മുല്ലപ്പെരിയാര്: ഹൃദയരക്തം കൊണ്ട് രാജാവ് ഒപ്പുവച്ച കരാര്‍
- mullaperiyar
തിരുവനന്തപുരം: 1886 ഒക്‌ടോബര്‍ 21 ന് പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുന്നാള്‍ പറഞ്ഞു- എന്റെ ഹൃദയരക്തം കൊണ്ട് ഒപ്പുവച്ച കരാറാണിത്. ഈ പാട്ടക്കരാറിന്റെ പരിണാമമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ ജലം തിരിച്ചുവിടാന്‍ മദ്രാസ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനോട് 1862 മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നാല്‍ പ്രജകളുടെ ഭാവിയെക്കരുതി 24 വര്‍ഷം കരാറിലൊപ്പുവയ്ക്കാതെ രാജാവ് പിടിച്ചു നിന്നു. ഒടുവില്‍ വഴങ്ങേണ്ടിവന്നു.
1886-ലെ കരാര്‍ അനുസരിച്ച് ഏറ്റവും താഴ്ന്ന സ്ഥലത്തു നിന്നും (സീറോ കോണ്ടൂര്‍) 155 അടി കോണ്ടൂര്‍ വരെയുള്ള സ്ഥലത്തേക്ക് ഒഴുകിയെത്തുന്ന പെരിയാറിലെ ജലം മുഴുവനും അണകെട്ടി തടഞ്ഞു നിര്‍ത്തി വൈഗാ നദീതടത്തിലേക്ക് ജലസേചനാവശ്യങ്ങള്‍ക്കായി തിരിച്ചു കൊണ്ടു പോകുന്നതിനുള്ള അവകാശം 999 വര്‍ഷക്കാലത്തേക്ക് മദ്രാസ് സര്‍ക്കാരിന് ലഭിച്ചു. ഇരു കക്ഷികള്‍ക്കും സമ്മതമാണെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്കു കൂടി കരാര്‍ മുന്‍ വ്യവസ്ഥകള്‍ പ്രകാരം പുതുക്കാനുള്ള വ്യവസ്ഥയും പാട്ടക്കരാറില്‍ ഏര്‍പ്പെടുത്തിയിരുന്നു. അണക്കെട്ട് വരുമ്പോള്‍ 8000 ഏക്കര്‍ സ്ഥലവും ഇതിന്റെ നിര്‍മ്മാണത്തിന് മറ്റൊരു 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂറിന് നല്‍കേണ്ടിവന്നു. തികച്ചും ഏകപക്ഷീയമായ കരാര്‍ പ്രകാരം തിരുവിതാംകൂറിന് നേട്ടം ഏക്കറൊന്നിന് അഞ്ചുരൂപാ ക്രമത്തില്‍ ലഭിക്കും എന്നതായിരുന്നു.
1970 മേയ് രണ്ടിന് കേരളം തമിഴ്‌നാട് സര്‍ക്കാരുമായി ഒപ്പു വച്ച അനുബന്ധകരാറാറിലെ രണ്ടു കാര്യങ്ങളാണ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളത്തിന് ലഭിക്കാവുന്ന എല്ലാ പരിഗണനകളും ഇല്ലാതാക്കിയത്.
ഒന്നാമതായി ഏക്കറിന് അഞ്ചു രൂപാക്രമത്തില്‍ നല്‍കിവന്ന വാടക 30 രൂപയാക്കി ഉയര്‍ത്താനുള്ളതായിരുന്നു. കൂടാതെ 1886 ലെ കരാറിലെ മറ്റ് വ്യവസ്ഥകളെല്ലാം മാറ്റമില്ലാതെ നിലനില്‍ക്കുകയും ചെയ്യുമെന്ന് ഇരു കൂട്ടരും സമ്മതിച്ചു. രണ്ടാമതായി അണക്കെട്ടില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കുകയും ചെയ്തു. കരാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ഒപ്പിട്ടതാണെന്ന് കേരളത്തിന് വാദിക്കാമായിരുന്ന അവസരം ഇതിലൂടെ നഷ്ടമാക്കി. 1886 ലെ പാട്ടക്കരാറിന് കേരളം ഇതിലൂടെ ശക്തി പകര്‍ന്നു. ഏത് കോടതിയിലും പിടിച്ചു നില്‍ക്കാന്‍ ഈ കരാര്‍ തമിഴ്‌നാടിനെ സഹായിക്കും.
- See more at: http://www.mangalam.com/latest-news/179772#sthash.qLTdOFy6.RRCHQywb.dpuf
No comments:
Post a Comment