കൃഷിയുടെ മൊഞ്ചുമായി ഖദീജ
കാസര്‍ഗോഡ്: വീട്ടിലെ പണി ചെയ്യാന്‍ തന്നെ സമയമില്ല. പിന്നെയല്ലേ കൃഷിയും കാര്യങ്ങളും. സാധാരണ വീട്ടമ്മമാരുടെ സ്‌ഥിരം പരിവേദനങ്ങളാണിത്. എന്നാല്‍ ഇത്തരം പല്ലവികളെ തിരുത്തിക്കുറിക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ മജലില്‍ ഖദീജ മുഹമ്മദ്. കോഴിയും പശുവും പച്ചക്കറികളുമടങ്ങുന്ന കാര്‍ഷിക കുടുംബം കെട്ടിപ്പടുക്കാനായതിന്റെ സന്തോഷത്തിലാണ് ഈ വീട്ടമ്മ. ഖദീജയുടെ സ്‌ഥിരോത്സാഹവും അര്‍പ്പണമനോഭാവവും തന്നെയാണ് ഒരേസമയം കൃഷിയിലും പാചകത്തിലും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുവാന്‍ ഇവരെ പ്രാപ്‌തയാക്കുന്നത്.
പരമ്പരാഗത കര്‍ഷകകുടുംബത്തിലെ അംഗമായ ഖദീജ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ കണ്ടാണ് വളര്‍ന്നത്. കൃഷിയെ അടുത്തറിയാന്‍ അത് വളരെ സഹായകമായി. ചെറുപ്പത്തില്‍ ഉപ്പയെ സഹായിച്ചിരുന്ന ഖദീജ വിവാഹശേഷവും അടുക്കളയില്‍ മാത്രം ഒതുങ്ങിക്കൂടാതെ കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഭര്‍ത്താവ് മുഹമ്മദിന്റെ പൂര്‍ണ്ണ പിന്തുണയും ഈ രംഗത്ത് മുതല്‍ക്കൂട്ടായി മാറി. അങ്ങനെ പാറപ്പുറമായിരുന്ന സ്‌ഥലം കാര്‍ഷികസമൃദ്ധിയുടെ വിളനിലമായി മാറി. കിട്ടുന്ന ഒഴിവുസമയങ്ങളിലെല്ലാം വീടിനോടുള്ള ചേര്‍ന്നുള്ള സ്‌ഥലങ്ങളിലെല്ലാം പച്ചക്കറിയും കിഴങ്ങുവര്‍ഗങ്ങളും നട്ടുപിടിപ്പിക്കും. കൂടാതെ പാചകത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും ഇവര്‍ സമയം കണ്ടെത്തുന്നു.
12 വര്‍ഷത്തോളമായി ബിസിനസ്സിനോടൊപ്പം കൃഷിയും ഇവര്‍ മുന്നോട്ട് കൊണ്ടുപോകുന്നു. കുടുംബസ്വത്തായ 40 ഏക്കറില്‍ എല്ലാത്തരം കൃഷികളും സംയോജിതമായി ചെയ്‌തു വരുന്നു. തെങ്ങ്, കവുങ്ങ്, വാഴ, കോവയ്‌ക്ക, പയര്‍, ചീര, ബസളച്ചീര, തക്കാളി, വെണ്ട വഴുതന, മുളക്, മത്തന്‍, കുമ്പളം, പാവല്‍ തുടങ്ങി പച്ചക്കറികളും ഔഷധസസ്യങ്ങളായ ചങ്ങലംപരണ്ട, ത്രികടു, നന്നാറി, ബ്രഹ്‌മി, പനികൂര്‍ക്ക, ചണ്ണകൂവ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കുറ്റിമുല്ലക്കൃഷിയിലും തന്റെ വൈദഗ്‌ധ്യം തെളിയിച്ചിരിക്കുകയാണിവര്‍. പപ്പായയില്‍ മികച്ച വിളവ് ലഭിക്കുന്ന റെഡ്‌ലേഡി എന്ന ഇനമാണ് കൃഷിചെയ്യുന്നത്. ഇതു കൂടാതെ 60 ഓളം നാടന്‍ കോഴികളും മൂന്ന് നാടന്‍ പശുക്കളും ഖദീജയുടെ കാര്‍ഷിക കുടുംബത്തിലെ അംഗങ്ങളാണ്.
വീട്ടമ്മമാര്‍ക്ക് ആദായവും ആനന്ദവും പകരുന്ന ഏറ്റവും നല്ല കൃഷിയാണ് കുറ്റിമുല്ലക്കൃഷിയെന്ന്, ഖദീജ സാക്ഷ്യപ്പെടുത്തുന്നു. വീട്ടുവളപ്പിലെ ഇത്തിരി സ്‌ഥലത്തു പോലും കുറ്റിമുല്ലക്കൃഷി യഥേഷ്‌ടം ചെയ്യാം. അല്‍പം പരിചരണവും ശ്രദ്ധയുമുണ്ടെങ്കില്‍ നല്ല ആദായമുണ്ടാക്കാന്‍ കഴിയുന്ന കൃഷിയാണിത്. അഞ്ച് സെന്റ് സ്‌ഥലത്ത് 70ലധികം തൈകളാണ് നട്ടു പിടിപ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ഒരു വര്‍ഷം ഏകദേശം ഒരു ലക്ഷത്തോളം രൂപ ലാഭമുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ഖദീജയുടെ അനുഭവസാക്ഷ്യം. 20 ദിവസം കൂടുമ്പോള്‍ ചാണകവളം ചേര്‍ത്തു കൊടുത്താല്‍ നല്ല ഉല്‌പാദനം സാധ്യമാവും. എട്ട് വര്‍ഷത്തോളമായി ചെയ്യുന്ന കുറ്റിമുല്ലക്കൃഷിയുടെ ഉല്‌പാദനത്തില്‍ ഇതുവരെ യാതൊരു കുറവും വന്നിട്ടില്ല. ഉഡുപ്പിയില്‍ നിന്നും കൊണ്ടുവന്ന തൈകളാണ് കൃഷിയിടത്തില്‍ നട്ടു പിടിപ്പിച്ചിട്ടുള്ളത്. നന്നായി പ്രൂണിംഗ് നടത്തിയാല്‍ കൂടുതല്‍ ഉല്‌പാദനം സാധ്യമാവും. ഒരു വര്‍ഷം കൂടുമ്പോഴാണ് ചെടിയെ കട്ട് ചെയ്‌ത് ക്രമീകരിക്കേണ്ടത്.
മൂന്ന് വര്‍ഷത്തോളമായി വെറ്റിലക്കൃഷിയും നല്ല രീതിയില്‍ ചെയ്‌തു വരുന്നു. രണ്ട് ദിവസം കൂടുമ്പോള്‍ 15 കെട്ട് വെറ്റില വീതം വില്‍ക്കാം. ഒരു കെട്ടിന് നൂറ് രൂപ നിരക്കിലാണ് വിപണനം ചെയ്യുന്നത്. ബയോപൊട്ടാഷ് ചാണകവുമായി ചേര്‍ത്തു കൊടുത്താല്‍ വിളകള്‍ക്ക് നല്ല സംരക്ഷണം ഉറപ്പു വരുത്താം. ബിസിനസ്സ് മാനേജ്‌മെന്റില്‍ ഡിപ്ലോമ കഴിഞ്ഞ ഈ വീട്ടമ്മ മറ്റ് ജോലികള്‍ക്കൊന്നും പോകാതെ കൃഷിയും പാചകവും ജീവിതത്തിന്റ ഭാഗമായി മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുകയാണ്. കൈരളി ബയോടെക് എന്ന ജൈവവള കമ്പനിയിലൂടെ വേപ്പിന്‍ പിണ്ണാക്ക്, ബോണ്‍മീല്‍ എന്നീ വളങ്ങളും ഖദീജയും മുഹമ്മദും വിപണിയിലെത്തിക്കുന്നു.
ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല ഖദീജയുടെ പരീക്ഷണങ്ങള്‍..... സ്വന്തമായുള്ള കെ.എം ഫുഡ് പ്ര?ഡക്‌ട്സിലൂടെ നിരവധി സ്വാദിഷ്‌ടമായ വിഭവങ്ങളും ഇവര്‍ ജനങ്ങളിലേക്കെത്തിക്കുന്നു. ആരും പരീക്ഷിക്കാത്ത വ്യത്യസ്‌തവും പുതുമയുമാര്‍ന്ന നിരവധി വിഭവങ്ങളാണ് ഈ വീട്ടമ്മയുടെ കൈകളിലൂടെ കാസര്‍കോടുകാരുടെ നാവുകളിലേക്കെത്തുന്നത്. അതും ചക്ക, ഇളനീര്‍, പൊങ്ങ്, മത്തന്‍ എന്നിവയില്‍ നിന്നൊക്കെയുള്ള വൈവിധ്യങ്ങളായ വിഭവങ്ങള്‍. കൃഷിയിലെ ഇത്തരം പരീക്ഷണങ്ങള്‍ നിരവധി അംഗീകാരങ്ങള്‍ക്കും ഈ കുടുംബിനിയെ അര്‍ഹയാക്കിയിട്ടുണ്ട്. 2011ല്‍ സി.പി.സി.ആര്‍.ഐയുടെ തേങ്ങ റെസിപ്പി മത്സരത്തില്‍ ഒന്നാംസ്‌ഥാനം, 2012ല്‍ ആത്മ സമൃദ്ധി കാര്‍ഷികോത്സത്തില്‍ ഒന്നാം സ്‌ഥാനം എന്നിവ ഇവര്‍ക്ക് ലഭിച്ച ബഹുമതികളാണ്. സി.പി.സി.ആര്‍.ഐ യുടെ നേതൃത്വത്തിലുള്ള മൂല്യവര്‍ദ്ധിത ഉല്‌പന്നങ്ങളുടെ പരിശീലന ക്ലാസ്സുകളിലെ ട്രെയിനര്‍ കൂടിയാണ് ഈ വീട്ടമ്മ. മൊഗ്രാല്‍-പൂത്തൂര്‍ കൃഷി ഓഫീസറുടെ സഹകരണവും പിന്തുണയും കൃഷിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇവരെ സഹായിച്ചു. പോളിഹൗസില്‍ കൃഷി ചെയ്യണമെന്നതാണ് ഖദീജയുടെ അടുത്ത ലക്ഷ്യം. അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍ അതിനനുസരിച്ചുള്ള വരുമാനം നമ്മെ തേടിയെത്തും എന്നതാണ് ഖദീജയുടെ അനുഭവപാഠം.
- See more at: http://www.mangalam.com/kasargod/179643#sthash.LQopT3sa.4bcXmy1s.dpuf
No comments:
Post a Comment