ട്രക്ക് ഡ്രൈവര്‍മാരുടെ ഇന്ത്യ
മുരളി തുമ്മാരുകുടിPosted on: 23 Jun 2014
അക്ഷരങ്ങള്‍ എഴുതിക്കൂട്ടിയ പുസ്തകത്താളുകളിലെ ഇന്ത്യയല്ല അനുഭവങ്ങളിലെ ഇന്ത്യ എന്ന് രണ്‍ജി പണിക്കരും തേവള്ളിപ്പറമ്പില്‍ അലക്‌സും എല്ലാം പറഞ്ഞ് നമുക്കറിയാം. കൂലിപ്പണിക്കാരുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ഇന്ത്യയെപ്പറ്റിയും വേശ്യകളുടേയും വഴിവാണിഭക്കാരുടെ ഇന്ത്യയെപ്പറ്റിയും എല്ലാം അവര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ദിവസേന നമുക്ക് പച്ചക്കറിയും കോഴിയും എത്തിക്കുന്ന തമിഴന്‍ലോറികളിലെ ഡ്രൈവര്‍മാരുടെ അനുഭവത്തെപ്പറ്റി, ഡല്‍ഹിയില്‍നിന്നും രാജസ്ഥാനില്‍നിന്നും നമുക്ക് നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്ന നാഷണല്‍ പെര്‍മിറ്റ് ട്രക്ക് ഡ്രൈവര്‍മാരുടെ ഇന്ത്യയെപ്പറ്റി അവരൊന്നും പറഞ്ഞില്ല. അതുകൊണ്ടുതന്നെ പുസ്തകങ്ങളിലേയും സിനിമയിലേയും ലോറിഡ്രൈവര്‍മാരുടെ അനുഭവത്തെപ്പറ്റിയേ നമുക്കറിയൂ.
ഇതു കഷ്ടമാണ്. കാരണം രാത്രിയില്‍ ലൈറ്റ് ഡിം ചെയ്യാത്ത, നാടെങ്ങും എയിഡ്‌സും ലൈംഗിക രോഗങ്ങളും വിതരണം ചെയ്യുന്ന എല്‍പിജി ടാങ്കര്‍ അമിതവേഗത്തില്‍ ഓടിച്ചു അപകടം ഉണ്ടാക്കുന്ന ട്രക്ക് ഡ്രൈവര്‍മാരെപ്പറ്റിയേ നാം പത്രത്തില്‍ വായിക്കാറുള്ളൂ. സിനിമയിലും ഇവരുടെ ഇമേജ് മറ്റൊന്നല്ല. അതുകൊണ്ടുതന്നെ മലയാളികളായ ബസ്‌ഡ്രൈവര്‍മാരുടെ ക്രൂരമര്‍ദ്ദനം ഏറ്റ് സ്റ്റിയറിംഗ് വീലില്‍ തല ചായ്ച്ച് തേങ്ങുന്ന മറുനാടന്‍ ട്രക്ക്‌ഡ്രൈവറുടെ ചിത്രം നമുക്ക് അനോമലി (അസാധാരണം) ആണ്.https://www.facebook.com/photo.php?v=1445569099030072&set=vb.1376449849275331t&ype=2&theater
ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തെപ്പറ്റി എഴുതണം എന്നു ഞാന്‍ പണ്ടേ ആലോചിച്ചതാണ്. കൊച്ചിയില്‍ ആസ്ഥാനമാക്കി എന്റെ സുഹൃത്ത് ബാബു ഒരു നാഷണല്‍ പെര്‍മിറ്റ് ട്രക്ക് കമ്പനി നടത്തിയിരുന്നു. അതിലെ പല ഡ്രൈവര്‍മാരും ആയി അടുത്തിടപഴകാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അവര്‍ പറഞ്ഞ കഥകള്‍ എന്നെ നടുക്കിയിട്ടും സങ്കടപ്പെടുത്തിയിട്ടും ഉണ്ട്. അടുത്തയിടക്ക് ഇന്ത്യയിലെ റോഡ്‌സുരക്ഷയെപ്പറ്റി സംസാരിക്കുന്നതിനിടക്കും ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതസംഘര്‍ഷത്തെപ്പറ്റി ചര്‍ച്ച വന്നു. ഇപ്പോള്‍ എറണാകുളത്ത് നഗരമധ്യത്തില്‍ മലയാളിസമൂഹം നോക്കിനില്‌ക്കെ ഒരു മറുനാട്ടുകാരനെ തല്ലിച്ചതച്ച സംഭവം വായിച്ചപ്പോള്‍ ഇതിനെപ്പറ്റി എഴുതാനുള്ള ഒരു നിമിത്തം ആയി എന്നു മാത്രം.
കേരളം പൂര്‍ണ്ണമായും ഒരു ഉപഭോഗസംസ്ഥാനം ആണല്ലോ. അതുകൊണ്ട് കോഴി മുതല്‍ മാര്‍ബിള്‍ വരെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയേ തീരൂ. തമിഴ്‌നാടു മുതല്‍ ജമ്മു കാശ്മീര്‍വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ദിവസേന ആയിരക്കണക്കിന് ലോറികളാണ് കേരളത്തില്‍ എത്തുന്നത്. ഇതില്‍ ഓരോന്നിന്റേയും ഡ്രൈവര്‍മാര്‍ക്ക്, ഓരോ യാത്രയും ദുരിതപര്‍വം ആണ്. എറണാകുളത്തെപ്പോലെ തന്നാട്ടുകാരുടെ അടികിട്ടുന്നതുപോലും അസാധാരണമല്ല.
അഞ്ചു തരത്തിലുള്ള ദുര്‍ഘടങ്ങള്‍ ആണ് ഒരു ട്രക്കുമായി സംസ്ഥാനം കടന്നുപോകുന്നവരെ നേരിടുന്നത്. ഒരു സഹായിയും ഒരു മൊബൈല്‍ ഫോണും ഒരു എടിഎം കാര്‍ഡും അല്ലാതെ മറ്റൊന്നും ഇവര്‍ക്ക് പിന്തുണക്കില്ലതാനും. സ്വന്തം സംസ്ഥാനം കടക്കുന്നതോടെ മുതലാളിയുടെ കോണ്‍ടാക്ടുകളും യൂണിയന്റെ സംരക്ഷണവും എല്ലാം ഇവര്‍ക്ക് നഷ്ടപ്പെടുകയാണ്.
ഒന്നാമത്തെ ദുര്‍ഘടം നമ്മുടെ രാജ്യത്തെ ട്രാഫിക്ക് തന്നെ ആണ്. ഒരു വര്‍ഷത്തില്‍ നാല് ലക്ഷത്തി നാല്പതിനായിരം അപകടങ്ങളും ഒരു ലക്ഷത്തി മുപ്പതിനായിരം അപകടമരണങ്ങളും നടക്കുന്ന റോഡിലേക്കാണ് ഒരു ട്രക്കുമായി ഇവര്‍ ഇറങ്ങുന്നത്. ഇന്ത്യയില്‍ നടക്കുന്ന അപകടമരണങ്ങളില്‍ ഇരുപതു ശതമാനത്തിലും ഒരു ട്രക്ക് ഉള്‍പ്പെട്ടിട്ടുണ്ട്. അതായത് ഓരോ ആറ് മിനുട്ടിലും ഒരു ട്രക്ക് ഉള്‍പെട്ട അപകട മരണം ഉണ്ടാവുകയാണ്. അഫ്ഗാനിസ്ഥാനില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പട്ടാളക്കാരുടെ അപകട സാധ്യത പോലും ഇത്രയും ഇല്ല.
രണ്ടാമത്തെ ദുര്‍ഘടം ഒരു അപകടം ഉണ്ടായാലുള്ള പ്രത്യഘാതം ആണ്. അപകടം ഉണ്ടായാല്‍ ഉടനെ, പ്രത്യേകിച്ച് ഗുരുതരമായ അപകടങ്ങള്‍ ആണെങ്കില്‍ , തെറ്റ് ആരുടെ എന്ന് നോക്കാതെ വലിയ വാഹനത്തിന്റെ ഡ്രൈവറെ പിടിച്ച് അടിക്കുക എന്നത് ഇന്ത്യയിലെ ഒരു നാട്ടുനടപ്പാണ്. അപകടം ഉണ്ടായാല്‍ ഉടന്‍ ഓടി രക്ഷപ്പെടുക എന്നതാണ് സാധാരണഗതിയില്‍ ഇതിന്റെ പോംവഴി. എന്നാല്‍ ട്രക്കില്‍ പലപ്പോഴും ഇരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മുതലായിരിക്കും. ഓടി രക്ഷപെടാന്‍ ആ നാട്ടിലെ ഊടുവഴികള്‍ ഒന്നും ഡ്രൈവര്‍മാര്‍ക്ക് പരിചയവും കാണില്ല. അതുകൊണ്ടുതന്നെ അപകടം ഉണ്ടായാല്‍ പോലീസ് വരുന്നതുവരെ നാട്ടുകാരുടെ അടിയും അതുകഴിഞ്ഞാല്‍ ചട്ടപ്രകാരം ഉള്ള പോലീസിന്റെ അടിയും മേടിക്കുക എന്നതാണ് മറുനാടന്‍ ട്രക്ക് ഡ്രൈവര്‍മാരുടെ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര്‍.
പക്ഷെ നമുക്കറിയാത്ത ഒരു കാര്യം കേരളത്തിനു പുറത്ത് പലപ്പോഴും അടികിട്ടാന്‍ അപകടം ഉണ്ടാക്കേണ്ട് കാര്യം ഇല്ല എന്നതാണ്. മറുനാട്ടില്‍നിന്നും വരുന്ന ട്രക്കുകള്‍ പോലീസുകാര്‍ക്കും, ഗുണ്ടാ സംഘങ്ങള്‍ക്കും എന്തിന് ചുമ്മാ വൈകിട്ട് റോഡ്‌സൈഡില്‍ പണി ഒന്നും ഇല്ലാതിരിക്കുന്ന ചെത്ത് പയ്യന്‍മാര്‍ക്കും എളുപ്പമുള്ള ഇരയാണ്. കൈ കാണിച്ചോ വണ്ടി കുറുകെ ഇട്ടോ ഒക്കെ ട്രക്ക് നിര്‍ത്തുക, എന്നിട്ട് പണം ആവശ്യപ്പെടുക. എന്തിനെന്നോ എത്രയെന്നോ വ്യവസ്ഥയില്ല. എത്ര കൊടുത്താല്‍ അടി കിട്ടാതെ രക്ഷപെടാം എന്നും പറയാന്‍ പറ്റില്ല. കൊടുത്തില്ലെങ്കില്‍ അടി ഉറപ്പ് എന്നുമാത്രം പറയാം. ഇങ്ങനെ പോലീസിന്റേയും നാട്ടുകാരുടേയും ഗുണ്ടാപിരിവിനുമാത്രമായി പതിനായിരക്കണക്കിന് രൂപയാണ് ഓരോ തവണയും ഓരോ ട്രക്ക് മുതലാളിയും ദീര്‍ഘദൂരയാത്ര പോകുന്ന െ്രെഡവര്‍മാരുടെ കയ്യില്‍ കൊടുത്തുവിടുന്നത്. എന്നാല്‍പോലും ഒരു തല്ലോ, ചുരുങ്ങിയത് അമ്മ പെങ്ങന്‍മാരുടെ പേരിലുള്ള തെറിയോ കേള്‍ക്കാതെ തിരിച്ചെത്തുക അസാധ്യം തന്നെ എന്നാണ് എന്റെ സുഹൃത്തുക്കളായ െ്രെഡവര്‍മാര്‍ പറഞ്ഞത്.
തല്ലുകിട്ടിയാലും ഇല്ലെങ്കിലും ഓരോ സംസ്ഥാനവും കടന്നുപോകുമ്പോള്‍ സെയില്‍സ് ടാക്‌സ് ആയും ഒക്ട്രോയ് ആയും ഫ്ലൈയിംഗ് സ്‌ക്വാഡ് ആയും ട്രാഫിക് പോലീസായും നിയമപരമായും അല്ലാതേയും കാശു ചെലവ് ഏറെ വേറെയും ഉണ്ട്. ഓറഞ്ചോ കോഴിയോ കയറ്റിവരുന്ന ഒരു ലോറി ഒരു ദിവസം പിടിച്ചിട്ടാല്‍ മതി ലക്ഷക്കണക്കിനു രൂപയുടെ ചരക്ക് പാഴാവാന്‍. അതുകൊണ്ടുതന്നെ എല്ലാ പേപ്പറും കയ്യില്‍ ഉണ്ടെങ്കിലും അധികാരസ്ഥാനത്തുള്ള ആരും കാശു ചോദിച്ചാല്‍ കൊടുക്കാതിരിക്കുക പ്രായോഗികമല്ല. യൂറോപ്പില്‍ അങ്ങോളമിങ്ങോളം ചരക്കുകളും ആയി കൂറ്റന്‍ ട്രക്കുകള്‍ പായുകയാണ്. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കടന്നുപോകുന്നിടത്ത് യാതൊരു ചെക്കിംഗോ ട്രാഫിക് ജാമോ ഇല്ല, കൈക്കൂലിയുടെ പ്രശ്‌നം തന്നെയില്ല. ഇവിടെ ഒരു രാജ്യത്തിന് അകത്തുതന്നെ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് പോകാനാണ് നമ്മുടെ ഡ്രൈവര്‍മാര്‍ കഷ്ടപ്പെടുന്നതും കാശുകൊടുക്കുന്നതും.
ഭക്ഷണം മുതല്‍ പ്രാഥമികാവശ്യംവരെ നടത്താനുള്ള സംവിധാനങ്ങളുടെ അഭാവം ആണ് െ്രെഡവര്‍മാര്‍ നേരിടുന്ന ദൈനദിന പ്രശ്‌നം. രോഗം വരുത്താത്ത ഭക്ഷണവും വൃത്തിയുള്ള ടോയ്‌ലറ്റുകളും ന്യായമായ വിലക്കുള്ള വിശ്രമ സങ്കേതങ്ങളും ഒന്നും നമ്മുടെ ഹൈവേകളുടെ സൈഡില്‍ സാധാരണം അല്ല. നാട്ടില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ വന്ന ഒരു മള്‍ട്ടിനാഷണല്‍ കമ്പനി അതില്‍ ഒരു ടോര്‍ച്ചുവച്ചു പിടിപ്പിച്ചിട്ട് 'രാത്രിയിലും കാര്യം നടക്കും' എന്നു പറഞ്ഞു കാര്യം നടത്താന്‍ കരിമ്പിന്‍ തോട്ടത്തിലേക്ക് ഇറക്കി വിട്ടത് പറയിച്ചത് ഒരു ട്രക്ക് ഡ്രൈവറെ ആയിരുന്നു എന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും.
മുന്‍പ് പറഞ്ഞതുപോലെ, ട്രക്ക് ഡ്രൈവര്‍മാരിലെ എയ്ഡസിനെപ്പറ്റി ഒക്കെയല്ലാതെ അവരനുഭവിക്കുന്ന പീഢനങ്ങളെപ്പറ്റിയോ അവരിലെ സംഘര്‍ഷങ്ങളെപ്പറ്റിയോ, റോഡില്‍ അവരുടെ പെരുമാറ്റത്തെപ്പറ്റിയോ ഒന്നും ശാസ്ത്രീയമായ ഒരു പഠനം ഇന്ത്യയില്‍ നടന്നതായി ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍ ട്രക്ക് ഡ്രൈവര്‍മാരില്‍നിന്നും പോലീസുകാരും ഉദ്യോഗസ്ഥരും പണം പിടുങ്ങുന്നതിന്റെ സാമ്പത്തിക ശാസ്ത്രം എംഐടിയിലേയും ലോകബാങ്കിലേയും ഗവേഷകര്‍ ഇന്ത്യോനേഷ്യയില്‍ പഠനവിധയം ആക്കിയിട്ടുണ്ട്. ഇന്തോനേഷ്യയുടെ പല ഭാഗങ്ങളില്‍ നിന്നും ചരക്കുമായി ആച്ചേ സംസ്ഥാനത്തേക്കു പോകുന്ന ട്രക്കുകളില്‍ ഗവേഷകര്‍ കയറിയിരുന്നു. മുന്നൂറ്റിനാലു ട്രക്കുകളില്‍ യാത്ര ചെയ്തപ്പോള്‍ 8000 തവണയാണ് കൈക്കൂലിയും ഗുണ്ടാപിരിവും ഒക്കെ നല്‌കേണ്ടിവന്നതായി നേരില്‍കണ്ട് രേഖപ്പടുത്തിയത്. ഒരു യാത്രയില്‍ ഏകദേശം രണ്ടായിരത്തഞ്ഞൂറു രൂപയാണ് ഇങ്ങനെ കൊടുക്കേണ്ടിവന്നത്. ഇത് ട്രക്ക് കൂലിയുടെ പതിമൂന്നു ശതമാനത്തോളം വരും. ഏറെ വിജ്ഞാന പ്രദമായ ഈ പഠനം ഇവിടെ വായിക്കാം.http://economics.mit.edu/files/3953.
ഇന്ത്യയിലെ ഈ 'പിടുങ്ങു കൂലി' പതിനായിരത്തിലും ഏറെയാണ് (ഇത് പത്തു വര്‍ഷം മുന്‍പ് ബാബു ട്രക്ക് ബിസിനെസ്സ് നടത്തിയ കാലത്തെ കണക്കാണ്, ഇപ്പോള്‍ അതെന്താണോ?). ഇന്തോനേഷ്യയില്‍ അടിയും കൂടെ ഉണ്ടോ എന്നു പഠനം പറഞ്ഞില്ല. ഇന്ത്യയില്‍ നല്ല ചങ്കുറപ്പുള്ള ഗവേഷകര്‍ ഉണ്ടെങ്കില്‍, ഇന്ത്യയിലെ പ്രധാനമായ പതിനഞ്ചു നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചരക്കും ആയി വരുന്ന ട്രുക്കുകളില്‍ കയറി ഇരുന്നു അവര്‍ എത്ര കൈക്കൂലി കൊടുക്കുന്നു, എത്ര സമയം അതിര്‍ത്തികളില്‍ ചുമ്മാ കിടന്നു കളയുന്നു, എത്ര സ്ഥലത്ത് വൃത്തിയുള്ള ടോയിലറ്റ് ഉണ്ട് എന്നെല്ലാം ഒരു പഠനം നടത്തി നോക്കിയിരുന്നെങ്കില്‍ അഴിമതിയും അക്രമവും കേടു കാര്യസ്തതയും തുടച്ചു നീക്കാന്‍ താല്പര്യമുള്ള സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റുകള്‍ക്ക് എങ്കിലും അത് സഹായകം ആയേനെ. പതിവ് പോലെ ഇതിനു വല്ല ചിലവും വേണമെങ്കില്‍ ഞാന്‍ വഹിക്കുകയും ആവാം. മണ്ണിര തൊട്ടു കോഞ്ഞാട്ട വരെ എന്തിനെ പറ്റിയും ഗവേഷണം നടത്താന്‍ ആളുള്ള നമ്മുടെ നാട്ടില്‍ ജനോപകാരപ്രദമായ ഈ ഗവേഷണത്തിന് നാല് ആളുണ്ടാകുമോ ?
നമ്മളില്‍ ഭൂരിഭാഗം പേരും ട്രക്കു ഡ്രൈവര്‍മാരോ, അവരുടെ ബന്ധുക്കളോ മുതലാളിമാരോ, പോലീസുകാരോ പിടിച്ചുപറിക്കാരോ ഒന്നും അല്ലാത്തതിനാല്‍ 'ട്രക്കുഡ്രൈവര്‍മാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം' എന്ന് നിങ്ങള്‍ക്ക് തോന്നാവുന്നതേ ഉള്ളൂ. ഇതിനു പല കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ലേഖനം എഴുതിയതും.
ഒന്നാമതായി ട്രക്ക്‌ഡ്രൈവര്‍മാരുടെ കയ്യില്‍നിന്നും കൈക്കൂലിയായും ഗുണ്ടാപ്പിരിവായും ചെലവാകുന്ന ഓരോ പൈസയും മുളകിന്റേയോ ഫ്രിഡ്ജിന്റേയോ മറ്റു ചരക്കുകളുടേയോ അധികവിലയായി നിങ്ങളും ഞാനും ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ എല്ലാം ആണ് കൊടുക്കുന്നത്. കൈക്കൂലിയും ഗുണ്ടാപ്പണവും കുറച്ചാല്‍ ഡല്‍ഹിയില്‍നിന്നും നാട്ടില്‍ സാധനം എത്തിക്കുന്നതിന്റെ ചെലവ് ചുരുങ്ങിയത് നാലിലൊന്നങ്കിലും കുറയും. നമ്മുടെയെല്ലാം കുടുംബ ബഡ്ജറ്റില്‍ അത് മാറ്റം വരുത്തുകയും ചെയ്യും. ഡീസലിന് രണ്ടു രൂപ വര്‍ദ്ധിപ്പിക്കുമ്പോള്‍ ചെയ്ത അനവധി ഹര്‍ത്താലുകളില്‍ ഒന്ന് ഇക്കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
രണ്ടാമതായി ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതം ട്രാഫിക്കിനോടും ടോയ്‌ലറ്റില്ലാത്തതിനോടും കൈക്കൂലിക്കാരോടും പിടിച്ചുപറിക്കാരോടും ഒക്കെ മല്ലിടേണ്ടിവരുന്ന ഒന്നാകുമ്പോള്‍ ആ പണിക്കു ഇറങ്ങുന്നവര്‍ തല്ലു കൊണ്ടും കൊടുത്തും പരിചയം ഉള്ളവര ആയിരിക്കും എന്നത് ആലോചിച്ചാല്‍ മനസ്സിലാവുന്ന കാര്യം ആണ്. ചുമ്മാതല്ല നമ്മുടെ സിനിമയില്‍ കാണുന്ന ട്രാക്ക് ഡ്രൈവര്‍മാര് എല്ലാം കള്ള് കുടിയാന്‍ മാറും തെമ്മാടികളും ഒക്കെ ആകുന്നത്. മര്യാദക്കാരായ ഏതെങ്കിലും പയ്യന്മാര്‍ ഈ പണിക്ക് ഇറങ്ങിയാല്‍ എറണാകുളത്തെ പോലെ സ്റ്റിയരിങ്ങ് വീലില്‍ തല വച്ച് കരയേണ്ടി വരും. നമ്മുടെ സിനിമയിലെ ട്രക്ക് ഡ്രൈവര്‍ ആയിരുന്നെങ്കില്‍ ജാകി ലിവര്‍ വച്ച് തല്ലാന്‍ വന്ന തെമ്മാടികളെ അടിച്ചു ചമ്മതി ആകിയേനെ.
അടിയും മറ്റു അപകട സാധ്യതയും ജോലിയുടെ ഭാഗമാകുമ്പോള്‍ ആ പണിക്ക് ഒരുമ്പെടുന്നവര്‍ അതിനുള്ള കാശും ശമ്പളമായി കൂട്ടിവാങ്ങും എന്നത് മറ്റൊരു സിമ്പിള്‍ കമ്പോളശാസ്ത്രം ആണ്. നിലത്തുനിന്ന് കപ്പ പറിക്കുന്നവരേക്കാള്‍ കൂലി തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നവര്‍ക്ക് കൊടുക്കേണ്ടി വരുന്നതിന്റെ അതേ എക്കണോമിക്‌സ് ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുടുംബത്തില്‍ നിന്നകന്ന് എന്നും യാത്ര പോകാനും, പോകുന്ന വഴിക്കെല്ലാം അടി മേടിക്കാനും ആളെ കിട്ടാതെ വരുന്നതും ഡ്രൈവറുടെ ശമ്പളം വര്‍ദ്ധിക്കാന്‍ കാരണമാകും. അന്യ സംസ്ഥാനത്ത് ഡ്രൈവറായി പോകുന്നവരുടെ ശരാശരി ശമ്പളം നമ്മുടെ കോളേജധ്യാപകരേക്കാള്‍ കൂടുതലാണെന്നത് പലര്‍ക്കും അതിശയമായി തോന്നാം. നമ്മുടെ കോഴിമുട്ടയുടെ അധികവിലയാണ് ഈ കൂലിയും കൊടുക്കുന്നത് എന്നത് പക്ഷെ അതിശയമാകേണ്ട കാര്യമില്ല.
വീട്ടില്‍നിന്നും വിട്ട്, ശരിയായ ഭക്ഷണമോ സമയത്തിനോ സൗകര്യത്തിനോ വിശ്രമമില്ലാതെ ദിവസത്തില്‍ പലതവണ കൈക്കൂലിക്കാരോടും പിടിച്ചുപറിക്കാരോടും നേരിട്ട് റോഡില്‍ വാഹനമോടിക്കുന്ന ഡ്രൈവറുടെ മനസ് സംഘര്‍ഷപൂരിതമല്ലെങ്കില്‍ അതിനവര്‍ വല്ലതും കഴിച്ചിട്ടുണ്ടാകണം. രണ്ടാണെങ്കിലും പരിണിതഫലം റോഡില്‍ അവരുടെ പെരുമാറ്റത്തിലെ അശ്രദ്ധയാണ്, അതുവഴിയുണ്ടാകുന്ന പതിനായിരങ്ങളുടെ മരണം ആണ്. ഇക്കാര്യത്തിലും നിങ്ങള്‍ക്കും എനിക്കും താല്പര്യം ഉണ്ടാകണമല്ലോ.
നമുക്ക് എറണാകുളത്തെ അക്രമത്തിലേക്ക് മടങ്ങിവരാം. സംസ്‌കാരമുണ്ടെന്ന് അഭിമാനിക്കുകയും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരു സമൂഹം എന്ന നിലക്ക് ഒരു മനുഷ്യനെ മറ്റുള്ളവര്‍ പൊതുനിരത്തില്‍വച്ച് എല്ലാവരും കാണ്‍കെ മര്‍ദ്ദിച്ചിട്ട് അതിനുത്തരവാദികള്‍ ആയവര്‍ക്ക് യാതൊരു പ്രത്യാഘാതവും ഇല്ലാതെ വരുന്നത് നമുക്ക് സമ്മതിക്കാവുന്ന ഒന്നാണോ?
പക്ഷെ, നമ്മുടെ നാട്ടിലെ പൊതുരീതി അനുസരിച്ച് അതുതന്നെയേ നടക്കാന്‍ വഴിയുള്ളൂ. ആളുകള്‍ കണ്ടതുകൊണ്ടും അതിന്റെ വീഡിയോ ഒക്കെ ഉള്ളതുകൊണ്ടും ഒന്നോ രണ്ടോ പേര്‍ അറസ്റ്റിലായേക്കും. പക്ഷെ, വണ്ടിമുതലാളിയുടെ പിടികൊണ്ടും തൊഴിലാളിയൂണിയന്റെ ബലം കൊണ്ടും അവര്‍ 'പുഷ്പം' പോലെ റോഡിലിറങ്ങും, വണ്ടി ഓടിക്കുകയും ചെയ്യും. തല്ലുകൊണ്ട ഡ്രൈവര്‍ ആകട്ടെ ഈ നാട്ടില്‍ കേസും കൂട്ടവും ഒന്നും ആയി നില്ക്കില്ല. അതുകൊണ്ടുതന്നെ ഒരു കേസുണ്ടായാല്‍തന്നെ അതു വിചാരണയിലോ ശിക്ഷയിലോ ഒന്നും എത്തുകയും ഇല്ല.
ഒന്നുമാത്രം സാധ്യമാണ്. ഈ ട്രക്ക് ഡ്രൈവറോ അയാളുടെ മുതലാളിയോ അവരുടെ നാട്ടില്‍ അല്പം പിടിയുള്ള ആളാണെങ്കില്‍ അടുത്തയിടക്ക് അവിടേക്ക് ചരക്കുമായി പോകുന്ന ഏതെങ്കിലും മലയാളി ട്രക്ക് ഡ്രൈവറുടെ കാര്യത്തില്‍ ഒരു തീരുമാനം ആയി. സ്വന്തം ഭാര്യയെ വഴിയില്‍ വച്ച് വേറൊരാള്‍ മുട്ടിയതിനു അയാളുടെ ഭാര്യയെ അടിച്ചു ചമ്മതി ആക്കുന്ന പണ്ട് ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ട ഒരു ക്ലിപ്പ് ഞാന്‍ ഓര്‍ത്തു പോവുകയാണ്.
നാട്ടുകാരുടെയും പോലീസിന്റേയും തല്ലു വാങ്ങാന്‍ ട്രക്ക് ഡ്രൈവറുടെ ജീവിതം പിന്നെയും ബാക്കി.
യു.എന്‍ ദുരന്ത നിവാരണവിഭാഗം മേധാവിയാണ് ലേഖകന്‍
www.keralites.net |
__._,_.___
Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment