല. കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞു. അവര്‍ക്കിന്ന് ആ ആഗ്രഹം കാണില്ല. കുട്ടികള്‍ക്കൊരുപാട് വാഗ്ദാനം നല്കലും അതൊക്കെ തെറ്റിക്കലും നിറഞ്ഞ ജീവിതമാണെന്റേത്. എന്റെ പ്രണയിനിയുടെ മനസ്സിലും ഞാന്‍ കൊടുത്ത ഒരുപാടു വാഗ്ദാനങ്ങള്‍ മരിച്ച് മരവിച്ചു കിടപ്പുണ്ടാവും. ഇത്തരം പാഴ്‌വാഗ്ദാനങ്ങള്‍ ആയിരിക്കണം എന്നെ ഇനിയും സ്‌നേഹിച്ചുകൊണ്ടിരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്. വാഗ്ദാനങ്ങള്‍ കൊടുക്കാനും കിട്ടാനുമില്ലെങ്കില്‍ ഈ ജീവിതം എന്തിനു കൊള്ളും? ഒരു പ്രണയപ്രഖ്യാപനംപോലും മുഴുവനായി പാലിക്കാന്‍ കഴിയാത്ത വാഗ്ദാനമല്ലേ? ഈ കുറിപ്പെഴുതാന്‍ ആരംഭിക്കുമ്പോള്‍ ശവമുറിക്കൊപ്പം വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും ചേര്‍ത്തുവെക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നില്ല. പക്ഷേ, നിനച്ചിരിക്കാതെ കടന്നുവന്ന സ്വപ്‌നങ്ങള്‍ ശവമുറിയിലെ നിതാന്തസഹചാരികള്‍ ആണെന്ന് എനിക്കു തോന്നുന്നു.

ഇരുപതു കൊല്ലങ്ങള്‍ക്കു മുന്‍പുള്ള മരുഭൂമിയിലെ ആ രാത്രി ഞാനിന്നും ഓര്‍ക്കുന്നു. ഇതുപോലുള്ള ഒരുപാട് രാത്രികളില്‍ ഇതൊന്നുമാത്രം എന്തുകൊണ്ട് വേറിട്ടുനില്ക്കുന്നുവെന്ന് ഞാന്‍ പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സംഭവങ്ങളുടെ നൈരന്തര്യമായിരിക്കണം ഒരുകാലത്തെ മറ്റൊരു കാലത്തില്‍നിന്ന് വേര്‍തിരിക്കുന്നത്. ഒരു കാഴ്ചയെ മറ്റൊരു കാഴ്ചയുമായി മനസ്സ് അറിയാതെ ചേര്‍ത്തുവെക്കുന്നു. അന്ന് പകല്‍ സാദിനോടൊപ്പം അനുഭവിച്ച ഒട്ടകത്തിന്റെ പ്രശാന്തമരണം എന്നോടൊപ്പം കിടക്കയിലെത്തി. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുറിയുടെ പുറത്ത് മരുഭൂമിയില്‍ നിലാവ് പൊഴിഞ്ഞുകൊണ്ടിരുന്നു. നിലാവിന് സ്വപ്‌നങ്ങളുടെ സുഗന്ധത്തിനൊപ്പം മരണത്തിന്റെ തീക്ഷ്ണഗന്ധവും ഉണ്ടെന്നു തോന്നി. മരുഭൂമിയില്‍ ആരുമറിയാതെ കാലം ചെയ്തുപോവുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ആത്മാവുകള്‍ സ്വര്‍ഗവാതിലും നരകവാതിലും തേടി ഈ നിലാവിലൂടെ ഉഴറിനടക്കുന്നുണ്ടാവണം.
അന്ന് തിരിച്ചുവരുന്ന വഴിയില്‍ സാദ് പറഞ്ഞു, മരുഭൂമിയില്‍ ശരീരം അഴുകുന്നില്ല. ഉണങ്ങി വരണ്ടുകിടക്കുന്നു. കാലം ചെല്ലുമ്പോള്‍ മണല്‍ക്കാറ്റില്‍ പൊടിഞ്ഞ് അകലങ്ങളിലേക്ക് ധൂളികളായി പരക്കുന്നു. ശരീരത്തിന്റെ വ്യാകരണനിയമങ്ങള്‍ മാത്രം പൊട്ടാതെ പൊളിയാതെ ഏറെക്കാലം കിടക്കുന്നു. ശരീരത്തിന്റെ സന്ധികളും സമാസങ്ങളും.

ഏറെനേരം ഉറങ്ങാന്‍ കഴിയാതെ കിടന്നപ്പോള്‍ ഞാന്‍ മുറിക്ക് പുറത്തിറങ്ങി. എന്റെ കാബിനോട് തൊട്ടുതന്നെയാണ് തൊഴിലാളികളുടെ താവളം. ചാരിയിരുന്ന വാതില്‍ പതുക്കെ തുറന്ന് ഞാനകത്തേക്ക് കടന്നു. ആ മുറി ജനലുകളിലൂടെ അരിച്ചെത്തുന്ന നിലാവില്‍ കുളിച്ചുകിടക്കുന്നു. പെട്ടെന്ന് അറിയാതെ ഞാന്‍ ആ പഴയ ശവമുറി ഓര്‍ത്തു. എന്താണ് അങ്ങനെ ഓര്‍ക്കാന്‍ കാരണമെന്ന് ഇന്നും എനിക്കറിയില്ല. പകലത്തെ മരണമാണോ, നിലാവാണോ, നിരത്തിയിട്ടിരിക്കുന്ന തട്ടുതട്ടായുള്ള കിടക്കകളാണോ? ആ നീണ്ട ശയനാഗാരത്തിന്റെ ഇരുവശവും മൂന്നു തട്ടുകളുള്ള കട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്നു. എല്ലാ തട്ടിലും ഓരോ മനുഷ്യശരീരം. ഒരു മനുഷ്യശരീരത്തിന് കിടക്കാനുള്ള ഇടമേ ഓരോ തട്ടിനുമുള്ളൂ. ഒരു മനുഷ്യനും അവന്റെ വേവലാതികള്‍ക്കുംകൂടി കിടക്കാനുള്ള സ്ഥലം ആ കിടക്കയ്ക്ക് ഇല്ല.

കട്ടിലുകള്‍ തീര്‍ത്ത ഇടനാഴിയിലൂടെ ഞാന്‍ നടന്നു. ആരെയോ തിരയുന്നതുപോലെ ഉറങ്ങുന്നവരുടെ മുഖങ്ങളിലേക്ക് ഞാനുറ്റുനോക്കി. ഉറക്കത്തില്‍ ആരെങ്കിലും ഉണര്‍ന്നാല്‍ ആ നിലാവില്‍ എന്നെക്കണ്ട് പേടിച്ചേനെ.

ഉറക്കത്തില്‍ അവരെല്ലാം സ്വപ്‌നങ്ങള്‍ കാണുന്നുണ്ടാവണം. ആ മുഖങ്ങളില്‍നിന്ന് ആ സ്വപ്‌നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. അവരറിയാതെ അവരുടെ സ്വപ്‌നങ്ങളിലേക്ക് കടന്നുചെല്ലാന്‍ എനിക്കു കഴിഞ്ഞെങ്കില്‍.

ഈ ഓരോ തട്ടും ഓരോ കുടുംബമാണെന്ന് എനിക്കു തോന്നി. അവനൊറ്റയ്ക്കല്ല കിടക്കുന്നത്. അവനോടൊപ്പം അവന്റെ ജീവിതം മുഴുവനും കിടക്കുന്നു. ഓര്‍മകളും ആശകളും കാമനകളും നിറച്ച തലയണയില്‍ തലചായ്ച്ചാണ് ഓരോരുത്തനും ഉറങ്ങാന്‍ കിടക്കുന്നത്. പലപ്പോഴും ഓര്‍മകളില്‍ നല്കിട്ടാതെ അവന്‍ മുങ്ങിപ്പൊങ്ങി കിടക്കുന്നു. അവന്റെ മനസ്സും ശരീരവും പിടഞ്ഞുകൊണ്ടിരിക്കുന്നു. ആ പിടപ്പിന്റെ ശബ്ദം മുറി നിറയുന്നു. ഓരോ കിടക്കയും ജീവിതത്തിന്റെ ഒരു പിടപ്പാണ്. ഒടുങ്ങാത്ത പിടപ്പ്, ശമിക്കാത്ത ആശ.

ഇങ്ങനെ പിടഞ്ഞുപിടഞ്ഞ് ഒടുക്കം നാട്ടിലെത്തുമ്പോള്‍ അത്രയും കാലം സഹിച്ച വിങ്ങിപ്പൊട്ടലില്‍നിന്ന് രക്ഷപ്പെടാന്‍ അവന്‍ പൊങ്ങച്ചം നടിക്കുന്നു. ഒരു പാവം മനസ്സിന്റെ നൊമ്പരമാണ് ഈ മേനിനടിക്കലില്‍ ഉള്ളതെന്ന് അറിയാന്‍ ചുറ്റുമുള്ളവര്‍ വിസമ്മതിക്കുന്നു. പ്രവാസി മറ്റുള്ളവരുടെ കണ്ണില്‍ ഒരു നീചകഥാപാത്രമായി മാറുന്നത് അങ്ങനെയാണ്. അവനെ എല്ലാവര്‍ക്കും വേണം. പക്ഷേ, അവനെ ആര്‍ക്കും വേണ്ട. മരുഭൂമിയില്‍ അവന്‍ ഒറ്റയ്ക്കായിരുന്നു. അവന് ആശ്വാസം നല്കാന്‍ അവനോടൊപ്പം ഓര്‍മകള്‍ ഉണ്ടായിരുന്നു. തിരിച്ചുവരുന്ന പ്രവാസിക്ക് ആ ഓര്‍മകള്‍ പോലും കൈമോശം വരുന്നു.
അവന്‍ എന്നത്തെക്കാളും കൂടുതല്‍ ഒറ്റയാവുന്നു. ഒരു വിചിത്രകഥാപാത്രമായി അവന്‍ മാറുന്നു. വീണ്ടും തന്റെ മരുഭൂമികളിലേക്കുള്ള വഴി അവന്‍ തേടുന്നു. ഏറ്റവും കൂടുതല്‍ അവമതിക്കപ്പെട്ട മലയാളി പ്രവാസി ഗള്‍ഫുകാരനാണെന്ന് തോന്നുന്നു.

ഓരോ പ്രവാസിയും ഉത്പത്തിപുസ്തകത്തിലെ യോസേഫ് ആണ്. സഹോദരന്മാര്‍ യിശ്മായേലിയരായ സാര്‍ഥവാഹകര്‍ക്ക് ഇരുപതു ശേക്കല്‍ വെള്ളിക്ക് വില്ക്കപ്പെട്ടവര്‍.
യോസേഫ് സ്വപ്‌നങ്ങള്‍ കാണുന്നവനും വ്യാഖ്യാനിക്കുന്നവനും, അവന്റെ സ്വപ്‌നങ്ങളാണ് സഹോദരന്മാരുടെ പക വളര്‍ത്തിയത്. ഓരോ പ്രവാസിയെയും സ്വപ്‌നങ്ങളാണ് മരുഭൂമിയിലെത്തിച്ചത്.

ആ ഇടനാഴിയില്‍ വിവശനായി നില്ക്കുമ്പോള്‍ ഞാനിതൊക്കെയാണോ ആലോചിച്ചത്? ഓര്‍മയില്ല. പക്ഷേ, ആ മോര്‍ച്ചറിയെ ഞാന്‍ ഈ ശയനാഗാരത്തില്‍ അറിയാതെ പ്രതിഷ്ഠിച്ചുവെന്ന് ശരിക്കും ഓര്‍ക്കുന്നു.

വീടിനും വീട്ടുകാര്‍ക്കും വേണ്ടിയാണ് ഓരോരുത്തനും വീടിനെയും വീട്ടുകാരെയും ഉപേക്ഷിക്കുന്നത് എന്നതൊരു ദീനമായ സമസ്യയാണ്. ഈ ഉപേക്ഷിക്കല്‍ അവന്‍ സ്വയം നിരാകരിക്കുന്നതിനു തുല്യമാണ്. ഈ ഉപേക്ഷിച്ചതൊന്നും പിന്നീടൊരിക്കലും അവന് തിരിച്ചുപിടിക്കാന്‍ ആവുന്നില്ല എന്നതും സത്യം. ഈ വീട്ടിലേക്കും വീട്ടുകാര്‍ക്കിടയിലേക്കും അവന്‍ വീണ്ടും തിരിച്ചെത്തുമെങ്കിലും ആ സ്ഥലകാലങ്ങളില്‍ അവന്‍ തികച്ചും അന്യനാണ്. ആ കാണംകുഴിക്കൂറ് ചമയങ്ങളുടെ ഭാഗമല്ല അവന്‍. അവന്‍ കൊണ്ടുവരുന്ന അത്തര്‍ പൂശി അവന്റെ വിയര്‍പ്പുമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് ചുറ്റുമുള്ളവര്‍.

ഒരര്‍ഥത്തില്‍ കുടുംബത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി സ്വപ്‌നങ്ങളെ ശവമുറിയില്‍ കിടത്തിയവനാണ് ഗള്‍ഫ് മലയാളി. തന്റെ സ്വത്വത്തെ ഊരിയെറിഞ്ഞ് അവനും ശവമുറിയില്‍ ശയിക്കുന്നു. അവന് സ്വന്തമെന്നു പറയാന്‍ ആറടി നീളവും മൂന്നടി വീതിയുമുള്ള കിടപ്പിടം മാത്രം. ഈ ഇത്തിരിയിടത്തില്‍ അവനെത്തന്നെ നിറയ്ക്കാന്‍ അവന് സമയം കിട്ടുന്നുമില്ല. അവന്റെ കോട്ടും പാപ്പാസും സൂട്ടും കണ്ട് അവന്‍ സന്തുഷ്ടനാണെന്ന് ചുറ്റുമുള്ളവര്‍ നിനയ്ക്കുന്നു. ഈ ആലഭാരങ്ങള്‍കൊണ്ട് ഒളിപ്പിച്ച് അവന്‍ ജീവിതമാകുന്ന അനാഥശവത്തെ കാത്തുകിടക്കുന്നു.

(പ്രവാസിയുടെ കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment