Wednesday 14 May 2014

[www.keralites.net] ആള്‍ദൈവങ്ങള്‍ ശ ുദ്ധ തട്ടിപ്പ്‌

 

Swami Sandeepananda Giri
ആള്‍ദൈവങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ പ്രതികരിച്ചതിന്റെ പേരിലാണ്‌ സ്വാമി സന്ദീപാനന്ദ ഗിരി ആക്രമിക്കപ്പെട്ടത്‌. വിശ്വാസികളുടെ അജ്‌ഞത മുതലെടുക്കുന്നവര്‍ക്കെതിരേയാണ്‌ സ്വാമി ആഞ്ഞടിച്ചത്‌. അദ്ദേഹത്തിനു കരുത്തേകിയത്‌ ഭഗവദ്‌ഗീതയിലുള്ള അഗാധ ജ്‌ഞാനമാണ്‌.
ഭഗവദ്‌ഗീതയിലെ സാരോപദേശങ്ങ ള്‍ ലളിതമായി വിവരിക്കുന്ന ഗീതാജ്‌ഞാനയജ്‌ഞങ്ങളാണ്‌ സ്വാമി സന്ദീപാനന്ദ ഗിരിയെ കേരളത്തിനകത്തും പുറത്തും പ്രശസ്‌തനാക്കിയത്‌. ചിന്മയാ മിഷനുമായി ബന്ധപ്പെട്ടാണ്‌ സ്വാമിയുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ തുടക്കം. തിരുവനന്തപുരത്തെ സാളഗ്രാമം ആശ്രമത്തിലെ മഠാധിപതിയും സ്‌കൂള്‍ ഓഫ്‌ ഭഗവദ്‌ഗീത ട്രസ്‌റ്റിന്റെ ചെയര്‍മാനുമാണ്‌ അദ്ദേഹം. സന്ദീപാനന്ദ ഗിരിക്ക്‌ സന്ന്യാസം എന്നത്‌ കാവിവസ്‌ത്രത്തിനുള്ളിലെ നിസംഗതയല്ല. അതുകൊണ്ടുതന്നെ അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും ഒരു വിപ്‌ളവകാരിയുടെ ഊര്‍ജത്തോടെ സ്വാമി പ്രതികരിക്കുന്നു. ആള്‍ദൈവങ്ങള്‍ക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ ക്രൂരമായി അക്രമിക്കപ്പെട്ടെങ്കിലും സ്വാമിയുടെ ആദ്ധ്യാത്മിക ശോഭയ്‌ക്ക് ഒട്ടുംതന്നെ മങ്ങലില്ല.

? കല്ലിനെ ആരാധിക്കുന്ന നാട്ടില്‍ 'ആള്‍ദൈവങ്ങള്‍' എന്നത്‌ അത്ര വലിയ തെറ്റാണോ

സകലതും ഈശ്വരനാണ്‌ എന്നാണ്‌ നമ്മുടെ സംസ്‌കാരത്തിലെ സങ്കല്‍പ്പം. എല്ലാം പരബ്രഹ്‌മത്തില്‍നിന്ന്‌ ഉരുവായതാണ്‌. ആ യുക്‌തിവെച്ച്‌ നമുക്ക്‌ എന്തിനെ വേണമെങ്കിലും ഈശ്വരനായി കാണാം. കല്ലിലും പുല്ലിലും ഈശ്വരനുണ്ട്‌. ജന്മം നല്‍കിയ മാതാവ്‌ പരബ്രഹ്‌മത്തിനു തുല്യമാണ്‌. പരിപാലിച്ച പിതാവ്‌ മഹാവിഷ്‌ണുവിനു തുല്യമാണ്‌. അങ്ങനെ സകലതും ഈശ്വരന്റെ ഭാഗമാണ്‌. തര്‍ക്കമില്ല. എന്നാല്‍ ആള്‍ദൈവം എന്ന വാക്കാണ്‌ ഇവിടെ പ്രശ്‌നം. ഒരാള്‍ പറയുകയാണ്‌ ഞാന്‍ ദൈവമാണെന്ന്‌. അയാള്‍ക്ക്‌ പ്രകൃതിയുടെ നിയമങ്ങളെ മറികടന്ന്‌ അദ്‌ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും സ്‌ഥാപിക്കുന്നു. അയാളുടെ അനുയായികള്‍ ആ മണ്ടത്തരങ്ങള്‍ ഏറ്റു പറയുന്നു. സകലതും പ്രകൃതിയുടെ നിയമങ്ങള്‍ക്കു വിധേയമാണ്‌. ഇല നശിച്ച്‌ പൂവാകുന്നു. പൂവ്‌ നശിച്ച്‌ കായാകുന്നു. ആ വിത്ത്‌ നശിച്ചാലേ മരമുണ്ടാവൂ. അതൊക്കെ പ്രകൃതി നിയമമാണ്‌. പ്രകൃതിവിരുദ്ധമായി സംഭവിക്കുന്നതും അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന്‌ അവകാശപ്പെടുന്നതും ശുദ്ധ തട്ടിപ്പാണ്‌.

? അമൃതാനന്ദമയീ മഠത്തിനെതിരായി പ്രതികരിച്ചതിന്റെ പേരില്‍ അങ്ങയ്‌ക്കു നേരേ അക്രമണമുണ്ടായി. അക്രമിച്ചതിന്‌ പിടിയിലായവര്‍ ഒരു ഹൈന്ദവ സംഘടനയുമായി സജീവ ബന്ധമുള്ളവര്‍. ഇതിനെ എങ്ങനെ കാണുന്നു.

കേരളത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും കാഷായവസ്‌ത്രം വലിച്ചുകീറി ഒരു സന്ന്യാസിയെ അക്രമിക്കുമെന്നു കരുതാനാവില്ല.
ഭഗവദ്‌ഗീതയെ പലരും യുദ്ധത്തിന്റെയും അക്രമത്തിന്റെയും പുസ്‌തകമായാണ്‌ കരുതിപ്പോരുന്നത്‌. അത്‌ അവരുടെ കുറ്റമല്ല. അവര്‍ക്ക്‌ വ്യാഖ്യാനിച്ചു കിട്ടിയിരിക്കുന്നത്‌ അങ്ങനെയാണ്‌. ഗീതയിലെ സംഘര്‍ഷം സത്യത്തില്‍ ആത്മ സംഘര്‍ഷമാണ്‌. ആ സംഘര്‍ഷം അവിടെത്തന്നെ പരിഹരിക്കപ്പെടുന്നുണ്ട്‌. എല്ലാ സംഘര്‍ഷങ്ങളും യുദ്ധങ്ങളും ആദ്യം മനസിലാണ്‌ നടക്കുന്നത്‌. അവിടെ അതു പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പുറത്തേക്ക്‌ വ്യാപിക്കും.
മുമ്പൊരിക്കല്‍ ഒരു വര്‍ഗീയ സംഘടനയില്‍പ്പെട്ട കുറച്ചുപേര്‍ ഇവിടെ വന്നു ജീവനക്കാര്‍ക്കു നേരേ ഭീഷണി മുഴക്കി. 'നിങ്ങളുടെ സ്വാമിയോട്‌ പറഞ്ഞേക്ക്‌ ഗീത വ്യാഖ്യാനിക്കുമ്പോള്‍ നോക്കിയും കണ്ടുമൊക്കെ വേണം. ഞങ്ങള്‍ക്കു പണിയുണ്ടാക്കരുത്‌' എന്നാണ്‌ അവര്‍ പറഞ്ഞത്‌. ഹിന്ദുമതവുമായി ബന്ധപ്പെട്ട്‌ അനേകം അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്‌. ഒരു വ്യക്‌തി എന്നതിനെയല്ല സ്വയം ദൈവീക പരിവേഷം സൃഷ്‌ടിച്ചു നടത്തുന്ന തട്ടിപ്പുകളെല്ലാമാണ്‌ ഞാന്‍ വിമര്‍ശിച്ചത്‌. ഒരു മതത്തില്‍ മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളത.്‌ ഇസ്ലാം മതത്തിലെ അനാചാരങ്ങള്‍ക്കെതിരേ പ്രതികരിച്ചതിനാണ്‌ ചേകന്നൂര്‍ മൗലവിക്കുനേരേ അക്രമണമുണ്ടായത്‌. സമാനമായ അനുഭവമാണ്‌ സ്വാമിക്കും ഉണ്ടായത്‌.

 

? ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ തൃപ്‌തികരമായിരുന്നോ

മാധ്യമങ്ങള്‍ തികഞ്ഞ നിസംഗതയാണ്‌ കാട്ടിയത്‌. അമൃതാനന്ദമയി മഠത്തിനെതിരായ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്‌ഥാപനങ്ങള്‍ ഒന്നും കൊടുത്തില്ല. സ്വാമിക്കെതിരേ ആക്രമണം ഉണ്ടായപ്പോള്‍ അവര്‍ ഇതേ നിസംഗതതന്നെ കാട്ടി.
വിശ്വാസി സമൂഹത്തിന്റെ വികാരങ്ങള്‍ സംരക്ഷിക്കാനാണ്‌ മാധ്യമങ്ങള്‍ അങ്ങനെ ഒരു നിലപാട്‌ എടുത്തത്‌ എന്നു തോന്നുന്നില്ല. മതനിന്ദാപരമയ കാര്യങ്ങള്‍ അവരൊക്കെ എത്രവട്ടം പ്രസിദ്ധീകരിച്ചിരിക്കുന്നു. വലിയ കോര്‍പറേറ്റുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം പ്രസ്‌ഥാനങ്ങളെ മാധ്യമങ്ങള്‍ ഭയക്കുന്നുണ്ടാവാം അല്ലെങ്കില്‍ അവര്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാവാം.

? ആള്‍ദൈവങ്ങളെ വിമര്‍ശിക്കുമ്പോഴും സംഭാഷണങ്ങളില്‍ അങ്ങു 'സ്വാമി' എന്നാണല്ലോ സ്വയം സംബോധനചെയ്യുന്നത്‌.

സ്വാമി എന്നത്‌ ലളിതമായ ഒരു സംബോധനയാണ്‌. സ്വാമി സന്ദീപാനന്ദ ഗിരി എന്ന പേരിന്റെ ചുരുക്ക രൂപമായി മാത്രമെടുത്താല്‍ മതി. അതില്‍ ഒട്ടുംതന്നെ അഹങ്കാരമില്ല.
ആര്‍ക്കും ആരേയും അങ്ങനെ സംബോധനചെയ്യാം. ഭാര്യ ഭര്‍ത്താവിനെ സ്‌നേഹപൂര്‍വം 'എന്റെ സ്വാമി' എന്നു വിളിക്കാറില്ലേ. ശബരിമലയ്‌ക്കു പോകുന്ന അയ്യപ്പന്‍മാര്‍ സ്വാമി എന്നാണല്ലോ പരസ്‌പരം വിളിക്കുന്നത്‌. സംഭാഷണ മധ്യേ ഒരു സന്ന്യാസി 'ഞാന്‍' എന്നു സ്വയം സംബോധന ചെയ്യുന്നതില്‍ അനൗചിത്യം ഉണ്ട്‌. ഞാന്‍ എന്ന ഭാവത്തില്‍നിന്നുള്ള മോചനമാണല്ലോ സന്ന്യാസം.

? ആള്‍ദൈവങ്ങള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്‌ വിലയിരുത്തപ്പെടേണ്ടത്‌ എന്ന നിലപാടാണ്‌ മുഖ്യമന്ത്രിയും രാഷ്‌ട്രീയ നേതൃത്വവും സ്വീകരിച്ചത്‌. ഇതിനെ എങ്ങനെ കാണുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരുടേയും തട്ടിപ്പ്‌ തട്ടിപ്പല്ലാതെ ആവുന്നില്ല. അധ്വാനിച്ചുണ്ടാക്കിയ പണം ദാനംചെയ്യുമ്പോഴാണ്‌ അതു ചാരിറ്റിയാവുന്നത്‌. അല്ലാതെ പത്തുരൂപ സംഭാവന സ്വീകരിച്ചിട്ട്‌ രണ്ടു രൂപ ആര്‍ക്കെങ്കിലും എറിഞ്ഞുകൊടുക്കുന്നത്‌ എന്തു ചാരിറ്റിയാണ്‌. അത്തരം ചാരിറ്റിയൊക്കെ പലരും ചെയ്യുന്നുണ്ട്‌.
അധോലോക നായകനായിരുന്ന ഹാജി മസ്‌താന്‍ ചെയ്‌തിട്ടുണ്ട്‌. ദാവൂദ്‌ ഇബ്രാഹീമും അങ്ങനെ പലരും ചെയ്യുന്നുണ്ട്‌. അതിന്റെ പേരില്‍ ആരെങ്കിലും അവരെ കുറ്റവിമുക്‌തരാക്കുമോ. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തികളൊക്കെ സത്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതല്ലേ. അതൊക്കെ ഏറ്റെടുക്കാനുള്ള ആര്‍ജവമാണ്‌ ഭരണാധികാരികള്‍ക്കുവേണ്ടത്‌. വ്യക്‌തികള്‍ ചെയ്യുന്നതില്‍ ദോഷമില്ല. അല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രസ്‌ഥാനങ്ങളെ അനുവദിക്കരുത്‌. അനുവദിച്ചാല്‍ അവര്‍ സമാന്തര ഭരണകൂടങ്ങളായി മാറും.

? അങ്ങ്‌ പൂര്‍വാശ്രമത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. ഇപ്പോഴത്തെ രാഷ്‌ട്രീയം എന്താണ്‌.

ഇപ്പോള്‍ ആരോടും അനുഭാവമില്ല. പഠിക്കുന്നകാലത്ത്‌ എസ്‌.എഫ്‌.ഐയിലും ഡി.വൈ.എഫ്‌.ഐയിലുമൊക്കെ സജീവമായി ഉണ്ടായിരുന്നു. ആത്മീയാന്വേഷണത്തിന്റെ പാതയില്‍ അതെല്ലാം പരിത്യജിച്ചു. മരണം എന്ന പ്രഹേളികയാണ്‌ പൂര്‍വാശ്രമത്തില്‍ എന്നെ കുഴക്കിയത്‌. അതിനുള്ള ഉത്തരം തേടിയാണ്‌ ചിന്മയാ മിഷനില്‍ എത്തുന്നത്‌. എന്റെ സന്ദേഹങ്ങള്‍ക്കുള്ള പരിഹാരം ഭഗവദ്‌ഗീതയിലുണ്ടെന്ന്‌ പിന്നീട്‌ തിരിച്ചറിയാനായി.

? അങ്ങയുടെ വസ്‌ത്രധാരണത്തിലും സംഭാഷണത്തിലും പതിവു സന്ന്യാസി മട്ടു കാണുന്നില്ല.

സന്ന്യാസം എന്നത്‌ സര്‍വവും ത്യജിക്കാനുള്ള മനസിന്റെ അവസ്‌ഥയാണ്‌. അങ്ങയുള്ള അവസ്‌ഥയില്‍ എത്തുന്നവനാണ്‌ സന്യാസി. അല്ലാതെ കാവി വസ്‌ത്രം ചുറ്റി ചെരുപ്പില്ലാതെ നടന്നാല്‍ സന്ന്യാസി ആവില്ല. അതുകൊണ്ടുതന്നെ അത്തരം പ്രകടനങ്ങളില്‍ താല്‍പര്യമില്ല. ഹിമാലയ യാത്രയ്‌ക്കു പോകുമ്പോള്‍ പലപ്പോഴും ജീന്‍സും ഓവര്‍ക്കോട്ടുമാണ്‌ ധരിക്കുന്നത്‌. തണുപ്പിനെ നേരിടാന്‍ ഒന്നിലധികം പാന്റ്‌സും ഷര്‍ട്ടും ഇടും. സന്ന്യാസിയെന്നു പറഞ്ഞു കാവി മുണ്ടുടുത്തു കൈലാസ യാത്രയ്‌ക്കുപോയാല്‍ തിരിച്ചുവരവുണ്ടാവില്ല.

? അങ്ങയെ മറ്റു മതസ്‌ഥര്‍ എങ്ങനെയാണ്‌ സ്വീകരിക്കുന്നത്‌

സ്വാമിയുടെ ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഹിന്ദുമത വിശ്വാസികള്‍ മാത്രമല്ല വരുന്നത്‌. നാനാമതസ്‌ഥരായവര്‍ എത്തുന്നുണ്ട്‌. ഭഗവത്‌ഗീത അങ്ങനെ ഒരു മതത്തിനുവേണ്ടി മാത്രമുള്ളതല്ല. അത്‌ മതാതീതമായ ദര്‍ശനമാണ്‌. കോഴിക്കോട്ട്‌ പ്രഭാഷണത്തിനുപോകുമ്പോള്‍ മിക്കപ്പോഴും താമസിക്കുന്നത്‌ ഒരു മുസ്ലീം കുടുംബത്തിലാണ്‌.

? ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുകള്‍ സംബന്ധിച്ച്‌ വിവാദം ഉയര്‍ന്നിട്ടുണ്ടല്ലോ.

ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള വ്യവഹാരത്തില്‍ സുപ്രീം കോടതിയാണ്‌ അവസാന വാക്ക്‌. രാജഭരണം അവസാനിച്ചപ്പോള്‍ സകല സ്വത്തുക്കളും അധികാരങ്ങളും സര്‍ക്കാരിന്‌ കൈമാറിയിട്ടുള്ളതാണല്ലോ. അതുകൊണ്ടുതന്നെ ക്ഷേത്രഭരണവും സ്വത്തുക്കളുടെയും നിയന്ത്രണവും സര്‍ക്കാരാണ്‌ കൈകാര്യം ചെയ്യേണ്ടത്‌. എന്നാല്‍ സ്വത്തിന്റെ അവകാശി ദേവനാണ്‌. ദേവന്റെ സ്വത്ത്‌ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ ഭക്‌തര്‍ക്കുള്ള ആശങ്ക ദൂരീകരിക്കേണ്ടതുണ്ട്‌.

? ക്ഷേത്രങ്ങള്‍ കച്ചവട കേന്ദ്രങ്ങളായി മാറുന്നു എന്ന്‌ അഭിപ്രായമുണ്ടോ

കോടികള്‍ വരുമാനമുള്ള നമ്മുടെ ക്ഷേത്രങ്ങള്‍ സമൂഹത്തിന്‌ എന്തു നല്‍കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പുരാതന ക്ഷേത്രങ്ങളിലൊന്നും കാണിക്കവഞ്ചിയോ ഭണ്ഡാരമോ ഇല്ലായിരുന്നു. പിന്നീടുവന്ന ആളുകളാണ്‌ അതെല്ലാം പണിതുവെച്ചത്‌. ക്ഷേത്രങ്ങളില്‍ പണം കാണിക്കയായി നല്‍കേണ്ട യാതൊരു ആവശ്യവുമില്ല. ദേവനെന്തിനാണു പണം. അവിടെ കിട്ടുന്ന പണത്തിന്റെ കണക്കു നോക്കുന്നതാണോ ദൈവത്തിന്റെ പണി. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക്‌ കൂടുതല്‍ അനുഗ്രം ദൈവം കൊടുക്കും എന്നു വിശ്വസിക്കുന്നത്‌ എത്ര വിഡ്‌ഢിത്തമാണ്‌. അധ്വാനത്തിന്റെ ഒരുഭാഗം ദൈവത്തിനു സമര്‍പ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ തുക, ഒരു രൂപയോ മറ്റോ. അതു നല്‍കിയാല്‍ മതി. കിട്ടുന്ന പണം ക്ഷേത്രങ്ങള്‍ എന്താണു ചെയ്യുന്നതെന്ന്‌ ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ. യാതൊരു കണക്കുമില്ല അതിനൊന്നും. ക്ഷേത്രങ്ങള്‍ നന്മയുടെ കേന്ദ്രങ്ങളാവണമെന്നു സ്വാമി പറയാറുണ്ട്‌.
പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക്‌ ക്ഷേത്രത്തില്‍നിന്ന്‌ സാമ്പത്തിക സഹായം ചെയ്യണം. ദൈവത്തിന്റെ പണംകൊണ്ടാണ്‌ ഞാന്‍ പഠിക്കുന്നത്‌ എന്ന അഭിമാനവും ഉത്തരവാദിത്തവും കുട്ടികള്‍ക്കുണ്ടാവും. പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ സഹായിക്കണം. മലബാറില്‍ ചിലയിടങ്ങളില്‍ അതു നടപ്പിലാക്കുന്നുണ്ട്‌. വിധവകള്‍ക്ക്‌ അവിടെ ക്ഷേത്രത്തില്‍നിന്ന്‌ പശുക്കളെ ദാനം ചെയ്യുന്നു. അവര്‍ ദൈവത്തിന്റെ ദാനം അഭിമാനത്തോടെ ഏറ്റുവാങ്ങി ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കുന്നു. അങ്ങനെയൊക്കെയാണ്‌ ആരാധനാലയങ്ങള്‍ ചെയ്യേണ്ടത്‌. അല്ലാതെ കിട്ടുന്ന വരുമാനം ധൂര്‍ത്തടിക്കുകയല്ല വേണ്ടത്‌.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment