എവിടെ എന്റെ വീട്ടിലേക്കുള്ള വഴി...?
Posted on: 15 May 2014
കെ.എസ്. ബിജു
മുളന്തുരുത്തി: ജീവിതയാത്രയില്‍ ഇടയ്‌ക്കെപ്പോഴോ മനസ്സിന്റെ പിടി വഴുതിപ്പോയപ്പോള്‍ വീടുവിട്ടിറങ്ങി. പിന്നെ ചരടുപൊട്ടിയ പട്ടംപോലെ ഏതൊെക്കയോ ആകാശങ്ങളില്‍. ഒടുവില്‍ കാലം ഒറ്റപ്പെടുത്തലിന്റെ പെരുമഴയത്ത് നിര്‍ത്തിയ ആ യുവാവ് തിരയുന്നു; എവിടെ എന്റെ വീട്ടിലേക്കുള്ള വഴി?...
മുളന്തുരുത്തി സര്‍ക്കാര്‍ ആസ്പത്രി പരിസരത്ത് താടിയും മുടിയും വളര്‍ത്തി വികൃത രൂപമായി അലഞ്ഞുനടന്ന ചെറുപ്പക്കാരന് ഇപ്പോള്‍ ഒന്നും ഓര്‍മയില്ല; വീടും നാടും ബന്ധുക്കളുടെ പേരും ഒന്നും. അഞ്ചുമാസം മുമ്പ് തെരുവു വെളിച്ചം പ്രവര്‍ത്തകന്‍ മുരുകന്‍ ഏറ്റെടുക്കുമ്പോള്‍ ഇയാള്‍ കുളിച്ചിട്ട് തന്നെ ഒരു വര്‍ഷത്തോളമായിരുന്നു. തെരുവു വെളിച്ചം നല്‍കിയ സംരക്ഷണത്തിന്റെയും പരിചരണത്തിന്റെയും പ്രകാശത്തില്‍ പതിയെ സംസാരിച്ചു തുടങ്ങി. ഇപ്പോള്‍ പേര് സനീഷ് എന്നും 26 വയസ്സുണ്ട് എന്നും പറയും.
വീട്ടില്‍ പോകണം. അമ്മയേയും സഹോദരിയേയും കാണണം. അതു മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം. വീട്ടുകാരോടുള്ള സ്‌നേഹം വികാരത്തിലൂടെ പ്രകടിപ്പിക്കുമെങ്കിലും വീട് എവിടെയെന്നോ വീട്ടുകാര്‍ ആരെന്നോ ഒന്നും അറിയില്ല. ചില സമയങ്ങളില്‍ വീട്ടുപേരും മറ്റും ഓര്‍ത്തെടുത്ത് പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമാകുന്നില്ല. വീടുവിട്ടിറങ്ങിയത് എന്തിനെന്നോ എങ്ങോട്ട് പോകണേെമന്നാ അറിയില്ല. ഇത്ര നാളായിട്ടും ആരും തിരക്കിവന്നില്ല. ഒരുപക്ഷേ മകനെ കാണാത്ത വേദനയില്‍ ഒരമ്മ എവിടെയോ ഉണ്ടാകും.
ആരോടും വഴക്കിനില്ലാതെ നിശ്ശബ്ദനായി ഒറ്റയ്ക്കിരിക്കുന്ന പ്രകൃതം. തന്നെത്തേടി ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ഇടയ്ക്കിടെ തെരുവു വെളിച്ചത്തിന്റെ ജനലഴികളിലൂടെ പുറത്തേയ്ക്ക് നോക്കി നില്‍ക്കും. വിശക്കുമ്പോള്‍ ഭക്ഷണം ചോദിച്ച് വാങ്ങിക്കഴിക്കും. കുളിക്കുന്നതുള്‍പ്പെടെ മറ്റൊന്നിനും താത്പര്യമില്ല.
ചിലപ്പോള്‍ തെരുവു വെളിച്ചം പ്രവര്‍ത്തകരോട് സന്തോഷത്തോടെ സംസാരിച്ചു തുടങ്ങും, പതിയെ പാട്ടുപാടാനും ശ്രമിക്കും. എല്ലാം ചെന്നെത്തുന്നത് വീട്ടില്‍ പോകണമെന്ന വാക്കില്‍. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള കാക്കനാട്ടെ തെരുവു വെളിച്ചം പുനരധിവാസ കേന്ദ്രത്തിന്റെ ഫോണ്‍-0484 2427071.
No comments:
Post a Comment