Wednesday, 25 June 2014

[www.keralites.net] കെട്ടു പോകാത്ത കന ല്‍

 

കെട്ടു പോകാത്ത കനല്‍ 
കെ.എ.ബീന 
''എത്രയോ പേരുടെ രക്തവും വിയര്‍പ്പും കണ്ണീരുമാണ് നിങ്ങളുടെ വഴിത്താരകളെ ആയാസരഹിതമാക്കിയത് എന്ന് നിങ്ങള്‍ അറിയണം.''
കൂത്താട്ടുകുളം മേരി 


കൂത്താട്ടുകുളം മേരി എന്ന പേര് കുട്ടിക്കാലത്ത് മനസ്സില്‍ ചേക്കേറിയത് പത്രമാസികകളില്‍ നിന്നാണ്. ധൈര്യത്തിന്റെയും, സഹനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഒക്കെ പ്രതീകമായി നിറഞ്ഞു നിന്ന ആ പേര് ഉയര്‍ത്തിയിരുന്നത് വീരാരാധന ആയിരുന്നു. ആ വലിയ പേരുകാരിയെ നേരില്‍ കാണുന്നത് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്. അപ്പോഴേക്കും ഞാന്‍ കോളേജ് വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് വിവാഹിത ആയിക്കഴിഞ്ഞിരുന്നു. കൂത്താട്ടുകുളം മേരിയുടെ മക്കള്‍ സുലേഖയും ഷൈലയും എനിക്കേറ്റവും പ്രിയപ്പെട്ട ചേച്ചിമാരായി കഴിഞ്ഞിരുന്നു. 1987 ല്‍ പെരിന്തല്‍മണ്ണയിലെ വീട്ടില്‍വെച്ച് ആദ്യമായി കണ്ട അര്‍ദ്ധരാത്രിയ്ക്കു മുമ്പേ കൂത്താട്ടുകുളം മേരി എന്ന വീരനായിക എന്‌റെയും അമ്മച്ചിയായി കഴിഞ്ഞിരുന്നു. അന്നു തുടങ്ങിയ സജീവമായ ബന്ധത്തെ സൗഹൃദം എന്നു മാത്രം പേരിട്ടു വിളിക്കാന്‍ പറ്റില്ല. ചില ബന്ധങ്ങള്‍ നിര്‍വ്വചനങ്ങളില്‍ ഒതുങ്ങുകയില്ല, അമ്മച്ചിയാണെങ്കില്‍ ജീവിതത്തില്‍ ഇന്നേ വരെ പരിചയപ്പെട്ട മറ്റൊരാളുമായും തുലനം ചെയ്യാനാവാത്ത വ്യക്തിത്വവും. 

അമ്മച്ചി കടന്നു പോയിരിക്കുന്നു. പക്ഷേ അമ്മച്ചി അവശേഷിപ്പിച്ചു പോയ ജീവിതോര്‍ജ്ജം- ഒരിക്കല്‍ പരിചയപ്പെട്ട ആരും അതില്‍ നിന്നു ഒരു കാലവും വിമുക്തരാകില്ല എന്നതുറപ്പാണ്.
മേവള്ളൂരിലെ പ്രണയകുലം എന്ന വീട്ടില്‍ ചുവന്ന കൊടി പുതച്ച, അമ്മച്ചിയുടെ നിശ്ചലമായ ശരീരം കിടന്ന മുറിയിലെ ചുവരുകള്‍ നിറയെ അമ്മച്ചി വരച്ച ചിത്രങ്ങള്‍- ആ ചിത്രങ്ങളിലെ നിറങ്ങള്‍ നമ്മോട് പറയുന്നത് മഹത്തായ ഒരു കാര്യമാണ്. ഏതു പ്രായത്തിലും ജീവിതത്തില്‍ നിറങ്ങള്‍ ചാലിക്കാമെന്നതിനെ കുറിച്ചാണ്. 

അമ്മച്ചി പഠിപ്പിച്ചത് ചെറിയ കാര്യങ്ങളല്ല, അത് അറിയാന്‍ നമുക്ക് കഴിഞ്ഞോ കഴിയുമോ എന്നത് ഇനിയും ഉറപ്പില്ല. ഇങ്ങനൊരു സ്ത്രീ ഇവിടെ ജീവിച്ചിരുന്നു  എന്ന് വരും കാലത്തോട് പറഞ്ഞു കൊടുക്കാന്‍ ആ ജീവിതം വേണ്ട വിധം കരുതി വയ്ക്കപ്പെട്ടിട്ടുണ്ടോ, അതും സംശയമാണ്.
അമ്മച്ചി ആരായിരുന്നു എന്നതിനെക്കാള്‍ ആരെല്ലാമായിരുന്നു എന്നു ചോദിക്കുകയാണ് ഉചിതം.
തൊണ്ണൂറുകളിലേക്ക് കാലൂന്നി നിന്നിരുന്ന കാലത്ത് അമ്മച്ചി ബറോഡയിലെ കോളേജ് ഓഫ് ഫൈനാര്‍ട്ട്‌സില്‍ പോയി ചിത്രകല അഭ്യസിക്കുന്നതിനെ കുറിച്ചാണ് ചിന്തിച്ചിരുന്നത്. 


കേരളം ചുവന്ന നിറത്തില്‍ എഴുതി സൂക്ഷിക്കുന്ന കൂത്താട്ടുകുളം മേരിയുടെ ജീവിതത്തിന്റെ കാന്‍വാസിന്റെ തുടക്കം വിപ്ലവകാരിയുടേതായിരുന്നുവല്ലോ.. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറായി മദ്രാസില്‍ ജോലിയെടുക്കാന്‍ പോയ  അമ്മച്ചി കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആദര്‍ശ ആശയങ്ങളുടെ തള്ളിച്ചയില്‍ ജോലി ഉപേക്ഷിച്ച് കൂത്താട്ടുകുളത്തെത്തി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കുകയായിരുന്നു. അമ്മച്ചിയുടെ സ്വപ്നം സോഷ്യലിസമായിരുന്നു. അതിനു വേണ്ടി ജീവിതം സമര്‍പ്പിക്കുന്നതില്‍ വല്ലാത്ത സംതൃപ്തിയായിരുന്നുവെന്ന് അമ്മച്ചി എപ്പോഴും പറയുമായിരുന്നു. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലം. ഒളിവിലായിരുന്നു സംഘടനാ പ്രവര്‍ത്തനം സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ക്ക് സാര്‍ഥകതയേകാനുള്ള മോഹം, ഒളിവ് ജീവിതത്തിന്റെ സുരക്ഷിതത്വമില്ലായ്മയിലും കഠിനാധ്വാനം ചെയ്യാന്‍ പ്രേരണയും കരുത്തും നല്‍കിയതായി അമ്മച്ചി പറയുമായിരുന്നു. 

പോലീസ് പീഡനങ്ങളുടെ ആ ക്രൂരകാലം ഓര്‍ത്തെടുക്കാന്‍ പറയുമ്പോള്‍ അമ്മച്ചി പറയും..
അതൊക്കെ ഒരുപാട് പറഞ്ഞു കഴിഞ്ഞതല്ലേ..എന്നാലും പറയും..
ഈയിടെ പ്രസിദ്ധീകരിച്ച ''കനലെരിയും കാലം ''എന്ന ആത്മകഥയില്‍ അമ്മച്ചി അതൊക്കെ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.

''മുണ്ട് ഊരിയതൊന്നും വകവയ്ക്കാതെ ഞാന്‍ എടുത്തു ചാടി. നേരെ ചെന്നതു പോലീസ് സംഘത്തിന്‌റെ മുന്നിലേയ്ക്ക്. അവരെന്നെ വളഞ്ഞു. ഒരുത്തന്‍ കയറിപ്പിടിക്കാന്‍ നോക്കി. അവന്റെ കയ്യില്‍ ഞാന്‍ ആഞ്ഞു കടിച്ചു. അവന്‍ പെട്ടന്നു തന്നെ ഒരു തോര്‍ത്തെടുത്ത് എന്റെ കൈകള്‍ പിറകിലേയേക്ക് പിണച്ചു കെട്ടി വച്ചു. ജോസഫ് സാര്‍ ഇതിനകം പിടിയിലായിരുന്നു. ഞങ്ങളെ രണ്ടു പേരെയും വലിച്ചിഴച്ച്, ഇടിവണ്ടിയെന്നു കുപ്രസിദ്ധമായ കമ്പിയഴിയിട്ട പോലീസ് വാനിലേക്കു തള്ളിക്കയറ്റി. എന്റെ നീണ്ട തലമുടി രണ്ടാക്കി വാനിന്റെ മുകളിലെ ഇരുമ്പു ബാറില്‍ കെട്ടിയിട്ടു. പിന്നെ സ്റ്റേഷന്‍ വരെ നാലു മൈല്‍ ദൂരം അടിയും ഇടിയും.. വാന്‍ ഓരോ കുഴിയിലും ചാടുമ്പോള്‍ എന്റെ മുടി പറിഞ്ഞു പോകുന്ന പ്രാണ വേദനയാണ്. അതിന്റൊപ്പമാണ് ഇടി.''
പോലീസ് സ്റ്റേഷനില്‍ ക്രൂരതകളുടെ അദ്ധ്യായങ്ങള്‍ അമ്മച്ചി വിവരിക്കുമ്പോള്‍ നെഞ്ചു പൊടിയുന്നത് കേട്ടിരിക്കുന്നവര്‍ക്കാണ്.

''രണ്ടു കയ്യും പിറകോട്ടു കെട്ടി എന്നെ ചുമരില്‍ ചാരിയിരുത്തി.കാലുകള്‍ നീട്ടിവച്ചു പെരുവിരലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി. കാലനക്കാതിരിക്കാന്‍ രണ്ടു പേര്‍ തുടയില്‍ കയറി നിന്നു. ശബ്ദം പുറത്തു വരാതിരിക്കാന്‍ രണ്ടു പേര്‍ കഴുത്തു ഞെക്കിപ്പിടിച്ചു. കൊല്ലാന്‍ പോകുകയാണെന്നാണ് ആദ്യം കരുതിയത്. ചൂരല്‍ വടി എടുക്കുന്നതു കണ്ടപ്പോള്‍ കാര്യം മനസ്സിലായി. കാല്‍വെള്ളയിലാണ് അടി. അടിയെന്നു പറഞ്ഞാല്‍ നിര്‍ത്താതെയുള്ള വീശിയടിയാണ്. ഞാന്‍ പല്ല് കടിച്ചു പിടിച്ചു വേദനയടക്കി കണ്ണടച്ചിരുന്നു. വാ തുറന്നില്ല. അടി കൊണ്ടു കാല്‍വെള്ള പൊട്ടി ചോരയും മാംസവും തെറിക്കാന്‍ തുടങ്ങി. 15 മിനിട്ടോളം അടി തുടര്‍ന്നു...''

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കൂത്താട്ടുകുളം മേരിയുടെ ജീവിതകഥ ഉചിതമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ടോ എന്ന് സംശയിച്ചു പോകാറുണ്ട്. പാനൂര്‍ സബ്ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമൊക്കെ കിടന്ന് പുറത്ത് വന്ന് ആദിവാസികളുടെ ചികിത്സ ചെയ്താണ് അമ്മച്ചി ആരോഗ്യം വീണ്ടെടുത്തത്. കാലില്‍ നീരും വേദനയും എന്നും ബാക്കിയുണ്ടായിരുന്നു.
ഒളിവു ജീവിതം അമ്മച്ചിയുടെ ഇഷ്ടവിഷയമായിരുന്നു. വാ തോരാതെ പറയും. 

കമ്മ്യൂണിസ്റ്റ് നേതാവായ സി എസ് ജോര്‍ജ്ജിനെ വിവാഹം കഴിച്ചത് ഒളിവിലിരിക്കുമ്പോഴാണ്.
പാര്‍ട്ടിയുടെ നിരോധനം നീക്കിയപ്പോള്‍ അമ്മച്ചി ജയില്‍ വിമോചിതയായി. രാഷ്ട്രീയ ജീവിതത്തിന്റെയും 

കുടുംബജീവിതത്തിന്റെയും തിരക്കുകളായി പിന്നീട്. നേരത്തേ ടി.ടി.സി പാസ്സായിരുന്നതിനാല്‍ സ്‌കൂള്‍ ടീച്ചറായി ജോലി കിട്ടി. മലബാറിലേക്ക് താമസം മാറ്റി. നാലു പെണ്‍കുട്ടികള്‍, അവരുടെ പഠനം, ഉദേ്യാഗം, ഒപ്പം പാര്‍ട്ടിപ്രവര്‍ത്തനവും. ''മക്കളെ നന്നായി പഠിപ്പിക്കണമെന്ന് എനിക്ക് നിര്‍ബ്ബന്ധമായിരുന്നു. അത് സാധിച്ചു.''
സി.എസ്. ജോര്‍ജ്ജിന്റെ മരണത്തോടെ അമ്മച്ചി ഏകാന്തതയുടെ ലോകത്തെത്തി. അത് തരണം ചെയ്യാന്‍ അമ്മച്ചി പല കാര്യങ്ങളും ചെയ്തു നോക്കുമായിരുന്നു.

''മക്കളും പേരക്കുട്ടികളുമൊക്കെയുണ്ട്. എങ്കിലും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്നൊരു തോന്നല്‍ ആയിരുന്നു എപ്പോഴും.... വയസ്സൊക്കെ ആയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി യാത്രകള്‍ ചെയ്യാനുള്ള ആരോഗ്യം കുറഞ്ഞുവന്നു. പലതും ചെയ്യുന്നതിനെക്കുറിച്ചാലോചിച്ചു. പുസ്തകശാല, ലൈബ്രറി, കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ - പല പ്രോജക്റ്റുകളും തയ്യാറാക്കി നോക്കി. ശരിയായില്ല. പിന്നെ ഞാന്‍ മകളോടൊപ്പം താമസിക്കുന്ന വെള്ളൂരില്‍ കുട്ടികള്‍ക്കായി ശാസ്ത്രീയസംഗീത ക്ലാസ്സ് തുടങ്ങി. ഒരു ഗാനമേള ട്രൂപ്പും. ആ നാട്ടിലെ പാടാനിഷ്ടമുള്ളവര്‍ക്കൊക്കെ കൂടിയിരുന്ന് പാടാന്‍ ഒരു പാട്ട് സംഘവുമുണ്ടാക്കി. പാട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചു... എന്നിട്ടും സമയം ബാക്കി. അപ്പോള്‍ തോന്നി വല്ലതും പഠിക്കാമെന്ന്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ)യുടെ ക്രിയേറ്റീവ് റൈറ്റിങ് ഇന്‍ ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നു. എറണാകുളത്ത് കൃത്യമായി അസൈന്റമെന്റ്‌സ് കൊണ്ടുകൊടുക്കാന്‍ ആളില്ലാത്തതിനാല്‍ അതും മുടങ്ങി. എഴുത്തിന്റെ മേഖലയിലും ശ്രമിച്ചു. പത്രക്കാര്‍ ഇടണ്ടേ. അതും നിന്നുപോയി...''

എന്നിട്ടാണ് അമ്മച്ചി ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്. ആവേശത്തോടെ ആ കഥ അമ്മച്ചി എപ്പോഴും പറയും.
''പെട്ടെന്നൊരു ദിവസം രാവിലെ എനിക്കു തോന്നി ചിത്രം വരയ്ക്കണമെന്ന്. അന്ന് ഞാന്‍ തിരുവനന്തപുരത്ത് ബിനോയ്‌യുടെ വീട്ടിലാണ്. (ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല. സി. ജോര്‍ജ്ജ് അമ്മച്ചിയുടെ രണ്ടാമത്തെ മകളാണ്). വരയ്ക്കണമെന്ന ആശ കൂടിക്കൂടി വന്നു... വൈകുന്നേരമായപ്പോള്‍ പോയി വരയ്ക്കാനുള്ള സാധനങ്ങള്‍ വാങ്ങി. ഓയില്‍ പെയിന്റിങ്ങിനും ഗ്ലാസ് പെയിന്റിങ്ങിനും വാട്ടര്‍ കളറിങ്ങിനുമുള്ള സാധനങ്ങളാണ് വാങ്ങിയത്. ചിത്രങ്ങള്‍ വരച്ചു തുടങ്ങിയപ്പോള്‍ ഓയില്‍ പെയിന്റ് ഇഷ്ടമായില്ല. കൈയിലൊക്കെ എണ്ണ പുരളും. ഗ്ലാസ് പെയിന്റിങ്ങും സുഖമായി തോന്നിയില്ല. വാട്ടര്‍ കളറാണ് പിടിച്ചത്.''
ധിഷണ അമ്മച്ചിയുടെ കുടുംബ സ്വത്തായിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ ധിഷണശാലികളിലൊരാളായ സി.ജെ. തോമസ് അമ്മച്ചിയുയെ അമ്മയുടെ അനിയന്‍ ആയിരുന്നു. അമ്മയുടെ സഹോദരിയായിരുന്നു പ്രശസ്ത കവയിത്രി മേരി ജോണ്‍ കൂത്താട്ടുകുളം. 
വാര്‍ദ്ധക്യം ജീവിതോര്‍ജ്ജം കെടുത്താത്ത അപൂര്‍വ്വജന്മമായിരുന്നു അമ്മച്ചിയുടേത്. എണ്‍പത്തെട്ട് വയസ്സുള്ളപ്പോള്‍ ഐ ആര്‍ സി റ്റി സി യുടെ വില്ലേജ് ഓണ്‍ വീല്‍സ് പരിപാടിയില്‍ ചേര്‍ന്ന് 15 ദിവസം ഇന്ത്യ ചുറ്റിക്കാണാന്‍ പോകാന്‍ അമ്മച്ചിയ്ക്കല്ലാതെ ആര്‍ക്കു കഴിയും..

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എത്രയോ കാലമായി മുടങ്ങാതെ പങ്കെടുത്തിരുന്ന ഡെലിഗേറ്റ് ആയിരുന്നു അമ്മച്ചി..
അമ്മച്ചി ഇതെല്ലാമായിരിക്കുമ്പോഴും നിഷ്‌ക്കളന്കത കൊണ്ടും സ്‌നേഹം കൊണ്ടും അസുലഭമായ നര്‍മ്മ ബോധം കൊണ്ടും മറക്കാനാത്ത ആ ചിരി കൊണ്ടും അടുത്തെത്തുന്ന ഓരോരുത്തരെയും ആകര്‍ഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തു കൊണ്ടേയിരുന്നു. 
അപൂര്‍വ്വമായ ചില ജന്മങ്ങള്‍ മനുഷ്യ കുലത്തില്‍ ഉണ്ടാവാറുണ്ട്.. കൂത്താട്ടുകുളം മേരിയെ കുറിച്ച് ചരിത്രം അങ്ങനെതന്നെ ആവും രേഖപ്പെടുത്തുക..
 
 

      

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment