Monday, 16 June 2014

[www.keralites.net] കാടറിഞ്ഞ ക്യാമറ

 

കാടറിഞ്ഞ ക്യാമറ

 

mangalam malayalam online newspaper

നൂറ്റാണ്ടുമുമ്പ്‌ കേരളത്തിന്റെ പശ്‌ചിമഘട്ടത്തിലൂടെ ഒരു നീണ്ടയാത്ര നടന്നത്‌ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. സൈലന്റ്‌വാലിക്കു ശേഷം കേരളത്തിലുണ്ടായ പാരിസ്‌ഥിതികാവബോധത്തില്‍നിന്ന്‌ കാടും മലകളുമറിയാനായി ഒരുകൂട്ടം പ്രകൃതിസ്‌നേഹികള്‍ നടത്തിയ യാത്രയായിരുന്നു അത്‌. യാത്രയ്‌ക്കു നേതൃത്വം കൊടുത്ത പ്രശസ്‌ത പരിസ്‌ഥിതി പ്രവര്‍ത്തകന്‍ മോഹന്‍ കുമാര്‍ പിന്നീട്‌ പറഞ്ഞത്‌ ആ യാത്രയുടെ ഏറ്റവും വലിയ സംഭാവന എന്‍.എ. നസീറാണെന്നായിരുന്നു. കാടിനും കാട്ടിലെ ജീവികള്‍ക്കുമായി കാമറ നെഞ്ചിലേറ്റുന്ന നസീര്‍. പശ്‌ചിമഘട്ടം സ്വന്തം ജീവനുവേണ്ടി മനുഷ്യനോടു കേഴുമ്പോള്‍ ആ നിലവിളി കേട്ടിറങ്ങിയ പുതിയൊരു സംഘം പ്രകൃതിസ്‌നേഹികള്‍ കഴിഞ്ഞ ഒന്നരമാസക്കാലം നടത്തിയ പശ്‌ചിമഘട്ട സംവാദ യാത്രയുടെ ക്യാപ്‌റ്റന്‍ മറ്റാരുമായിരുന്നില്ല. മോഹന്‍ കുമാര്‍ പറഞ്ഞപോലെ ആദ്യ പശ്‌ചിമഘട്ടയാത്ര സംഭാവനചെയ്‌ത പ്രകൃതിയുടെ തോഴന്‍ എന്‍.എ നസീര്‍ തന്നെ.


വാളെടുത്തവരെല്ലാം വെളിച്ചപ്പാട്‌ എന്നു പറയുന്നപോലെ കാമറയെടുത്തവരെല്ലാം വന്യജീവി ഫോട്ടോഗ്രാഫറാകുന്ന കാലം. എന്നാല്‍ അവരെല്ലാം അത്ഭുതപ്പെട്ട്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. എങ്ങനെയാണ്‌ കാട്ടിലെ ഒരു കൊച്ചുതുമ്പി മുതല്‍ കാട്ടാന വരെയുള്ള ജീവജാലങ്ങള്‍ ശാന്തരായി നസീറിന്റെ കാമറയ്‌ക്കുമുന്നില്‍ ഇരുന്നുകൊടുക്കുന്നു? നസീറിന്റെ മറുപടി വളരെ ലളിതം. സ്‌റ്റെതസ്‌കോപ്പ്‌ വാങ്ങിയാല്‍ ഒരാള്‍ ഡോക്‌ടറാകില്ലല്ലോ. എത്രയോ കാലത്തെ പരിശീലനം വേണം, മനുഷ്യനെ അറിയണം, സ്‌നേഹിക്കണം. അതുതന്നെ പ്രശ്‌നം. കാടിനെ അറിയാതെ, മൃഗങ്ങളെ അറിയാതെ, അവയുടെ സ്വാഭാവരീതികളും സവിശേഷതകളും അറിയാതെ, അതിനേക്കാളുപരി അവയെ സ്‌നേഹിക്കാതെ ഫോട്ടോയ്‌ക്കായി ഓടിച്ചെന്നാല്‍ അവ ഓടിപ്പോകും, പറന്നുപോകും, അല്ലെങ്കില്‍ അക്രമിക്കും.
നസീര്‍ ഇതു വെറുതേ പറയുന്നതല്ല. ദശകങ്ങള്‍ കാടുകളിലൂടെ നടത്തിയ എത്രയോ യാത്രകള്‍ക്കു ശേഷമാണ്‌ പക്ഷി - മൃഗങ്ങള്‍ക്കുനേരേ കാമറ തിരിക്കാന്‍ നസീര്‍ തയാറായത്‌. അപ്പോള്‍ അവയുടെ പ്രതികരണം എന്താകുമെന്ന്‌ ഇദ്ദേഹത്തിനു മനസിലാകും. അതിനനുസൃതമായാണ്‌ അടുത്ത നീക്കം. തങ്ങളെ മനസിലാക്കുന്ന, പ്രകൃതിയിലെ തങ്ങളുടെ അവകാശത്തിനുവേണ്ടിയാണ്‌ ഇദ്ദേഹം കാമറയേന്തുന്നതെന്നു തിരിച്ചറിയുന്നതോടെ അവ നസീറിനുവേണ്ടി പോസ്‌ ചെയ്യും. കഴിഞ്ഞില്ല, വര്‍ഷങ്ങളോളം അഭ്യസിച്ച യോഗയും കരാട്ടെയും തായ്‌ച്ചിയും മറ്റും സമ്മാനിച്ച ഏകാഗ്രതയും മനശക്‌തിയും നസീറിനു കരുത്താകുന്നു.
ബാല്യത്തില്‍ത്തന്നെ കാടിനോടു താല്‍പര്യമുണ്ടാകാന്‍ പലരും കാരണമായി. അമ്മാവന്റെ കാട്ടുകഥകള്‍ തന്നെ പ്രധാനം. പിന്നെ ജോഷി എന്ന സുഹൃത്ത്‌. പിതാവ്‌ ഏറെക്കാലം വാല്‍പ്പാറയിലായിരുന്നു. അവിടേയും ചിലവഴിച്ചു ബാല്യത്തില്‍ ഏറെകാലം. വാല്‍പ്പാറയിലും ഷോളയാറിലുമുള്ള വനങ്ങളിലും മറ്റും അന്നുതന്നെ ഒറ്റയ്‌ക്ക് അലഞ്ഞുനടന്നു. നാച്ചുറല്‍ ക്ലബ്ബിനു നേതൃത്വം കൊടുത്തിരുന്ന ചെറായിയിലെ പി.ജെ സെബാസ്‌റ്റ്യന്‍ മാസ്‌റ്ററുടെ പ്രചോദനം. ക്ലബ്ബിനെ പ്രതിനിധീകരിച്ചായിരുന്നു ആദ്യ പശ്‌ചിമഘട്ടയാത്രയില്‍ പങ്കെടുത്തത്‌. ജീവിതത്തിലെ മറക്കാനാവാത്ത ഒരധ്യായമായിരുന്നു അതെന്നു പറയുന്നു നസീര്‍. മോഹന്‍ കുമാറിനെപോലെ പരിസ്‌ഥിതിസംരക്ഷണം ജീവിതവ്രതമാക്കിയിരുന്ന ജോണ്‍സി മാഷ്‌, സാംരംഗ്‌ ഗോപാലകൃഷ്‌ണന്‍, ശരത്‌ ചന്ദ്രന്‍ തുടങ്ങിയവര്‍ യാത്രയില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. അവരില്‍ പലരും ഇന്നില്ല. പിന്നെ റസാക്‌ കോട്ടക്കല്‍ എന്ന അതുല്യ ഫോട്ടോഗ്രാഫര്‍. കാടിന്റെ സ്‌പന്ദനങ്ങള്‍ അടുത്തറിഞ്ഞ ദിനങ്ങള്‍. സ്വന്തം ജീവിതം എന്തായിരിക്കണമെന്നു തീരുമാനിച്ച ദിനങ്ങളായിരുന്നു അവ. പിന്നീട്‌ കൊടുങ്ങല്ലൂരിലെ മുഹമ്മദലി, പി.എന്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരുമായുള്ള യാത്രകള്‍ കൂടിയായപ്പോള്‍ തീരുമാനത്തിനു കരുത്തുകൂടി. ഷോളയാറിലെ മുതുവന്മാര്‍ എന്ന ആദിവാസികള്‍ക്കൊപ്പം കഴിഞ്ഞ ദിവസങ്ങളും തന്റെ നിശ്‌ചയദാര്‍ഢ്യത്തിനു കരുത്തുകൂട്ടിയെന്നും നസീര്‍ പറയുന്നു.


അപ്പോഴും വന്യജീവി ഫോട്ടോഗ്രാഫറാകണമെന്നായിരുന്നില്ല ലക്ഷ്യം. കാടിനേയും കാട്ടിലെ ജീവജാലങ്ങളേയും പുഴകളേയും പ്രകൃതിയേയും അടുത്തറിയുക, അവ സംരക്ഷിക്കാനുള്ള പ്രസ്‌ഥാനങ്ങളില്‍ ഭാഗഭാക്കാകുക എന്നുമാത്രമായിരുന്നു. കൊടുംകാടുകളിലേക്കുള്ള യാത്രകളുടെ ദിനങ്ങളായിരുന്നു പിന്നീട്‌. മിക്കവാറും ഒറ്റയ്‌ക്കായിരുന്നു കൂടുതല്‍ യാത്രകളും. പക്ഷികളുടേയും മൃഗങ്ങളുടേയും ചലനങ്ങളും സ്വഭാവങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ ഒറ്റയ്‌ക്കുതന്നെ യാത്രചെയ്യണമെന്നാണ്‌ കാടറിയാന്‍ ആഗ്രഹിക്കുന്നവരോടു നസീറിനു പറയാനുള്ളത്‌.


ഇതിനിടയിലും ചെറുപ്പം മുതലേ കരാട്ടേയും യോഗയും മെഡിറ്റേഷനും കളരിയും ചൈനീസ്‌ അയോധന മുറയായ തായ്‌ച്ചിയും പഠിച്ചിരുന്നു. അവ പഠിപ്പിക്കുകയും ചെയ്‌തു. അതു നല്‍കിയ ഏകാഗ്രതയയും മനശക്‌തിയും സഹനയും ക്ഷമയും നിസാരമല്ല എന്നു നസീര്‍ വിശ്വസിക്കുന്നു. ഏതെങ്കിലും മൃഗം ഇങ്ങോട്ടുനോക്കാനാഗ്രഹിക്കുമ്പോള്‍ അവ തിരിഞ്ഞുനോക്കും. ഏതെങ്കിലും മൃഗത്തെ കാണണമെന്നാഗ്രഹിക്കുമ്പോള്‍ അവയെത്തും. അതാണ്‌ മനസിന്റെ ഭാഷ. ഇന്ന്‌ പടയപ്പെ എന്ന പേരില്‍ മൂന്നാറിനെ വിറപ്പിക്കുന്ന പഴയ ഗണേശന്‍ എന്ന കാട്ടാന ഏതാനും വര്‍ഷം മുമ്പ്‌ താനും പാണ്ഡ്യനെന്ന സുഹൃത്തും വിളിക്കുമ്പോള്‍ ഓടിവന്നിരുന്ന ദിനങ്ങള്‍ നസീര്‍ ഓര്‍ക്കുന്നു. ഇടയ്‌ക്ക് നസീര്‍ കരാട്ടെ പഠിപ്പിക്കലുമായി കുറച്ചുകാലം ഗള്‍ഫില്‍ കഴിഞ്ഞു. അപ്പോഴും വര്‍ഷം നാലുതവണയെങ്കിലും നാട്ടിലെത്തും. നാട്ടിലെത്തി വീട്ടില്‍ പറയാതെ കാട്ടില്‍ പോകും. ആരോടും പറയാതെ തിരിച്ചുപോകും. അക്കാലഘട്ടത്തിലാണ്‌ ഫോട്ടോ എടുക്കാനാരംഭിച്ചത്‌. പിന്നീടതൊരു ഹരമായി. ഗള്‍ഫ്‌ ജീവിതമുപേക്ഷിച്ച്‌ കാമറയുമായി കാടുകയറാനാരംഭിച്ചു. ഇപ്പോഴുമത്‌ തുടരുന്നു. അയോധനമുറകളിലെ പ്രാവിണ്യം ഫോട്ടോഗ്രാഫിയിലും സഹായകരമായി. അനന്തമായ ക്ഷമയ്‌ക്കും സഹനത്തിനൊപ്പം ചടുലമായ ചലനങ്ങളും വന്യജീവി ഫോട്ടോഗ്രാഫിക്ക്‌ അനിവാര്യം.


വനങ്ങളോടുള്ള മലയാളികളുടെ സമീപനത്തില്‍ നസീര്‍ ദുഃഖിതനാണ്‌. മനുഷ്യന്‍ വിശേഷബുദ്ധിയുള്ള ജീവിയാണെന്ന അവകാശവാദം നസീര്‍ തള്ളിക്കളയുന്നു. എങ്കില്‍ നാമിങ്ങനെ വനം നശിപ്പിക്കില്ല. വയനാട്ടില്‍ മനുഷ്യന്‍ സൃഷ്‌ടിച്ച കാട്ടുതീ പടര്‍ന്ന മേഖലകളിലെ ചാരങ്ങളിലൂടെ അലഞ്ഞുനടന്നപ്പോള്‍ മനുഷ്യന്റെ ബുദ്ധിശൂന്യത മാത്രമായിരുന്നു താന്‍ ചിന്തിച്ചതെന്നു പറയുന്നു നസീര്‍. ആചാരമെല്ലാം ജീവികളായിരുന്നു. പ്രകൃതിയുടെ താളം സംരക്ഷിക്കുന്ന ചെറുതും വലുതുമായ ജീവികള്‍. പ്രകൃതി നമുക്കുനല്‍കിയ അനുഗ്രഹമായ പശ്‌ചിമഘട്ടത്തെ തുരന്നുതുരന്നു തകര്‍ക്കുന്ന മലയാളി എങ്ങനെയാണ്‌ സാക്ഷരരാകുന്നതെന്നും നസീര്‍ ചോദിക്കുന്നു.


ഗാഡ്‌ഗിലും കസ്‌തൂരിരംഗനും മറ്റും സജീവമായ പശ്‌ചാത്തലത്തിലായിരുന്നു രണ്ടാം പശ്‌ചിമഘട്ടയാത്ര നടന്നത്‌. പഴയ യാത്രയില്‍നിന്നു വ്യത്യസ്‌തമായി കൗമാരക്കാരും ചെറുപ്പക്കാരുമായിരുന്നു കൂടുതല്‍. പ്രമുഖ പരിസ്‌ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. സഹദേവനായിരുന്നു മുഖ്യസംഘാടകന്‍. ജനങ്ങളെ ഒന്നും പഠിപ്പിക്കാനല്ല, ജനങ്ങളെ കേള്‍ക്കാനും കാടിനെ അറിയാനുമായിരുന്നു ഇത്തവണത്തെ യാത്ര. അതിനാല്‍ തന്നെ യാത്രയുടെ പേരുപോലും പശ്‌ചിമഘട്ട സംവാദയാത്ര എന്നായിരുന്നു. പഴയ യാത്രയില്‍നിന്ന്‌ വ്യത്യസ്‌തമായി പലയിടത്തും ജനങ്ങള്‍ തങ്ങലെ സംശയത്തോടെയാണ്‌ വീക്ഷിച്ചിരുന്നതെന്ന്‌ നസീര്‍ പറയുന്നു. എന്നാല്‍, അവരില്‍ നിന്ന്‌ കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന്‌ മനസിലായപ്പോള്‍ ലഭിച്ച സഹകരണം വളരെ വലുതായിരുന്നു. പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന്‌ ബോധ്യമായി. പട്ടയവിതരണത്തില്‍ സര്‍ക്കാരിന്റെ ഉദാസീനതയാണ്‌ മറ്റൊരു പ്രശ്‌നം. അതേസമയം ക്വാറികള്‍ കേരളത്തെ വെല്ലുവിളിക്കുകയാണ്‌. എന്നാല്‍, സംസ്‌ഥാനമുടനീളം നടക്കുന്ന വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഈ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ പശ്‌ചിമഘട്ടത്തിന്റെ തകര്‍ച്ചയ്‌ക്ക് ഓരോ മലയാളിയും ഉത്തരവാദിയാണ്‌. 10 ലക്ഷത്തില്‍പരം വീടുകള്‍ പണിത്‌ പൂട്ടിക്കിടക്കുന്നു. ആര്‍ഭാടത്തിന്റെ പര്യായമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാറുന്നു. പശ്‌ചിമഘട്ടത്തിന്റെ ചരമഗീതം കേരളത്തിന്റെ മുഴുവന്‍ ചരമഗീതമാണെന്ന്‌ നസീര്‍ ഓര്‍മ്മിപ്പിക്കുന്നു.


നസീര്‍ അറിഞ്ഞ കാടിനെക്കുറിച്ച്‌ മൂന്നു പുസ്‌തകങ്ങളാണ്‌ ഈ വര്‍ഷം പുറത്തുവരാനിരിക്കുന്നത്‌. കാടിനെ ചെന്നു തൊടുമ്പോള്‍, കാട്ടിലേക്കുവീണു ഉറങ്ങിപോയ ഒരാള്‍, ക്യാമറ കാട്ടിലേക്കു തിരിക്കുമ്പോള്‍ എ്‌നനിവയാണവ. ഇവയില്‍ മൂന്നാമത്തെ പുസ്‌തം വൈല്‍ഡ്‌ ഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങളാണ്‌. കാട്ടില്‍ മാത്രമല്ല, നാട്ടിലും നസീര്‍ ഫോട്ടോ എടുക്കാറുണ്ട്‌. കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരത്തിനു എല്ലാ ഫോട്ടോഗ്രാഫര്‍മാരും ആനച്ചന്തം പകര്‍ത്താന്‍ ഓടിനടന്നപ്പോള്‍ നസീറിന്റെ കാമറ തിരിഞ്ഞത്‌ ആനകളുടെ കാലുകളുടെ മുറിവുകളിലേക്കായിരുന്നു. മിക്കവാറും എല്ലാ ആനകളുടേയും കാലുകളില്‍ വ്രണങ്ങളുണ്ടായിരുന്നു. അവയുടെ ഉടമകളും പാപ്പാന്മാരുമെന്നു വിശേഷിപ്പിക്കുന്നവരുടെ പീഡനങ്ങളുടെ ബാക്കിപത്രങ്ങള്‍. കാട്ടിന്റെ മക്കള്‍ക്ക്‌ എങ്ങനെയാണ്‌ ഉടമകളും പാപ്പാന്മാരുമുണ്ടാകുന്നത്‌? വ്രണങ്ങളുള്ള ആനകളെ എഴുന്നള്ളിപ്പിക്കരുതെന്ന നിയമത്തെ കാറ്റില്‍ പറത്തി, അവയുടെ വേദനയില്‍ പൂരം പെയ്‌തിറങ്ങുന്നു. തന്റെ ഫോട്ടോകളുമായി നസീര്‍ സര്‍ക്കാരിനു പരാതി നല്‍കി. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഉത്തരവായെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതാണ്‌ മലയാളിയുടെ ആനക്കമ്പത്തിന്റെ കാപട്യം.


സംഗതികള്‍ ഇങ്ങനെയാണെങ്കിലും താന്‍ നിരാശനല്ല എന്നും പുതിയ തലമുറയുടെ മനസില്‍നിന്ന്‌ പച്ചപ്പ്‌ മാഞ്ഞുപോയിട്ടില്ല എന്നും നസീര്‍ ഉറച്ചുവിശ്വസിക്കുന്നു. ആ ഉറപ്പിലാണ്‌ കാമറയേന്തുമ്പോഴും മുഷ്‌ടികള്‍ ചുരുട്ടാന്‍ നസീര്‍ മടിക്കാത്തത്‌. കേവലമൊരു വന്യജീവി ഫോട്ടോഗ്രാഫറല്ല നസീര്‍. ആക്‌ടിവിസ്‌റ്റായ ഫോട്ടോഗ്രാഫറാണ്‌. നസീറിന്റെ കാമറ കാലത്തെയും ലോകത്തേയും ഒപ്പിയെടുക്കുക മാത്രമല്ല, പുതിയ കാലത്തേയും ലോകത്തേയും രചിക്കുക കൂടിയാണ്‌. അങ്ങനെയാണ്‌ ഈ വൈല്‍ഡ്‌ ഫോട്ടോഗ്രാഫര്‍ വ്യത്യസ്‌തനാകുന്നത്‌.


www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment